ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

സുതാര്യതയും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിന് UIDAI വ്യക്തിപരേതര ആധാര്‍ ഡാഷ്‌ബോര്‍ഡ് ഡാറ്റ പങ്കുവയ്ക്കുന്നു

പൊതുനന്മയ്ക്കായി വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള നയങ്ങള്‍ക്കും ഓപ്പണ്‍ ഡാറ്റായ്ക്കുമുള്ള ഇന്ത്യയുടെ കാഴ്ചപ്പാടിന് അനുസൃതമാണ് UIDAIയുടെ ഡാറ്റാ സംരംഭം

Posted On: 19 MAY 2025 5:35PM by PIB Thiruvananthpuram
ആധാര്‍ ഡാഷ്‌ബോര്‍ഡില്‍ നിന്നുള്ള വ്യക്തിപരേതരവും വ്യക്തികളെ തിരിച്ചറിയാന്‍ സാധിക്കാത്തതുമായ ഡാറ്റാ  data.gov.in എന്ന ഓപ്പണ്‍ ഗവണ്‍മെന്റ് പ്ലാറ്റ്‌ഫോമില്‍ പങ്കിടുന്നതിനുള്ള നടപടികള്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ആരംഭിച്ചു. സുതാര്യത, ഗവേഷണം, ഡാറ്റാധിഷ്ഠിത നയരൂപീകരണം എന്നിവ കൂടുതല്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

UIDAIയുടെ ചീഫ് ഡാറ്റാ ഓഫീസറും (CDO) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലും പുറത്തിറക്കിയ ഡാറ്റാസെറ്റുകളില്‍ നിന്നും ഭൂമിശാസ്ത്രം, പ്രായം തുടങ്ങിയ പ്രസക്തമായ വിവരങ്ങള്‍ അനുസരിച്ച് തരംതിരിച്ച ആധാര്‍ എന്റോള്‍മെന്റ്, പുതുക്കലുകള്‍, പ്രമാണീകരണ ഘടനകള്‍ എന്നിവയെക്കുറിച്ചുള്ള സംയോജിത കാഴ്ചപ്പാട് ലഭിക്കുന്നു.

വ്യക്തിപരേതരവും വ്യക്തികളെ തിരിച്ചറിയാന്‍ സാധിക്കാത്തതുമായ വിവരങ്ങള്‍ പ്രാപ്യമാക്കുന്നതിലൂടെ, അക്കാദമിക് ഗവേഷണം, ഡിജിറ്റല്‍ സേവനങ്ങളിലെ നവീകരണം, കൂട്ടായ വികസനം എന്നിവയെ പിന്തുണയ്ക്കുക എന്നതാണ് UIDAI ലക്ഷ്യമിടുന്നത്.

വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണത്തിനും സാങ്കേതിക നവീകരണത്തിനുമായി പുതുവഴികള്‍ തുറക്കുന്ന ഈ സംരംഭം, സുതാര്യത, പൊതുനന്മ, സുരക്ഷിത ഡാറ്റാ നിര്‍വ്വഹണം എന്നിവയോടുള്ള UIDAIയുടെ പ്രതിബദ്ധതയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു.

വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണം പ്രോത്സാഹിപ്പിക്കുന്നതിനും പൊതു നന്മയ്ക്കായി ഓപ്പണ്‍ ഡാറ്റയുടെ മൂല്യം പരമാവധി പ്രയോജനപ്പെടുത്തുന്നതിനുമുള്ള ഗവണ്‍മെന്റിന്റെ വിശാല കാഴ്ചപ്പാടിനോടു പൊരുത്തപ്പെടുന്നതാണ് ഇത്. ഡിജിറ്റല്‍ ഉള്‍പ്പെടുത്തലും ഭരണ കാര്യക്ഷമതയും ഇതു കൂടുതല്‍ വര്‍ദ്ധിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു.
 
*******************

(Release ID: 2129749)