കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ
കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ പതിനാറാമത് വാർഷിക ദിനാചരണത്തിൽ കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് ന്യൂഡൽഹിയിൽ അധ്യക്ഷത വഹിച്ചു.
‘കുറഞ്ഞ ആവശ്യകതകൾ, പരമാവധി സാധ്യതകൾ’ എന്ന തത്വം പിന്തുടരാൻ കേന്ദ്ര ധനകാര്യ മന്ത്രി റെഗുലേറ്റർമാരെ ആഹ്വാനം ചെയ്തു .
Posted On:
20 MAY 2025 6:45PM by PIB Thiruvananthpuram
കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് ന്യൂഡൽഹിയിൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (CCI) 16-ാമത് വാർഷിക ദിനാചരണ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഉദാരവൽക്കരണത്തിന്റെ ആത്മാവ് സംരക്ഷിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന സ്ഥാപനമായി CCI ഉയർന്നുവന്നിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. വിപണികൾ ചുരുക്കം ചിലർക്കു വേണ്ടി മാത്രമല്ല, എല്ലാവർക്കും വേണ്ടിയാണ് പ്രവർത്തിക്കേണ്ടതെന്ന് ധനകാര്യ മന്ത്രി വ്യക്തമാക്കി. നിർവ്വഹണം, ശുപാർശ, വിപണി പഠനങ്ങൾ, നിയന്ത്രക പരിഷ്കാരങ്ങൾ എന്നിവ മുഖേനയുള്ള CCI യുടെ ഇടപെടലുകൾ, വലുതും ചെറുതുമായ സംരംഭങ്ങൾക്ക് അർഹതയുടെ അടിസ്ഥാനത്തിൽ മത്സരിക്കാൻ കഴിയുന്നതും, ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനുള്ള അവസരം ലഭ്യമാക്കി ശാക്തീകരിക്കപ്പെടുന്നതും, നൂതനാശയങ്ങൾക്കും കാര്യക്ഷമതയ്ക്കും പ്രതിഫലം ലഭിക്കുന്നതുമായ അന്തരീക്ഷം സംജാതമാക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നുവെന്ന് ശ്രീമതി സീതാരാമൻ കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ വികസിത ഭാരതം 2047 എന്ന അഭിലാഷ ലക്ഷ്യത്തെക്കുറിച്ച് പരാമർശിക്കവേ, നിയന്ത്രണ ജാഗ്രതയ്ക്കും വളർച്ചാനുകൂലമായ അന്തരീക്ഷത്തിനും മധ്യേ സന്തുലിതാവസ്ഥ കൈവരിക്കാനുള്ള CCI യുടെ ശേഷി, സ്ഥിരതയാർന്നതും, സമത്വപൂർണ്ണവും, നൂതനാശയങ്ങളാൽ നയിക്കപ്പെടുന്നതുമായ സാമ്പത്തിക ചട്ടക്കൂട് കെട്ടിപ്പടുക്കുന്നതിൽ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി. കയറ്റുമതി-പരിസ്ഥിതി-ഊർജ്ജം-ബഹിർഗമനം എന്നീ വെല്ലുവിളികൾ നേരിടുന്ന ആധുനികലോകത്ത്, ആഭ്യന്തര വളർച്ചാ സാധ്യതകളെ കൂടുതലായി ആശ്രയിക്കണമെങ്കിൽ ശരിയായ നിയന്ത്രണത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സന്തുലിതാവസ്ഥ ഉറപ്പാക്കേണ്ടതുണ്ട്.

മത്സരക്ഷമതാ വിരുദ്ധ നടപടികൾക്കെതിരെ ഉറച്ചതും നിർണായകവുമായ നടപടികളിലൂടെ CCI നിയമത്തിന്റെ പവിത്രത ഉയർത്തിപ്പിടിച്ചിട്ടുണ്ടെന്നും നിയമാനുസൃതമായ ബിസിനസ്സ് നടപടിക്രമങ്ങൾ ഉറപ്പാക്കുന്നതിൽ തുല്യ പ്രതിബദ്ധത പ്രകടിപ്പിക്കുന്നുണ്ടെന്നും CCI യുടെ നിയന്ത്രണ സമീപനത്തെ പ്രശംസിച്ചുകൊണ്ട് ശ്രീമതി സീതാരാമൻ പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന വിപണി വികസനത്തിനും ഇന്ത്യയുടെ നിയന്ത്രണ ചട്ടക്കൂടിൽ നിക്ഷേപകരുടെ ആത്മവിശ്വാസം വളർത്തുന്നതിനും ഇത് ഗണ്യമായി സംഭാവന നൽകിയിട്ടുണ്ട്.
