ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

സങ്കുചിത ലക്ഷ്യങ്ങൾ ഒഴിവാക്കുക, സ്വാർത്ഥതാത്പര്യങ്ങൾ ഒഴിവാക്കുക. സമൂഹത്തിനും, മാനവരാശിക്കും, രാഷ്ട്രത്തിനും ഗുണപരമായ ലക്ഷ്യങ്ങൾ മാത്രം സ്വീകരിക്കുക - ഉപരാഷ്ട്രപതി

5,000 വർഷത്തെ സാംസ്ക്കാരിക ഗരിമയുള്ള അതുല്യ രാഷ്ട്രമായ ഭാരതം, ചോദ്യം ചെയ്യപ്പെടാത്ത ദേശീയബോധം അർഹിക്കുന്നു - ഉപരാഷ്ട്രപതി

Posted On: 27 JUN 2025 1:08PM by PIB Thiruvananthpuram
"സങ്കുചിത ലക്ഷ്യങ്ങൾ ഒഴിവാക്കുക, സ്വാർത്ഥതാത്പര്യങ്ങൾ ഒഴിവാക്കുക. സമൂഹത്തിനും, മാനവരാശിക്കും, രാഷ്ട്രത്തിനും ഗുണപരമായ ലക്ഷ്യങ്ങൾ മാത്രം സ്വീകരിക്കുക. ചുറ്റും കണ്ണോടിച്ചാൽ, ആയിരം വർഷത്തെ ചരിത്രത്തിൽ ആരൊക്കെയാണ് ഇന്നും ഓർക്കപ്പെടുന്നത്? നാം ആരെയൊക്കെ ഇന്നും ഓർക്കുന്നു? സമൂഹത്തിന് സംഭാവനകൾ നൽകിയവരെയും, സമൂഹത്തിന് വേണ്ടി പ്രവർത്തിച്ചവരെയും, സമൂഹത്തിന് വേണ്ടി ജീവിച്ചവരെയും, സമൂഹോന്മുഖമായ ജീവിതം നയിച്ചവരെയും മാത്രമേ നാം ഓർക്കുന്നുള്ളൂ",  ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ ഇന്ന് വിദ്യാർത്ഥികളെ ഉദ്‌ബോധിപ്പിച്ചു.


ഉത്തരാഖണ്ഡിലെ നൈനിറ്റാളിലുള്ള ഷെർവുഡ് കോളേജിന്റെ 156-ാമത് സ്ഥാപക ദിനാഘോഷത്തിൽ വിദ്യാർത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്യവെ, "നിങ്ങൾ ഒരു ആശയം പൂർണ്ണമായും ഉൾക്കൊള്ളേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു- സദാസമയവും രാഷ്ട്രത്തിന് പ്രഥമ പരിഗണന എന്നതാണ് ആ ആശയം. നാം ദേശീയതയെ നിരുപാധികമായും അപരിമേയമായും പിന്തുടരേണ്ടിവരും, കാരണം 5,000 വർഷത്തെ സാംസ്ക്കാരിക ഗരിമയുള്ള  അതുല്യ രാഷ്ട്രമായ ഭാരതം അത് അർഹിക്കുന്നു," അദ്ദേഹം വ്യക്തമാക്കി.

"ഏതൊരു ജനാധിപത്യ രാഷ്ട്രവും കൈവരിക്കേണ്ട അടിസ്ഥാന ഘടകങ്ങളാണ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം, സർവത്രികത, കുറഞ്ഞ ചെലവ് എന്നിവ........ വിദ്യാഭ്യാസം ദൈവത്തിന്റെ വരദാനമാണ്. നിങ്ങൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുകയാണെങ്കിൽ, നിങ്ങൾ ഭാഗ്യവാനാണ്. 140 കോടി ജനങ്ങളുള്ള ഒരു രാജ്യത്ത് നിങ്ങൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുകയാണെങ്കിൽ, അക്ഷരാർർത്ഥത്തിൽ സവിശേഷമായ ഭാഗ്യമാണത്.  സമത്വത്തിലേക്കുള്ള ഉത്തമ  മാർഗ്ഗമാണ് വിദ്യാഭ്യാസം. നിയമത്തിലോ മറ്റേതെങ്കിലും മേഖലയിലോ സമത്വം ഉറപ്പാക്കാൻ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കൂ. വിദ്യാഭ്യാസം അസമത്വങ്ങളെയും അനീതിയെയും ശക്തമായി ചെറുക്കുന്നു. അത് തന്നെയാണ് നിങ്ങൾ നിങ്ങളുടെ ജീവിതകാലം മുഴുവൻ വിദ്യാഭ്യാസത്തിലൂടെ സാധ്യമാക്കാൻ പോകുന്നത്", അദ്ദേഹം കൂട്ടിച്ചേർത്തു.


