സ്ഥിതിവിവര, പദ്ധതി നിര്‍വഹണ മന്ത്രാലയം
azadi ka amrit mahotsav

സ്റ്റാറ്റിസ്റ്റിക്സ് ദിനം 2025 ജൂൺ 29 ന് ആഘോഷിക്കും

Posted On: 28 JUN 2025 8:57AM by PIB Thiruvananthpuram
കേന്ദ്ര സ്ഥിതിവിവര - പദ്ധതി നിര്‍വഹണ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ 19-ാമത് സ്റ്റാറ്റിസ്റ്റിക്സ് ദിനം 2025 ജൂൺ 29-ന് ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ അന്താരാഷ്ട്ര കേന്ദ്രത്തില്‍ ആഘോഷിക്കും. സ്റ്റാറ്റിസ്റ്റിക്സ് - സാമ്പത്തിക ആസൂത്രണ രംഗത്തെ മുന്‍നിരക്കാരനായ പ്രൊഫസർ പ്രശാന്ത ചന്ദ്ര മഹലനോബിസിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് വര്‍ഷംതോറും സ്റ്റാറ്റിസ്റ്റിക്സ് ദിനം ആചരിക്കുന്നത്.  സാമൂഹ്യ-സാമ്പത്തിക ആസൂത്രണത്തിലും ദേശീയ വികസന നയരൂപീകരണത്തിലും സ്ഥിതിവിവരക്കണക്കിന്റെ  പ്രാധാന്യത്തെക്കുറിച്ച് പൊതുജന അവബോധം സൃഷ്ടിക്കുകയാണ്  ദിനാചരണ ലക്ഷ്യം.


2007 മുതൽ എല്ലാ വർഷവും ദേശീയ പ്രസക്ത പ്രമേയങ്ങളില്‍ സ്റ്റാറ്റിസ്റ്റിക്സ് ദിനം ആഘോഷിക്കുന്നു. ‘ദേശീയ സാമ്പിൾ സർവേയുടെ 75 വർഷങ്ങൾ’ എന്ന ഈ വര്‍ഷത്തെ പ്രമേയം രാജ്യത്ത് തെളിവുകളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുന്നതിനെയും ഭരണനിര്‍വഹണത്തെയും പിന്തുണയ്ക്കാന്‍ വിശ്വസനീയ - സമയബന്ധിത സ്ഥിതിവിവരക്കണക്ക്  നൽകുന്നതിലെ ദേശീയ സാമ്പിൾ സർവേയുടെ ഗണ്യമായ സംഭാവന അടയാളപ്പെടുത്തുന്നു.


സ്ഥിതിവിവര - പദ്ധതി നിര്‍വഹണ മന്ത്രാലയത്തിന്റെയും ആസൂത്രണ മന്ത്രാലയത്തിന്റെയും സ്വതന്ത്ര ചുമതല വഹിക്കുന്ന  കേന്ദ്ര സാംസ്കാരിക സഹമന്ത്രി റാവു ഇന്ദർജിത് സിങ്  മുഖ്യാതിഥിയായി പരിപാടി ഉദ്ഘാടനം ചെയ്യും. ദേശീയ  സ്ഥിതിവിവര കമ്മീഷൻ ചെയർമാൻ പ്രൊഫ. രാജീവ ലക്ഷ്മൺ കരംദീകര്‍, സ്ഥിതിവിവര - പദ്ധതി നിര്‍വഹണ മന്ത്രാലയ സെക്രട്ടറി ഡോ. സൗരഭ് ഗാർഗ് എന്നിവര്‍ ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്യും.  