ഇന്ത്യയിൽ നടപ്പിലാക്കി വരുന്ന ഘടനാപരമായ പരിഷ്കാരങ്ങൾ വിപണി സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും മത്സരം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു.
2025-26 ലെ കേന്ദ്ര ബജറ്റിൽ പരാമർശിച്ച "ലൈറ്റ് ടച്ച് റെഗുലേറ്ററി ഫ്രെയിംവർക്കിന്റെ" പ്രാധാന്യം പരാമർശിച്ചുകൊണ്ട്,‘ഏറ്റവും കുറഞ്ഞ ആവശ്യകതകൾ, പരമാവധി സാധ്യതകൾ’ എന്ന തത്വത്താൽ റെഗുലേറ്റർമാർ നയിക്കപ്പെടേണ്ടതിന്റെ ആവശ്യകത ശ്രീമതി സീതാരാമൻ ഊന്നിപ്പറഞ്ഞു.
CCI നേരിടുന്ന ഭാവി വെല്ലുവിളികളെക്കുറിച്ച് സംസാരിക്കവെ, ആഗോള സഹകരണത്തിന്റെയും ചടുലമായ നിയന്ത്രണത്തിന്റെയും ആവശ്യകതയെക്കുറിച്ച് കേന്ദ്ര ധനമന്ത്രി വിശദീകരിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് കോംപറ്റീഷനിറ്റി പ്രമേയമാക്കി CCI അടുത്തിടെ ആരംഭിച്ച വിപണി പഠനം സമകാലിക പ്രാധാന്യമുള്ള തന്ത്രപരമായ ഒരു സംരംഭമാണെന്ന് അവർ പറഞ്ഞു. 'ഡിജിറ്റൽ മാർക്കറ്റ്സ് ഡിവിഷൻ' സ്ഥാപിക്കുന്നതും സമകാലിക പ്രാധാന്യമുള്ള ഒരു നീക്കമാണ്. ഇത് സാങ്കേതിക വിപണികളെ മനസ്സിലാക്കുന്നതിനും, അന്തർ-നിയന്ത്രണ പങ്കാളിത്തങ്ങൾ സ്ഥാപിക്കുന്നതിനും, ആഗോള സംവാദങ്ങളിൽ ഏർപ്പെടുന്നതിനും ഉള്ള മികവിന്റെ കേന്ദ്രമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യയിലുടനീളം വിപണികൾ ശക്തിപ്പെടുകയും വൈവിധ്യവത്ക്കരിക്കപ്പെടുകയും ചെയ്യുമ്പോൾ സംജാതമാകുന്ന CCI യുടെ പ്രാപ്യതയുടെയും ദൃശ്യ പരതയുടെയും പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോധവത്ക്കരണ ശിബിരങ്ങൾ, പങ്കാളിത്ത ചർച്ചകൾ, അനുവർത്തന ശില്പശാലകൾ എന്നിവ സംഘടിപ്പിക്കുന്നത് കൂടുതൽ വിജ്ഞാന പ്രദമായ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും മത്സര തത്വങ്ങൾ വിശദമായി മനസ്സിലാക്കുന്നതിനും പിന്തുടരുന്നതിനും സഹായകമാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ആഗോള മൂല്യ ശൃംഖലകളുമായും ഡിജിറ്റൽ ആവാസവ്യവസ്ഥകളുമായും ഇന്ത്യ കൂടുതൽ പൊരുത്തപ്പെടുമ്പോൾ, തുറന്നതും മത്സരയോഗ്യവുമായ വിപണികൾ നിലനിർത്തുന്നത് രാജ്യത്തിൻറെ മത്സരക്ഷമതയിൽ നിർണായകമാകുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് വിപണി പ്രവേശനം സുഗമമാക്കുക, ന്യായമായ മത്സരത്തിനുള്ള തടസ്സങ്ങൾ പരിഹരിക്കുക, ഡിജിറ്റൽ ശാക്തീകരണം പ്രോത്സാഹിപ്പിക്കുക, മികച്ച തിരഞ്ഞെടുപ്പുകൾ, കുറഞ്ഞ വിലകൾ, മെച്ചപ്പെട്ട ഗുണനിലവാരം എന്നിവ മുഖാന്തിരം ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയുൾപ്പെടെ, CCI അതിന്റെ അതുല്യമായ ഉത്തരവാദിത്തങ്ങളിലൂടെയും വിവിധ മേഖലകളിലെ പങ്കാളിത്തത്തിലൂടെയും ഈ പ്രയാണത്തിൽ ഒരു പ്രധാന സഹായിയായി വർത്തിക്കുമെന്ന് ശ്രീമതി സീതാരാമൻ നിരീക്ഷിച്ചു.