മാതാപിതാക്കളോട് ശ്രീ ധൻഖർ  അഭ്യർത്ഥിച്ചു. “മാതൃത്വം എന്നത് നിങ്ങളുടെ കുട്ടികളോട് മാത്രമല്ല, മുഴുവൻ മനുഷ്യരാശിയോടുമുള്ള ഏറ്റവും പ്രധാനപ്പെട്ട കടമയാണ്. അതിനാൽ ദയവായി നിങ്ങളുടെ കുട്ടികളെ സമ്മർദ്ദത്തിലാക്കരുത്. ജീവിതത്തിലെ അവരുടെ ലക്ഷ്യം എന്താണെന്ന് നിങ്ങൾ തീരുമാനിക്കരുത്. നിങ്ങൾ തീരുമാനിച്ചാൽ, അവരെല്ലാം പണത്തിനും അധികാരത്തിനും പിന്നാലെ പോകുന്നവരായി മാറും. ആ സാഹചര്യത്തിൽ എവിടെയാണ് ശാസ്ത്രജ്ഞർ സൃഷ്ടിക്കപ്പെടുക ? എവിടെയാണ് ജ്യോതിശാസ്ത്രജ്ഞർ സൃഷ്ടിക്കപ്പെടുക ?എവിടെയാണ്  മുഴുവൻ ലോകത്തിന്റെയും ഭാഗധേയം നിർണ്ണയിക്കുന്ന ആളുകൾ സൃഷ്ടിക്കപ്പെടുക?”

ആപ്തവാക്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു, "ചുവരുകളിൽ തൂക്കിയിടാനുള്ളതല്ല ആപ്തവാക്യങ്ങൾ. അത് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറണം. ഇത്തരുണത്തിൽ, [Mereat Quisque Palmam-മെറിയറ്റ് ക്വിസ്ക് പാമം] എന്ന ആപ്തവാക്യം ശ്രദ്ധിക്കുക. മറ്റൊരാളോട് മത്സരിക്കരുത്. മറ്റൊരാളുടെ പ്രവൃത്തികളോട് അസൂയപ്പെടരുത്. നിങ്ങളുടേതായ ഔന്നത്യങ്ങൾ നേടിക്കൊണ്ടിരിക്കണം. ഈ പ്രക്രിയയിൽ, നിങ്ങൾ ഒരാളെ എത്രത്തോളം ചേർത്ത് പിടിക്കുന്നുവോ, എത്രത്തോളം നിങ്ങൾ ആരെയെങ്കിലും സഹായിക്കുന്നുവോ, നിങ്ങളെ മറികടന്ന് മുന്നേറാൻ പോലും അനുവദിക്കുന്നുവോ, അതാണ് നിങ്ങളുടെ മഹത്തായ സംഭാവന.  കായികം, ശാസ്ത്രം, രാഷ്ട്രീയം തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ച ഒട്ടേറെ ആളുകളുണ്ട്. എന്നാൽ ആ തലത്തിലേക്ക് ഉയർന്നിട്ടില്ലാത്തവരെപ്പോലും അംഗീകരിക്കാൻ മികവ് തെളിയിച്ചവർ തയ്യാറാകും".

