സാംസ്‌കാരിക മന്ത്രാലയം
ബ്രസീലിലെ ബ്രസീലിയയിൽ 2025-ലെ ബ്രിക്സ് സാംസ്കാരിക മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനൊരുങ്ങി ഇന്ത്യ
കേന്ദ്രമന്ത്രി ശ്രീ ഗജേന്ദ്ര സിങ് ഷെഖാവത്ത് ഇന്ത്യയെ പ്രതിനിധീകരിക്കും
Posted On:
24 MAY 2025 9:20PM by PIB Thiruvananthpuram
2025 മെയ് 26 ന് ബ്രസീലിലെ ബ്രസീലിയയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് സാംസ്കാരിക മന്ത്രിമാരുടെ യോഗത്തിൽ ഇന്ത്യ സജീവ പങ്കാളിത്തമുറപ്പാക്കും. ഉന്നതതല മന്ത്രിതല യോഗത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ച് കേന്ദ്ര സാംസ്കാരിക - ടൂറിസം മന്ത്രി ശ്രീ ഗജേന്ദ്ര സിങ് ഷെഖാവത്ത് ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കും.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അംഗരാജ്യങ്ങൾക്കിടയിലെ പരസ്പര ധാരണയും സാംസ്കാരിക കൈമാറ്റങ്ങളും സഹകരണ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്ന സുപ്രധാന വേദിയാണ് ബ്രിക്സ് സാംസ്കാരിക മന്ത്രിമാരുടെ യോഗം. സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തുന്നതിനും സ്ഥാപനതല സഹകരണം വർധിപ്പിക്കുന്നതിനുമൊപ്പം ബ്രിക്സ് രാജ്യങ്ങളുടെ സമ്പന്ന സാംസ്കാരിക വൈവിധ്യ സംരക്ഷണവും പ്രോത്സാഹനവും ലക്ഷ്യമിട്ട് സംയുക്ത സാംസ്കാരിക പദ്ധതികൾ വികസിപ്പിക്കുന്നതിലും ഈ വർഷത്തെ യോഗം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
സാംസ്കാരിക നയതന്ത്രം, പൈതൃക സംരക്ഷണം, ജനങ്ങൾ തമ്മിലെ ആശയ കൈമാറ്റം എന്നിവയില്‍ ഇന്ത്യ സ്വീകരിച്ചുവരുന്ന പ്രതിബദ്ധത കേന്ദ്രമന്ത്രി ശ്രീ ഗജേന്ദ്ര സിങ് ശെഖാവത്ത് ചർച്ചകളിൽ പ്രത്യേകം പരാമര്‍ശിക്കും. ആഗോള സാംസ്കാരിക ഭൂമികയില്‍ ഇന്ത്യയുടെ അതുല്യ സംഭാവനകളും സമീപകാല സംരംഭങ്ങളും അദ്ദേഹം അംഗരാജ്യങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.
പ്രകടന കലകൾ, ദൃശ്യകലകൾ, സാഹിത്യം, പൈതൃക സംരക്ഷണം, സര്‍ഗാത്മക വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യയ്ക്ക് പുതിയ സഹകരണപാതകള്‍ തേടാനും യോഗം അവസരമൊരുക്കും. ബ്രിക്സ് ചട്ടക്കൂടിലൂടെ മെച്ചപ്പെട്ട ബഹുമുഖ സഹകരണത്തിനും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാംസ്കാരിക വളർച്ചയ്ക്കും വേണ്ടി ഇന്ത്യ വാദിക്കും.
ഔപചാരിക മന്ത്രിതല സംഭാഷണത്തിന് പുറമെ സാംസ്കാരിക പങ്കാളിത്തം, വിനിമയ പരിപാടികൾ, സഹകരണ മേളകള്‍ തുടങ്ങിയവ ചർച്ച ചെയ്യാന്‍ ഇന്ത്യൻ പ്രതിനിധി സംഘം ബ്രിക്സ് രാഷ്ട്ര പ്രതിനിധികളുമായി ഉഭയകക്ഷി യോഗങ്ങളിലും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതിരോധശേഷിയാര്‍ന്ന സാംസ്കാരിക ചട്ടക്കൂടുകൾ രൂപീകരിക്കാനും സാംസ്കാരിക സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കാനും കൂടുതൽ സമഗ്രവും ഐക്യപൂര്‍ണവുമായ ലോകക്രമത്തിന് സംഭാവന നൽകാനും ബ്രിക്സ് പങ്കാളികളുമായി ചേര്‍ന്നുപ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമാണ് ഇന്ത്യ.
*****************
(Release ID: 2131108)