രാജ്യരക്ഷാ മന്ത്രാലയം
DRDOയും IIT ഡൽഹിയും സംയുക്തമായി, ഒരു കിലോമീറ്ററിലധികം പരിധിയിൽ ക്വാണ്ടം എൻടാംഗിൾമെന്റ് അധിഷ്ഠിത ഫ്രീ-സ്പേസ് ക്വാണ്ടം സുരക്ഷിത ആശയവിനിമയം പ്രദർശിപ്പിച്ചു
Posted On:
16 JUN 2025 5:18PM by PIB Thiruvananthpuram
വിജയകരമായി പരീക്ഷണാത്മക പുരോഗതി പ്രദർശിപ്പിച്ചുകൊണ്ട് DRDO -ഇൻഡസ്ട്രി-അക്കാദമിയ സെന്റർ ഓഫ് എക്സലൻസ് (DIA-CoE)- IIT ഡൽഹി സംയുക്ത സംരംഭത്തിലൂടെ ഇന്ത്യ പുതിയ ക്വാണ്ടം യുഗത്തിലേക്ക് പ്രവേശിച്ചു. IIT ഡൽഹി കാമ്പസിൽ സ്ഥാപിച്ച ഫ്രീ-സ്പേസ് ഒപ്റ്റിക്കൽ ലിങ്ക് മുഖേനയാണ് ഒരു കിലോമീറ്ററിലധികം ദൂരത്തിൽ ക്വാണ്ടം എൻടാംഗിൾമെന്റ് ഉപയോഗിച്ചുള്ള ഫ്രീ-സ്പേസ് ക്വാണ്ടം സുരക്ഷിത ആശയവിനിമയം സാധ്യമാക്കിയത്.
ഈ പരീക്ഷണം, 7%-ൽ താഴെ ക്വാണ്ടം ബിറ്റ് പിഴവ് നിരക്കോടെ, സെക്കൻഡിൽ ഏകദേശം 240 ബിറ്റുകൾ എന്ന സുരക്ഷിത കീ നിരക്ക് സാധ്യമാക്കി. എൻടാൻഗിൾമെന്റിന്റെ സഹായത്തോടെയുള്ള ക്വാണ്ടം സുരക്ഷിത ആശയവിനിമയം, ദീർഘദൂര ക്വാണ്ടം കീ ഡിസ്ട്രിബ്യൂഷൻ (QKD), ക്വാണ്ടം ശൃംഖലകളുടെ വികസനം, ഭാവിയിലെ ക്വാണ്ടം ഇന്റർനെറ്റ് എന്നിവയുൾപ്പെടെ ക്വാണ്ടം സൈബർ സുരക്ഷയിലെ തത്സമയ ആപ്ലിക്കേഷനുകൾക്ക് വഴിയൊരുക്കും. ദേശീയ വികസന ലക്ഷ്യങ്ങൾക്കു വേണ്ടി, ക്വാണ്ടം സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ വിശാല ലക്ഷ്യങ്ങൾക്ക് അനുപൂരകമാണ് ഈ ഉദ്യമങ്ങൾ.
DRDO യുടെ ഡയറക്ടറേറ്റ് ഓഫ് ഫ്യൂച്ചറിസ്റ്റിക് ടെക്നോളജി മാനേജ്മെന്റ് (DFTM) കീഴിലുള്ള 'ഡിസൈൻ ആൻഡ് ഡെവലപ്മെൻറ് ഓഫ് ഫോട്ടോണിക്സ് ടെക്നോളജീസ് ഫോർ ഫ്രീ സ്പേസ് QKD പദ്ധതിയുടെ കീഴിൽ, പ്രൊഫ. ഭാസ്കർ കൻസേരിയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം, DRDO ഡയറക്ടർ ജനറൽ (MED, COS & CS), ഡയറക്ടർ SAG, ഡയറക്ടർ DFTM, ഡീൻ (R&D) IIT ഡൽഹി, ഡയറക്ടർ (DIA-CoE), DRDO ലബോറട്ടറി ശാസ്ത്രജ്ഞർ എന്നിവരുൾപ്പെടെ നിരവധി വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിലാണ് പ്രദർശനം നടത്തിയത്.
