യുവജനകാര്യ, കായിക മന്ത്രാലയം
ജൂൺ 29-ലെ ഫിറ്റ് ഇന്ത്യ - സണ്‍ഡേയ്സ് ഓണ്‍ സൈക്കിള്‍ കാമ്പയിന് നേതൃത്വം നൽകാൻ 'സ്വച്ഛതാ സേനാനികളോട്’ ആഹ്വാനം ചെയ്ത് കേന്ദ്ര കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ
പോസ്റ്റഡ് ഓണ്‍:
26 JUN 2025 7:17PM by PIB Thiruvananthpuram
രാജ്യവ്യാപക ഫിറ്റ് ഇന്ത്യ - സൺഡേയ്‌സ് ഓൺ സൈക്കിൾ പ്രചാരണ പരിപാടിയുടെ 2025 ജൂൺ 29-ലെ പതിപ്പില്‍ രാജ്യത്തെ മുൻനിര ശുചീകരണ പോരാളികൾ ശ്രദ്ധാകേന്ദ്രമാകും.
ആരോഗ്യപൂര്‍ണവും ശുചിത്വമാര്‍ന്നതും കൂടുതൽ സജീവവുമായ ഇന്ത്യയ്ക്കായി പ്രവർത്തിക്കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ ആഹ്വാനമാണ് ഫിറ്റ് ഇന്ത്യ സൺഡേയ്‌സ് ഓൺ സൈക്കിൾ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് പ്രത്യേക പതിപ്പിന് മുന്നോടിയായി സംസാരിക്കവെ കേന്ദ്ര യുവജനകാര്യ - കായിക - തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഈ ജനകീയ പ്രസ്ഥാനം മുന്നോട്ടു നീങ്ങുമ്പോള്‍ രാജ്യവ്യാപക സൈക്കിളോട്ട യജ്ഞത്തിന്റെ സാരാംശം കാത്തുസൂക്ഷിക്കാന്‍ 'സ്വച്ഛതാ സേനാനികൾ' ഒരുമിച്ചുചേരുന്ന പതിപ്പ് ഏറെ അർത്ഥപൂര്‍ണമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തെ 500-ലധികം സ്ഥലങ്ങളില്‍നിന്ന് ഞായറാഴ്ച 15,000-ത്തിലധികം പേർ പ്രചാരണ പരിപാടിയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രദുർഗ (കർണാടക), സോലാൽ ഗാവ് (അസം), ജഞ്ച്ഗിർ ചമ്പ (ഛത്തീസ്ഗഡ്), പന്ധർപൂർ (മഹാരാഷ്ട്ര) തുടങ്ങി നിരവധി ഉൾനാടൻ പ്രദേശങ്ങളിൽ സ്ഥിരമായി സംഘടിപ്പിച്ചുവരുന്ന പ്രസ്ഥാനമാണിത്. പരമാവധി പങ്കാളിത്തവും ദൃശ്യപരതയും ഉറപ്പാക്കി സംസ്ഥാനങ്ങളിലുടനീളം എല്ലാ മുനിസിപ്പൽ - നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അതത് പ്രദേശങ്ങളിൽ പരിപാടി സംഘടിപ്പിക്കണമെന്ന് കായിക മന്ത്രി ആഹ്വാനം ചെയ്തു..
കഴിഞ്ഞ വർഷം ഡിസംബറിൽ കേവലം 500 സൈക്കിള്‍ പ്രേമികളുമായി ആരംഭിച്ച ഫിറ്റ് ഇന്ത്യ സൈക്കിളോട്ട യജ്ഞം പിന്നീട് ഒരു ദേശീയ പ്രസ്ഥാനമായി പരിണമിച്ചു. രാജ്യത്തുടനീളം ഇതുവരെ 10,500-ലധികം സ്ഥലങ്ങളില്‍ 3.75 ലക്ഷത്തിലധികം പേരുടെ പങ്കാളിത്തത്തോടെ ഈ പ്രസ്ഥാനം സംഘടിപ്പിക്കപ്പെട്ടു. രാജ്യത്തെ നിരവധി ഖേലോ ഇന്ത്യ കേന്ദ്രങ്ങള്‍ (കെഐസി), ഖേലോ ഇന്ത്യ സംസ്ഥാനതല മികവുകേന്ദ്രങ്ങള്‍ (കെഐഎസ്‍സിഇ), സായ് പരിശീലന കേന്ദ്രങ്ങൾ (എസ്ടിസി), ഖേലോ ഇന്ത്യ അംഗീകൃത അക്കാദമികൾ (കെഐഎഎ), ദേശീയതല മികവുകേന്ദ്രങ്ങള്‍ (എൻസിഒഇ) എന്നിവയാണ് ഈ സൈക്കിളോട്ട യജ്ഞങ്ങള്‍ സംഘടിപ്പിക്കുന്നത്.
SKY
***
( റിലീസ് ഐ.ഡി: 2140002)
സന്ദര്‍ശക കൗണ്ടര്‍ : 17