വനിതാ, ശിശു വികസന മന്ത്രാലയം
2047-ലെ വികസിത ഭാരത ലക്ഷ്യത്തിന് കീഴില്‍ കൗമാരക്കാരായ പെൺകുട്ടികള്‍ക്ക് പുതിയ നൈപുണ്യ സംരംഭം - 'നവ്യ'യ്ക്ക് തുടക്കം കുറിച്ച് കേന്ദ്രസര്‍ക്കാര്‍
Posted On:
24 JUN 2025 7:40PM by PIB Thiruvananthpuram
പെൺകുട്ടികളെ ശാക്തീകരിക്കുന്നതിന്റെയും 2047ല്‍ വികസിതഭാരതമെന്ന കാഴ്ചപ്പാട് മുന്നോട്ടുകൊണ്ടുപോകുന്നതിന്റെയും ഭാഗമായി വനിതാ-ശിശു വികസന മന്ത്രാലയം (എംഡബ്ല്യുസിഡി) നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയവുമായി ചേര്‍ന്ന് 'നവ്യ' (നർച്ചറിംഗ് ആസ്പിരേഷൻസ് ത്രൂ വൊക്കേഷണൽ ട്രെയിനിംഗ് ഫോർ യങ് അഡോളസെന്റ് ഗേൾസ്) പദ്ധതിയ്ക്ക് ഇന്ന് ഉത്തർപ്രദേശിലെ സോൻഭദ്രയിൽ തുടക്കം കുറിച്ചു.
കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ ജയന്ത് ചൗധരിയും വനിതാ ശിശു വികസന സഹമന്ത്രി ശ്രീമതി സാവിത്രി താക്കൂറും സംയുക്തമായി ഉദ്ഘാടനം ചെയ്ത ‘നവ്യ’ പദ്ധതി 16 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കൗമാരക്കാരായ പെൺകുട്ടികളെ ഉയർന്നുവരുന്ന പാരമ്പര്യേതര ജോലികള്‍ക്ക് തൊഴിൽ പരിശീലനത്തിലൂടെ സജ്ജരാക്കാന്‍ ലക്ഷ്യമിടുന്നു. രാജ്യമെങ്ങുമുള്ള കൗമാരക്കാരായ പെൺകുട്ടികൾ വെബ്കാസ്റ്റ് വഴി വെർച്വലായി പങ്കെടുത്ത് ചടങ്ങില്‍ ഇന്ത്യയുടെ നാനാഭാഗങ്ങളില്‍നിന്നും അവരുടെ ആവേശകരമായ സാന്നിധ്യം അടയാളപ്പെടുത്തി.
'നവ്യ' കേവലം തൊഴില്പരിശീലനമല്ലെന്നും മറിച്ച് സോൻഭദ്ര പോലുള്ള അഭിലഷണീയ - ഗോത്ര ജില്ലകളിൽ പെൺകുട്ടികൾക്കിടയിൽ ആത്മവിശ്വാസവും സാമ്പത്തിക സ്വാതന്ത്ര്യവും സംരംഭകത്വ മനോഭാവവും വളർത്താന്‍ ലക്ഷ്യമിടുന്ന ബൃഹത് പദ്ധതിയാണെന്നും ഉദ്ഘാടനവേളയിൽ ശ്രീ ജയന്ത് ചൗധരി വ്യക്തമാക്കി. വനിതാ ശിശുവികസന വകുപ്പ്, തെരഞ്ഞെടുക്കുന്ന പെൺകുട്ടികൾക്ക് പ്രധാനമന്ത്രി കൗശൽ വികാസ് യോജനയിലൂടെ ഹ്രസ്വകാല നൈപുണ്യ വികസന കോഴ്സുകളില്‍ പരിശീലനം നൽകുകയും ഇതുവഴി അവര്‍ക്ക് സ്വന്തമായി ചെറുകിട ബിസിനസുകൾ ആരംഭിക്കാനാവുകയും ചെയ്യുന്നു.
