രാജ്യരക്ഷാ മന്ത്രാലയം
സംയുക്ത സൈനിക മേധാവി അതിർത്തിയിലെ സൈനിക താവളങ്ങൾ സന്ദർശിച്ചു
ഇന്ത്യൻ സായുധ സേനയുടെ ശൗര്യത്തെയും പ്രൊഫഷണലിസത്തെയും സംയുക്ത സൈനിക മേധാവി പ്രശംസിച്ചു
Posted On:
19 MAY 2025 5:56PM by PIB Thiruvananthpuram
സായുധ സേനയുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിനായി, സംയുക്ത സൈനിക മേധാവി (CDS) ജനറൽ അനിൽ ചൗഹാൻ ഇന്ന് (2025 മെയ് 19 ന്) തന്ത്രപ്രാധാന്യമുള്ള സൂറത്ത്ഗഡ് മിലിട്ടറി സ്റ്റേഷനും നാലിയ വ്യോമതാവളവും സന്ദർശിച്ചു. ഉയർന്നു വരുന്ന സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിനുള്ള പ്രവർത്തന സന്നദ്ധതയുടെയും പ്രതിരോധശേഷിയുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് അദ്ദേഹം സൈനികരുമായി സംവദിച്ചു.
ഉദ്യോഗസ്ഥരുടെ പ്രവർത്തന സന്നദ്ധതയെയും ഉന്നതമായ മനോവീര്യത്തെയും പ്രശംസിച്ച അദ്ദേഹം ഭാവിയിലെ വെല്ലുവിളികളോട് ഫലപ്രദമായി പ്രതികരിക്കാനുള്ള അവരുടെ ശേഷിയിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
സൗത്ത് വെസ്റ്റേൺ കമാൻഡ്, ആർമി കമാൻഡർ, ലെഫ്റ്റനന്റ് ജനറൽ മഞ്ജീന്ദർ സിംഗ്, സൗത്ത് വെസ്റ്റേൺ എയർ കമാൻഡ്, എയർ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ്, എയർ മാർഷൽ നാഗേഷ് കപൂർ എന്നിവർ സംയുക്ത സൈനിക മേധാവിയ്ക്കൊപ്പം സന്നിഹിതരായിരിന്നു. ഓപ്പറേഷൻ സിന്ദൂറിൽ സൈനികർ പ്രകടിപ്പിച്ച മാതൃകാപരമായ ധൈര്യത്തെ അംഗീകരിച്ചുകൊണ്ട് നടത്തിയ സന്ദർശനം അഭിമാനപൂരിതമായ അന്തരീക്ഷം സൃഷ്ടിച്ചു. ഓപ്പറേഷനിൽ വിന്യസിച്ചിരിക്കുന്ന ഏറ്റവും നൂതനവും കരുത്തുറ്റതുമായ വ്യോമ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് അദ്ദേഹത്തെ ധരിപ്പിച്ചു . സന്ദർശന വേളയിൽ ജനറൽ ചൗഹാൻ മുതിർന്ന സൈനിക കമാൻഡർമാരുമായി തന്ത്രപരമായ ചർച്ചകളും നടത്തി.
ഓപ്പറേഷന്റെ സജീവ ഘട്ടത്തിൽ സൈനികർ പ്രകടമാക്കിയ അനിതരസാധാരണമായ ധൈര്യത്തെയും പ്രൊഫഷണലിസത്തെയും ജനറൽ ചൗഹാൻ പ്രശംസിച്ചു. രാജ്യ സുരക്ഷയെ അതിലംഘിക്കാൻ പടിഞ്ഞാറുള്ള ശത്രു നടത്തിയ അനവധി ശ്രമങ്ങളെ നിർവീര്യമാക്കുന്നതിൽ സൈനികരുടെ നിസ്വാർത്ഥ സമർപ്പണം, ദൃഢനിശ്ചയം, അചഞ്ചലമായ പ്രതിബദ്ധത എന്നിവ എടുത്തുകാണിച്ചുകൊണ്ട്, സൈനിക പ്രൊഫഷണലിസത്തിന്റെ ഉന്നത നിലവാരം അവർ ഉയർത്തിപ്പിടിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഏത് വെല്ലുവിളിയെയും നിർണ്ണായക ശക്തിയോടെ നേരിടാൻ എപ്പോഴും സജ്ജരായിരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും സംയുക്ത സൈനിക മേധാവി (CDS) ഊന്നൽ നൽകി.
തന്റെ പ്രസംഗത്തിൽ, സേനാവിഭാഗങ്ങൾ തമ്മിലുള്ള ഉജ്ജ്വലമായ സഹകരണത്തെ സംയുക്ത സൈനിക മേധാവി പ്രശംസിച്ചു. പ്രാദേശിക ജനാധിപത്യ ഭരണകൂടത്തിന്റെ പിന്തുണയ്ക്ക് ജനറൽ ചൗഹാൻ നന്ദി പറഞ്ഞു. അത്തരം നിർണായക സാഹചര്യത്തിൽ സൈനിക-പൊതുസമൂഹ സഹകരണത്തിന്റെ പ്രാധാന്യം അദ്ദേഹം അടിവരയിട്ടു വ്യക്തമാക്കി.
ഈ സന്ദർശനം രാജ്യത്തിന്റെ സായുധ സേനയോടുള്ള നന്ദി ആവർത്തിച്ച് പ്രകടമാക്കുകയും ഐക്യം, സന്നദ്ധത, അചഞ്ചലമായ ദേശീയ പ്രതിബദ്ധത എന്നിവയുടെ സന്ദേശം പ്രബലമാക്കുകയും ചെയ്തു.
****
(Release ID: 2129786)