രാജ്യരക്ഷാ മന്ത്രാലയം
ഇന്ത്യ-ആഫ്രിക്ക സംയുക്ത സ്മാരക സ്തംഭം രാജ്യരക്ഷാ സഹമന്ത്രി ശ്രീ സഞ്ജയ് സേഠും കെനിയൻ പ്രതിരോധ സെക്രട്ടറിയും ചേർന്ന് അനാച്ഛാദനം ചെയ്തു
Posted On:
23 JUN 2025 7:54PM by PIB Thiruvananthpuram
കെനിയയിലെ ടൈറ്റ ടവറ്റ കൗണ്ടിയിലെ 27-ാം മൈലിൽ ഇന്ത്യ-ആഫ്രിക്ക സംയുക്ത സ്മാരക സ്തംഭം 2025 ജൂണ്‍ 23-ന് രാജ്യരക്ഷാ സഹമന്ത്രി ശ്രീ സഞ്ജയ് സേഠും കെനിയന്‍ പ്രതിരോധ കാബിനറ്റ് സെക്രട്ടറി Ms. റോസിലിൻഡ സോയിപാൻ തുയയും ചേര്‍ന്ന് അനാച്ഛാദനം ചെയ്തു. ഒന്നാം ലോകമഹായുദ്ധത്തിനിടെ കിഴക്കൻ ആഫ്രിക്കൻ യുദ്ധമേഖലയില്‍ ജീവൻ ബലിയർപ്പിച്ച അജ്ഞാത ഇന്ത്യൻ - ആഫ്രിക്കൻ സൈനികരുടെ ധീരതയ്ക്കും പരമത്യാഗത്തിനും ചടങ്ങില്‍ ആദരമര്‍പ്പിച്ചു.
കെനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്‍ വിഭാവനം ചെയ്ത ഈ സംരംഭം കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെയാണ് യാഥാർത്ഥ്യമാക്കിയത്. കെനിയന്‍ പ്രതിരോധ സേനയുമായും ടൈറ്റ ടവറ്റ കൗണ്ടിയിലെ ഉദ്യോഗസ്ഥരുമായും ഏകോപിച്ചാണ് പദ്ധതി നടപ്പാക്കിയത്.
വീരമൃത്യു വരിച്ചവരുടെ ഓർമകള്‍ക്ക് ആദരമര്‍പ്പിക്കുന്നതിനപ്പുറം ഇരു രാജ്യങ്ങളുടെയും സമ്പന്നവും ഇഴചേർന്നതുമായ സൈനിക ചരിത്രത്തിന്റെ നേര്‍സാക്ഷ്യമായും ഈ സ്തംഭം നിലകൊള്ളുന്നു. പരസ്പര ബഹുമാനത്തിലും പങ്കാളിത്ത മൂല്യങ്ങളിലും സമാധാനത്തിന്റെയും ആഗോള സുരക്ഷയുടെയും പൊതു പ്രതിബദ്ധതയിലുമൂന്നിയ വളര്‍ന്നുവരുന്ന കരുത്താര്‍ന്ന ഇന്ത്യ-കെനിയ പ്രതിരോധ പങ്കാളിത്തത്തെ ഈ സംരംഭം കൂടുതൽ ശക്തിപ്പെടുത്തുന്നു.
കെനിയന്‍ പ്രതിരോധ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരും ടൈറ്റ ടവറ്റ കൗണ്ടിയിലെ വിശിഷ്ട വ്യക്തികളും ഇന്ത്യൻ രാജ്യരക്ഷാ മന്ത്രാലയ പ്രതിനിധി സംഘവും നയതന്ത്ര - സൈനിക വിഭാഗങ്ങളിലെ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
*****
(Release ID: 2139218)