ദേശീയ സാമ്പിൾ സർവേയുടെ 75 വർഷത്തെ സ്മരണാര്‍ത്ഥം ഒരു സ്മരണിക  നാണയവും പ്രത്യേകം തയ്യാറാക്കിയ ‘മൈ സ്റ്റാമ്പും’   മന്ത്രാലയം പുറത്തിറക്കും. ‘സുസ്ഥിര വികസന ലക്ഷ്യങ്ങൾ - ദേശീയ സൂചികാ ചട്ടക്കൂട് പദ്ധതി റിപ്പോര്‍ട്ട് 2025’, ‘ഇന്ത്യയിലെ പോഷകാഹാര ഉപഭോഗം 2022-23 & 2023-24’ എന്നിവയടക്കം നിരവധി സുപ്രധാന സ്ഥിതിവിവരക്കണക്ക് പ്രസിദ്ധീകരണങ്ങളും ചടങ്ങില്‍ പുറത്തിറക്കും. കൂടാതെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ ഉപയോക്തൃ സൗഹൃദമായി ലഭ്യമാക്കുന്നതിന് മന്ത്രാലയം വികസിപ്പിച്ച ജിഒഐ-സ്റ്റാറ്റ്  മൊബൈൽ അപ്ലിക്കേഷനും പുറത്തിറക്കും. സ്റ്റാറ്റിസ്റ്റിക്സിലെ പ്രശസ്തമായ  പ്രൊഫ. സി.ആർ. റാവു ദേശീയ പുരസ്കാരം ചടങ്ങിൽ സമ്മാനിക്കും. മന്ത്രാലയം  സംഘടിപ്പിച്ച വിവര-ദൃശ്യാവിഷ്ക്കാര ഹാക്കത്തണിലെ വിജയികളെയും അനുമോദിക്കും. മന്ത്രാലയ ഡയറക്ടർ ജനറൽ ശ്രീ പി.ആർ. മെശ്രാം ചടങ്ങിന് നന്ദി രേഖപ്പെടുത്തും.


ഉദ്ഘാടന ചടങ്ങിന് ശേഷം ദേശീയ സാമ്പിൾ സർവേയുടെ 75 വർഷത്തെ ചരിത്രം വിവരിക്കുന്ന ഹ്രസ്വചിത്ര പ്രദർശനവും തുടര്‍ന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം ഡോ. ഷമിക രവിയുടെ നേതൃത്വത്തില്‍  ‘ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളിൽ അതിനൂതന സാങ്കേതികവിദ്യകളുടെ  സ്വാധീനം’ എന്ന വിഷയത്തില്‍ പാനൽ ചർച്ചയും ഉണ്ടാകും.  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജി ഡയറക്ടർ ഡോ. ദേബാസിസ മൊഹന്തി, വാധ്വാനി സെന്റർ ഫോർ ഗവൺമെന്റ് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സിഇഒ ശ്രീ പ്രകാശ് കുമാർ, ആദിത്യ ബിർള മാനേജ്മെന്റ് കോർപ്പറേഷൻ  അനലിറ്റിക്സ് കൺസൾട്ടിംഗ് ആൻഡ് സൊല്യൂഷൻ മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്റുമായ ശ്രീ അമിതാഭ ത്രിപാഠി എന്നിവർ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.


വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍, നീതി ആയോഗ്, സംസ്ഥാന സർക്കാരുകൾ, കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങൾ, അന്താരാഷ്ട്ര - ദേശീയ സംഘടനകള്‍ എന്നിവയുടെ പ്രതിനിധികള്‍ക്കു പുറമെ  സ്റ്റാറ്റിസ്റ്റിക്സ് മേഖലയിലെ വിദഗ്ധർ, ഗവേഷണ സ്ഥാപനങ്ങൾ, മറ്റ് പങ്കാളികൾ തുടങ്ങി  700-ഓളം പേർ പരിപാടിയിൽ പങ്കെടുക്കും. സ്ഥിതിവിവര - പദ്ധതി നിര്‍വഹണ മന്ത്രാലയത്തിന്റെ സമൂഹമാധ്യമവേദികളില്‍ പരിപാടിയുടെ പ്രധാന ഭാഗങ്ങള്‍  ലഭ്യമാകും.

 
 
SKY
 
******************

(Release ID: 2140387)