പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

രാജസ്ഥാനിലെ അൽവറിൽ 11-ാമത് അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകി കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദർ യാദവ്

Posted On: 21 JUN 2025 5:39PM by PIB Thiruvananthpuram

രാജസ്ഥാനിലെ അൽവറിൽ സംഘടിപ്പിച്ച ജനകീയ യോഗ പരിപാടിയില്‍ കേന്ദ്ര പരിസ്ഥിതി - വനം - കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് പങ്കെടുത്തു. പുരാതന ഇന്ത്യൻ യോഗാഭ്യാസത്തിലൂടെ കൂട്ടായ ആരോഗ്യത്തിന്റെയും ആഗോള ഐക്യത്തിന്റെയും സന്ദേശം ശക്തിപ്പെടുത്തുന്ന യോഗ ദിനാഘോഷത്തില്‍  ആന്ധ്രാപ്രദേശിൽ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം മറ്റുള്ളവര്‍ക്കൊപ്പം ശ്രീ യാദവും വീക്ഷിച്ചു.

സമഗ്ര ശാരീരിക, മാനസിക, ആത്മീയ ക്ഷേമം കൈവരിക്കുന്നതിൽ യോഗയുടെ പ്രാധാന്യം എടുത്തുകാട്ടി അൽവറിൽ യോഗ പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കൊപ്പം ശ്രീ യാദവ് യോഗമുറകള്‍ അഭ്യസിച്ചു. പാരിസ്ഥിതിക ഉത്തരവാദിത്തത്തിനും സമഗ്ര ക്ഷേമത്തിനും ഊന്നൽ നൽകുന്ന 'ഭൂമിയ്ക്കും ഏകാരോഗ്യത്തിനും യോഗ’ എന്ന ദേശീയ പ്രമേയം പ്രതിഫലിപ്പിക്കുന്നതായിരുന്നു പരിപാടി. പ്രദേശവാസികളും യോഗ പരിശീലകരും വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമടക്കം നിരവധി പേര്‍ പരിപാടിയില്‍ സജീവമായി പങ്കെടുത്തു.  


അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിന്റെ ഭാഗമായി പരിസ്ഥിതി - വനം - കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ആയുഷ് മന്ത്രാലവുമായി സഹകരിച്ച് ന്യൂഡൽഹിയിലെ ദേശീയ ജന്തുശാസ്ത്ര പാർക്കിൽ 'ഹരിത യോഗ' സംരംഭം ആചരിച്ചു. രാജ്യത്തുടനീളം സിപിസിബി, ബിഎസ്ഐ, ഇസഡ്എസ്ഐ,  ജിബിപിഎന്‍ഐഎച്ച്ഇ, സിഎക്യുഎം എന്നിവയടക്കം പരിസ്ഥിതി - വനം - കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലെ 130  സംഘടനകൾ ഇതോടനുബന്ധിച്ച് യോഗ സെഷനുകൾ സംഘടിപ്പിച്ചു.

ദേശീയ സംശുദ്ധ വായു പരിപാടിയ്ക്ക്  (എന്‍സിഎപി)  കീഴിലെ 130 നഗരങ്ങളും 11-ാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. രണ്ട് ലക്ഷത്തിലധികം പേരുടെ പങ്കാളിത്തത്തോടെ ഈ നഗരങ്ങളിലുടനീളം 800-ലേറെ പരിപാടികൾ സംഘടിപ്പിച്ചു. മുനിസിപ്പൽ കോർപ്പറേഷനുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും  രാജ്യത്തെ 38 സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളും/കമ്മിറ്റികളും  'ഹരിത യോഗ' സെഷനുകള്‍, വൃക്ഷത്തൈ നടീൽ യജ്ഞങ്ങള്‍, ശുചിത്വ പ്രചാരണ പരിപാടികള്‍, മെച്ചപ്പെട്ട വായു ഗുണനിലവാരവും ആരോഗ്യജീവിതവും പ്രോത്സാഹിപ്പിക്കുന്ന ബോധവൽക്കരണ സംരംഭങ്ങൾ എന്നിവ സംഘടിപ്പിച്ചു. രാജ്യത്തുടനീളം നിരവധി നഗരവനങ്ങളില്‍ യോഗാഭ്യാസ ആഘോഷങ്ങളും നടത്തി. ആരോഗ്യപൂര്‍ണമായ ശരീരവും ആരോഗ്യകരമായ ഭൂമിയും തമ്മിലെ ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ചടങ്ങില്‍ പങ്കെടുത്തവര്‍ വൃക്ഷത്തൈ നടീൽ യജ്ഞങ്ങളും നടത്തി. 

*********************


(Release ID: 2138659)
Read this release in: English , Urdu , Hindi , Tamil