ഭൗമശാസ്ത്ര മന്ത്രാലയം
നോർവെ ഫിഷറീസ് - സമുദ്രനയ മന്ത്രി ശ്രീമതി മരിയാനെ സിവേർട്ട്‌സെൻ നെസ്സുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്
യുഎൻ സമുദ്ര സമ്മേളനത്തിൽ സമുദ്ര ഭരണനിര്‍വഹണവും നീലസമ്പദ്‌വ്യവസ്ഥയും ചർച്ചചെയ്ത് ഇന്ത്യയും നോർവെയും
Posted On:
11 JUN 2025 12:35PM by PIB Thiruvananthpuram
സുസ്ഥിര മത്സ്യബന്ധനം, സമുദ്രവിഭവ നിര്‍വഹണം, നീല സമ്പദ്‌വ്യവസ്ഥയുടെ വിശാല ചട്ടക്കൂട് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാന്‍ കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ഇന്ന് നോർവെ ഫിഷറീസ് - സമുദ്രനയ മന്ത്രി ശ്രീമതി മരിയാനെ സിവേർട്ട്‌സെൻ നെസ്സുമായി കൂടിക്കാഴ്ച നടത്തി.

ഫ്രാൻസിലെ നൈസിൽ മൂന്നാമത് ഐക്യരാഷ്ട്രസഭ സമുദ്ര സമ്മേളനത്തോടനുബന്ധിച്ച് (യുഎന്‍ഒസി-3) സംഘടിപ്പിച്ച ഉഭയകക്ഷി യോഗത്തിന്റെ ഭാഗമായി ഇരുമന്ത്രിമാരുടെയും നേതൃത്വത്തിൽ നടന്ന പ്രതിനിധിതല ചർച്ചകളിൽ സുസ്ഥിര സമുദ്ര ഭരണനിര്‍വഹണത്തിലും മത്സ്യബന്ധനത്തിലും സഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യയും നോർവെയും പ്രതിബദ്ധത ആവര്‍ത്തിച്ചു.
മത്സ്യബന്ധന മേഖലയിൽ ഇന്ത്യയും നോര്‍വെയും തമ്മിലെ ദീർഘകാല പങ്കാളിത്തത്തിന്റെ പശ്ചാത്തലത്തില്‍ സമുദ്ര ഭരണനിര്‍വഹണത്തിൽ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ഇരു മന്ത്രിമാരും ആശയവിനിമയത്തിനിടെ അഭിപ്രായങ്ങൾ പങ്കുവെച്ചു. സമുദ്ര വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം, വിവരങ്ങള്‍ പങ്കിടാന്‍ മെച്ചപ്പെട്ട സംവിധാനങ്ങൾ, അമിത മത്സ്യബന്ധനവും സമുദ്ര മലിനീകരണവുമടക്കം വെല്ലുവിളികള്‍ നേരിടാന്‍ സംയുക്ത ശ്രമങ്ങൾ തുടങ്ങിയ പങ്കാളിത്ത മുൻഗണനകളും ചർച്ചയുടെ ഭാഗമായി.

അറിവ് കൈമാറ്റത്തിനും ശേഷി വികസനത്തിനും സാങ്കേതികവിദ്യയുടെ പങ്കിടലിനും ഊന്നൽ നൽകി ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന സമുദ്രശാസ്ത്ര ദശകത്തിന്റെ (2021–2030) ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യം ഇരുപക്ഷവും അംഗീകരിച്ചു. സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ നീല സമ്പദ്‌വ്യവസ്ഥയുടെ വികസനവുമായി ചേര്‍ന്നുനില്‍ക്കുന്ന മേഖലകളിലടക്കം നിലവിലെ ഇന്ത്യ-നോർവെ സഹകരണം മെച്ചപ്പെടുത്താന്‍ അവസരങ്ങളും മന്ത്രിമാർ പരിശോധിച്ചു.
ജൂൺ 9 മുതൽ 13 വരെ നടക്കുന്ന മൂന്നാമത് ഐക്യരാഷ്ട്രസഭ സമുദ്ര സമ്മേളനം സമുദ്ര ആരോഗ്യം, സുസ്ഥിര വികസനം, കാലാവസ്ഥാ പ്രതിരോധം എന്നിവയ്ക്ക് കൂട്ടായ നടപടികൾ ചർച്ച ചെയ്യാന്‍ ആഗോള നേതാക്കളെയും ശാസ്ത്രജ്ഞരെയും നയരൂപകർത്താക്കളെയും വ്യാവസായിക പ്രതിനിധകളെയും ഒരുമിച്ചുചേര്‍ക്കുന്നു.
ഡോ. ജിതേന്ദ്ര സിങിന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം ആഗോള സമുദ്ര അജണ്ട രൂപപ്പെടുത്തുന്നതിൽ സജീവ പങ്കുവഹിക്കാനും തീരദേശ സമൂഹങ്ങളുടെ താൽപര്യം സംരക്ഷിക്കാനും സമുദ്രാധിഷ്ഠിത സുസ്ഥിര ഉപജീവനമാർഗം പ്രോത്സാഹിപ്പിക്കാനും രാജ്യം കൈക്കൊള്ളുന്ന പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.
സമുദ്ര സംരക്ഷണവുമായി സാമ്പത്തിക വളർച്ചയെ സന്തുലിതപ്പെടുത്താന്‍ ലോകരാജ്യങ്ങൾ വിപുലമായി ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് നൈസിലെ ചർച്ചകൾ നടക്കുന്നത്. സമുദ്ര വിഭവങ്ങളുടെ ദീർഘകാല സുസ്ഥിരത ഉറപ്പാക്കാന്‍ ബഹുമുഖ സഹകരണം ശക്തിപ്പെടുത്തുന്നതിന് വലിയ മുന്നേറ്റമായാണ് ഇന്ത്യ-നോർവേ സംഭാഷണത്തെ വിലയിരുത്തുന്നത്.
*****
(Release ID: 2135802)