ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

എനിക്ക് യാതൊരു വിധ സമ്മർദ്ദങ്ങളുമില്ല; ഞാൻ ആരുടെയും മേൽ സമ്മർദ്ദം ചെലുത്തുന്നില്ല, സമ്മർദ്ദത്തിന് വഴങ്ങി ഞാൻ പ്രവർത്തിക്കുന്നുമില്ല: ഉപരാഷ്ട്രപതി

നമ്മൾ വിദേശത്ത് പോകുമ്പോൾ ഭരണകക്ഷിയെന്നോ പ്രതിപക്ഷമെന്നോ ഉള്ള വ്യത്യാസം ഇല്ല - ഭാരതം എന്ന ചിന്ത മാത്രമാണുള്ളത്: ഉപരാഷ്ട്രപതി

നാം വ്യത്യസ്ത രാഷ്ട്രീയ കക്ഷികളിൽ പെട്ടവരായിരിക്കാം, പക്ഷേ അതിനർത്ഥം നാം ശത്രുക്കളാണ് എന്നല്ല; നമ്മുടെ ശത്രുക്കൾ രാജ്യത്തിനകത്തല്ല, അതിർത്തിക്കപ്പുറത്താണ്: ഉപരാഷ്ട്രപതി

Posted On: 30 JUN 2025 5:22PM by PIB Thiruvananthpuram
"എനിക്ക് യാതൊരു വിധ സമ്മർദ്ദങ്ങളുമില്ല; ഞാൻ ആരുടെയും മേൽ സമ്മർദ്ദം ചെലുത്തുന്നില്ല, സമ്മർദ്ദത്തിന് വഴങ്ങി ഞാൻ പ്രവർത്തിക്കുന്നുമില്ല" എന്ന് ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ ഇന്ന് വ്യക്തമാക്കി.

ജയ്പൂരിൽ സംഘടിപ്പിച്ച 'സ്നേഹ് മിലൻ സമാരോഹ്' പൊതുയോഗത്തെ അഭിസംബോധന ചെയ്യവേ ശ്രീ ധൻഖർ പറഞ്ഞു, "എന്റെ ആരോഗ്യത്തെക്കുറിച്ചല്ല എന്റെ ആശങ്ക, മറിച്ച് ഞങ്ങൾ സമ്മർദ്ദത്തിലാണെന്ന് പറഞ്ഞ എന്റെ സുഹൃത്ത്, മുൻ മുഖ്യമന്ത്രിയെക്കുറിച്ചാണ് അൽപ്പം ആശങ്കയുള്ളത്. രാജസ്ഥാൻ രാഷ്ട്രീയത്തിലെ എന്റെ ഏറ്റവും പഴയ സുഹൃത്തുക്കളിൽ ഒരാളും അഭ്യുദയകാംക്ഷിയുമാണ് അദ്ദേഹം. അദ്ദേഹം പരസ്യമാക്കിയ സാഹചര്യത്തിൽ, ഞാൻ പരസ്യമായി പറയാൻ ആഗ്രഹിക്കുന്നു - അദ്ദേഹം വിഷമിക്കേണ്ടതില്ല. എനിക്ക് യാതൊരു വിധ സമ്മർദ്ദവുമില്ല; ഞാൻ ആരുടെയും മേൽ സമ്മർദ്ദം ചെലുത്തുന്നില്ല, സമ്മർദ്ദത്തിന് വഴങ്ങി ഞാൻ പ്രവർത്തിക്കുന്നുമില്ല."

ഗവർണർമാരുടെ ഭരണഘടനാ പദവിയെക്കുറിച്ച് ചർച്ച ചെയ്യവേ, അദ്ദേഹം പറഞ്ഞു, "സംസ്ഥാന ഗവർണർമാർ, പലപ്പോഴും എളുപ്പത്തിൽ പിടികൂടാവുന്ന ഒരു പഞ്ചിംഗ് ബാഗ് പോലെയാണ് പരിഗണിക്കപ്പെടുന്നത്." അദ്ദേഹം വിശദീകരിച്ചു, "സംസ്ഥാനവും കേന്ദ്രവും വ്യത്യസ്ത രാഷ്ട്രീയ കക്ഷികളാണ് ഭരിക്കുന്നതെങ്കിൽ, ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കുക വളരെ എളുപ്പമാണ്. എന്നാൽ കാലക്രമേണ, ഈ രീതിശാസ്ത്രം പാടെ മാറി - ഇപ്പോൾ ഉപരാഷ്ട്രപതിയും രാഷ്ട്രപതിയും പോലും  ആരോപണങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്നു. എന്റെ അഭിപ്രായത്തിൽ, ഇത് ആശങ്കയുടെയും വിചാരത്തിന്റെയും ദാർശനിക ചിന്തയുടെയും വിഷയമാണ്. അത് ഉചിതമല്ല."

നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, “ഇപ്പോഴത്തെ രാഷ്ട്രീയ അന്തരീക്ഷവും രാഷ്ട്രീയ ചൂടും വ്യക്തികൾക്കും ജനാധിപത്യത്തിനും ആരോഗ്യകരമല്ല. ഇത് ആശങ്കയുടെയും ചിന്തയുടെയും വിഷയമാണ്.” അദ്ദേഹം വ്യക്തമാക്കി, “അധികാരം മാറിക്കൊണ്ടേയിരിക്കുന്നു; ഭരണകക്ഷി പ്രതിപക്ഷമായി മാറുന്നു, പ്രതിപക്ഷം ഭരണകക്ഷിയായി മാറുന്നു. എന്നാൽ അതിനർത്ഥം നമ്മൾ ശത്രുക്കളാകണമെന്നല്ല. നമ്മുടെ ശത്രുക്കൾ അതിർത്തിക്കപ്പുറത്താണ് - രാജ്യത്തിനകത്തല്ല.”

ദേശീയ താത്പര്യം കക്ഷി രാഷ്ട്രീയത്തിന് അതീതമായിരിക്കണമെന്ന് വ്യക്തമാക്കിക്കൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു, “നമ്മൾ വിദേശ യാത്ര ചെയ്യുമ്പോൾ, ഭരണപക്ഷമോ പ്രതിപക്ഷമോ ഇല്ല; നാം ഭാരതത്തെ മാത്രമേ പ്രതിനിധീകരിക്കുന്നുള്ളൂ - അത് ഇപ്പോൾ തെളിയിക്കപ്പെട്ടു കഴിഞ്ഞു. നമ്മെ സംബന്ധച്ചിടത്തോളം, രാഷ്ട്രമാണ് പരമോന്നതമെന്ന് ഈ നടപടി കാണിക്കുന്നു. ദേശീയ താത്പര്യമാണ് നമ്മുടെ കടമ, ഭാരതീയതയാണ് നമ്മുടെ അഭിമാനം. ഇന്ത്യ ഒരു വിഷയമായി ഉയർന്നു വരുമ്പോൾ നാം വിഭജിക്കപ്പെടുന്നില്ല. രാജ്യത്തിനുള്ളിൽ രാഷ്ട്രീയ വ്യത്യാസങ്ങൾ നിലനിൽക്കുന്നു, പക്ഷേ വ്യക്തിപരമായ ശത്രുതകളൊന്നുമില്ല. എല്ലാവരും മനസ്സിലാക്കേണ്ട ശക്തമായ സന്ദേശമാണിത്.”

