ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഗവർണർ രവി തന്റെ സത്യപ്രതിജ്ഞയോട് നീതി പുലർത്തുന്നു, ഭരണഘടനാപരമായ ബാധ്യതകൾ നീതിയുക്തം നിറവേറ്റുന്നു: തമിഴ്‌നാട്ടിലെ സംസ്ഥാന, കേന്ദ്ര, സ്വകാര്യ സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ സമ്മേളനത്തിൽ ഉപരാഷ്ട്രപതി

വൈസ് ചാൻസലർ പദവി എന്ന സ്ഥാപനത്തിൽ വിശ്വസിക്കാൻ ഭരണകൂടത്തിന്റെ ഭാഗമായ എല്ലാവരോടും അഭ്യർത്ഥിക്കുന്നു: ഉപരാഷ്ട്രപതി

Posted On: 25 APR 2025 4:59PM by PIB Thiruvananthpuram

 

"ആദരണീയനായ തമിഴ്‌നാട്  ഗവർണർ ഈ സമ്മേളനം വിളിച്ചു ചേർത്തത് അദ്ദേഹത്തിന്റെ ഭരണഘടനാദത്തമായ ചുമതല എന്ന നിലയിലാണെന്ന്," വൈസ് ചാൻസലർമാരുടെ സമ്മേളനത്തിൽ ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ ഗവർണറെ പ്രശംസിച്ചു കൊണ്ട് വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 159 പ്രകാരമാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ സത്യപ്രതിജ്‌ഞ പോലെ പ്രാധാന്യമർഹിക്കുന്നതാണ് ഗവർണറുടെ സത്യപ്രതിജ്ഞയും. ഭരണഘടനയെ കാത്തുസൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യും എന്നതാണ്  ഗവർണർ എന്ന നിലയിൽ അദ്ദേഹം സ്വീകരിച്ച സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയിലൂടെ, തമിഴ്‌നാട്ടിലെ ജനങ്ങളെ  സേവിക്കാനും അവരുടെ ക്ഷേമത്തിനു വേണ്ടി സ്വയം സമർപ്പിക്കാനും അദ്ദേഹം നിയോഗിക്കപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമർഹിക്കുന്ന ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ, ഗവർണർ രവി തന്റെ സത്യപ്രതിജ്ഞയോട് പൂർണ്ണമായും നീതി പുലർത്തുന്നു. 2022 ൽ തുടക്കമിട്ട വൈസ് ചാൻസലർമാരുടെ സമ്മേളനമെന്ന സുചിന്തിതമായ ഈ സംരംഭത്തിന് ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. അതിന്റെ ഭാഗമായി സംഘടിപ്പിച്ചതാണ്  ഈ സമ്മേളനവും."

ഉദഗമണ്ഡലത്തിൽ സംഘടിപ്പിച്ച തമിഴ്‌നാട്ടിലെ സംസ്ഥാന, കേന്ദ്ര, സ്വകാര്യ സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സദസ്സിനെ അഭിസംബോധന ചെയ്യവേ ശ്രീ ധൻഖർ പറഞ്ഞു, “ഇന്ത്യയിലെ മഹത്തായ സ്ഥാപനങ്ങളുടെ ഹൃദയഭാഗത്ത്, എല്ലാ കാലത്തും ദീർഘവീക്ഷണമുള്ള വ്യക്തികൾ നേതൃസ്ഥാനത്ത്  ഉണ്ടായിരുന്നു. ആധുനിക കാലത്ത് നാം അവരെ വൈസ് ചാൻസലർമാർ എന്ന് വിളിക്കുന്നു. ഇന്നത്തെ വൈസ് ചാൻസലർമാരെല്ലാം പ്രഗൽഭമതികളായ വ്യക്തിത്വങ്ങളാണ്. അവർ ഒട്ടും നിസ്സാരക്കാരല്ല. തങ്ങളാൽ കഴിയുന്നതെല്ലാം നൽകി സമർപ്പണ മനോഭാവത്തോടെ അവർ പ്രവർത്തിക്കുന്നു. സുപ്രധാന ദൗത്യങ്ങൾ നിർവ്വഹിക്കുന്നതിനിടയിൽ ദുഷ്‌കരമായ സാഹചര്യങ്ങളോ ആകസ്മിക സംഭവങ്ങളോ അവർക്ക് നേരിടേണ്ടി വന്നേക്കാം. എങ്കിലും പരിവർത്തനം സാധ്യമാക്കാനുള്ള അവരുടെ ശേഷിയിൽ ഞാൻ വിശ്വസിക്കുന്നു. ഗുണഫലങ്ങൾ സൃഷ്ടിക്കാൻ കെൽപ്പുള്ള യോഗ്യരായ വിദ്യാഭ്യാസ വിചക്ഷണരാണ് അവർ. നമ്മുടെ പൗരാണിക സർവ്വകലാശാലകളെ മുന്നോട്ടു നയിച്ചിരുന്ന 'കുലപതികളെ' ആണ് അവർ പ്രതിനിധീകരിക്കുകയും പ്രതീകവത്ക്കരിക്കുകയും ചെയ്യുന്നത്. കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളുടെ ഭാഗമായ എല്ലാവരും വൈസ് ചാൻസലറെന്ന സ്ഥാപനത്തിൽ വിശ്വസിക്കണമെന്നും അവർക്ക് ധൈര്യപൂർവ്വം പ്രവർത്തിക്കാൻ കഴിയുന്ന സാധാരണ അന്തരീക്ഷം ഉറപ്പാക്കണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു.”