ഭാരതത്തിന്റെ സമീപകാല മുന്നേറ്റത്തെക്കുറിച്ചും വികസിത ഭാരതത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും സംസാരിച്ച ശ്രീ ധൻഖർ പറഞ്ഞു, “ഈ നൂറ്റാണ്ടിൽ, ജനങ്ങളെ സാക്ഷരരാക്കുന്നതിന് മാത്രമല്ല നാം പ്രാധാന്യം നൽകേണ്ടത്. വളരെ മുമ്പുതന്നെ ഭാരതത്തിൽ സാക്ഷരതയ്ക്ക് പ്രാധാന്യം നൽകിയിരുന്നു. ഇന്ന് ഭാരതം കേവലം സാധ്യതകളുള്ള ഒരു രാഷ്ട്രം മാത്രമല്ല. നിങ്ങളുടെ അധ്യാപകരുടെ സഹായ മനോഭാവത്താലും നിങ്ങളിലെ പ്രതിഭ വലിയ നേട്ടങ്ങൾക്കായി പ്രയോജനപ്പെടുത്തുന്ന സാഹചര്യത്തിലും ഭാരതം സാധ്യതകളുള്ള ഒരു രാഷ്ട്രമായി മാത്രം അവശേഷിക്കുകയില്ല. രാജ്യത്തിന്റെ സാധ്യതകൾ ദിനംപ്രതി ചൂഷണം ചെയ്യപ്പെടുന്നു. ഇത് വളർന്നുവരുന്ന ഒരു രാഷ്ട്രമാണ്. ആ ഉയർച്ച അനവരതം തുടരുന്നു. ഉയർച്ച ക്രമപ്രവൃദ്ധമാണ്. കഴിഞ്ഞ ദശകത്തിലേക്ക് കണ്ണോടിക്കുകയാണെങ്കിൽ, ആഗോള മാനദണ്ഡങ്ങൾ പ്രകാരം ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥ ഗണ്യമായ വളർച്ച കൈവരിച്ചു. അടിസ്ഥാന സൗകര്യ മേഖലയിലെ വളർച്ച അസാധാരണമാണ്. വലിയ സമ്പദ്‌വ്യവസ്ഥകളിൽ, ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമാണ് ഇന്ത്യ. ഭാരതത്തിന്റെ കഴിഞ്ഞ ദശകം വികസനത്തിന്റെ ഒരു ദശകം, വളർച്ചയുടെ ഒരു ദശകം, ആഗോള ക്രമത്തിൽ പുതിയ സ്ഥാനം കണ്ടെത്തിയ ഒരു ദശകം എന്നിങ്ങനെ ചുരുക്കി നിർവ്വചിക്കാം. നിങ്ങൾ ഇനി ആ വളർച്ചയെ  മുന്നോട്ട് കൊണ്ടുപോകേണ്ട സമയമാണിത് - കാരണം വികസിത രാഷ്ട്ര പദവി, വികസിത ഭാരതം എന്നത് നമ്മുടെ സ്വപ്നമല്ല - അത് നമ്മുടെ ലക്ഷ്യമാണ്”.

സ്ഥാപനത്തിന്റെ പൂർവ്വ വിദ്യാർത്ഥി പാരമ്പര്യത്തെ ഉയർത്തിക്കാട്ടിക്കൊണ്ട് ശ്രീ ധൻഖർ വ്യക്തമാക്കി. "ഇതിഹാസങ്ങൾ കടന്നുപോയ സ്ഥലത്താണ് നിങ്ങൾ ഇടം പിടിച്ചിരിക്കുന്നത്. ഭാരതത്തിന്റെ ആദ്യത്തെ പരമവീര ചക്ര ജേതാവ് - ഈ രാജ്യത്തിന്റെ ഏറ്റവും ഉന്നതമായ സൈനിക ബഹുമതി നേടിയ - മേജർ സോം നാഥ് ശർമ്മ; അദ്ദേഹം ഇവിടെ പഠിച്ചു. 1971 ലെ വിജയത്തിന്റെ ശിൽപി, എല്ലാവരും വായിക്കേണ്ട  ചരിത്രത്തിലെ ഒരു ഏടായി മാറിയ ഫീൽഡ് മാർഷൽ സാം മനേക്ഷാ. ഈ സ്ഥാപനത്താൽ പരിപോഷിപ്പിക്കപ്പെട്ട അദ്ദേഹം രാജ്യത്തിനായി വിജയം കൊണ്ടുവന്നു. അതേയിടത്താണ് നിങ്ങളും ജീവിക്കുന്നത് - ഒരിക്കലും മറക്കാതിരിക്കുക. മറ്റ് മേഖലകളിലേക്ക് വരുകയാണെങ്കിൽ, ഒന്നിലധികം സവിശേഷ വ്യക്തിത്വങ്ങൾ ചൂണ്ടിക്കാട്ടാനാകും. ഞാൻ കൂടുതലൊന്നും വിശദീകരിക്കുന്നില്ല, പക്ഷേ അമിതാഭ് ബച്ചനെ ഞാൻ തീർച്ചയായും പരാമർശിക്കും, കാരണം അദ്ദേഹത്തിന്റെ ഭാര്യ വളരെ വിശിഷ്ടയായ  രാജ്യസഭാംഗമാണ് - ജയ ബച്ചൻ. അമിതാഭ് ബച്ചൻ നിങ്ങളെ സദാ ഓർമ്മിപ്പിക്കുന്ന കാര്യം- ജോലി ആരാധനയാണ്. ജോലിക്ക് പ്രായമില്ല - സംഭാവനകൾ നൽകുന്നത് നിങ്ങൾ തുടർന്നു കൊണ്ടിരിക്കണം"