"രാഷ്ട്രീയ ചൂട് അസഹനീയമായിക്കൊണ്ടിരിക്കുകയാണ്. അനിയന്ത്രിതമായ പ്രസ്താവനകൾ നടത്തുന്നത് യാദൃശ്ചികമല്ലാതായിരിക്കുന്നു. എന്നാൽ ഇന്ത്യ ആഗോള ജനസംഖ്യയുടെ ആറിലൊന്നിനെ പ്രതിനിധീകരിക്കുന്നുവെന്ന് നാം മനസ്സിലാക്കണം. മറ്റൊരു രാജ്യവും അതിനടുത്തു പോലുമില്ല. 5000 വർഷം പഴക്കമുള്ള സംസ്‌ക്കാരം മറ്റാർക്കുണ്ട്? അത് സമാനതകളില്ലാത്തതും അസാധാരണവുമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തരവാദിത്തമുള്ള സംവാദത്തെക്കുറിച്ച് സംസാരിക്കവേ അദ്ദേഹം പറഞ്ഞു, "പലപ്പോഴും, വികാരഭരിതമായ അവസ്ഥയിൽ, നമ്മൾ ചോദ്യങ്ങൾ ഉന്നയിക്കുകയോ സംഘർഷത്തെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നു - ഒരു പക്ഷേ എനിക്ക് പരിക്കേൽക്കില്ലെങ്കിൽ, 'പോരാട്ടം തുടരുക' എന്ന് ഞാൻ പറഞ്ഞേക്കാം. പത്രങ്ങളിൽ വിവാദമാക്കേണ്ട വിഷയങ്ങളല്ല ഇവ - അവ യഥാർത്ഥ വേദന ഉണ്ടാക്കുന്നു. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ വളരെയധികം ബാധിക്കുന്നു. എന്തുകൊണ്ട്? കാരണം 11 വർഷം മുമ്പ് ഇന്ത്യ എവിടെയായിരുന്നു? ഇതൊരു രാഷ്ട്രീയ വിഷയമല്ല.  യുഗങ്ങളായി ഇന്ത്യ പുരോഗതിയുടെ പാതയിലാണ്. 1950-കളിലും 60-കളിലും 70-കളിലും മികച്ച നേട്ടങ്ങൾ കൈവരിച്ചു. സമകാലിക യുഗത്തെക്കുറിച്ച് ഞാൻ സംസാരിക്കുമ്പോൾ, മുൻകാലങ്ങളുമായുള്ള താരതമ്യമായി അതിനെ കാണരുത് - ഞാൻ ഇന്ത്യയെ ലോകവുമായി താരതമ്യം ചെയ്യുകയാണ്."

"ഒരുകാലത്ത് ഏറ്റവും ദുർബലമായ അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായിരുന്നു ഇന്ത്യ - ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച നാല് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാണത്. നമ്മൾ മറികടന്ന രാജ്യങ്ങളെ നോക്കൂ. കുറച്ചുകൂടി കാത്തിരിക്കൂ - ജപ്പാൻ, ജർമ്മനി, യുകെ, കാനഡ, ബ്രസീൽ - എല്ലാം നമ്മുടെ പിന്നിലാണ്. ഇത്രയും വലിയ ഒരു കുതിച്ചുചാട്ടം ഉണ്ടായതിനാൽ ലോകം കഴിഞ്ഞ ദശകത്തെ ഇന്ത്യയുടെ സാമ്പത്തിക ഉയർച്ചയുടെ കാലഘട്ടമായി വിശേഷിപ്പിക്കുന്നു - മറ്റൊരു പ്രധാന രാജ്യത്തിനും അവകാശപ്പെടാനില്ലാത്ത സമാനതകളില്ലാത്ത നേട്ടമാണിത്," അദ്ദേഹം ഊന്നിപ്പറഞ്ഞു.

ജനാധിപത്യത്തിലെ പ്രതിപക്ഷത്തിന്റെ പങ്ക് ഉയർത്തിക്കാട്ടിക്കൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു, "എതിർപ്പ് എന്നാൽ എതിരാളികൾ എന്നല്ല അർത്ഥം. ജനാധിപത്യത്തിന് ആവിഷ്‌ക്കാരം, സംഭാഷണം, സംവാദം എന്നിവ ആവശ്യമാണ് - വേദങ്ങൾ അനന്തവാദം എന്ന് വിശേഷിപ്പിക്കുന്നത് പോലെ."

"വിരുദ്ധ കാഴ്ചപ്പാടുകൾ പൂർണ്ണമായും തള്ളിക്കളയുന്ന ഒരു ഘട്ടത്തിലെത്തുമ്പോൾ, ആവിഷ്‌ക്കാരത്തിന് അതിന്റെ സത്ത നഷ്ടപ്പെടുന്നു. ആവിഷ്‌ക്കാരം നിർണ്ണായകമാണ് - അത് ജനാധിപത്യത്തിന്റെ ആത്മാവാണ്. എന്നാൽ അത് അടിച്ചമർത്തപ്പെടുകയോ മറ്റെല്ലാ വീക്ഷണകോണുകളെയും അവഗണിക്കുന്ന തരത്തിൽ തീവ്രമാവുകയോ ചെയ്താൽ, അത് അർത്ഥവത്താവുകയില്ല. ആവിഷ്‌ക്കാരത്തെ അർത്ഥവത്താക്കാൻ, സംവാദം അനിവാര്യമാണ്- സംവാദം എന്നാൽ നിങ്ങളോട് വിയോജിക്കുന്ന ആളുകളുമായി ഇടപഴകുക എന്നാണർത്ഥം. അവർ ശരിയായിരിക്കാനുള്ള ശക്തമായ സാധ്യത നിലനിൽക്കുന്നു. അതുകൊണ്ടാണ് മറ്റുള്ളവരെ ശ്രദ്ധയോടെ കേൾക്കുന്നത് നിങ്ങളുടെ സ്വന്തം ആവിഷ്‌ക്കാരത്തെ ശക്തിപ്പെടുത്തുന്നത്."

