നിതി ആയോഗ്
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ മെയ് 24നു നിതി ആയോഗിന്റെ പത്താമതു ഭരണസമിതി യോഗം ന്യൂഡൽഹിയിൽ നടക്കും
പ്രമേയം: വികസിത ഭാരതം@2047നായി വികസിത സംസ്ഥാനം
Posted On:
23 MAY 2025 7:03PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ 2025 മെയ് 24നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നിതി ആയോഗിന്റെ പത്താമതു ഭരണസമിതി യോഗം നടക്കും. വികസിത ഇന്ത്യക്കായി ‘ടീം ഇന്ത്യ’ എന്ന നിലയിൽ എല്ലാ സംസ്ഥാനങ്ങളെയും ഉൾപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായാണു യോഗം. ‘വികസിത ഭാരതം@2047നായി വികസിത സംസ്ഥാനം’ എന്നതാണ് ഈ വർഷത്തെ പ്രമേയം. സംസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, അതിലൂടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുകയാണ് ഈ പ്രമേയം ലക്ഷ്യമിടുന്നത്. ‘വികസിത ഭാരതം@2047നായി വികസിത സംസ്ഥാനം’ എന്ന സമീപനത്തെക്കുറിച്ചു ഭരണസമിതി യോഗം ചർച്ചചെയ്യും.
ഇന്ത്യ വികസിത രാജ്യമെന്ന നിലയിലേക്കു കുതിക്കുമ്പോൾ, സംസ്ഥാനങ്ങൾ അവയുടെ അതുല്യസവിശേഷതകൾ പ്രയോജനപ്പെടുത്തുകയും അടിസ്ഥാനതലത്തിൽ പരിവർത്തനാത്മക മാറ്റങ്ങൾക്കു നേതൃത്വം നൽകുകയും ചെയ്യേണ്ടതുണ്ട്. ഇത് 140 കോടി ജനങ്ങളുടെ അഭിലാഷങ്ങൾ അടിസ്ഥാനപരമായി പ്രായോഗിക ഫലങ്ങളിലേക്കു പരിവർത്തനം ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നു. പ്രാദേശിക യാഥാർഥ്യങ്ങളിൽ അധിഷ്ഠിതമായ, ദേശീയ മുൻഗണനകളുമായി പൊരുത്തപ്പെടുന്ന, ധീരവും ദീർഘവീക്ഷണാത്മകവും ഏവരെയും ഉൾക്കൊള്ളുന്നതുമായ വീക്ഷണരേഖകൾ തയ്യാറാക്കാൻ സംസ്ഥാനങ്ങളോട് ആഹ്വാനം ചെയ്യുന്നതാണു ‘വികസിത ഭാരതത്തിനായി വികസിത സംസ്ഥാനം’ എന്ന ആശയം. ഈ കാഴ്ചപ്പാടിൽ സമയബന്ധിതമായ ലക്ഷ്യങ്ങൾ ഉൾപ്പെടുത്തണം. സംസ്ഥാനങ്ങൾ അവയുടെ സവിശേഷമായ ഭൂമിശാസ്ത്രപരവും ജനസംഖ്യാപരവുമായ നേട്ടങ്ങൾ പ്രയോജനപ്പെടുത്തുകയും മനുഷ്യവിഭവശേഷിവികസനം, സാമ്പത്തിക വളർച്ച, സുസ്ഥിരത, സാങ്കേതികവിദ്യ, ഭരണപരിഷ്കാരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. വസ്തുതാധിഷ്ഠിത നടപടികളും ഫലത്തെ അടിസ്ഥാനമാക്കിയുള്ള മാറ്റങ്ങളും ലക്ഷ്യമാക്കി പദ്ധതിനിരീക്ഷണ യൂണിറ്റുകൾ, ഐസിടി അധിഷ്ഠിത അടിസ്ഥാനസൗകര്യങ്ങൾ, മേൽനോട്ടവും വിലയിരുത്തലും നടത്തുന്ന സെല്ലുകൾ എന്നിവ ഉപയോഗപ്പെടുത്തി ഉത്തരവാദിത്വവും ഇടയ്ക്കുള്ള തിരുത്തലുകളും ഉറപ്പാക്കേണ്ടതുണ്ട്.
