ലോക്സഭാ സെക്രട്ടേറിയേറ്റ്
ലോകമെങ്ങും ശാസ്ത്രീയ പഠനങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും യോഗയുടെ മികച്ച സ്വാധീനം തിരിച്ചറിഞ്ഞു: ലോക്സഭ സ്പീക്കർ
Posted On:
21 JUN 2025 12:31PM by PIB Thiruvananthpuram
പാർലമെന്റ് അംഗങ്ങളും ലോക്സഭ - രാജ്യസഭ സെക്രട്ടേറിയറ്റുകളിലെ മുൻ അംഗങ്ങളും ജീവനക്കാരുമടക്കം നൂറുകണക്കിന് പേർ പൊതു യോഗ ചട്ടത്തിന്റെ ഭാഗമാകാന്‍ ഒത്തുചേര്‍ന്ന പാർലമെന്റ് പരിസരത്ത് 11-ാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള നേതൃത്വം നൽകി.
ശരീരത്തിനും മനസ്സിനും ആത്മാവിനുമിടയില്‍ ഐക്യം കൈവരിക്കുന്നതിന് ശക്തമായ ഉപകരണമായി യോഗ നിലകൊള്ളുന്നുവെന്നും വ്യക്തികളുടെ സമഗ്ര വികസനത്തിൽ നിർണായക പങ്കുവഹിക്കുന്നുവെന്നും ചടങ്ങിനെ അഭിസംബോധന ചെയ്ത് ശ്രീ ബിർള പറഞ്ഞു. യോഗ കേവലം വ്യായാമ രൂപമല്ലെന്നും പ്രബലതയും ശാന്തതയും ആത്മീയ ഊർജവും പകര്ന്നുനല്കി വ്യക്തികളെ ശാക്തീകരിക്കുന്ന സമഗ്ര ജീവിതരീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗയെ ജീവിതത്തിന്റെ ഭാഗമായി സ്വീകരിക്കുന്നതിനൊപ്പം ജീവിതത്തിൽ യോഗ എങ്ങനെ നല്ല മാറ്റങ്ങൾ കൊണ്ടുവന്നെന്നുള്ളത് പങ്കുവെക്കാന്‍ ശ്രീ ബിർള ജനങ്ങളെ ആഹ്വാനം ചെയ്തു. ഇത് യോഗയുടെ പരിവർത്തനശക്തി തിരിച്ചറിയാന്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കുമെന്നും വിശദീകരിച്ചു. പ്രതിരോധാത്മകതയും ആത്മവിശ്വാസവും വ്യക്തമായ ലക്ഷ്യബോധവും വളർത്തിയെടുക്കാന്‍ സവിശേഷ മാർഗമായി യോഗയെ സ്വീകരിക്കാൻ അദ്ദേഹം യുവതയോട് പ്രത്യേകം ആഹ്വാനം ചെയ്തു.
ഇന്ത്യയിൽ മാത്രമല്ല, ലോകമെങ്ങും അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നുണ്ടെന്ന് ശ്രീ ബിർള പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദശലക്ഷക്കണക്കിന് പേര് യോഗാഭ്യാസങ്ങളില്‍ പങ്കെടുക്കുകയും ഈ പൗരാണിക പാരമ്പര്യത്തിന്റെ ആത്മാവിനെ തിരിച്ചറിയുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
************
(Release ID: 2138435)