ഭരണഘടനാ നിർമ്മാണ സഭയുടെ പ്രവർത്തനങ്ങളെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, “ഭരണഘടന നമുക്ക് നൽകാൻ ഭരണഘടനാ നിർമ്മാണ സഭ ഏകദേശം മൂന്ന് വർഷം - കൃത്യമായി പറഞ്ഞാൽ 2 വർഷം, 11 മാസം, 18 ദിവസം - കഠിനമായ പരിശ്രമം നടത്തി.” അദ്ദേഹം വിശദീകരിച്ചു, “അക്കാലത്ത് രൂക്ഷമായ പ്രശ്‌നങ്ങളുണ്ടായിരുന്നു; സമവായം ബുദ്ധിമുട്ടായിരുന്നു, പക്ഷേ അവർ ഒരിക്കലും ഏറ്റുമുട്ടലിൽ ഏർപ്പെട്ടില്ല. ഒരു തടസ്സവും ഉണ്ടായില്ല. സംഭാഷണത്തിലൂടെയും വിട്ടുവീഴ്ചയിലൂടെയും അവർ സമവായത്തിലെത്തി - ഏറ്റുമുട്ടൽ ഒരിക്കലും അവരുടെ മനസ്സിലേക്ക് കടന്നുവന്നില്ല.”

കർഷകരുടെ താത്പര്യങ്ങൾക്കനുസൃതമായ നയരൂപീകരണത്തെക്കുറിച്ച് സംസാരിച്ച ഉപരാഷ്ട്രപതി, "സർക്കാർ കർഷകർക്ക് നൽകുന്ന സബ്സിഡികൾ നേരിട്ട് അവരിലേക്ക് എത്തുകയാണെങ്കിൽ, ഓരോ കർഷക കുടുംബത്തിനും പ്രതിവർഷം 30,000 രൂപയിൽ കൂടുതൽ ലഭിക്കും" എന്ന് ചൂണ്ടിക്കാട്ടി. "വളം സബ്സിഡികൾ നേരിട്ട് കർഷകർക്ക് കൈമാറുകയാണെങ്കിൽ, പ്രകൃതിദത്ത കൃഷിയോ ജൈവ കൃഷിയോ സ്വീകരിക്കാനുള്ള തീരുമാനം അവർക്ക് കൈക്കൊള്ളാനാകും" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു, "യുഎസിൽ, ഒരു കർഷക കുടുംബത്തിന്റെ ശരാശരി വാർഷിക വരുമാനം ഒരു സാധാരണ  കുടുംബത്തിന്റെ ശരാശരി വാർഷിക വരുമാനത്തേക്കാൾ കൂടുതലാണ് - അതാണ് നമ്മളും ലക്ഷ്യമിടുന്നത്."

രാജസ്ഥാൻ ഗവർണർ ശ്രീ ഹരിഭാവു കിസാൻറാവു ബാഗ്ഡെ; രാജസ്ഥാൻ നിയമസഭാ സ്പീക്കർ ശ്രീ വാസുദേവ് ദേവ്നാനി; നിയമസഭാ പ്രതിപക്ഷ നേതാവ് ശ്രീ ടിക്കാറാം ജൂലി; രാജസ്ഥാൻ പ്രോഗ്രസീവ് ഫോറത്തിന്റെ രക്ഷാധികാരി ശ്രീ ഹരിമോഹൻ ശർമ്മ; ഫോറത്തിന്റെ വർക്കിംഗ് പ്രസിഡന്റ് ശ്രീ ജീത്രാം ചൗധരി അടക്കമുള്ള വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.

 
SKY
 
*****************

(Release ID: 2141030)
Read this release in: Urdu , English , Hindi