ക്വാണ്ടം എൻടാൻഗിൾമെന്റ് ബേസ്ഡ് QKD, പരമ്പരാഗത പ്രീ-ആൻഡ്-മെഷർ രീതിയെ അപേക്ഷിച്ച്, സുരക്ഷയും പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്തിയ ഒട്ടേറെ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. ഉപകരണങ്ങളുടെ തകരാർ, അപൂർണ്ണത എന്നിവയിലും ക്വാണ്ടം എൻടാൻഗിൾമെന്റിന്റെ ഉപയോഗം കീ ഡിസ്ട്രിബ്യുഷൻ സുരക്ഷ ഉറപ്പാക്കുന്നു. എൻടാൻഗിൾഡ് ഫോട്ടോണുകളെ സ്വാധീനിക്കാനോ തടസ്സപ്പെടുത്താനോ ഉള്ള ഏതൊരു ശ്രമവും ക്വാണ്ടം അവസ്ഥയെ അസ്ഥിരമാക്കുകയും, അതിലൂടെ ഇലക്ട്രോണിക് ആശയവിനിമയങ്ങൾ തടസ്സപ്പെടുത്താനോ കമ്പ്യൂട്ടർ സംവിധാനങ്ങളിലേക്ക് അനധികൃതമായി പ്രവേശിക്കാനോ ഉള്ള ശ്രമങ്ങൾ കണ്ടെത്താൻ അംഗീകൃത ഉപയോക്താക്കളെ സഹായിക്കുന്നു.
ക്വാണ്ടം ആശയവിനിമയം അടിസ്ഥാനപരമായി തകർക്കാനാവാത്ത എൻക്രിപ്ഷൻ ഉറപ്പാക്കുന്നു. പ്രതിരോധം, ധനകാര്യം, ടെലികമ്മ്യൂണിക്കേഷൻസ് പോലുള്ള തന്ത്രപരമായ മേഖലകളിലെ ഡാറ്റ സുരക്ഷിതമാക്കുന്നതിലും ദേശസുരക്ഷയുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങൾ സംരക്ഷിക്കുന്നതിലും ആപ്ലിക്കേഷനുകൾക്കൊപ്പം ഇത് ഇരട്ട-ഉപയോഗമുള്ള സാങ്കേതികവിദ്യയായി വർത്തിക്കുന്നു. ഫ്രീ-സ്പേസ് QKD ഒപ്റ്റിക്കൽ ഫൈബറുകൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്നു. ഒപ്റ്റിക്കൽ ഫൈബറുകൾ വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലും നഗര പരിതസ്ഥിതികളിലും തടസ്സസാധ്യതയുള്ളതും ചെലവേറിയതുമാണ്.
നേരത്തെ, 2022-ൽ വിന്ധ്യാചലിനും പ്രയാഗ്രാജിനും മദ്ധ്യേ കൊമേഴ്സ്യൽ -ഗ്രേഡ് അണ്ടർ ഗ്രൗണ്ട് ഡാർക്ക് ഒപ്റ്റിക്കൽ ഫൈബർ ഉപയോഗിച്ച് ഇന്ത്യയുടെ ആദ്യത്തെ ഇന്റർസിറ്റി ക്വാണ്ടം കമ്മ്യൂണിക്കേഷൻ ലിങ്ക് പ്രൊഫസർ ഭാസ്കറിന്റെ സംഘത്തോടൊപ്പം DRDO ശാസ്ത്രജ്ഞർ പ്രദർശിപ്പിച്ചിരുന്നു. അടുത്തിടെ, 2024-ൽ, DRDO പിന്തുണയുള്ള മറ്റൊരു പദ്ധതിയിൽ ടെലികോം-ഗ്രേഡ് ഒപ്റ്റിക്കൽ ഫൈബറിന്റെ 100 കിലോമീറ്റർ സ്പൂളിൽ എൻടാൻഗിൾമെന്റ് ഉപയോഗിച്ച് ക്വാണ്ടം കീ-കൾ സംഘം വിജയകരമായി വിതരണം ചെയ്തു.
DRDO യുടെ ആഭിമുഖ്യത്തിലുള്ള DRDO -ഇൻഡസ്ട്രി-അക്കാദമിയ - സെന്റേഴ്സ് ഓഫ് എക്സലൻസ് (DIA-CoEs) മുഖേനയാണ് ഈ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നത്. അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യകളുടെ വികസനത്തിനായി IIT കൾ, IISc കൾ, സർവകലാശാലകൾ തുടങ്ങിയ പ്രമുഖ അക്കാദമിക് സ്ഥാപനങ്ങളിൽ 15 മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
നാഴികക്കല്ലായി മാറിയ ഈ നേട്ടത്തിന് DRDO യെയും IIT ഡൽഹിയെയും രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. ഭാവിയിലെ യുദ്ധങ്ങളിൽ വിപ്ലവകരമായ സുരക്ഷിത ആശയവിനിമയത്തിന്റെ പുതിയ ക്വാണ്ടം യുഗത്തിലേക്ക് ഇന്ത്യ പ്രവേശിച്ചതായി അദ്ദേഹം പ്രസ്താവിച്ചു.
*****
(Release ID: 2136908)