വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലിന്റെ ഔദ്യോഗിക ഇറ്റാലിയൻ സന്ദർശനം ആരംഭിച്ചു; ഉഭയകക്ഷി സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുക ലക്‌ഷ്യം

ഇന്ത്യ-ഇറ്റലി ജോയിന്റ് കമ്മീഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷന്റെ (JCEC) 22-ാമത് യോഗത്തിൽ സഹ-അധ്യക്ഷനായി ശ്രീ പിയൂഷ് ഗോയൽ പങ്കെടുക്കും

ബ്രെസിയയിൽ നടക്കുന്ന ഇന്ത്യ-ഇറ്റലി ഗ്രോത്ത് ഫോറത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ ബിസിനസ് പ്രതിനിധി സംഘത്തെ കേന്ദ്ര മന്ത്രി നയിക്കും

Posted On: 04 JUN 2025 3:16PM by PIB Thiruvananthpuram
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലിന്റെ ഔദ്യോഗിക ഇറ്റാലിയൻ സന്ദർശനം ആരംഭിച്ചു. ഇന്ത്യ-ഫ്രാൻസ് സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഫ്രാൻസിൽ നടത്തിയ സന്ദർശനവും ചർച്ചകളും പൂർത്തിയാക്കിയ ശേഷമാണ്, 2025 ജൂൺ 4 മുതൽ 5 വരെയുള്ള രണ്ട് ദിവസത്തെ ഇറ്റാലിയൻ സന്ദർശനം ആരംഭിക്കുന്നത്. പ്രധാന യൂറോപ്യൻ പങ്കാളികളുമായുള്ള തന്ത്രപരവും സാമ്പത്തികവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇറ്റലിയുമായുള്ള ഉഭയകക്ഷി വ്യാപാര, നിക്ഷേപ സഹകരണം മെച്ചപ്പെടുത്തുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത സന്ദർശനം അവർത്തിച്ചുറപ്പിക്കുന്നു.

സന്ദർശന വേളയിൽ, ഇന്ത്യ-ഇറ്റലി ജോയിന്റ് കമ്മീഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷന്റെ (JCEC) 22-ാമത് യോഗത്തിൽ ഇറ്റലിയുടെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രിയുമായ എച്ച്.ഇ. അന്റോണിയോ തജാനിയും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലും സംയുക്ത -ആധ്യക്ഷ്യം വഹിക്കും.

ഇന്ത്യ-ഇറ്റലി തന്ത്രപരമായ സംയുക്ത പ്രവർത്തന പദ്ധതി (India–Italy Joint Strategic Action Plan-JSAP) 2025–2029 ന് തുടക്കമിട്ട ശേഷം, ഇന്ത്യ-ഇറ്റലി ഉഭയകക്ഷി ബന്ധം നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുന്ന  പശ്ചാത്തലത്തിലാണ് ഈ സന്ദർശനം. 2024 നവംബറിൽ റിയോ ഡി ജനീറോയിൽ നടന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രഖ്യാപിച്ച JSAPപത്ത് പ്രമേയധിഷ്ഠിത സ്തംഭങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. സാമ്പത്തിക സഹകരണമാണ് ഇതിലെ പ്രധാന ശ്രദ്ധാകേന്ദ്രം.

റോമിൽ നടക്കുന്ന 22-ാമത് JCEC യോഗം, ഇൻഡസ്ട്രി 4.0, അഗ്രിടെക്, ഡിജിറ്റലൈസേഷൻ, ഊർജ്ജ പരിവർത്തനം, സുസ്ഥിര ഗതാഗതം, ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC) തുടങ്ങി ഉന്നത സ്വാധീനം ചെലുത്തുന്ന മേഖലകളിലെ പുരോഗതി വിലയിരുത്തുന്നതോടൊപ്പം സഹകരണത്തിനുള്ള പുതു വഴികൾ തേടുന്നതിനും ഇരു രാജ്യങ്ങൾക്കും സന്ദർശനം അവസരമൊരുക്കും. ഈ ചർച്ചകൾ ഉഭയകക്ഷി സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും തന്ത്രപരമായ വ്യാവസായിക പങ്കാളിത്തം വളർത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രധാന വ്യാവസായിക കേന്ദ്രമായ ബ്രെസിയയിൽ നടക്കുന്ന ഇന്ത്യ-ഇറ്റലി വികസന ഫോറത്തിൽ ഒരു ഉന്നതതല ഇന്ത്യൻ ബിസിനസ്സ് പ്രതിനിധി സംഘത്തോടൊപ്പം ശ്രീ ഗോയൽ പങ്കെടുക്കും. നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും, ബിസിനസ്-ടു-ബിസിനസ് ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും, നൂതനാശയങ്ങളും സുസ്ഥിരതയും സമന്വയിക്കുന്ന മേഖലകളിലെ സംയുക്ത പ്രവർത്തനങ്ങൾക്കുള്ള സാദ്ധ്യതകൾ പര്യവേക്ഷണം ചെയ്യാനും ഇരു രാജ്യങ്ങളിലെയും പ്രധാന സംരംഭങ്ങളെയും പങ്കാളികളെയും ഫോറം ഒരുമിച്ച് ചേർക്കും.

ഇന്ത്യയും യൂറോപ്യൻ പങ്കാളികളും തമ്മിൽ വളർന്നുവരുന്ന രാഷ്ട്രീയ പാരസ്പര്യത്തെയും സംയോജിത സാമ്പത്തിക അഭിലാഷങ്ങളെയും ഈ സന്ദർശനം പ്രതിഫലിപ്പിക്കുന്നു. സംയുക്ത നേതൃത്വ ദർശനത്തെ സമഗ്രമായ വളർച്ച, വ്യാവസായിക പരിവർത്തനം, ആഗോള സാമ്പത്തിക പ്രതിരോധശേഷി എന്നിവയ്ക്ക് കാരണമാകുന്ന സുസ്ഥിര പങ്കാളിത്തങ്ങളിലേക്ക് വിവർത്തനം ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
 
**************************

(Release ID: 2133956)