രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ചീഫ്‌സ് ചിന്തൻ: മുൻ സൈനിക മേധാവികളുമായി ഏകോപനം ശക്തിപ്പെടുത്തി ഇന്ത്യൻ സൈന്യം

Posted On: 17 JUN 2025 4:40PM by PIB Thiruvananthpuram

കരസേനാ മേധാവി (സിഒഎഎസ്) ജനറൽ ഉപേന്ദ്ര ദ്വിവേദിയും മുൻ കരസേനാ മേധാവികളും തമ്മിലെ ദ്വിദിന ആശയവിനിമയ പരിപാടി ‘ചീഫ്‌സ് ചിന്തൻ’ ഇന്ന് ന്യൂഡൽഹിയിൽ ആരംഭിച്ചു.

 

ഓപ്പറേഷൻ സിന്ദൂറിന് ശേഷം  സംഘടിപ്പിക്കുന്ന ഈ കോൺക്ലേവ് മുൻ കരസേനാ മേധാവികളുടെ സ്ഥാപനപരമായ അറിവും അനുഭവവും പ്രയോജനപ്പെടുത്തുന്ന വേദിയൊരുക്കാന്‍ ലക്ഷ്യമിടുന്നു. മുൻ കരസേനാ മേധാവികളെ സ്വാഗതം ചെയ്ത ജനറൽ ദ്വിവേദി ഇന്ത്യൻ സൈന്യത്തിന്റെ നിലവിലെ പരിവർത്തനവും ഭാവി ദിശയും രൂപപ്പെടുത്തുന്നതിൽ അവരുടെ തുടർച്ചയായ ഇടപെടലിന്റെ പ്രാധാന്യം അടിവരയിട്ടു.  

 

ഇന്ത്യൻ വ്യോമ - നാവിക സേനകള്‍ സംയുക്തമായി നടത്തുന്ന നടപടികളടക്കം  ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് സമഗ്ര പ്രവർത്തന വിശദീകരണമായിരുന്നു പരിപാടിയുടെ ഇന്നത്തെ  പ്രധാന ആകർഷണം. സന്ദർഭോചിത  ധാരണ നൽകാനും മുൻ മേധാവികളിൽ നിന്ന് ഉൾക്കാഴ്ചകൾ ക്ഷണിക്കാനും ദൗത്യനിർവഹണം, തന്ത്രപരമായ സ്വാധീനം, സംയുക്ത മാതൃക എന്നിവ വിശദമായി അവതരിപ്പിച്ചു. പ്രവർത്തന ശേഷി വർധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പ്രത്യേക സാങ്കേതികവിദ്യകള്‍ ഉൾപ്പെടുത്തുന്നതിനെയും ആധുനികവൽക്കരണ സംരംഭങ്ങളെയും കുറിച്ച് മുൻ മേധാവികളെ അറിയിച്ചു.  കോൺക്ലേവിൽ ആസൂത്രണം ചെയ്ത മറ്റ് ചർച്ചകളില്‍ ചിലത് ഇവയാണ്:  

 

  • സാങ്കേതിക സംരംഭങ്ങൾ: സാങ്കേതികവിദ്യ അവലംബിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങൾ.

  • വികസിത് ഭാരത് @ 2047: വികസിത ഭാരത  ലക്ഷ്യങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ സംഭാവനകളെക്കുറിച്ച് ചർച്ച. 

  • മാനവ വിഭവശേഷിയും മുതിര്‍ന്ന സൈനികരുടെ ക്ഷേമവും: മാനവ വിഭവശേഷി നയങ്ങളിലെ പരിഷ്കാരങ്ങളും മുതിര്‍ന്ന സൈനികരുടെ ക്ഷേമ സംരംഭങ്ങളും സംബന്ധിച്ച ചര്‍ച്ച.   

 

ഇന്ത്യൻ സൈന്യത്തിന്റെ ശേഷിവികസനത്തിനും  സംഘടനാ പരിഷ്കരണത്തിനും നടത്തിവരുന്ന തുടർച്ചയായ ശ്രമങ്ങൾക്ക് സംഭാവന നൽകുന്ന ഉൾക്കാഴ്ചകളും ശിപാർശകളും മുൻ സൈനിക മേധാവികള്‍ പങ്കുവെച്ചു. സൈന്യത്തെ ഭാവി സജ്ജമാക്കുന്ന നേതൃത്വത്തിന്റെയും കൂട്ടായ പ്രതിബദ്ധതയുടെയും തുടർച്ച ഈ ആശയവിനിമയത്തിലൂടെ ആവര്‍ത്തിച്ചുറപ്പിക്കുന്നു.  

 

 

******************


(Release ID: 2137038)