വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായും (RBI) ബാങ്കുകളുമായും സഹകരിച്ച് ഡിജിറ്റൽ കൺസെന്റ് മാനേജ്‌മെന്റിനായുള്ള പരീക്ഷണ പദ്ധതി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ആരംഭിച്ചു.
Posted On:
16 JUN 2025 5:56PM by PIB Thiruvananthpuram
ഉപഭോക്താക്കൾ മുമ്പ് സാധനങ്ങളോ സേവനങ്ങളോ വാങ്ങിയ ബിസിനസ് സ്ഥാപനങ്ങൾക്കെതിരെ ധാരാളം സ്പാം പരാതികൾ നൽകുന്നുണ്ടെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിൽ, അത്തരം ബിസിനസ് സ്ഥാപനങ്ങൾ പലപ്പോഴും വാണിജ്യ കോളുകളും സന്ദേശങ്ങളും സ്വീകരിക്കുന്നതിന് ഉപഭോക്താവിന്റെ സമ്മതം തങ്ങൾക്ക് ഉണ്ടെന്ന് അവകാശപ്പെടുന്നു.
ടെലികോം കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻസ് കസ്റ്റമർ പ്രിഫറൻസ് റെഗുലേഷൻസ് (TCCCPR), 2018 നിർവ്വചിച്ചിരിക്കുന്ന നിയന്ത്രണ ചട്ടക്കൂടിന് കീഴിൽ, ഉപഭോക്താവിന്റെ വ്യക്തമായ സമ്മതം വാങ്ങിയിട്ടുണ്ടെങ്കിൽ, ഒരു സ്ഥാപനത്തിന് അയാളുടെ/അവളുടെ Do Not Disturb (DND) മുൻഗണനകൾ പരിഗണിക്കാതെ, വാണിജ്യ ആശയവിനിമയം നടത്താൻ കഴിയും. എന്നാൽ, പല കേസുകളിലും, ഈ സമ്മതങ്ങൾ ഓഫ്‌ലൈനായോ പരിശോധിച്ചുറപ്പിക്കാൻ കഴിയാത്ത മാർഗങ്ങളിലൂടെയോ ശേഖരിക്കയാൽ അവയുടെ സാധുതയും ആധികാരികതയും ഉറപ്പാക്കുകയെന്നത് വളരെ പ്രയാസമാണ്. പല സന്ദർഭങ്ങളിലും, തെറ്റായ പ്രതിനിധാനം, കൃത്രിമം, അനധികൃത ഡാറ്റ പങ്കിടൽ രീതികൾ മുഖേന സ്ഥാപനങ്ങൾ മൊബൈൽ നമ്പറുകൾ ഈ ആവശ്യത്തിനായി നേടിയെടുത്തിട്ടുണ്ടെന്ന് ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നു.
ഇത്തരം രീതികൾ നിയന്ത്രിക്കുന്നതിനായി സമീപ വർഷങ്ങളിൽ TRAI നിരവധി നൂതന നിയന്ത്രണ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മുൻകൂർ DND രജിസ്ട്രേഷൻ ഇല്ലാതെയും, രജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്റർമാർ (UTM-കൾ) ക്കെതിരെ പരാതികൾ രജിസ്റ്റർ ചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കുക, സ്പാമിംഗ് പ്രവർത്തനങ്ങൾക്കായി സ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുന്ന ടെലികോം ഉറവിടങ്ങളെ വിച്ഛേദിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, ഉപഭോക്താവിന്റെ ഓഫ്‌ലൈൻ സമ്മതം ചൂണ്ടിക്കാട്ടിയുള്ള വാണിജ്യ ആശയവിനിമയ സമ്മതം പരിശോധിക്കുകയെന്നത് വലിയ വെല്ലുവിളിയായി തുടരുന്നു.
