ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ജനാധിപത്യത്തെ തകർത്ത ഭൂകമ്പമായിരുന്നു അടിയന്തരാവസ്ഥ - ഉപരാഷ്ട്രപതി

Posted On: 25 JUN 2025 4:03PM by PIB Thiruvananthpuram
"50 വർഷങ്ങൾക്ക് മുമ്പ്, ഇന്നേ ദിവസം, ഏറ്റവും പഴക്കം ചെന്നതും ബൃഹത്തും ഊർജ്ജസ്വലവുമായ ജനാധിപത്യം കൊടുംകാറ്റിലൂടെയും അപ്രതീക്ഷിതമായ തിരിച്ചടികളിലൂടെയും ജനാധിപത്യത്തെ തകർത്ത ഭൂകമ്പത്തിലൂടെയും കടന്നുപോയി. അടിയന്തരാവസ്ഥയുടെ പ്രഖ്യാപനമായിരുന്നു അത്. രാത്രിയുടെ മറവിൽ, മന്ത്രിസഭയെ ഇരുട്ടിൽ നിർത്തിയായിരുന്നു പ്രഖ്യാപനം. പ്രതികൂലമായ ഹൈക്കോടതി ഉത്തരവ് നേരിടേണ്ടി വന്ന അന്നത്തെ പ്രധാനമന്ത്രി വ്യക്തിപരമായ നേട്ടത്തിന് വേണ്ടി, രാജ്യത്തെ അവഗണിച്ചു. ഭരണഘടനാ ധാർമികതയെ അട്ടിമറിച്ച്, അടിയന്തരാവസ്ഥ പ്രഖ്യാപനം അംഗീകരിച്ചു. 21, 22 മാസക്കാലം നമ്മുടെ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം പ്രക്ഷുബ്ധമായ  കാലഘട്ടമായിരുന്നു. സങ്കൽപ്പിക്കാൻ പോലുമാകാത്ത കാലം. ജനാധിപത്യത്തിന്റെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിന് നാം സാക്ഷ്യം വഹിച്ചു." ഉപരാഷ്ട്രപതി ശ്രീ ജഗദീപ് ധൻഖർ ഇന്ന് പറഞ്ഞു.

ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ കുമൗൺ സർവകലാശാലയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്ത്, വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു, "ഒരു ലക്ഷത്തി നാല്പതിനായിരം പേരെ തടവിലാക്കി. അവർക്ക് നീതിന്യായ വ്യവസ്ഥയെ സമീപിക്കാൻ കഴിഞ്ഞില്ല. അവർക്ക് അവരുടെ മൗലികാവകാശങ്ങൾക്ക് വേണ്ടി കോടതിയിൽ വാദിക്കാൻ  കഴിഞ്ഞില്ല. ഭാഗ്യവശാൽ, ഒമ്പത് ഹൈക്കോടതികൾ ഭരണഘടനയിൽ ഉറച്ചുനിന്നു - അടിയന്തരാവസ്ഥയായാലും അല്ലെങ്കിലും - മൗലികാവകാശങ്ങൾ ഹനിക്കാനാകില്ലെന്നും രാജ്യത്തെ ഓരോ പൗരനും നീതിന്യായ വ്യവസ്ഥയുടെ ഇടപെടലിലൂടെ  നീതി തേടാൻ അവകാശമുണ്ടെന്നും വിധി പ്രസ്താവിച്ചു. നിർഭാഗ്യവശാൽ, രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതി ആ വിധികളെ മറികടന്നു. ഒമ്പത് ഹൈക്കോടതികളുടെ വിധി റദ്ദാക്കി. രണ്ട് കാര്യങ്ങൾ സുപ്രീം കോടതി തീർപ്പാക്കി- അടിയന്തരാവസ്ഥ പ്രഖ്യാപനം ഭരണനിർവ്വഹണ വിഭാഗത്തിന്റെ അധികാരപരിധിയിൽപ്പെട്ടതാണ്. നീതിന്യായ വ്യവസ്ഥയുടെ അവലോകനത്തിന് വിധേയമല്ല. കൂടാതെ, അത് എത്ര കാലം നീണ്ടുനിൽക്കും എന്നതിനെക്കുറിച്ചുള്ള തീരുമാനവും ഭരണനിർവ്വഹണ വിഭാഗത്തിന്റെതായിരിക്കും. അടിയന്തരാവസ്ഥ നിലനിൽക്കുമ്പോൾ പൗരന്മാർക്ക് മൗലികാവകാശങ്ങൾ ഇല്ലെന്നു കൂടി വിധിച്ചു. ജനങ്ങളെ സംബന്ധിച്ചിടത്തോളം അത് വലിയ തിരിച്ചടിയായിരുന്നു. ”

