ഭൗമശാസ്ത്ര മന്ത്രാലയം
azadi ka amrit mahotsav

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ഇത്തവണ സാധാരണയെക്കാള്‍ കൂടിയ മഴ പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

2025 ജൂൺ മുതൽ സെപ്റ്റംബർ വരെ തെക്കുപടിഞ്ഞാറൻ കാലവര്‍ഷ മഴയുടെ ദീർഘകാല പ്രവചനവും 2025 ജൂണിലെ പ്രതിമാസ മഴ - താപനില അവലോകനവും പുതുക്കി IMD

Posted On: 27 MAY 2025 7:19PM by PIB Thiruvananthpuram
ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലെ  കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) 2025-ലെ തെക്കുപടിഞ്ഞാറൻ കാലവര്‍ഷ സമയത്തെ  (ജൂൺ-സെപ്റ്റംബർ) പുതുക്കിയ  ദീർഘകാല പ്രവചനവും 2025 ജൂണിലെ പ്രതിമാസ മഴയും താപനിലയും സംബന്ധിച്ച അവലോകനവും പുറത്തിറക്കി. രാജ്യത്തുടനീളം കാലവര്‍ഷ മഴ ദീർഘകാല ശരാശരിയുടെ (എല്‍പിഎ) 106% ആയിരിക്കുമെന്നും ഇതില്‍  4% കൂടുതലോ കുറവോ ആയേക്കാമെന്നും പ്രവചിക്കുന്നു.  ഇതനുസരിച്ച് കാലവര്‍ഷ സമയത്ത്  സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കാന്‍ സാധ്യതയേറെയാണ്.

പ്രാദേശികമായി മധ്യ ഇന്ത്യയിലും തെക്കൻ ഉപദ്വീപ് മേഖലയിലും മഴ സാധാരണയേക്കാൾ കൂടുതലായിരിക്കാൻ സാധ്യതയുണ്ടെങ്കിലും വടക്കുപടിഞ്ഞാറൻ മേഖലയില്‍ മഴ  സാധാരണ നിലയിലായിരിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത് (എല്‍പിഎയുടെ 92 മുതല്‍ 108% വരെ). ഇതിനു വിപരീതമായി വടക്കുകിഴക്കൻ മേഖലയില്‍ സാധാരണയേക്കാൾ കുറഞ്ഞ മഴ ലഭിക്കാനാണ് സാധ്യത (എല്‍പിഎയുടെ  94 ശതമാനത്തില്‍ കുറവ്). ഇന്ത്യയില്‍ മഴയെ ആശ്രയിക്കുന്ന കാർഷിക മേഖലയുടെ  ഭൂരിഭാഗം ഉൾക്കൊള്ളുന്ന അടിസ്ഥാന കാലവര്‍ഷ മേഖലയിലും  (MCZ) സാധാരണയിലധികം  മഴ ലഭിക്കുമെന്ന പ്രവചനം  ഖാരിഫ് വിളവെടുപ്പ് കാലത്തിന് അനുകൂലമാണ്.

2025 ജൂൺ മുതൽ സെപ്റ്റംബർ വരെ രാജ്യത്ത് മിക്ക പ്രദേശങ്ങളിലും സാധാരണയോ അതിലധികമോ  മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.  എന്നാല്‍ വടക്കുപടിഞ്ഞാറൻ മേഖലയിലെയും കിഴക്കൻ ഇന്ത്യയിലെയും ചില ഭാഗങ്ങളിലും വടക്കുകിഴക്കൻ ഇന്ത്യയിലെ പല പ്രദേശങ്ങളിലും  സാധാരണയേക്കാൾ കുറഞ്ഞ മഴയാണ് ലഭിച്ചേക്കുക.  

2025 ജൂണില്‍ പ്രത്യേകമായി രാജ്യമെങ്ങും സാധാരണയേക്കാൾ കൂടുതല്‍ മഴ  ലഭിക്കുമെന്നാണ് പ്രവചനം (എൽ‌പി‌എയുടെ 108 ശതമാനത്തിലധികം). മിക്ക പ്രദേശങ്ങളിലും സാധാരണയോ അതിലേറെയോ മഴ ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും,  ചില തെക്കൻ ഉപദ്വീപ് പ്രദേശങ്ങളിലും ചില വടക്കുപടിഞ്ഞാറൻ  - വടക്കുകിഴക്കൻ മേഖലകളിലും സാധാരണയേക്കാൾ കുറഞ്ഞ മഴ ലഭിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്.

താപനിലയുടെ കാര്യത്തിൽ 2025 ജൂണിൽ രാജ്യത്തെ മിക്ക ഭാഗങ്ങളിലും പരമാവധി താപനില സാധാരണയോ അതില്‍ കുറഞ്ഞതോ ആകാനാണ് സാധ്യത. അതേസമയം വടക്കുപടിഞ്ഞാറൻ, വടക്കുകിഴക്കൻ മേഖലയിലെ പല പ്രദേശങ്ങളിലും പരമാവധി താപനില സാധാരണയിലും ഉയരുമെന്ന് പ്രവചിക്കുന്നു. കൂടാതെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കുറഞ്ഞ താപനില സാധാരണയ്ക്ക് മുകളില്‍ തുടരാനാണ് സാധ്യത. മധ്യ ഇന്ത്യയിലെയും അതിനോട് ചേർന്ന തെക്കൻ ഉപദ്വീപിലെയും ചില പ്രദേശങ്ങളിലിത്  സാധാരണയോ അതില്‍ താഴെയോ  പ്രതീക്ഷിക്കുന്നു.

കൃഷി, ജലവിഭവ നിര്‍വഹണം, ദുരന്തനിവാരണ തയ്യാറെടുപ്പ് എന്നിവയുടെ ആസൂത്രണം പിന്തുണയ്ക്കാന്‍ IMD തുടർന്നും പ്രവചനങ്ങൾ നിരീക്ഷിക്കുകയും പുതുക്കുകയും  ചെയ്യും. കൂടുതൽ പുതിയ വിവരങ്ങളും വിശദ റിപ്പോർട്ടുകളും ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

(Release ID: 2131874)
Read this release in: Marathi , English , Urdu , Hindi