ഈ പ്രശ്നം പരിഹരിക്കുന്നതിന്, സ്ഥാപനങ്ങൾ ഡിജിറ്റലായി സമ്മതം നേടുന്നതിനും, ഉപഭോക്താക്കൾ വാണിജ്യ ആശയവിനിമയം നടത്തുമ്പോൾ സമ്മതം എളുപ്പത്തിൽ പരിശോധിക്കുന്നതിനായി ടെലികോം സേവന ദാതാക്കൾ (TSP-കൾ) പരിപാലിക്കുന്ന സുരക്ഷിതവും പരസ്പര പ്രവർത്തനക്ഷമവുമായ ഒരു ഡിജിറ്റൽ സമ്മത രജിസ്ട്രിയിൽ അവരെ രജിസ്റ്റർ ചെയ്യുന്നതിനും നിയന്ത്രണ സംവിധാനത്തിലൂടെ വ്യവസ്ഥ ചെയ്യുന്നു. എന്നിരുന്നാലും, ഈ സമ്മത രജിസ്ട്രേഷൻ ചട്ടക്കൂടിന്റെ വിജയകരമായ പ്രവർത്തനത്തിന്, വാണിജ്യ ആശയവിനിമയങ്ങൾ അയയ്ക്കുന്ന സ്ഥാപനങ്ങളുടെ സഹകരണം അനിവാര്യമായ ആവശ്യകതയാണ്.
അതനുസരിച്ച്, ദേശീയതലത്തിലെ തുടക്കമെന്ന നിലയിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി (RBI) ഏകോപിപ്പിച്ച് തിരഞ്ഞെടുത്ത ബാങ്കുകളെ ഉൾപ്പെടുത്തി ട്രായ് ഒരു പരീക്ഷണ പദ്ധതി ആരംഭിക്കുകയും 2025 ജൂൺ 13 ന് എല്ലാ ടെലികോം സേവന ദാതാക്കൾക്കും നിർദ്ദേശം നൽകുകയും ചെയ്തു. ബാങ്കുകളുമായി സഹകരിച്ച് ഈ ചട്ടക്കൂട് മാതൃകയാക്കാൻ അവരെ നിർബന്ധിക്കുന്നു. ബാങ്കിംഗ് ഇടപാടുകളുടെ സംവേദനക്ഷമതയും സ്പാം കോളുകൾ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകളും കണക്കിലെടുത്ത്, ആദ്യ ഘട്ട നിർവ്വഹണത്തിനായി ബാങ്കിംഗ് മേഖലയ്ക്ക് മുൻഗണന നൽകിയിട്ടുണ്ട്. ഒരു റെഗുലേറ്ററി സാൻഡ്‌ബോക്‌സ് ചട്ടക്കൂടിന് കീഴിൽ പ്രവർത്തിക്കുന്ന ഈ പരീക്ഷണ പദ്ധതി, കാര്യക്ഷമമായ സമ്മത രജിസ്ട്രേഷൻ പ്രക്രിയയുടെ (Consent Registration Function -CRF) പ്രവർത്തനപരവും സാങ്കേതികവും നിയന്ത്രണപരവുമായ വശങ്ങൾ സാധൂകരിക്കുകയും ഡിജിറ്റൽ സമ്മത ആവാസവ്യവസ്ഥയുടെ മേഖല തിരിച്ചുള്ള പുരോഗതിയ്ക്ക് അടിത്തറയിടുകയും ചെയ്യും.
ഉപഭോക്തൃ താത്പര്യം സംരക്ഷിക്കുന്നതിനും നിയമാനുസൃതമായ വാണിജ്യ ആശയവിനിമയങ്ങളിൽ വിശ്വാസം വർദ്ധിപ്പിക്കുന്നതിനും TRAI പ്രതിജ്ഞാബദ്ധമാണ്. കൂടുതൽ സുരക്ഷിതവും സുതാര്യവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ രീതികളിലേക്ക് ആവാസവ്യവസ്ഥ പരിണമിക്കുന്നുവെന്ന് ഉറപ്പാക്കാൻ, മേഖലാ നിയന്ത്രണ ഏജൻസികളുമായും പങ്കാളികളുമായും അതോറിറ്റി തുടർന്നും സഹകരിച്ച് പ്രവർത്തിക്കും.
SKY
(Release ID: 2136858)