കൗമാരക്കാരായ പെൺകുട്ടികളെ ശാക്തീകരിക്കുകയെന്ന പങ്കാളിത്ത ദൗത്യത്തിലെ നാഴികക്കല്ലാണ് 'നവ്യ'യെന്ന് ശ്രീമതി സാവിത്രി താക്കൂർ പറഞ്ഞു. തൊഴിൽ പരിശീലനത്തിലൂടെ അവരെ ആത്മവിശ്വാസമുള്ള സ്വാശ്രയ പൗരന്മാരാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ സംരംഭം അവർക്ക് വിലപ്പെട്ട കഴിവുകൾ നൽകുക മാത്രമല്ല, അന്തസ്സും സ്വാതന്ത്ര്യവും ആത്മവിശ്വാസവും നിറഞ്ഞ ജീവിതത്തിലേക്ക് അവരെ നയിക്കുമെന്നും ശ്രീമതി സാവിത്രി താക്കൂര്‍ പറഞ്ഞു.
വടക്കുകിഴക്കൻ - അഭിലഷണീയ ജില്ലകളടക്കം 19 സംസ്ഥാനങ്ങളിലെ 27 ജില്ലകളിലാണ് ആദ്യഘട്ടം പരീക്ഷണാടിസ്ഥാനത്തില്‍ ‘നവ്യ’ നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമാകുന്ന ഓരോ ജില്ലയിലും കൗമാരക്കാരായ പെൺകുട്ടികളുടെ ആവശ്യങ്ങൾക്കനുസൃതമായി തൊഴിൽമേഖല-കേന്ദ്രീകൃത തൊഴിലധിഷ്ഠിത കോഴ്സുകൾ നല്കുന്ന നിയുക്ത പരിശീലന കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.
നവ്യ പരിപാടിയ്ക്ക് കീഴിൽ ഗ്രാഫിക് ഡിസൈൻ, ടെലികോം, സാമ്പത്തിക സേവനങ്ങൾ, സ്മാർട്ട്ഫോൺ, ഡ്രോൺ സംയോജനം, സൗരോര്‍ജ പാനല്‍, സിസിടിവി സ്ഥാപിക്കല്‍, തയ്യല്‍-അലങ്കാരത്തുന്നൽ തുടങ്ങിയ മേഖലകളില്‍ കൗമാരക്കാരായ പെൺകുട്ടികൾക്ക് പരിശീലനം നൽകി അതിവേഗം വികസിക്കുന്ന തൊഴിൽ വിപണിയിൽ ഉയർന്നുവരുന്ന അവസരങ്ങൾക്കായി അവരെ ശാക്തീകരിക്കുന്നു.
പിഎംകെവിവൈ, പിഎം വിശ്വകർമ യോജന തുടങ്ങിയ മുൻനിര എംഎസ്ഡിഇ പദ്ധതികളിലെ നിലവിലെ വിഭവങ്ങൾ ഉപയോഗപ്പെടുത്തിയാണ് നവ്യയ്ക്ക് കീഴില്‍ പരിശീലന പരിപാടികള്‍ നടപ്പാക്കുന്നത്.
ഈ പദ്ധതികള്‍ക്ക് കീഴിൽ വിജയകരമായി പരിശീലനം നേടിയവർക്ക് സാക്ഷ്യപത്രങ്ങള്‍ ചടങ്ങില്‍ കൈമാറി. നൈപുണ്യ വികസനത്തിലൂടെ പരിവർത്തന യാത്രകൾ നടത്തിയ ഗുണഭോക്താക്കളുമായി സംവേദനാത്മക സെഷനുകളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
നവ്യയിലൂടെ സമഗ്ര വികസന പ്രതിബദ്ധത ആവര്‍ത്തിച്ചുറപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഭൂമിശാസ്ത്രമോ പശ്ചാത്തലമോ പരിഗണിക്കാതെ രാജ്യത്തിന്റെ വളർച്ചാഗാഥയിൽ അർത്ഥപൂര്‍ണമായ സംഭാവന നൽകാന് കഴിവുകള്‍കൊണ്ടും അവസരങ്ങള്കൊണ്ടും ആത്മവിശ്വാസംകൊണ്ടും ഓരോ പെൺകുട്ടിയും സജ്ജമാണെന്ന് ഉറപ്പാക്കുന്നു.
*****
(Release ID: 2139453)