അക്കാദമിക രംഗം മാറേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം അടിവരയിട്ടു വ്യക്തമാക്കി. “ഇന്ന്, ഭാരതം മാത്രമല്ല, ലോകം മുഴുവനും ശക്തമായ വെല്ലുവിളികളും ദ്രുതഗതിൽ വികസിക്കുന്ന സാങ്കേതിക പ്രശ്നങ്ങളും നേരിടുന്നു. നാം സാക്ഷ്യം വഹിച്ച വ്യാവസായിക വിപ്ലവങ്ങളേക്കാൾ ഏറെ സങ്കീർണ്ണമാണിത്. ഓരോ നിമിഷവും ഓരോ വിപ്ലവകരമായ പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുന്നു. ഈ മാറ്റങ്ങൾക്കൊപ്പം ജീവിത വേഗം നിലനിർത്താൻ പ്രയാസമാണ്. ഈ സാഹചര്യത്തിൽ, ആഗോള ക്രമം കൂടുതൽ സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്നു. ജീവിതത്തിന്റെ സമസ്ത തലങ്ങളെയും ഇത് ബാധിക്കുന്നു. വൈസ് ചാൻസലർമാരുടെ നേതൃത്വത്തിൽ, ഇന്ത്യയുടെ അക്കാദമിക ഭൂമികയുടെ കാവലാളായി പ്രവർത്തിക്കാൻ സർവകലാശാലകൾക്ക് കഴിയണം. കൂടുതൽ വെല്ലുവിളികൾ നേരിടേണ്ടി വരുമ്പോൾ, വെല്ലുവിളികളുടെ ശക്തി കൂടുമ്പോൾ, അവയെ മറികടക്കാൻ മാത്രമല്ല, രാജ്യവും ലോകവും ആഗ്രഹിക്കുന്ന ഗുണഫലങ്ങൾ നൽകാനും നാം അജയ്യരായി ഉയരണം. വൈസ് ചാൻസലർമാർ പരിഹരിക്കേണ്ട മറ്റൊരു വെല്ലുവിളി ഫാക്കൽറ്റിയുമായി ബന്ധപ്പെട്ടതാണ്. ഫാക്കൽറ്റി ലഭ്യത, ഫാക്കൽറ്റി നിലനിർത്തൽ, ഫാക്കൽറ്റി കൂട്ടിച്ചേർക്കൽ എന്നിവ പ്രധാനമാണ്. പരസ്പര വിനിമയത്തിൽ ഏർപ്പെടാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. സാങ്കേതികവിദ്യ യുക്തിപൂർവ്വം ഉപയോഗിക്കുക. നിങ്ങൾ സ്വയം ഒരു ദ്വീപായി മാറരുത്.  ഏറെ വെല്ലുവിളികൾ പരിഹരിക്കപ്പെടേണ്ടതായി ഉള്ളതിനാൽ ഇത് ഒറ്റപ്പെട്ടു നിൽക്കേണ്ട സമയമല്ല. അതിനുള്ള സമയം നമുക്കില്ല."

പഹൽഗാമിൽ അടുത്തിടെ നടന്ന ഭീകരാക്രമണത്തിൽ ശ്രീ ധൻഖർ അഗാധമായ ദുഃഖം രേഖപ്പെടുത്തി, “പഹൽഗാമിൽ നടന്ന ക്രൂരമായ ഭീകരാക്രമണത്തിൽ ഇന്ന് നിങ്ങളും ഞാനും രാഷ്ട്രത്തോടൊപ്പം അണിചേരുന്നു. ഭീകരർ നിരപരാധികളുടെ ജീവൻ അപഹരിച്ചു. ഭീകരത മാനവസമൂഹം ഒറ്റക്കെട്ടായി അഭിസംബോധന ചെയ്യേണ്ട  ആഗോള ഭീഷണിയാണെന്നതിന്റെ ഭയാനകമായ ഓർമ്മപ്പെടുത്തലാണിത്. ലോകത്ത്, ശാന്തിയും സമാധാനം കാംക്ഷിക്കുന്ന രാഷ്ട്രമാണ് ഭാരതം. വസുധൈവ കുടുംബകമെന്ന ആശയത്തെയാണ് നമ്മുടെ സാംസ്ക്കാരിക  ധാർമ്മികത പ്രതിഫലിപ്പിക്കുന്നത്.”

