നൈപുണ്യ വികസന, സംരംഭക മന്ത്രാലയം
azadi ka amrit mahotsav

‘ഭാവിയിലേക്കുള്ള നൈപുണ്യം: ഇന്ത്യയിലെ തൊഴിൽ ശക്തിയുടെ പരിവർത്തനം’ റിപ്പോർട്ട് കേന്ദ്രമന്ത്രി ശ്രീ ജയന്ത് ചൗധരി പുറത്തിറക്കി

നൈപുണ്യ വികസനം വിതരണതല ഇടപെടലായി മാത്രമല്ല, വ്യാവസായിക മേഖലയുടെയും തൊഴിൽ ശക്തിയുടെയും ഉയര്‍ന്നുവരുന്ന മാറ്റങ്ങളെ അഭിമുഖീകരിക്കുന്ന ആവശ്യാനുസൃതവും വിപണിയുമായി ചേര്‍ന്നുനില്‍ക്കുന്നതും ഫലകേന്ദ്രീകൃതവുമായ ആവാസവ്യവസ്ഥയായി മനസ്സിലാക്കണം: കേന്ദ്രമന്ത്രി ശ്രീ ജയന്ത് ചൗധരി

Posted On: 27 JUN 2025 6:24PM by PIB Thiruvananthpuram

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോംപറ്റിറ്റീവ്‌നെസ് വികസിപ്പിച്ച  ‘ഭാവിയിലേക്കുള്ള നൈപുണ്യം: ഇന്ത്യയിലെ തൊഴിൽ ശക്തിയുടെ  പരിവർത്തനം’ എന്ന റിപ്പോർട്ട് കേന്ദ്ര നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയ സഹമന്ത്രിയുടെ സ്വതന്ത്ര ചുമതല വഹിക്കുന്ന  വിദ്യാഭ്യാസ  സഹമന്ത്രി ശ്രീ ജയന്ത് ചൗധരി ഇന്ന് ന്യൂഡൽഹിയിൽ പുറത്തിറക്കി.

 

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോംപറ്റിറ്റീവ്‌നെസ് (ഐഎഫ്‌സി) തയ്യാറാക്കിയ റിപ്പോർട്ട് ഒരു സ്വതന്ത്ര ശ്രമമാണ്. പൊതുമണ്ഡലത്തില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ നേട്ടം, തൊഴിൽ വിതരണം, സാങ്കേതിക - തൊഴിൽ വിദ്യാഭ്യാസം, തൊഴിൽ സേനയുടെ പരിശീലനം (ടിവിഇടി) എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയിലെ നൈപുണ്യ പശ്ചാത്തലത്തിന്റെ വിശദമായ പരിശോധന റിപ്പോർട്ടില്‍ അവതരിപ്പിക്കുന്നു.

 

ഇത്തരം അക്കാദമിക പ്രവര്‍ത്തനങ്ങള്‍ സർക്കാർ സംരംഭങ്ങളുടെ പുരോഗതിക്ക് വഴിയൊരുക്കുമെന്ന് റിപ്പോര്‍ട്ടിനെ അഭിനന്ദിച്ച് കേന്ദ്ര നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയ സഹമന്ത്രിയുടെ സ്വതന്ത്ര ചുമതല വഹിക്കുന്ന  വിദ്യാഭ്യാസ  സഹമന്ത്രി ശ്രീ ജയന്ത് ചൗധരി പറഞ്ഞു. നൈപുണ്യ വികസനം വിതരണതല ഇടപെടലായി മാത്രമല്ല, വ്യാവസായിക മേഖലയുടെയും തൊഴിൽ ശക്തിയുടെയും ഉയര്‍ന്നുവരുന്ന മാറ്റങ്ങളെ അഭിമുഖീകരിക്കുന്ന ആവശ്യാനുസൃതവും വിപണിയുമായി ചേര്‍ന്നുനില്‍ക്കുന്നതും ഫലകേന്ദ്രീകൃതവുമായ ആവാസവ്യവസ്ഥയായി മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.  

വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, വ്യവസായം എന്നിവ തമ്മിലെ ബന്ധം ശക്തിപ്പെടുത്തണമെന്നും  അനൗപചാരികവും അനുഭവപരവുമായ പഠനം തിരിച്ചറിയുന്നത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

 

വളര്‍ന്നുവരുന്ന സാമ്പത്തിക - സാങ്കേതിക പരിതസ്ഥിതിയിൽ  വിദ്യാഭ്യാസവും നൈപുണ്യവും യുവാക്കളുടെ തൊഴിൽ സാധ്യതകളില്‍ ചെലുത്തുന്ന സ്വാധീനം നിരീക്ഷിക്കാന്‍ ഒരു ശക്തമായ  തൊഴിൽക്ഷമതാ സൂചിക സഹായകമാകുമെന്നും ശ്രീ ജയന്ത് ചൗധരി അഭിപ്രായപ്പെട്ടു.

 

നൈപുണ്യ വികസനം അക്കാദമിക അന്വേഷണത്തിന്റെ മേഖലയാണെന്ന് ഐ‌എഫ്‌സി ടീമിനെ അഭിനന്ദിച്ച എം‌എസ്‌ഡി‌ഇ സെക്രട്ടറി ശ്രീ അതുൽ കുമാർ തിവാരി പറഞ്ഞു. ഈ സാഹചര്യത്തിൽ  വിവരശേഖരങ്ങളും ലഭ്യമായ തെളിവുകളും ഉപയോഗിച്ച് നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട സാഹിത്യശേഖരം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞ അദ്ദേഹം നൈപുണ്യ വികസനം, വിദ്യാഭ്യാസം, തൊഴില്‍ തുടർച്ച എന്നിവ സംബന്ധിച്ച ഘടനാപരമായ മാറ്റങ്ങളെക്കുറിച്ച്  ആഴത്തിൽ പഠിക്കാന്‍ ആഹ്വാനം ചെയ്തു. 

 

റിപ്പോർട്ട് പുറത്തിറക്കിയതിന് മന്ത്രാലയത്തിന് നന്ദി അറിയിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോംപറ്റിറ്റീവ്‌നെസ് ചെയർമാന്‍ ശ്രീ. അമിത് കപൂർ നൈപുണ്യ അജണ്ട മുന്നോട്ടുകൊണ്ടുപോകുന്നതിന് നൈപുണ്യ വികസന - സംരംഭകത്വ മന്ത്രാലയവുമായി ചേര്‍ന്നു പ്രവർത്തിക്കാന്‍ പ്രതിബദ്ധത പ്രകടിപ്പിച്ചു.  

 

ജ്ഞാനാധിഷ്ഠിത ആഗോള സമ്പദ്‌വ്യവസ്ഥയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ നൈപുണ്യ മേഖലയുടെ വിവരാധിഷ്ഠിത പരിശോധനയാണ് ഈ റിപ്പോർട്ട്. ഉപയോഗപ്രദമായ ഉൾക്കാഴ്ചകൾ നൽകാനും ഭാവി ആസൂത്രണ നിര്‍ദേശങ്ങള്‍ക്കും പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേയുടെ (പി‌എൽ‌എഫ്‌എസ്) യൂണിറ്റ്-തല വിശകലനം റിപ്പോർട്ടിൽ ഉപയോഗിച്ചിട്ടുണ്ട്. 2023-24 ൽ രാജ്യത്തെ തൊഴിലാളികളിൽ 88% പേരും യോഗ്യത കുറഞ്ഞ  തൊഴിലുകളിലാണെന്നും  10 മുതല്‍ 12% വരെ പേർ മാത്രമാണ് ഉയർന്ന യോഗ്യത ആവശ്യമായ തൊഴിലുകള്‍ ചെയ്യുന്നതെന്നുമാണ്  സര്‍വേയുടെ അടിസ്ഥാനത്തില്‍ നടത്തിയ വിവര വിശകലനം വ്യക്തമാക്കുന്നത്. 