സമകാലിക യുവജനങ്ങൾക്കായി 'സംവിധാൻ ഹത്യ ദിവസ്' ആചരിക്കുന്നതിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു, "അക്കാലത്ത് പത്രങ്ങൾക്ക് എന്ത് സംഭവിച്ചു? ആരെയൊക്കെയാണ് ജയിലിൽ അടച്ചത്? ജയിലിലടയ്ക്കപ്പെട്ടവർ പിന്നീട് ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിമാരായി. അവർ പിന്നീട് ഈ രാജ്യത്തിന്റെ രാഷ്ട്രപതിമാരായി. അതായിരുന്നു സാഹചര്യം, അതുകൊണ്ട് നമ്മുടെ യുവാക്കളെ ബോധവാന്മാരാക്കേണ്ടതുണ്ട്....... ഭരണത്തിലും ജനാധിപത്യത്തിലും ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളാണ് നിങ്ങൾ. അതിനാൽ നിങ്ങൾ അത് വിസ്മരിക്കാൻ പാടില്ല. ആ ഇരുണ്ട കാലഘട്ടത്തെക്കുറിച്ച് നിങ്ങൾക്ക് പഠിക്കാതിരിക്കാൻ കഴിയില്ല. വളരെ ചിന്താപൂർവ്വമാണ് സർക്കാർ ഈ ദിനം 'സംവിധാൻ ഹത്യ ദിവസ്' ആയി ആചരിക്കാൻ തീരുമാനിച്ചത്. ഇനി ഒരിക്കലും അത് സംഭവിക്കാതിരിക്കാനാണ് ഈ ആചരണം. മാനവികതയുടെ അവകാശങ്ങളെയും, ഭരണഘടനയുടെ ആത്മാവിനെയും, സത്തയെയും ഇത്തരത്തിൽ ലംഘിക്കാൻ അനുവദിച്ച കുറ്റവാളികളെ ഓർക്കാനാണ് ഈ ആചരണമെന്ന് പറയാം. അവർ ആരായിരുന്നു? എന്തിനാണ് അവർ അത് ചെയ്തത്? എന്റെ സുഹൃത്തുകൾ ക്ഷമിക്കുക, സുപ്രീം കോടതിയിൽ ഒരു ജഡ്ജി മാത്രം, എച്ച്.ആർ. ഖന്ന മാത്രം വിയോജിച്ചു. ഭാരതത്തിൽ എപ്പോഴെങ്കിലും ജനാധിപത്യം തിരിച്ചുവന്നാൽ, തന്റെ നിലപാടിൽ ഉറച്ചുനിന്ന എച്ച്.ആർ. ഖന്നയ്ക്ക് വേണ്ടി ഒരു സ്മാരകം തീർച്ചയായും നിർമ്മിക്കപ്പെടണമെന്ന്  യു.എസിലെ ഒരു പ്രമുഖ പത്രം അന്ന് അഭിപ്രായപ്പെട്ടു.