"അവരുടെ അത്ഭുതകരമായ നേട്ടങ്ങൾ നിങ്ങളുടെ കൂടി പൈതൃകമാണ്, പൈതൃകം പ്രധാനമാണ്. അവരുടെ നേട്ടങ്ങൾ നിങ്ങളുടെ കൂടി അടിത്തറയാണ്, പക്ഷേ അതിലുപരി ചിലതുണ്ട്. അവരുടെ പൈതൃകം ഇപ്പോൾ നിങ്ങളുടെ ഉത്തരവാദിത്തം കൂടിയാണ്, നിങ്ങൾ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കണം", അദ്ദേഹം കൂട്ടിച്ചേർത്തു.

മാറ്റത്തിന് ഉത്തേജകമായി പ്രവർത്തിക്കാൻ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, “ലോകം ഇന്ത്യയെ ഉറ്റു നോക്കുന്നത് അതിന്റെ ഉയർച്ചയോ, ശാസ്ത്രീയ മുന്നേറ്റമോ, അടിസ്ഥാന സൗകര്യ വികസനമോ മാത്രം പ്രതീക്ഷിച്ചല്ല; അസൂയാവഹമായ ജനസംഖ്യാ നേട്ടം കൊണ്ടാണ് ലോകം ഇന്ത്യയെ ഉറ്റു നോക്കുന്നത്. നമ്മുടെ യുവാക്കളുടെ ശരാശരി പ്രായം - നമ്മുടെ യുവ ജനസംഖ്യയുടെ പ്രായത്തിലെ ആനുകൂല്യം  - 28 വയസ്സ്. ചൈനയേക്കാളും യുഎസിനേക്കാളും നാം 10 വയസ്സിന് താഴെയാണ്. ജനസംഖ്യാ  ഘടന നോക്കുമ്പോൾ, നമ്മുടെ 65 ശതമാനം ജനങ്ങളും 35 വയസ്സിന് താഴെ പ്രായമുള്ളവരാണ്. കുട്ടികളേ, ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു…. മാറ്റം നിങ്ങളെ മറികടക്കാനനുവദിക്കരുത്; നമുക്ക് ആവശ്യമുള്ള മാറ്റം നാം സൃഷ്ടിക്കണം, നമ്മൾ ആഗ്രഹിക്കുന്ന മാറ്റം രൂപപ്പെടുത്തണം, മുഴുവൻ ഭൂമിയ്ക്കും ഗുണകരമായ ഒരു മാറ്റം ഭാരതം ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് നാം വസുധൈവ കുടുംബകം എന്ന ആപ്തവാക്യം ജി-20 ഉച്ചകോടിയിൽ വച്ച് മുഴുവൻ ലോകത്തിനുമായി നൽകിയത് - ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന ആപ്തവാക്യം .

"ലോകത്ത് മറ്റെങ്ങും കാണാനാകാത്ത വിധം ഏറ്റവും കൂടുതൽ സ്മാർട്ട്‌ഫോണുകൾ, ഡിജിറ്റൽ സൗകര്യങ്ങളുടെ ലഭ്യത, കണക്റ്റിവിറ്റി എന്നിവ ഇന്ത്യയിലുണ്ടെന്ന് നാം അഭിമാനിക്കുന്നു. നിങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ടാകും - നിർമ്മിതബുദ്ധി, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്, ബ്ലോക്ക്‌ചെയിൻ, മെഷീൻ ലേണിംഗ് തുടങ്ങിയവയെക്കുറിച്ച്. അവ നിങ്ങളുടെ ജീവിതത്തിലുടനീളം സ്‌കൂളിലും ജോലിസ്ഥലത്തും വീടുകളിലും കടന്നുവരാറുണ്ട്. മനുഷ്യരാശിയുടെ ആറിലൊന്ന് വസിക്കുന്ന ഭാരതത്തിന് അനുഗുണമായ പൗരന്മാരായി മാറുന്നതിനായി നിങ്ങൾ മാറുകയും സാഹചര്യങ്ങളോട് പൊരുത്തപ്പെടുകയും വേണം", അദ്ദേഹം കൂട്ടിച്ചേർത്തു.

 
******************

(Release ID: 2140203)