പതിനാറാം വാർഷിക ദിനാഘോഷ വേളയിൽ "ഡയഗ്നോസ്റ്റിക് ടൂൾകിറ്റ് ടുവേർഡ്സ് കോംപറ്റിറ്റീവ് ടെൻഡേഴ്സ് ഫോർ പബ്ലിക് പ്രൊക്യുർമെന്റ്", "FAQs ഓൺ കോമ്പിനേഷൻസ്" എന്നിവയും CCI പുറത്തിറക്കി.
കോംപറ്റീഷൻ (ഭേദഗതി) നിയമം, 2023, പുതുതായി പ്രഖ്യാപിച്ച കോംപിനേഷൻ റെഗുലേഷൻസ്, 2024 എന്നിവ കൊണ്ടുവരുന്ന സുപ്രധാന മാറ്റങ്ങളോട് പ്രതികരിക്കുന്നതാണ് കോമ്പിനേഷനുകളെക്കുറിച്ചുള്ള പതിവ് ചോദ്യങ്ങൾ (FAQs). ഡീൽ വാല്യൂ ത്രെഷോൾഡ്, ഇന്ത്യയിലെ ഗണ്യമായ ബിസിനസ് പ്രവർത്തനങ്ങൾ, പുതുക്കിയ നടപടിക്രമങ്ങൾ എന്നിവയുൾപ്പെടെ ലയന നിയന്ത്രണത്തിന്റെ പ്രധാന വശങ്ങളെക്കുറിച്ച് ഇത് വ്യക്തവും പ്രായോഗികവുമായ മാർഗ്ഗനിർദ്ദേശം നൽകുന്നു. നിയമത്തിലെ സമീപകാല ഭേദഗതികളുടെ വെളിച്ചത്തിൽ പബ്ലിക് പ്രൊക്യുർമെന്റ് ഓഫീസർമാർക്കുള്ള പരിഷ്ക്കരിച്ച ഡയഗ്നോസ്റ്റിക് ടൂൾകിറ്റ്, സംഭരണ ഉദ്യോഗസ്ഥരെ ലേല കൃത്രിമത്വം കണ്ടെത്താനും തടയാനും സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്ത ഒരു പ്രായോഗിക സംവിധാനമാണ്.
നേരത്തെ സ്വാഗത പ്രസംഗത്തിൽ, CCI ചെയർപേഴ്സൺ ശ്രീമതി രവ്നീത് കൗർ, CCI യുടെ 16 വർഷത്തെ പ്രയാണം ഓർമ്മിപ്പിക്കുകയും ഇന്ത്യയിലെ മത്സര, നിർവ്വഹണ ഭരണ വ്യവസ്ഥയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. സ്ഥാപിതമായതിനുശേഷം, CCI ക്രമേണ ശക്തവും പ്രതികരണശേഷിയുള്ളതും ഭാവി സജ്ജവുമായ ഒരു വിപണി നിയന്ത്രക സംവിധാനമായി രൂപാന്തരപ്പെട്ടുവെന്ന് CCI ചെയർപേഴ്സൺ പറഞ്ഞു.
മത്സരക്ഷമതയെ പ്രതികൂലമായി ബാധിക്കുന്ന രീതികൾ തടയുക എന്ന CCI യുടെ അടിസ്ഥാനപരമായ കർത്തവ്യം സ്ഥിരതയോടെ നിലനിൽക്കുമ്പോഴും , ഇന്ത്യയുടെ സാമ്പത്തിക, സാങ്കേതിക മേഖലകളിലെ ചലനാത്മകമായ മാറ്റങ്ങൾക്ക് അനുപൂരകമായി ഈ കർത്തവ്യം നിറവേറ്റുന്നതിനായി ഉപയോഗിക്കുന്ന സംവിധാനവും തന്ത്രങ്ങളും വികസിച്ചിട്ടുണ്ടെന്ന് ശ്രീമതി കൗർ കൂട്ടിച്ചേർത്തു.