ക്യാമ്പസിലെ പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞുകൊണ്ട് ശ്രീ ധൻഖർ പറഞ്ഞു, “അക്കാദമിക സ്ഥാപനങ്ങൾ ബിരുദങ്ങൾക്കും യോഗ്യതകൾക്കും വേണ്ടിയുള്ള പഠന കേന്ദ്രങ്ങൾ മാത്രമല്ല. അല്ലെങ്കിൽ, വെർച്വൽ ലേണിങ്ങും ക്യാമ്പസ് പഠനവും തമ്മിൽ എന്താണ് വ്യത്യാസം? ക്യാമ്പസിലെ നിങ്ങളുടെ സഹപാഠികൾക്കിടയിൽ  നിങ്ങൾ ചെലവഴിക്കുന്ന സമയം നിങ്ങളുടെ മാനസികാവസ്ഥയെ നിർവ്വചിക്കുന്നുവെന്നത് നിങ്ങൾക്ക് തത്സമയം അനുഭവേദ്യമാകും. അനിവാര്യമായ മാറ്റത്തെ, നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റത്തെ, നിങ്ങൾ ആഗ്രഹിക്കുന്ന രാഷ്ട്രത്തെ ഉത്തേജിപ്പിക്കുന്നതിനാണ് കാമ്പസ് പോലുള്ള ഈ സ്ഥലങ്ങൾ. ആശയങ്ങളുടെയും നൂതനാശയങ്ങളുടെയും സ്വാഭാവിക ജൈവ ഉറവകളാണ് ഇവ. ആശയങ്ങൾ വരികതന്നെ ചെയ്യും, പക്ഷേ ആശയത്തെക്കുറിച്ചുള്ള  ധാരണ ഉണ്ടായിരിക്കണം. പരാജയഭീതിയിൽ നിന്നാണ് ഒരു ആശയം വന്നതെങ്കിൽ, നിങ്ങൾ നൂതനാശയത്തിലോ പരീക്ഷണത്തിലോ ഏർപ്പെടുന്നില്ല. നമ്മുടെ പുരോഗതി നിശ്ചലമാകും. സ്വന്തം കരിയർ മാത്രമല്ല, ഭാരതത്തിന്റെ വിധിയും വിധാതാക്കളും ആകാനുള്ള അവസരമാണ് നമ്മുടെ അസംഖ്യം യുവാക്കൾക്ക് മുന്നിലുള്ളത്. അതിനാൽ ദയവായി മുന്നോട്ട് പോകുക. നിങ്ങൾ കണ്ടിട്ടുള്ള കോർപ്പറേറ്റ് ഉത്പന്നങ്ങളിലൊന്നിന്റെ ടാഗ്‌ലൈൻ ഓർമ്മിപ്പിക്കട്ടെ. ജസ്റ്റ് ഡു ഇറ്റ്. ഞാൻ പറഞ്ഞത് ശരിയാണോ? അതിൽ ഞാൻ ഒരു കാര്യം കൂടി കൂട്ടിച്ചേർക്കും. ഡു ഇറ്റ് നൗ.”

പൂർവ്വ വിദ്യാർത്ഥികളുടെയും അവരുടെ സംഭാവനകളുടെയും പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞുകൊണ്ട് ശ്രീ ധൻഖർ വ്യക്തമാക്കി, “50 വർഷത്തെ പാരമ്പര്യമുള്ള  ഈ സ്ഥാപനത്തിന് ധാരാളം പൂർവ്വ വിദ്യാർത്ഥികളുണ്ടാകും …….. ഒരു സ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥികൾ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. നിങ്ങൾ സാമൂഹ്യമാധ്യമങ്ങളും  ഗൂഗിളും നോക്കൂ. വികസിത രാജ്യങ്ങളിലെ ചില സ്ഥാപനങ്ങൾക്ക് 10 ബില്യൺ യുഎസ് ഡോളറിൽ അധികം പൂർവ്വ വിദ്യാർത്ഥി ഫണ്ട് ഉണ്ടെന്ന് നിങ്ങൾക്ക് മനസ്സിലാകും. ഒരു സ്ഥാപനത്തിന് 50 ബില്യൺ യുഎസ് ഡോളറിൽ കൂടുതൽ പൂർവ്വ വിദ്യാർത്ഥി ഫണ്ട്  ഉണ്ട്. ഇത് ഒരു വെള്ളപ്പൊക്കം പോലെ ഉണ്ടായതല്ല. മറിച്ച് തുള്ളികളായി ഒഴുകി വന്നതാണ്. ഞാൻ ഒരു ഉദാഹരണം സൂചിപ്പിക്കട്ടെ. ഈ മഹത്തായ സ്ഥാപനത്തിലെ ഈ 100,000 പൂർവ്വ വിദ്യാർത്ഥികൾ പ്രതിവർഷം 10,000 രൂപ സംഭാവന ചെയ്യാൻ തീരുമാനിക്കുകയാണെങ്കിൽ, വാർഷിക തുക 100 കോടി ആയിരിക്കും…….. വർഷംതോറും അത് തുടരുകയാണെങ്കിൽ, നിങ്ങൾ അവിടെയും ഇവിടെയും നോക്കേണ്ടി വരില്ല. നിങ്ങൾ സ്വയംപര്യാപ്തരായിരിക്കും. അത് നിങ്ങളെ ആശ്വസിപ്പിക്കും. രണ്ടാമതായി, പൂർവ്വ വിദ്യാർത്ഥികൾക്ക് മാതൃവിദ്യാലയവുമായി ബന്ധപ്പെടാൻ അവസരം ലഭിക്കും. നിങ്ങൾ ഒരു വഴി തുറക്കും. അതിനാൽ ഈ ദേവ ഭൂമിയിൽ നിന്ന് പൂർവ്വ വിദ്യാർത്ഥി സംഘടനയെ സംബന്ധിക്കുന്ന ഒരു തുടക്കം ഉണ്ടാകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു."
 
*****

(Release ID: 2139755)