 

ഇന്ത്യയില്‍ തൊഴിലധിഷ്ഠിത പരിശീലനത്തിന്റെ 66%-ത്തിലധികം വരുന്ന അഞ്ച് മേഖലകളെ പിഎല്‍എഫ്എസ് (2023-24) വിവരങ്ങളിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഐടി, ഐടിഇഎസ്, വസ്ത്ര-തുണിത്തര മേഖല, ഇലക്ട്രോണിക്സ്, ആരോഗ്യപരിരക്ഷയും ജീവശാസ്ത്രവും, സൗന്ദര്യവും ക്ഷേമവും  എന്നിവയാണ് ഈ മേഖലകൾ. കൂടാതെ മത്സരക്ഷമതാ ചട്ടക്കൂട് വിശകലനം ചെയ്തതിലൂടെ ഈ രംഗങ്ങളിലെ സാധ്യതയേറിയ അഞ്ച് മേഖലകളും തിരിച്ചറിഞ്ഞിട്ടുണ്ട്. പരിശീലനം, സാക്ഷ്യപ്പെടുത്തല്‍, വ്യാവസായിക ആവശ്യങ്ങള്‍ക്കനുസൃതമായ വിന്യാസം എന്നിവയില്‍ ഓരോ രംഗത്തെയും   പ്രവണതകൾ വിലയിരുത്താന്‍ പിഎല്‍എഫ്എസ്,  പിഎംകെവിവൈ 4.0 ഡാഷ്‌ബോർഡ്, സെക്ടർ സ്‌കിൽ കൗൺസില്‍ (എസ്എസ്‍സി) ഡാഷ്‌ബോർഡുകൾ, ദേശീയ അപ്രന്റീസ്ഷിപ്പ് പ്രോത്സാഹന പദ്ധതി (എന്‍എപിഎസ്) എന്നിവയിലെ വിവരങ്ങൾ വിശകലനം ചെയ്യുന്നു.

 

മാറ്റങ്ങൾക്ക് അനുസൃതമായ ഭാവിസജ്ജമായ  തൊഴിൽശക്തി വികസിപ്പിക്കാന്‍  ലക്ഷ്യബോധത്തിലൂന്നിയ ബഹുമുഖ ഇടപെടലുകൾ റിപ്പോർട്ടില്‍ ശിപാർശ ചെയ്യുന്നു.  നൈപുണ്യ ആവശ്യകതകളെക്കുറിച്ച് കണക്കുകള്‍ തയ്യാറാക്കാനും തെളിവുകളുടെ അടിസ്ഥാനത്തില്‍ ലക്ഷ്യമിട്ട നയപരിഷ്കാരങ്ങള്‍ നടപ്പാക്കാനും  പ്രത്യേക ഏകീകൃത വിവരശേഖരണ സംവിധാനവും റിപ്പോര്‍ട്ട് ശിപാര്‍ശ  ചെയ്തിട്ടുണ്ട്. കൂടാതെ നൈപുണ്യം നേടിയ പ്രതിഭാധനരില്‍നിന്ന് നിയമനം നടത്തുകയും ഉയർന്ന വേതനം ഉറപ്പാക്കുകയും ചെയ്യുന്നതിനൊപ്പം  വിപണി-അനുസൃത പരിശീലനം നല്‍കുന്നതില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനും വ്യാവസായിക മേഖലയെ  പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

 

 

റിപ്പോർട്ട്: https://www.competitiveness.in/wp-content/uploads/2025/06/Report_Skill_Roadmap_Final_Compressed.pdf 

*************


(Release ID: 2140369)
Read this release in: Tamil , English , Urdu , Hindi