സാംസ്‌കാരിക മന്ത്രാലയം
രാജ്ഭാഷാ വിഭാഗത്തിന്റെ 50-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ IGNCA സ്റ്റാൾ സന്ദർശിച്ചു
Posted On:
29 JUN 2025 8:30PM by PIB Thiruvananthpuram
രാജ്ഭാഷാ വിഭാഗത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ചു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ആഭ്യന്തരമന്ത്രാലയത്തിലെ രാജ്ഭാഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടി സംഘടിപ്പിച്ചു. രാജ്യത്തുടനീളമുള്ള ഏകദേശം 8000 ഗവണ്മെന്റ്-ഗവണ്മെന്റേതര സംഘടനകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഹിന്ദി ഭാഷാസ്നേഹികളും പരിപാടിയിൽ പങ്കെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ പരിപാടി ഉദ്ഘാടനം ചെയ്തു. മറ്റ് ഇന്ത്യൻ ഭാഷകളുടെ പദാവലി സ്വീകരിച്ച്, അറിവ്, ശാസ്ത്രം, വാണിജ്യം, ഭരണം എന്നീ മേഖലകളിൽ കരുത്തുറ്റ ഭാഷയായി ഹിന്ദി ഉയർന്നുവരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിവർത്തന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യൻ ഭാഷകൾ പരസ്പരം കൂടുതൽ അടുപ്പിക്കുന്നതിനുമായി, രാജ്ഭാഷാ വിഭാഗം പ്രത്യേക വിഭാഗം സ്ഥാപിച്ചിട്ടുണ്ട്. ‘ശബ്ദസിന്ധു’ നിഘണ്ടുവിന്റെ സൃഷ്ടിയിലും ഈ വിഭാഗം വ്യാപൃതമാണ്.

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, പാർലമെൻറ്ററി ഹിന്ദി ഭാഷാസമിതി ഉപാധ്യക്ഷൻ ഭർതൃഹരി മഹ്താബ്, സുധാംശു ത്രിവേദി എംപി, സുധ മൂർത്തി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
വിപുലമായ പരിപാടിയിൽ, വിവിധ സംഘടനകളുടെ രാജ്ഭാഷാ വിഭാഗങ്ങൾ ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട നൂതനാശയങ്ങൾ പ്രദർശിപ്പിക്കുന്നതിനായി സ്റ്റാളുകൾ സ്ഥാപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രദർശന സ്റ്റാളുകൾ സന്ദർശിച്ചു. അപൂർവ പുരാതന ആനുകാലികങ്ങൾ, പുരാതന അച്ചടിപുസ്തകങ്ങൾ, ശാസ്ത്രവും സാഹിത്യവും കലയുമായി ബന്ധപ്പെട്ട കൈയെഴുത്തുപ്രതികൾ, ഭരണഘടനാ നിർമാണസഭയിലെ അംഗങ്ങൾ ഹിന്ദിയെക്കുറിച്ച് പ്രകടിപ്പിച്ച കാഴ്ചപ്പാടുകളുടെ സമാഹാരം എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളിലാണ് ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദി ആർട്‌സ് (IGNCA) സ്റ്റാൾ സജ്ജമാക്കിയത്. ലഘുലേഖകളും സൗജന്യമായി വിതരണം ചെയ്തു. ആദ്യത്തെ മൂന്നു പ്രദർശനങ്ങൾ മൂന്നു സ്ക്രീനുകളിൽ ഡിജിറ്റലായി നടത്തി. IGNCAയുടെ അക്കാദമിക-രാജ്ഭാഷാ വിഭാഗങ്ങളുടെ വിപുലമായ ഗവേഷണത്തിനു ശേഷമാണ് ഇവ തയ്യാറാക്കിയത്.
IGNCA ഒരുക്കിയ സവിശേഷമായ ഈ സ്റ്റാളിൽ, അഗാധമായ താൽപ്പര്യം പ്രകടിപ്പിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, അഞ്ചുമിനിറ്റോളം പ്രദർശനങ്ങൾ വീക്ഷിച്ചു. ഹിന്ദിയുമായി ബന്ധപ്പെട്ട് IGNCA നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും പ്രദർശനങ്ങളുടെ പ്രത്യേകതകളെക്കുറിച്ചും പ്രൊഫസർ അരുൺ ഭരദ്വാജ് ആഭ്യന്തരമന്ത്രിയോടു വിശദീകരിച്ചു. IGNCA അധ്യക്ഷൻ രാം ബഹാദൂർ റായ് രചിച്ച മൂന്നു പുസ്തകങ്ങൾ പ്രൊഫ. അരുൺ ഭരദ്വാജ് ആഭ്യന്തരമന്ത്രിക്കു സമ്മാനിച്ചു.
ഹിന്ദിയെ സ്നേഹിക്കുന്ന വലിയൊരു സംഘം IGNCA സ്റ്റാൾ സന്ദർശിച്ചു. ഏകദേശം 1200 പേർ പ്രദർശനം സന്ദർശിച്ചു. 150 പേർ രജിസ്റ്ററിൽ അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.
***
U
(Release ID: 2140720)