ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
2024-25 ൽ ആധാർ അധിഷ്ഠിത ഇടപാടുകൾ 2,707 കോടി കവിഞ്ഞു; UIDAI യുടെ മുഖ പ്രമാണീകരണ പരിഹാരങ്ങൾക്ക് വേഗതയേറുന്നു
ആധാർ അധിഷ്ഠിത മുഖ പ്രമാണീകരണത്തിലെ കുതിപ്പ് കണക്കിലെടുത്ത് UIDAI ക്ക് നൂതനാശയങ്ങൾക്കുള്ള പ്രധാനമന്ത്രിയുടെ പുരസ്ക്കാരം ലഭിച്ചു.
2024-25 ൽ 2,707 കോടിയിലധികം ആധാർ അധിഷ്ഠിത ഇടപാടുകൾ നടന്നു. മാർച്ചിൽ മാത്രം നടന്ന 247 കോടി ഇടപാടുകൾ ഇതിൽ ഉൾപ്പെടുന്നു.
Posted On:
28 APR 2025 5:51PM by PIB Thiruvananthpuram
ബാങ്കിംഗ്, ധനകാര്യം, ടെലികോം തുടങ്ങിയ മേഖലകളിലെയും, വിവിധ സർക്കാർ പദ്ധതികൾക്കും സേവനങ്ങൾക്കും കീഴിലുള്ള ആനുകൂല്യങ്ങൾ സുഗമമായി കൈമാറുന്നതിലെയും ആധാറിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനം വ്യക്തമാക്കുന്നത് ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന പ്രധാന ഘടകമായി ആധാർ മാറിയിരിക്കുന്നു എന്നാണ്. 2025 മാർച്ചിലെ ആധാർ അധിഷ്ഠിത ഇടപാടുകളുടെ എണ്ണം (246.75 കോടി) കഴിഞ്ഞ വർഷം ഇതേകാലയളവുമായും, 2025 ഫെബ്രുവരിയിലെ ഇടപാടുകളുമായും താരതമ്യം ചെയ്യുമ്പോൾ വളരെ കൂടുതലാണ്. ആരംഭശേഷം ഇതുവരെ ഇടപാടുകളുടെ ആകെ എണ്ണം14,800 കോടി കവിഞ്ഞു.
UIDAI സ്വന്തമായി വികസിപ്പിച്ച AI/ML അധിഷ്ഠിത ആധാർ മുഖ പ്രമാണീകരണ പരിഹാരങ്ങൾ ഗണ്യമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നു. മാർച്ചിൽ അത്തരം 15 കോടിയിലധികം ഇടപാടുകൾ നടന്നു. ഇത് വർദ്ധിച്ചുവരുന്ന ഉപയോഗത്തിന്റെയും ഈ പ്രാമാണീകരണ രീതി കൂടുതൽ സ്വീകര്യമാകുന്നതിന്റെയും ആധാർ നമ്പർ ഉടമകൾ എത്രമാത്രം സുഗമമായി ഇത് പ്രയോജനപ്പെടുന്നു എന്നതിന്റെയും സൂചനയാണ്. ആനുകൂല്യങ്ങളുടെയും സേവനങ്ങളുടെയും സുഗമമായ വിതരണത്തിനായി സർക്കാർ, സ്വകാര്യ മേഖലയിലെ 100-ലധികം സ്ഥാപനങ്ങൾ മുഖ പ്രമാണീകരണ പരിഹാരങ്ങൾ ഉപയോഗിക്കുന്നു.
ഏപ്രിൽ 21-ന്, പൊതുഭരണ മികവിനുള്ള പ്രധാനമന്ത്രിയുടെ അഭിമാനകരമായ പുരസ്ക്കാരം UIDAI ക്ക് ലഭിച്ചു. UIDAI യുടെ മുഖ പ്രമാണീകരണ സംവിധാനങ്ങൾക്കുള്ള നൂതനാശയ വിഭാഗത്തിന് കീഴിലാണ് പുരസ്ക്കാരം ലഭിച്ചത്.
ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനകാര്യ സേവനങ്ങൾ ഉൾപ്പെടെയുള്ള മേഖലകളിൽ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിലും ബിസിനസ്സ് സുഗമമാക്കുന്നതിനും ആധാർ ഇ-കെവൈസി സേവനം നിർണ്ണായക പങ്ക് വഹിക്കുന്നു.
2025 മാർച്ചിൽ നടത്തിയ മൊത്തം ഇ-കെവൈസി ഇടപാടുകളുടെ എണ്ണം (44.63 കോടി) കഴിഞ്ഞ വർഷം ഇതേ കാലയളവിലെ ഇടപാടുകളുടെ എണ്ണത്തേക്കാൾ 6% കൂടുതലാണ്. 2025 മാർച്ച് 31 ലെ കണക്കനുസരിച്ച് ഇ-കെവൈസി ഇടപാടുകളുടെ ആകെ എണ്ണം 2356 കോടിയിലെത്തി.
അതുപോലെ, 2025 മാർച്ചിൽ 20 ലക്ഷം പുതിയ ആധാർ നമ്പറുകൾ സൃഷ്ടിക്കപ്പെട്ടു. ആധാർ ഉടമകളിൽ നിന്നുള്ള അപേക്ഷകളെത്തുടർന്ന് 1.91 കോടിയിലധികം ആധാറുകൾ വിജയകരമായി പുതുക്കി നൽകി.
SKY
*******
(Release ID: 2125061)