ബഹിരാകാശ വകുപ്പ്‌
azadi ka amrit mahotsav

ഗ്ലോബൽ സ്‌പേസ് എക്‌സ്‌പ്ലോറേഷൻ സമ്മിറ്റ് GLEX 2025 കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്യും

Posted On: 06 MAY 2025 6:15PM by PIB Thiruvananthpuram

ന്യൂഡൽഹി, 2025 മെയ് 6

2025 മെയ് 7 മുതൽ 9 വരെ ന്യൂഡൽഹിയിൽ നടക്കുന്ന ഗ്ലോബൽ സ്‌പേസ് എക്‌സ്‌പ്ലോറേഷൻ കോൺഫറൻസിന്റെ (GLEX 2025) 12-ാമത് പതിപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും.

"പുതു ലോകങ്ങളിലേക്കുള്ള സഞ്ചാരം: ബഹിരാകാശ പര്യവേക്ഷണത്തിലെ നവോത്ഥാനം" എന്ന പ്രമേയത്തിലൂന്നി സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ആഗോള ഉച്ചകോടി ശാസ്ത്ര സാങ്കേതിക വകുപ്പ് (സ്വതന്ത്ര ചുമതല), ഭൗമശാസ്ത്ര വകുപ്പ് (സ്വതന്ത്ര ചുമതല), പ്രധാനമന്ത്രിയുടെ ഓഫീസ്, ആണവോർജ്ജ വകുപ്പ്, ബഹിരാകാശ വകുപ്പ്, ഉദ്യോഗസ്ഥ, പൊതുജന പരാതി പരിഹാര, പെൻഷൻ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്യും.

ഉച്ചകോടിയ്ക്ക് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ, കഴിഞ്ഞ ദശകത്തിൽ ആഗോള ബഹിരാകാശ നേതൃത്വത്തിലേക്ക് ഇന്ത്യ നടത്തിയ പ്രയാണം ഡോ. ജിതേന്ദ്ര സിംഗ് എടുത്തുപറഞ്ഞു. ഈ പരിവർത്തന യാത്രയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദാർശനിക നേതൃത്വമാണ് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷൻ (IAF), ആതിഥേയരായ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO), സഹ-ആതിഥേയരായ ആസ്ട്രോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ (ASI) എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന GLEX 2025, ആഗോള ബഹിരാകാശ സമൂഹത്തിൽ ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന നേതൃപരമായ പങ്കിൽ ഒരു നാഴികക്കല്ലാണ്.

2010-ൽ ആരംഭം കുറിച്ച ശേഷം സംവാദം, സഹകരണം, നൂതനാശയങ്ങൾ എന്നിവയ്‌ക്കുള്ള സുപ്രധാന വേദിയായി ആഗോള ബഹിരാകാശ പര്യവേഷണ സമ്മേളനം മാറിക്കഴിഞ്ഞു. 36 രാജ്യങ്ങളിൽ നിന്നുള്ള 233 അന്താരാഷ്ട്ര പ്രതിനിധികൾ ഉൾപ്പെടെ 1800-ലധികം പേർ പങ്കെടുത്ത റെക്കോർഡ് പങ്കാളിത്തത്തോടെ GLEX 2025 ആ പാരമ്പര്യം തുടരുന്നു. അഭൂതപൂർവമായ അക്കാദമിക ഇടപെടലിൽ, 57 രാജ്യങ്ങളിൽ നിന്ന് 1,275 സംക്ഷിപ്ത പ്രബന്ധങ്ങൾ സമർപ്പിക്കപ്പെട്ടു.- IAF ആഗോള സമ്മേളനത്തിന് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന സംഖ്യയാണിത്.

57 രാജ്യങ്ങളിൽ നിന്ന് ആകെ 1,275 സംക്ഷിപ്ത പ്രബന്ധങ്ങൾ ലഭിച്ചു. ആകെ സമർപ്പിച്ചതിന്റെ 64% വരുന്ന 822 സംക്ഷിപ്ത പ്രബന്ധങ്ങൾ ഇന്ത്യയിൽ നിന്നാണ്. 453 സംക്ഷിപ്ത പ്രബന്ധങ്ങൾ, 36% വരുന്ന, അന്താരാഷ്ട്ര പ്രതിനിധികളിൽ നിന്നാണ് ലഭിച്ചത്. ഈ വർഷത്തെ സംക്ഷിപ്ത പ്രബന്ധങ്ങളുടെ മറ്റൊരു പ്രത്യേകത വിദ്യാർത്ഥികളുടെ ഉയർന്ന പങ്കാളിത്തമാണ്. 562 സംക്ഷിപ്ത പ്രബന്ധങ്ങളാണ് അവരുടെ സംഭാവന. ഇത് ആഗോളതലത്തിൽ തന്നെ ബഹിരാകാശ പര്യവേഷണത്തിൽ പുതു തലമുറയുടെ വർദ്ധിച്ചുവരുന്ന താത്പര്യവും ഇടപെടലും വെളിവാക്കുന്നു.

15 വിഷയങ്ങളെ ആസ്പദമാക്കി 10 സമാന്തര സാങ്കേതിക സെഷനുകളും 240-ലധികം സംവേദനാത്മക അവതരണങ്ങളും സമ്മേളനത്തിൽ ഉണ്ടാവും. ബഹിരാകാശ പര്യവേഷണത്തിലെ ആഗോള പ്രമുഖർ അഭിസംബോധന ചെയ്യുന്ന പ്ലീനറി സെഷനുകളായിരിക്കും പരിപാടിയുടെ ഒരു പ്രധാന ആകർഷണം, കേന്ദ്ര ബഹിരാകാശ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്; ജോസഫ് ആഷ്ബാക്കർ, ESA (യൂറോപ്പ്); കസുയോഷി കവാസാക്കി, ജപ്പാൻ; വി. നാരായണൻ, ചെയർമാൻ, ISRO; ജിൽ സ്മിത്ത്, യുഎസ്എ; വു വെയ് രെൻ, ചൈന; സേലം അൽ മാരി, യുഎഇ എന്നിവർ പങ്കെടുക്കും.

ഹസ്സ അൽ മൻസൂരി (യുഎഇ); ആൽപർ ഗെസെറാവ്സി (തുർക്കിയേ); മൈക്കൽ ലോപ്പസ്-അലെഗ്രിയ (യുഎസ്എ/സ്പെയിൻ); അംഗദ് പ്രതാപ് (ഇന്ത്യ); ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശയാത്രികൻ രാകേഷ് ശർമ്മ തുടങ്ങിയവരും സന്നിഹിതരാകും.

ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പുകൾ, ആഗോള ബഹിരാകാശ കമ്പനികൾ, ISRO എന്നിവയുൾപ്പെടെയുള്ള 22 പ്രമുഖ സംഘടനകളുടെ, ഡോ. ജിതേന്ദ്ര സിംഗ് ഉദ്ഘാടനം നിർവ്വഹിക്കുന്ന ബഹിരാകാശ പ്രദർശനമായിരിക്കും മറ്റൊരു പ്രധാന ആകർഷണം.

GLEX 2025 ന്റെ വിജയത്തിനായുള്ള ISRO യുടെ ശക്തമായ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന ഉച്ചകോടിയ്ക്ക് മുന്നോടിയായി വൂളിച്ചു ചേർത്ത മാധ്യമ സമ്മേളനത്തിൽ  ISRO ചെയർമാൻ ഡോ. വി. നാരായണനും മുതിർന്ന ബഹിരാകാശ ശാസ്ത്രജ്ഞരുടെ ഒരു സംഘവും പങ്കെടുത്തു.


(Release ID: 2127382)