സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
ആഗോള പ്രവേശനക്ഷമത അവബോധ ദിനമായ ഇന്ന് DEPwD ന്യൂഡല്‍ഹിയില്‍ 'ഇന്‍ക്ലൂസീവ് ഇന്ത്യ ഉച്ചകോടി' സംഘടിപ്പിച്ചു
രാജ്യത്തെ ദിവ്യാംഗര്‍ക്ക് സമഗ്ര വികസനത്തിനും ഡിജിറ്റല്‍ പ്രാപ്യതയ്ക്കും ഉച്ചകോടി പ്രോത്സാഹനം നല്‍കുന്നു
DEPwD-ഉം ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന മറ്റു സംഘടനകളും തമ്മില്‍ മൂന്നു ധാരണാപത്രങ്ങള്‍ ഒപ്പുവയ്ക്കുന്നതിനു സാക്ഷ്യം വഹിച്ചു
Posted On:
15 MAY 2025 6:12PM by PIB Thiruvananthpuram
ആഗോള പ്രവേശനക്ഷമത അവബോധ ദിനത്തോടനുബന്ധിച്ച് (GAAD) 2025 മെയ് 15ന് ന്യൂഡല്‍ഹിയിലെ ഇന്ത്യാ ഇന്റര്‍നാഷണല്‍ സെന്ററില്‍ ഇന്‍ക്ലൂസീവ് ഇന്ത്യാ ഉച്ചകോടി സംഘടിപ്പിച്ചു. എസ്ബിഐ ഫൗണ്ടേഷന്‍, ന്യൂഡല്‍ഹിയിലെ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് (NAB) എന്നിവയുടെ സഹകരണത്തോടെയും അസോസിയേഷന്‍ ഓഫ് പീപ്പിള്‍ വിത്ത് ഡിസെബിലിറ്റി (APD), മിഷന്‍ ആക്‌സസബിലിറ്റി (Dhananjay Sanjogta Foundation) എന്നിവയുടെ പിന്തുണയോടെയും ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനുള്ള ഡിപ്പാര്‍ട്ട്‌മെന്റും (DEPwD) കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയവും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

ഭിന്നശേഷിക്കാരുടെ ജീവിതത്തില്‍ പ്രവേശനക്ഷമതയും ഉള്‍ക്കൊള്ളിക്കലും ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും സമൂഹത്തിന്റെ കൂട്ടായ കടമയാണെന്നും മുഖ്യാതിഥിയായ ശ്രീ രാജേഷ് അഗര്‍വാള്‍, സെക്രട്ടറി (DEPwD) ഊന്നിപ്പറഞ്ഞു. ജീവിതത്തിന്റെ മൂന്നു പ്രധാന വശങ്ങളായ ജീവിതം, പഠനം, ഉപജീവനം എന്നിവ എടുത്തുകാട്ടിക്കൊണ്ട്, ഓരോ ദിവ്യാംഗനും അന്തസോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. ദൈനംദിന ജീവിതം സുഗമമാക്കുന്നതില്‍ സാങ്കേതികവിദ്യയുടെ പരിവര്‍ത്തനപരമായ പങ്ക് അദ്ദേഹം അടിവരയിടുകയും അത് കൂടുതല്‍ പ്രാപ്യമാക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണെന്നും ദിവ്യാംഗരായ കുട്ടികളെ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള മുഖ്യധാരാ വിദ്യാഭ്യാസം വിവേചനമില്ലാതെ ലഭ്യമാക്കുന്നതിനു പ്രാപ്തമായ അടിസ്ഥാന സൗകര്യം നാം വികസിപ്പിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്‌പെഷ്യല്‍ സ്‌കൂളുകള്‍ പ്രധാനമാണെങ്കിലും ഉള്‍ക്കൊള്ളിക്കുന്ന തരത്തിലുള്ള സ്‌കൂളുകളുടെ പ്രസക്തി ഇന്നു കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഉപജീവനമാര്‍ഗ്ഗത്തെക്കുറിച്ചു സംസാരിക്കവെ, ദിവ്യാംഗരെ സ്വയംപര്യാപ്തരാക്കേണ്ടതിന്റെ പ്രാധാന്യം ശ്രീ അഗര്‍വാള്‍ എടുത്തു പറഞ്ഞു. വികലാംഗരായ നിരവധി യുവതീയുവാക്കള്‍ വിവിധ മേഖലകളില്‍ വിജയത്തിന്റെ മാതൃകകള്‍ സൃഷ്ടിക്കുന്നുണ്ട്. ദിവ്യാംഗരായ കുട്ടികളില്‍ വിശ്വാസം അര്‍പ്പിച്ച് അവര്‍ക്ക് അവസരങ്ങള്‍ നല്‍കണമെന്ന് മാതാപിതാക്കളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വൈദഗ്ധ്യമുള്ള വികലാംഗരായ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിലൂടെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് കോര്‍പ്പറേറ്റ് മേഖല നല്‍കുന്ന സംഭാവനകളെയും അദ്ദേഹം അഭിനന്ദിച്ചു.

