ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ധന - കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമന്റെ അധ്യക്ഷതയില്‍ പൊതുമേഖല ജനറൽ ഇൻഷുറൻസ് കമ്പനികളുടെ അവലോകന യോഗം ന്യൂഡല്‍ഹിയില്‍ ചേര്‍ന്നു

സേവന വിതരണവും കാര്യക്ഷമതയും മെച്ചപ്പെടുത്താന്‍ പി.എസ്.ജി.ഐ.സികളിലെ അടിയന്തര ഡിജിറ്റൽ പരിവർത്തന ആവശ്യകത എടുത്തുപറഞ്ഞ് കേന്ദ്ര ധനമന്ത്രി

Posted On: 28 MAY 2025 8:41PM by PIB Thiruvananthpuram
കേന്ദ്ര ധന - കോർപ്പറേറ്റ്കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമന്റെ അധ്യക്ഷതയില്‍ പൊതുമേഖല ജനറൽ ഇൻഷുറൻസ് കമ്പനികളുടെ (പിഎസ്ജിഐസി) അവലോകന യോഗം ഇന്ന് ന്യൂഡൽഹിയിൽ ചേര്‍ന്നു. ധനകാര്യ സേവന വകുപ്പ് (ഡിഎഫ്എസ്) സെക്രട്ടറി ശ്രീ എം. നാഗരാജുവിനൊപ്പം ന്യൂ ഇന്ത്യ അഷ്വറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്, ഓറിയന്റൽ ഇൻഷുറൻസ്, നാഷണൽ ഇൻഷുറൻസ്, ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (റീഇൻഷുറൻസ്), അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നീ പിഎസ്ജിഐസികളുടെ മാനേജിംഗ് ഡയറക്ടർമാരും  ധനകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

ഇന്‍ഷുറന്‍സ് വരിസംഖ്യ ശേഖരണം, ഇൻഷുറൻസ് വ്യാപനവും സാന്ദ്രതയും, നഷ്ടപരിഹാര അനുപാതം എന്നിവയുൾപ്പെടെ പ്രധാന പ്രകടന സൂചകങ്ങൾ യോഗത്തിൽ കേന്ദ്ര ധനമന്ത്രി അവലോകനം ചെയ്തു. പിഎസ്ജിഐസികൾ ശേഖരിച്ച ആകെ ഇന്‍ഷുറന്‍സ് വരിസംഖ്യ 2019-ലെ ഏകദേശം  80,000 കോടി രൂപയിൽ നിന്ന് 2025-ൽ ഏകദേശം 1.06 ലക്ഷം കോടി രൂപയായി വർധിച്ചുവെന്ന് യോഗം വിലയിരുത്തി.   ജനറൽ ഇൻഷുറൻസ് മേഖലയാകെ  2024–25 സാമ്പത്തിക വർഷം  3.07 ലക്ഷം കോടി രൂപയുടെ  ആകെ വരിസംഖ്യ  ശേഖരണത്തോടെ വളർച്ച കൈവരിച്ചു.  

2023-ലെ ആഗോള ശരാശരി 4.2 ശതമാനത്തെ അപേക്ഷിച്ച് ഇന്ത്യയിലെ ജനറൽ ഇൻഷുറൻസ് വ്യാപനം ജിഡിപിയുടെ താരതമ്യേന താഴ്ന്ന നിലയിൽ 1 ശതമാനത്തില്‍ തുടരുമ്പോഴും ഇൻഷുറൻസ് സാന്ദ്രത 2019-ലെ 9 ഡോളറിൽ നിന്ന് 2023-ൽ 25 ഡോളറിലേക്ക് ക്രമാനുഗതമായി വളര്‍ന്നു. വിശാല സാമ്പത്തിക പരിരക്ഷ ഉറപ്പാക്കാന്‍ പിഎസ്ജിഐസി-കൾ വ്യാപനവും സാന്ദ്രതയും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ധനമന്ത്രി അടിവരയിട്ടു.

സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ, സ്റ്റാൻഡ്‌ എലോൺ ഹെൽത്ത് ഇൻഷുറർമാർ (സാഹി), പിഎസ്ജിഐസികൾ എന്നിവയിലുടനീളം സ്ഥിര വരിസംഖ്യാ വളർച്ച കാണിക്കുന്ന ആരോഗ്യ ഇൻഷുറൻസ് വിഭാഗത്തിന്റെ അഞ്ചുവർഷ വിശകലനവും ഉദ്യോഗസ്ഥർ അവതരിപ്പിച്ചു. 2021 സാമ്പത്തിക വർഷം കൊവിഡ്-19 മഹാമാരി സമയത്ത് ഏറ്റവും ഉയർന്ന നിലയിലെത്തിയ നഷ്ടപരിഹാര അനുപാതം (പിഎസ്ജിഐസികൾ 126 ശതമാനവും സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ 105 ശതമാനവും) അതിനുശേഷം കുറഞ്ഞു. 2024 സാമ്പത്തിക വർഷത്തോടെ ഈ അനുപാതം പിഎസ്ജിഐസികൾക്ക് 103 ശതമാനവും സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്ക് 89 ശതമാനവും സാഹികള്‍ക്ക് 65 ശതമാനവുമായി കുറഞ്ഞു.  

വീണ്ടും ലാഭത്തിലായതോടെ  പി‌എസ്‌ജി‌ഐ‌സികളെല്ലാം ഗണ്യമായ വഴിത്തിരിവിന് സാക്ഷ്യം വഹിച്ചു. ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (ഒഐസിഎല്‍), നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (എന്‍ഐസിഎല്‍) എന്നിവ യഥാക്രമം 2023-24 സാമ്പത്തിക വർഷം നാലാം പാദത്തിലും  2024-25 സാമ്പത്തിക വർഷം രണ്ടാം പാദത്തിലും  ത്രൈമാസ ലാഭം രേഖപ്പെടുത്താൻ തുടങ്ങിയപ്പോൾ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (യുഐഐസിഎല്‍) ‌2024-25 സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ 7 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലാഭം രേഖപ്പെടുത്തി. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് (എന്‍ഐഎസിഎല്‍) വിപണി നേതൃനിരയില്‍  സുസ്ഥിര സ്ഥാനം നിലനിർത്തുകയും പതിവായി ലാഭം നേടുകയും ചെയ്യുന്നത് ശ്രദ്ധേയമാണ്.

സേവന വിതരണവും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിന് എല്ലാ പി‌എസ്‌ജി‌ഐ‌സികളിലും ഡിജിറ്റൽ പരിവർത്തനത്തിന്റെ അടിയന്തിര ആവശ്യകത കേന്ദ്ര ധനമന്ത്രി അവലോകന വേളയിൽ പ്രത്യേകം പരാമര്‍ശിച്ചു.  അതിവേഗം കൂടുതൽ കൃത്യമായ നഷ്ടപരിഹാര പ്രക്രിയ  ഉറപ്പാക്കാന്‍ മോട്ടോർ ഓൺ ഡാമേജ്, ആരോഗ്യ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്കടക്കം എഐ അധിഷ്ഠിത നഷ്ടപരിഹാര നിര്‍ണയ സംവിധാനങ്ങൾ സ്വീകരിക്കുന്നത് ഇതിലുൾപ്പെടുന്നു.

