വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

മൂല്യവര്‍‍ധിത സമുദ്രോല്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പ്രഥമ ദേശീയ നൈപുണ്യ ഒളിമ്പ്യാഡ് സംഘടിപ്പിച്ച് എംപിഇഡിഎ

കേരളത്തിലെ അബാദ് ഫുഡ്‌സ് മേധാവി തൻസീർ കെ ആർ വിജയി

Posted On: 01 JUL 2025 8:03PM by PIB Thiruvananthpuram

സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) മൂല്യവര്‍ധിത സമുദ്രോല്പന്നങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രഥമ  ദേശീയ നൈപുണ്യ ഒളിമ്പ്യാഡിന്റെ ഗ്രാൻഡ് ഫിനാലെ ഇന്ന് ചെന്നൈയിലെ സീഫുഡ് എക്സ്പോ ഭാരതിൽ നടന്നു. വാണിജ്യ വകുപ്പിന്റെ ഭരണ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എംപിഇഡിഎ. സമുദ്രോല്പന്ന കയറ്റുമതിയിൽ മൂല്യവർധന പ്രോത്സാഹിപ്പിക്കാനും ഈരംഗത്ത് വിദഗ്ധ തൊഴിൽശക്തി സൃഷ്ടിക്കാനും ലക്ഷ്യമിട്ട് എംപിഇഡിഎ നടപ്പാക്കുന്ന മുൻനിര സംരംഭമായാണ് ഒളിമ്പ്യാഡിന് തുടക്കം കുറിച്ചത്.  കടുത്ത മത്സരത്തിനൊടുവില്‍ അവസാനഘട്ടം കേരളത്തിലെ മാലിപുരം അബാദ് ഫുഡ്സ് മേധാവി തൻസീർ കെ ആർ വിജയിയായി. പാർലമെന്റ് അംഗവും എംപിഇഡിഎ അതോറിറ്റി അംഗവുമായ ശ്രീ ഹൈബി ജോർജ്ജ് ഈഡനും എംപിഇഡിഎ ചെയർമാൻ ശ്രീ ഡി. വി. സ്വാമിയും പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.

പരിപാടിയ്ക്ക്  മുന്നോടിയായി രാജ്യത്തെ കിഴക്കന്‍, പടിഞ്ഞാറന്‍  തീരങ്ങളിലുടനീളം പരിശീലനം ലഭിച്ച വിദഗ്ധര്‍ക്കായി എംപിഇഡിഎ നൈപുണ്യ പരിശോധന നടത്തിയിരുന്നു. പ്രാഥമികഘട്ട മത്സരങ്ങള്‍ മെയ് 29 ന് കൊച്ചിയിലും (പടിഞ്ഞാറന്‍ തീരമേഖല) ജൂൺ 5 ന് വിശാഖപട്ടണത്തും (കിഴക്കന്‍ തീരമേഖല) നടത്തി. ജൂൺ 30 ന് മത്സരിച്ച് സെമിഫൈനല്‍ യോഗ്യത നേടിയ പത്തുപേരില്‍നിന്നാണ് അവസാന ഘട്ടമത്സരത്തിലേക്ക് നാലുപേരെ തിരഞ്ഞെടുത്തത്. 

ഒളിമ്പ്യാഡിന്റെ അവസാന ഘട്ടം കടല്‍ഭക്ഷ്യോല്പന്ന സംസ്കരണത്തില്‍  പരിശീലനം നേടിയ നാല് വിദഗ്ധരാണ് മത്സരിച്ചത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ഇധയം ഫ്രോസൺ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിലെ  ബാലമുരുകൻ ഐ രണ്ടാം സ്ഥാനം നേടി. ആന്ധ്രാപ്രദേശിലെ കാക്കിനട കോസ്റ്റൽ കോപ്പറേഷൻ ലിമിറ്റഡിലെ  ശ്രീമതി സന്ധ്യ റാണി പാലപർത്തി മൂന്നാം സ്ഥാനവും കാക്കിനട  സന്ധ്യ അക്വാ എക്‌സ്‌പോർട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിലെ  ശ്രീമതി ഡി. അനിത നാലാം സ്ഥാനവും നേടി. ഗുണനിലവാരം, ശുചിത്വം, നിർവഹണം, അവതരണം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അന്തിമ വിജയികളെ നിര്‍ണയിച്ചത്.

വിജയിയ്ക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനത്തുക കൈമാറി.  രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 75,000 രൂപയും 50,000 രൂപയുമാണ് സമ്മാനം.  നാലാം സ്ഥാനത്തിന് 25,000 രൂപ സമാശ്വാസ സമ്മാനം ലഭിച്ചു. അന്തിമവിജയികളായ നാല് പേര്‍ക്കും മെഡലുകളും സാക്ഷ്യപത്രങ്ങളും സമ്മാനിച്ചു.

ഒളിമ്പ്യാഡ് നടത്തി സമുദ്രോല്പന്ന മൂല്യവർധന പുതിയ ഉയരങ്ങളിലെത്തിക്കുന്നതില്‍  എംപിഇഡിഎ കൈക്കൊണ്ട നടപടികളെ ശ്രീ ഹൈബി ഈഡൻ അഭിനന്ദിച്ചു. പങ്കെടുത്തവരുടെ കഴിവിനെയും പ്രതിബദ്ധതയെയും അഭിനന്ദിച്ച ശ്രീ ഡി.വി. സ്വാമി  ഇന്ത്യയെ മൂല്യവർധിത സമുദ്രോത്പന്ന കയറ്റുമതിയുടെ ആഗോള കേന്ദ്രമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന നൂതന ശ്രമമാണ് ഒളിമ്പ്യാഡെന്ന് ചൂണ്ടിക്കാട്ടി. ഒളിമ്പ്യാഡിനെ ഒരു വാർഷിക പരിപാടിയാക്കാൻ എംപിഇഡിഎ പദ്ധതിയിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര-സംസ്ഥാന മത്സ്യബന്ധന വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സമുദ്രോല്പന്ന കയറ്റുമതിക്കാർ, വിദേശ വിപണി ഉപഭോക്താക്കള്‍, സീഫുഡ് എക്സ്പോ ഭാരത് 2025-ന്റെ മറ്റ് പ്രതിനിധികൾ എന്നിവരുൾപ്പെടെ നിരവധി പേര്‍ സമാപന ചടങ്ങില്‍ പങ്കെടുത്തു.

അന്തിമഘട്ട വിജയികല്‍ തയ്യാറാക്കിയ സമുദ്രോല്പന്നങ്ങൾ പൊതുജനങ്ങൾക്ക് കാണാനും രുചിക്കാനും എംപിഇഡിഎ സ്കിൽ ഒളിമ്പ്യാഡ് പവലിയനിൽ  വേദിയൊരുക്കി.  


(Release ID: 2141425) Visitor Counter : 2
Read this release in: English , Urdu , Hindi