നിതി ആയോഗിന്റെ പത്താമതു ഭരണസമിതിയോഗം, രാഷ്ട്രം നേരിടുന്ന വികസന വെല്ലുവിളികളെക്കുറിച്ചും ഇന്ത്യയെ വികസിത രാഷ്ട്രമാക്കുന്നതിലേക്കുള്ള ഘടകങ്ങളായി സംസ്ഥാനങ്ങൾ എങ്ങനെ പ്രവർത്തിക്കാമെന്നതിനെക്കുറിച്ചും (‘വികസിത ഇന്ത്യക്കായി വികസിത സംസ്ഥാനം’) കേന്ദ്രവുമായി ചർച്ച നടത്തുന്നതിന്, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും വേദിയൊരുക്കുന്നു. സംരംഭകത്വ പ്രോത്സാഹനത്തിനും നൈപുണ്യവികസനത്തിനും രാജ്യത്തുടനീളം സുസ്ഥിര തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള നടപടികളും യോഗത്തിൽ ചർച്ചചെയ്യും.
2024 ഡിസംബർ 13 മുതൽ 15 വരെ നടന്ന ചീഫ് സെക്രട്ടറിമാരുടെ നാലാമതു ദേശീയ സമ്മേളനത്തിന്റെ വിഷയങ്ങളിൽ സമവായം കെട്ടിപ്പടുക്കുന്നതിലും നിതി ആയോഗ് ഭരണസമിതി യോഗം ശ്രദ്ധ കേന്ദ്രീകരിക്കും. ‘വികസിതഭാരതം @2047’ന്റെ ചട്ടക്കൂടു നിർവചിക്കുന്നതിനും ഈ വിഷയത്തിനായുള്ള നിർദേശങ്ങൾ നൽകുന്നതിനുമുള്ള കൂടിയാലോചനപ്രക്രിയയിൽ കേന്ദ്രഗവൺമെന്റ് സെക്രട്ടറിമാരും എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരും പങ്കാളികളായിരുന്നു. ‘സംരംഭകത്വം, തൊഴിൽ, നൈപുണ്യവികസനം – ജനസംഖ്യാപരമായ മെച്ചം പ്രയോജനപ്പെടുത്തൽ’ എന്ന മുഖ്യപ്രമേയത്തിനുകീഴിൽ, ചീഫ് സെക്രട്ടറിമാരുടെ നാലാമതു ദേശീയ സമ്മേളനത്തിൽ ഇനിപ്പറയുന്ന ആറു പ്രധാന വിഷയങ്ങളിൽ ശുപാർശകൾ നൽകി:
1. പ്രോത്സാഹന അന്തരീക്ഷം സൃഷ്ടിക്കൽ - രണ്ടാംനിര-മൂന്നാംനിര നഗരങ്ങളിൽ ഉൽപ്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ
2. പ്രോത്സാഹന അന്തരീക്ഷം സൃഷ്ടിക്കൽ - രണ്ടാംനിര-മൂന്നാംനിര നഗരങ്ങളിൽ സേവനമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ
3. എംഎസ്എംഇയും അസംഘടിത തൊഴിലും: ഗ്രാമീണ കാർഷികേതര മേഖല
4. എംഎസ്എംഇയും അസംഘടിത തൊഴിലും: നഗരമേഖല
5. ഹരിത സമ്പദ്‌വ്യവസ്ഥയിലെ സാധ്യതകൾ: പുനരുപയോഗ ഊർജം
6. ഹരിത സമ്പദ്‌വ്യവസ്ഥയിലെ സാധ്യതകൾ: ചാക്രിക സമ്പദ്‌വ്യവസ്ഥ
പത്താമതു ഭരണസമിതി യോഗത്തിൽ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും മുഖ്യമന്ത്രിമാരും ലെഫ്റ്റനന്റ് ഗവർണർമാരും, കേന്ദ്രമന്ത്രിമാരും, നിതി ആയോഗ് വൈസ് ചെയർമാനും അംഗങ്ങളും സിഇഒയും പങ്കെടുക്കും.
-SK-
(Release ID: 2130850)