സൈബർ തട്ടിപ്പ് ഉൾപ്പെടെ ഉയർന്നുവരുന്ന നൂതന അപകടസാധ്യതകൾക്കനുസൃതമായി പുതിയ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ വികസിപ്പിക്കാനും  വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങൾക്കനുസരിച്ച്  ഉൽപ്പന്ന ലഭ്യത വൈവിധ്യവൽക്കരിക്കാനും ശ്രീമതി സീതാരാമൻ കമ്പനികൾക്ക് നിർദേശം നൽകി. ലാഭക്ഷമതയും സാമ്പത്തിക സ്ഥിരതയും സംരക്ഷിക്കാന്‍ ആഗോള വ്യാവസായിക മാനദണ്ഡങ്ങളുമായി സംയോജിത അനുപാതം വിന്യസിക്കാനുള്ള നിർദേശങ്ങളോടെ ശക്തമായ ഉത്തരവാദിത്ത വ്യവസ്ഥകളുടെയും ലഭ്യമായ വിവിധ ഇന്‍ഷുറന്‍സ് മാനദണ്ഡങ്ങളുടെ  ക്രമീകരണത്തിന്റെയും പ്രാധാന്യം യോഗത്തില്‍ എടുത്തു പറഞ്ഞു.

ഉപഭോക്തൃ കേന്ദ്രീകരണം  സുപ്രധാന ശ്രദ്ധാകേന്ദ്രമായി യോഗത്തില്‍ വിലയിരുത്തി. ഉപഭോക്തൃ പരാതികൾ ഉടനടി പരിഹരിക്കാനും സമൂഹമാധ്യമ ഇടപെടൽ ശക്തിപ്പെടുത്താനും എൻഡ്-ടു-എൻഡ് ഡിജിറ്റൽ നോ യുവർ കസ്റ്റമർ (കെ‌വൈ‌സി) പ്രക്രിയകളടക്കം  അക്കൗണ്ട് അഗ്രഗേറ്റർ സംവിധാനവുമായി സുഗമമായി സംയോജിപ്പിക്കുന്നത് ഉറപ്പാക്കാനും ശ്രീമതി സീതാരാമൻ പി‌എസ്‌ജി‌ഐ‌സികൾക്ക് നിർദേശം നൽകി. ഉപഭോക്താക്കളെ ചേര്‍ക്കുന്ന പ്രക്രിയ ലളിതമാക്കാനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനുമാണ് ഈ നടപടികൾ രൂപകൽപന ചെയ്തിരിക്കുന്നത്.

വിപണി വ്യാപ്തി വർധിപ്പിക്കാനും സേവന ലഭ്യത ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് ഇടനിലക്കാരും ഫിൻടെക്കുകളും ഇൻഷുർടെക് സ്ഥാപനങ്ങളുമായി  തന്ത്രപരമായ സഹകരണം പിന്തുടരാൻ പിഎസ്ജിഐസികള്‍ക്ക് പ്രോത്സാഹനമേകി.  ഈ പങ്കാളിത്തങ്ങൾ പിഎസ്ജിഐസികളുടെ രാജ്യവ്യാപക സാന്നിധ്യം ശക്തിപ്പെടുത്തുകയും വിവിധ ജനവിഭാഗങ്ങള്‍ക്കിടയിലെങ്ങും ഇൻഷുറൻസ് വ്യാപനം വർധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

മികച്ച രീതിയില്‍ അപകടസാധ്യത  വിലയിരുത്താനും ദീർഘകാല സുസ്ഥിരതയ്ക്കും അത്യന്താപേക്ഷിതമായ കൃത്യതയാര്‍ന്ന മൂല്യനിർണയ മാതൃകകളും കാര്യക്ഷമമായ നഷ്ടപരിഹാര ഘടനയും വികസിപ്പിക്കുന്നതിന് നൂതന ഡാറ്റ അനലിറ്റിക്സും നിര്‍മിതബുദ്ധിയും പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും കേന്ദ്ര ധനമന്ത്രി എടുത്തുപറഞ്ഞു.

ഈ നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ പിഎസ്ജിഐസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പുരോഗതി നിരീക്ഷിക്കാനും ഉദ്ദേശിച്ച ഫലങ്ങൾ കൈവരിക്കുന്നത് ഉറപ്പാക്കാനും പതിവ് അവലോകനങ്ങൾ നടത്തും.
 
*****

(Release ID: 2132334)
Read this release in: English , Urdu , Hindi , Tamil , Telugu