ധനകാര്യ മന്ത്രാലയം
കേന്ദ്ര ധന - കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ലേയിൽ വായ്പാ പ്രചാരണ പരിപാടിയെ അഭിസംബോധന ചെയ്തു
ലഡാക്കില്‍ സർവാശ്ലേഷിത സാമ്പത്തിക വളർച്ചയ്ക്കും സാംസ്കാരിക സംരക്ഷണത്തിനുമുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ശ്രീമതി സീതാരാമൻ
Posted On:
15 JUN 2025 9:04PM by PIB Thiruvananthpuram
സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, അവസാനതലം വരെ വായ്പാലഭ്യത, വിശാല വികസന ചട്ടക്കൂടിലേക്ക് ലഡാക്കിന്റെ തനത് സാംസ്കാരിക സ്വത്വത്തിന്റെ സംയോജനം എന്നിവയിലെ കേന്ദ്ര സർക്കാര്‍ പ്രതിബദ്ധത കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമല സീതാരാമൻ ലഡാക്കിലെ ലേയിൽ ഇന്ന് വായ്പാ പ്രചാരണ പരിപാടിയെ അഭിസംബോധന ചെയ്യവെ എടുത്തുപറഞ്ഞു.
ചെറുകിട സംരംഭകർക്ക് കൂടുതൽ പ്രാധാന്യം നൽകാൻ മോദി സർക്കാർ പ്രതിബദ്ധമാണെന്ന് ചടങ്ങിൽ ധനമന്ത്രി വ്യക്തമാക്കി.
മുദ്ര, പിഎംഇജിപി, സ്റ്റാൻഡ്-അപ്പ് ഇന്ത്യ, പിഎം വിശ്വകർമ തുടങ്ങിയ പ്രധാന കേന്ദ്ര പദ്ധതികൾക്ക് കീഴിൽ 5.13 കോടിയിലധികം രൂപയുടെ വായ്പകള്‍ പരിപാടിയിൽ അനുവദിച്ചു. ഹോംസ്റ്റേ ഉടമകളും കരകൗശല തൊഴിലാളികളും മുതൽ ചെറുകിട സംരംഭകര്‍ വരെയുള്ള ഗുണഭോക്താക്കളുടെ സാന്നിധ്യം സൂക്ഷ്മ സംരംഭങ്ങളിലും സ്വയം തൊഴിലിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പ്രതിഫലനമാണ്.
ലഡാക്കിൽ 64,000-ത്തിലധികം മുദ്ര വായ്പകളും 600-ലധികം സ്റ്റാൻഡ്-അപ്പ് ഇന്ത്യ വായ്പകളും അനുവദിച്ചതായും ഇതില്‍ ഗണ്യമായ പങ്ക് ലേ ജില്ലയിലാണെന്നും ശ്രീമതി സീതാരാമൻ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിൽ ആകെ അനുവദിച്ച വായ്പകളിലെ ക്രമാനുഗത വർധനയോടെ പൊതുമേഖലാ ബാങ്കുകൾ മേഖലയിൽ വായ്പാ സേവനങ്ങള്‍ വർധിപ്പിച്ചു.
ലഡാക്കിലെ സാമ്പത്തിക അടിസ്ഥാന സൗകര്യ വികാസത്തെയും 500-ലധികം ബാങ്കിംഗ് ടച്ച്പോയിന്റുകളെയും ബാങ്കിംഗ് പ്രതിനിധികളുടെ ഉയര്‍ന്ന വിന്യാസത്തെയും മന്ത്രി പ്രശംസിച്ചു.
ലഡാക്ക് ഔദ്യോഗിക ഭാഷാ നിയന്ത്രണ നിയമപ്രകാരം പ്രാദേശിക ഭാഷകളുടെ അംഗീകാരം, മിക്ക പുരാതന ബുദ്ധമത ഗ്രന്ഥങ്ങളുടെയും ഭാഷയായ പാലിയ്ക്ക് ശ്രേഷ്ഠഭാഷാ പദവി തുടങ്ങി പ്രദേശത്തിന്റെ സമ്പന്ന പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന സമീപകാല സംരംഭങ്ങളെ ഉദ്ധരിച്ച കേന്ദ്രമന്ത്രി പ്രാദേശിക സ്വത്വത്തിൽ വികസനം ഉറപ്പിക്കേണ്ടതിന്റെ ആവശ്യകതയും എടുത്തുപറഞ്ഞു.
