പഞ്ചായത്തീരാജ് മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ ഗ്രാമീണ ഭരണനിര്‍വഹണ മാതൃകകൾ പകർത്താൻ താൽപ്പര്യം പ്രകടിപ്പിച്ച് രാജ്യങ്ങൾ; 2025-ലെ ലോകബാങ്ക് ഭൂസമ്മേളനത്തിന് സമാപനം

Posted On: 09 MAY 2025 3:52PM by PIB Thiruvananthpuram

2025-ലെ ലോകബാങ്ക് ഭൂസമ്മേളനത്തില്‍ ശക്തവും ഫലപ്രദവുമായ സാന്നിധ്യം രേഖപ്പെടുത്തി ഇന്ത്യ. 2025 മെയ് 5 മുതൽ 8 വരെ വാഷിംഗ്ടൺ ഡി.സി.യിൽ നടന്ന നാലുദിവസ സമ്മേളനത്തിൽ പഞ്ചായത്തിരാജ് മന്ത്രാലയ സെക്രട്ടറി ശ്രീ വിവേക് ഭരദ്വാജിന്റെ നേതൃത്വത്തിൽ ഇന്ത്യ വിജയരാഷ്ട്രമായി അടയാളപ്പെടുത്തപ്പെട്ടു. എല്ലാവരെയും ഉൾക്കൊള്ളുന്നതും സാങ്കേതികവിദ്യാധിഷ്ഠിതവുമായ ഗ്രാമീണ ഭരണ മാതൃകകളായി സ്വാമിത്വ പദ്ധതി, ഗ്രാം മഞ്ചിത്ര പ്ലാറ്റ്‌ഫോം തുടങ്ങിയ ഇന്ത്യയുടെ മുൻനിര സംരംഭങ്ങള്‍ സമ്മേളനത്തില്‍ ആഗോള ശ്രദ്ധ പിടിച്ചുപറ്റി. 

 

‘ഭൂവുടമസ്ഥതയിലെയും ഭരണ പരിഷ്കരണത്തിലെയും മികച്ച രീതികളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്ലീനറി സെഷനിൽ സ്വാമിത്വ വഴി സുരക്ഷിതമായ ഭൂവുടമസ്ഥത ഗ്രാമീണ ഇന്ത്യയിൽ ഉപജീവനം മെച്ചപ്പെടുത്തുകയും സ്ത്രീശാക്തീകരണത്തിലേക്ക് നയിക്കുകയും വായ്പ ലഭ്യമാക്കുകയും ചെയ്യുന്നുവെന്ന് വിശദീകരിച്ചപ്പോൾ രാജ്യത്തുടനീളം കർഷകരുടെയും സ്ത്രീകളുടെയും ചെറുകിട സംരംഭകരുടെയും യഥാർത്ഥ ജീവിത വിജയഗാഥകൾ ഇന്ത്യയിലെ സ്വത്തവകാശങ്ങളുടെയും ഔപചാരിക ഭൂരേഖകളുടെയും അടിസ്ഥാനതല സ്വാധീനം പ്രകടമാക്കി. 68,000 ചതുരശ്ര കിലോമീറ്റർ സർവേയിലൂടെ 1.16 ട്രില്യൺ രൂപ വിലമതിക്കുന്ന ഭൂമിയിൽ ധനസമ്പാദനം നടത്തിയ സ്വാമിത്വ എല്ലാവരെയെും ഉൾക്കൊള്ളുന്ന സാമ്പത്തിക പരിവർത്തനത്തിന്റെ വിപുലീകരിക്കാവുന്ന മാതൃകയായി ആഗോളതലത്തിൽ വേറിട്ടു നിന്നു. തുടർന്ന് ‘ഒരു ബില്യൺ ജനങ്ങള്‍ക്ക് ഭൂമി അവകാശങ്ങൾ ഉറപ്പാക്കൽ’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച പ്രത്യേക ഉന്നതതല സെഷന് പഞ്ചായത്തീരാജ് മന്ത്രാലയം നേതൃത്വം നല്‍കി. ലോകബാങ്ക് ഡിവിഷനുകളുടെയും നിരവധി രാജ്യങ്ങളുടെയും പ്രതിനിധികൾ സെഷനില്‍ പങ്കെടുത്തു, ഡ്രോൺ സർവേകളും നിയമ ചട്ടക്കൂടുകളും മുതൽ ഉടമസ്ഥത കാർഡ് വിതരണവും സ്ഥാപന സംയോജനവും വരെ സ്വാമിത്വ പദ്ധതിയുടെ അടിസ്ഥാനതല നടപ്പാക്കലും സ്വാധീനവും സെഷന്‍ എടുത്തുകാണിച്ചു.

 

 

‘കാലാവസ്ഥാ പ്രവർത്തനത്തിനും ദുരന്ത നിവാരണ നിര്‍വഹണത്തിനും ഭൂ-അടിത്തറ രൂപീകരണം’ എന്ന വിഷയത്തില്‍ മെയ് 8 ന് സംഘടിപ്പിച്ച സാങ്കേതിക സെഷനിൽ വിവരാധിഷ്ഠിതവും പ്രാദേശികവൽകൃതവുമായ വികസന പദ്ധതികൾ തയ്യാറാക്കാൻ ഗ്രാമപഞ്ചായത്തുകളെ പ്രാപ്തമാക്കുന്ന ഭൂസംബന്ധ ആസൂത്രണ സംവിധാനമായ ഗ്രാം മഞ്ചിത്ര പഞ്ചായത്തീരാജ് മന്ത്രാലയ ജോയിന്റ് സെക്രട്ടറി ശ്രീ അലോക് പ്രേം നാഗർ അവതരിപ്പിച്ചു. കാലാവസ്ഥാ പ്രതിരോധം, അടിസ്ഥാന സൗകര്യ ആസൂത്രണം, പദ്ധതി സംയോജനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ഈ സംവിധാനത്തിന്റെ പങ്ക് ദക്ഷിണാര്‍ധഗോള പശ്ചാത്തലത്തില്‍ പ്രയോഗക്ഷമത വിലമതിക്കുംവിധം പ്രകടമാക്കി. ദുരന്ത തയ്യാറെടുപ്പിനും സമഗ്ര വികസനത്തിനും ഭാവി പരിഹാരമായി ഗ്രാം മഞ്ചിത്രയെ അടയാളപ്പെടുത്തുന്നതില്‍ ശേഷിവർധന, സാമ്പത്തിക പ്രോത്സാഹനം, സാമുദായിക ഇടപെടൽ എന്നിവയുടെ പ്രാധാന്യം ശ്രീ നാഗർ തന്റെ അവതരണത്തിൽ എടുത്തുപറഞ്ഞു. 

 

***


(Release ID: 2128039)