പരിപാടിയില്‍, DEPwD വിവിധ സംഘടനകളുമായി മൂന്നു ധാരണാപത്രങ്ങള്‍ (MoU) ഒപ്പുവച്ചു:
1. ഐ ഫോര്‍ ഹ്യൂമാനിറ്റി ഫൗണ്ടേഷന്‍- ഈ എംഒയു പ്രവേശനക്ഷമതയുള്ള സാഹചര്യവും ഗതാഗത സംവിധാനവും വികസിപ്പിക്കുന്നതിനു ലക്ഷ്യം വയ്ക്കുന്നു. പൊതു കെട്ടിടങ്ങളുടെ ' ആക്‌സസബിലിറ്റി ഇന്‍ഡക്‌സ്' ഓഡിറ്റ് ചെയ്യുന്നതിനും നടപ്പാക്കിയിട്ടുണ്ടോ എന്നു സാക്ഷ്യപ്പെടുത്തുന്നതിനും ചെക്ക്‌ലിസ്റ്റ്, ടൂള്‍കിറ്റ് എന്നിവയുടെ നിര്‍മ്മാണവും ഇതില്‍ ഉള്‍പ്പെടുന്നു.
2. നിപ്മാന്‍ ഫൗണ്ടേഷനും യംഗ് ലീഡേഴ്‌സ് ഫോര്‍ ആക്ടീവ് സിറ്റിസണ്‍ഷിപ്പും (YLAC)-വികലാംഗരുടെ അവകാശങ്ങളെക്കുറിച്ചുള്ള അവബോധം, നൂതനത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ എംഒയു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉള്‍ക്കൊള്ളിക്കല്‍ രീതികളെ അംഗീകരിക്കുന്നതിനായി ഈ പങ്കാളിത്തത്തിനു കീഴില്‍ ഹാക്കത്തോണുകള്‍, ദേശീയ മത്സരങ്ങള്‍, തുല്യ അവസരങ്ങള്‍ക്കു ബഹുമതി എന്നിവ സംഘടിപ്പിക്കും.
3. റാംപ് മൈ സിറ്റി ഫൗണ്ടേഷന്‍- ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍, വിനേദസഞ്ചാര കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവയുള്‍പ്പടെ തടസ്സങ്ങളില്ലാത്ത പൊതു അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നിതില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ളതാണ് ഈ കുട്ടുകെട്ട്.
സര്‍വ്വം എഐയുമായി സഹകരിച്ച് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ശബ്ദ, വാട്ട്‌സ്ആപ്പ് അധിഷ്ടിതവും നിര്‍മ്മിതബുദ്ധി സജ്ജവുമായ ചാറ്റ്‌ബോട്ടിന്റെ പ്രദര്‍ശനവും ഉച്ചകോടിയില്‍ നടന്നു. വികലാംഗരുമായി ബന്ധപ്പെട്ട പദ്ധതികളെയും സംരംഭങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ദിവ്യാംഗര്‍ക്ക് എളുപ്പം പ്രാപ്യമാക്കുന്നതിനാണ് ചാറ്റ്‌ബോട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ആക്‌സസബിലിറ്റി എന്നത് ഒരു ഒറ്റപ്പെട്ട ശ്രമമല്ലെന്നും മറിച്ച് ഒരു കൂട്ടായ സംരഭമാണെന്നും തദവസരത്തില്‍ അഡീഷണല്‍ സെക്രട്ടറി (DEPwD) ശ്രീമതി മന്‍മീത് കൗര്‍ നന്ദ പ്രസ്താവിച്ചു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹത്തില്‍ ദിവ്യാംഗ സമൂഹത്തിന്റെ മികച്ച പങ്കാളിത്തം ഉറപ്പാക്കുന്ന ഫലപ്രദമായ ഒരു സംവിധാനം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത അവര്‍ ഊന്നിപ്പറഞ്ഞു. ഏതൊരു ഭിന്നശേഷിക്കാരന്റെയും വികസനത്തിന്റെയും ഉള്‍ക്കൊള്ളിക്കലിന്റെയും അടിസ്ഥാനം പ്രവേശനക്ഷമത ആണെന്നും അവര്‍ പറഞ്ഞു.
പ്രവേശനക്ഷമത എന്നത് ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമല്ല, മറിച്ച് വികലാംഗരുടെ ജീവിതത്തില്‍ മുഴുവനും ഒരു നല്ല പരിവര്‍ത്തനം കൊണ്ടുവരുന്ന ഒരു മാര്‍ഗ്ഗം കൂടിയാണെന്ന് എസ്ബിഐ ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ശ്രീ സഞ്ജയ് പ്രകാശ് അഭിപ്രായപ്പെട്ടു.
ഗവണ്‍മെന്റിന്റെയും സമൂഹത്തിന്റെയു കൂട്ടായ ശ്രമങ്ങളിലൂടെ പ്രാപ്യതയുള്ളതും സമഗ്രവുമായ ഒരു ഭാവിക്ക് ശക്തമായ അടിത്തറപാകിക്കൊണ്ട്, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായി ഈ ഉച്ചകോടി അടയാളപ്പെടുത്തപ്പെടും. DEPwD യിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, NAB, APD, മിഷന്‍ ആക്‌സസബിലിറ്റി, എസ്ബിഐ ഫൗണ്ടേഷന്‍, വിവിധ സര്‍ക്കാരിതര സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.
**************************
(Release ID: 2128952)