ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ചെന്നൈയിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 18.2 കോടി രൂപയുടെ 92 ലക്ഷത്തിലധികം വിദേശ സിഗരറ്റുകൾ ഡിആർഐ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു

Posted On: 24 JUN 2025 5:02PM by PIB Thiruvananthpuram

അനധികൃത കള്ളക്കടത്തിനെതിരായ പോരാട്ടത്തിന്റെ തുടർച്ചയായി  റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് (ഡിആർഐ) 2025 ജൂണ്‍ 23 ന് നടത്തിയ സുപ്രധാന ദൗത്യത്തില്‍ ഏകദേശം 18.2 കോടി രൂപ വിലമതിക്കുന്ന 92.1 ലക്ഷം വിദേശ സിഗരറ്റുകൾ പിടിച്ചെടുത്തു.

 

ശൗചാലയ സാമഗ്രികളെന്ന വ്യാജേന ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് വിദേശ സിഗരറ്റുകൾ കടത്തുന്നുവെന്ന പ്രത്യേക രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെന്നൈ മേഖലാകേന്ദ്രത്തിലെ ഡിആർഐ ഉദ്യോഗസ്ഥർ ജെ-മദാദി സ്വതന്ത്രവ്യാപാര മേഖലയിലേക്ക് പോയ കണ്ടെയ്‌നർ പിടിച്ചെടുക്കുകയായിരുന്നു. 

 

വിശദമായ പരിശോധനയിൽ കണ്ടെയ്‌നറിലെ സാധനങ്ങൾ സംബന്ധിച്ച് നല്‍കിയ വിവരങ്ങള്‍ തെറ്റായിരുന്നുവെന്നും  ‘മാഞ്ചസ്റ്റർ യുണൈറ്റഡ് കിങ്ഡം’, ‘മാഞ്ചസ്റ്റർ യുണൈറ്റഡ് കിങ്ഡം സ്പെഷ്യൽ എഡിഷൻ’, ‘മാക് ഐസ് സൂപ്പർസ്ലിംസ് കൂൾ ബ്ലാസ്റ്റ്’ തുടങ്ങിയ വിവിധ ബ്രാൻഡുകളുടെ 92.1 ലക്ഷം വിദേശ സിഗരറ്റുകളാണ് കണ്ടെയ്നറില്‍ ഉണ്ടായിരുന്നതെന്നും കണ്ടെത്തി. സിഗരറ്റുകളുടെ മൂല്യം ഏകദേശം 18.2 കോടി രൂപയാണ്. കൂടാതെ സിഗരറ്റുകളും മറ്റ് പുകയില ഉൽപ്പന്നങ്ങളും സംബന്ധിച്ച 2003 -ലെ നിയമപ്രകാരം (സിഒടിപിഎ)   ഇവ ആവശ്യമായ പാക്കിങ്  - ലേബലിങ് നിബന്ധനകള്‍ പാലിച്ചില്ലെന്നും നിയമപരമായ ആരോഗ്യ മുന്നറിയിപ്പുകളില്ലെന്നും കണ്ടെത്തി.  1962-ലെ കസ്റ്റംസ് നിയമവ്യവസ്ഥകൾ പ്രകാരം പിടികൂടിയ കള്ളക്കടത്ത് ചരക്കുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

ചെന്നൈയിലെ തുറമുഖങ്ങൾ വഴി കടത്തിയ 4.4 കോടി വ്യാജ -  വിദേശ  സിഗരറ്റുകളാണ് കഴിഞ്ഞ വർഷം മാത്രം ഡിആർഐ പിടിച്ചെടുത്തത്. ഇവയുടെ  മൂല്യം 79.67 കോടി രൂപയോളം വരുമെന്ന് കണക്കാക്കുന്നു. 

 

****


(Release ID: 2139354)
Read this release in: English , Urdu , Hindi , Tamil