ലഡാക്ക് മേഖലയിലെ ആദ്യ ക്ലസ്റ്റർ സർവകലാശാല (ലഡാക്ക് സർവകലാശാല) 2019-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതിലൂടെ മേഖലയിലെ വിദ്യാഭ്യാസ സാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഗുണനിലവാരമേറിയ ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സിന്ധു കേന്ദ്ര സര്‍വകലാശാല സ്ഥാപിച്ചുവെന്നും കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു. പ്രാദേശിക ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും സംരക്ഷണത്തിനും പ്രചാരണത്തിനും സർക്കാര്‍ പ്രതിബദ്ധത ആവര്‍ത്തിച്ച് സോവ-റിഗ്പ വൈദ്യശാസ്ത്ര സമ്പ്രദായം പ്രോത്സാഹിപ്പിക്കാന്‍ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോവ-റിഗ്പ സ്ഥാപിച്ചതായും അവര്‍ പറഞ്ഞു.
കൂടാതെ ഒരു ദശാബ്ദക്കാലമായി കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കൽ, ലഡാക്കിന്റെ റാക്റ്റ്സി കാർപോ അത്തിപ്പഴങ്ങളുടെ ജിഐ ടാഗിംഗ്, ലഡാക്കിന്റെ പശ്മിന പരുത്തിയ്ക്കും ഷിംഗ്സ്കോസിനും (മരത്തിലെ കരകൗശലം) സീബക്തോൺ പഴ ഉൽപ്പന്നങ്ങക്കും ജിഐ ടാഗുകൾ നൽകൽ തുടങ്ങിയ സർക്കാര്‍ സംരംഭങ്ങളെക്കുറിച്ചും കേന്ദ്രമന്ത്രി സംസാരിച്ചു.
ഭാരത്നെറ്റ് വിന്യാസം, മൊബൈൽ നെറ്റ്വർക്ക് വിപുലീകരണം, ഹരിത ഹൈഡ്രജൻ പദ്ധതികൾ എന്നിവയടക്കം അടിസ്ഥാന സൗകര്യ - ഡിജിറ്റൽ കണക്റ്റിവിറ്റി - പുനരുപയോഗ ഊർജ രംഗങ്ങളിലെ പുരോഗതി ശ്രീമതി സീതാരാമൻ വിശദീകരിച്ചു.
ലഡാക്കിനെക്കുറിച്ച് കേന്ദ്ര കാഴ്ചപ്പാട് ആവർത്തിച്ച ധനമന്ത്രി മാതൃഭാഷാ വികസനം അനിവാര്യമായി നിലനിർത്തിക്കൊണ്ട് ഉപജീവനമാർഗങ്ങളിലും വിദ്യാഭ്യാസ ലഭ്യതയിലും സാംസ്കാരിക സംയോജനം കൈവരിക്കേണ്ടതിന്റെ ആവശ്യകത അടിവരയിട്ടു.
പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങള്‍, വനിതാ സംരംഭകർ, വിദൂര സമൂഹങ്ങൾ എന്നിവയടക്കം പിന്നാക്ക വിഭാഗങ്ങൾക്ക് സാമ്പത്തിക പ്രാപ്തി വർധിപ്പിക്കാന്‍ പൊതുമേഖലാ ബാങ്കുകളെയും നബാർഡിനെയും ധനകാര്യ സ്ഥാപനങ്ങളെയും പരിപാടി ഒരുമിച്ചുചേര്‍ത്തു.
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ചീഫ് സെക്രട്ടറി ശ്രീ പവൻ കോട്വാൾ, ലഡാക്ക് പാർലമെന്റ് അംഗം (ലോക്സഭ) ശ്രീ ഹനീഫ ജാൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ശ്രീ സുരേന്ദർ റാണ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ലഡാക്കിനെക്കുറിച്ചുള്ള കേന്ദ്ര കാഴ്ചപ്പാട് ആവർത്തിച്ച കേന്ദ്ര ധനമന്ത്രി സാമ്പത്തിക വളർച്ചയിൽ സാംസ്കാരിക പൈതൃകം ഉൾപ്പെടുത്തണമെന്ന് ആവര്‍ത്തിച്ചു.
*****
(Release ID: 2136634)