നിർവ്വഹണം,ശുപാർശ, സ്ഥാപനപരമായ ശേഷിയുടെ സൃഷ്ടി എന്നിവയുടെ നീതിയുക്തമായ സമന്വയത്താൽ സവിശേഷതയുള്ള ഒരു ഭാവിയിലേക്കുള്ള നിയന്ത്രണ സമീപനമാണ് CCI സ്വീകരിച്ചിരിക്കുന്നതെന്ന് ശ്രീമതി കൗർ എടുത്തുപറഞ്ഞു. മത്സരം നിയന്ത്രിക്കുന്നതിനായി മത്സരാർത്ഥികൾ തമ്മിലുള്ള കരാറുകളായ കാർട്ടലുകൾ, ആധിപത്യ ദുരുപയോഗം, ലയന നിയന്ത്രണം തുടങ്ങിയ മത്സര നിയമത്തിന്റെ പ്രധാന വശങ്ങളിൽ നിയമ തത്വങ്ങൾ നിർണായക മാർഗ്ഗനിർദ്ദേശം നൽകുന്നു - തദ്വാരാ അനുവർത്തനം മെച്ചപ്പെടുത്തുകയും പങ്കാളികളിൽ ആത്മവിശ്വാസം വളർത്തുകയും ചെയ്യുന്നു. ന്യായമായ മത്സരം ഒരു നിയമപരമായ ബാധ്യതയായി മാത്രമല്ല, വളർച്ചയ്ക്കും നവീകരണത്തിനുമുള്ള തന്ത്രപരമായ അനിവാര്യതയായി കാണുന്ന ഒരു ആവാസവ്യവസ്ഥയ്ക്ക് ഈ ഉദ്യമങ്ങൾ ശക്തമായ അടിത്തറ പാകുന്നതായി CCI ചെയർപേഴ്സൺ പറഞ്ഞു.
2023 ലെ കോംപറ്റീഷൻ (ഭേദഗതി) നിയമത്തിലൂടെ അവതരിപ്പിച്ച നിർണ്ണായക സ്വാധീനമുള്ള പരിഷ്കാരങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനായി, നിലവിലുള്ള നിയന്ത്രണ ചട്ടക്കൂടിന്റെ സമഗ്രവും കർശനവുമായ അവലോകനം CCI ഏറ്റെടുത്തിട്ടുണ്ടെന്ന് ശ്രീമതി കൗർ അറിയിച്ചു. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ വിജ്ഞാപനം ചെയ്ത പുതിയതും പരിഷ്കരിച്ചതുമായ 10 നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ഇന്ത്യയിലെ മത്സര നിയമ വ്യവസ്ഥയിലെ പരിവർത്തനാത്മകതയെ പ്രതിനിധീകരിക്കുന്നുവെന്ന് അവർ പറഞ്ഞു.
ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ പശ്ചാത്തലത്തിൽ, നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് കോംപറ്റീഷൻ സംബന്ധമായതുൾപ്പെടെയുള്ള വിപണി പഠനങ്ങൾ CCI ഏറ്റെടുത്തിട്ടുണ്ടെന്ന് ശ്രീമതി കൗർ പരാമർശിച്ചു. ഡാറ്റാ സയൻസിലും ടെക്നോ-ഇക്കണോമിക് വിലയിരുത്തലിലും സ്വന്തം ശേഷി ശക്തിപ്പെടുത്തുന്നതിന് CCI ആന്തരിക വൈദഗ്ധ്യത്തിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും അവർ പറഞ്ഞു.
ചെറുകിട ബിസിനസുകൾക്കുള്ള വിപണി പ്രവേശനം, കുത്തക സമ്പ്രദായങ്ങൾ തടയൽ, ഡിജിറ്റൽ ശാക്തീകരണം പ്രോത്സാഹിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ടതായാലും, CCI യുടെ ദൗത്യം സർക്കാരിന്റെ വികസിത ഭാരതം 2047 എന്ന ദർശനവുമായി അന്തർലീനമായി യോജിക്കുന്നുവെന്ന് ശ്രീമതി കൗർ പറഞ്ഞു. എല്ലാ ശ്രമങ്ങളിലും ന്യായം, സർവാശ്ലേഷിത്വം, സുതാര്യത എന്നീ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ CCI പ്രതിജ്ഞാബദ്ധമാണെന്ന് ശ്രീമതി കൗർ ഉറപ്പുനൽകി.
നന്ദി പ്രസംഗത്തിൽ, CCI അംഗം ശ്രീ അനിൽ അഗർവാൾ, ദിനാചരണത്തിൽ പങ്കെടുത്തതിനും CCI യെക്കുറിച്ചുള്ള വീക്ഷണം പങ്കുവെച്ചതിനും കേന്ദ്ര ധനമന്ത്രിയോട് നന്ദി പറഞ്ഞു.
സർക്കാർ, നിയന്ത്രണ സംവിധാനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യവസായ മേഖല, അക്കാദമിക മേഖല, ചേംബർ ഓഫ് കൊമേഴ്സ്, നിയമ മേഖല എന്നിടങ്ങളിലെ ഒട്ടേറെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.
കേന്ദ്ര ധനമന്ത്രിയുടെ പ്രസംഗംത്തിന്റെ പൂർണ്ണ രൂപം കാണുക:
കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ 16-ാം വാർഷിക ദിനാചരണവുമായി ബന്ധപ്പെട്ട കൂടുതൽ പോസ്റ്റുകൾ:
******
(Release ID: 2130178)