 “ഭരണത്തിൽ മൂന്നാം ഊഴം ലഭിച്ച പ്രധാനമന്ത്രിയുടെ ദാർശനിക നേതൃത്വം, ആന്തരികമോ ബാഹ്യമോ ആയ ഒരു വെല്ലുവിളികളാലും രാജ്യത്തിന്റെ ഉയർച്ചയെ തടസ്സപ്പെടുത്താൻ കഴിയില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ ദേശീയ താത്പര്യമാണ് പരമോന്നതമെന്ന് നാമെല്ലാം മനസ്സിൽ ഉറപ്പിക്കണം. ഭരണഘടനാ നിർമ്മാണ സഭയിലെ തന്റെ സമാപന പ്രസംഗത്തിൽ ഡോ. ബി.ആർ. അംബേദ്കർ ഇത് വ്യക്തമാക്കിയിട്ടുണ്ട്.  രാഷ്ട്രത്തിന് പ്രഥമ പരിഗണന നൽകാൻ നാം സദാ ദൃഢനിശ്ചയം ചെയ്യണം. ദേശീയ താത്പര്യങ്ങൾക്ക് വിഭാഗീയ താത്പര്യങ്ങളുമായി ഇഴ ചേർന്നിരിക്കാൻ സാധ്യമല്ല. ദേശീയ താത്പര്യങ്ങൾക്ക് ഏറ്റവും ഉന്നതമായ സ്ഥാനം നൽകണം.  ദേശീയ താത്പര്യങ്ങൾ രാഷ്ട്രീയപരമോ, വ്യക്തിപരമോ, സംഘടനാപരമോ ആയ ഏതെങ്കിലും താത്പര്യത്തിന് കീഴെയാകാൻ പാടില്ല.”

പരിവർത്തനാത്മകമായ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് പരാമർശിക്കവേ, ഉപരാഷ്ട്രപതി പറഞ്ഞു, “മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം, വിദ്യാഭ്യാസ മേഖലയിലെ എല്ലാവരുടെയും അഭിപ്രായങ്ങൾ പരിഗണിച്ച ശേഷമാണ്, ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചത് . ഈ നയം നമ്മുടെ സാംസ്ക്കാരിക മൂല്യങ്ങൾക്ക് അനുപൂരകമാണ്. ബഹുമുഖ അധ്യയനത്തെ ഇത് പ്രോത്സാഹിപ്പിക്കുന്നു. ഇത് ഇന്ത്യൻ ഭാഷകൾക്ക് മുൻഗണന നൽകുന്നു. തൊഴിൽ സാധ്യതയും വ്യക്തിവികാസവും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളായി ഇത് വിഭാവനം ചെയ്യുന്നു.”

അദ്ദേഹം തുടർന്നു പറഞ്ഞു, “ദേശീയ വിദ്യാഭ്യാസ നയത്തിന്റെ സുപ്രധാന വശം അത് വിദ്യാർത്ഥികൾക്ക് അവരുടെ മാതൃഭാഷയിൽ പഠിക്കാൻ അവസരമൊരുക്കുന്നു എന്നതാണ്. അത് നമ്മെ കൊളോണിയൽ ചിന്തകളിൽ നിന്ന് മോചിപ്പിച്ചു. ഒരു കാലത്ത്, സ്വപ്നത്തിൽ പോലും ചിന്തിക്കാൻ കഴിയാതിരുന്ന, പ്രാദേശിക ഭാഷകളിലെ വൈദ്യശാസ്ത്ര, എഞ്ചിനീയറിംഗ് അധ്യയനത്തിനുള്ള സാഹചര്യം രൂപപ്പെടുകയാണ്.”

 ഈ നയം സമഗ്രമായി പഠിക്കാനും സ്വീകരിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം അഭ്യർത്ഥിച്ചു, "ഫാക്കൽറ്റി, ഡയറക്ടർ ചുമതല വഹിക്കുന്നവരടക്കം നിങ്ങളോരോരുത്തരും,  ദേശീയ വിദ്യാഭ്യാസ നയത്തിന്റെ യഥാർത്ഥ ഉദ്ദേശ്യവും ലക്ഷ്യവും മനസ്സിലാക്കി, അതിന്റെ നേട്ടങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയം ഒരു സർക്കാർ നയമാണെന്ന കാര്യം ഈ വേദിയിൽ സൂചിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് രാഷ്ട്രത്തിനായി സൃഷ്ടിക്കപ്പെട്ട ഒരു നയമാണ്. അതിനാൽ, നാമെല്ലാം അത് സ്വീകരിക്കാനും മനസ്സിലാക്കാനും നടപ്പിലാക്കാനും അതിന്റെ ഗുണഫലങ്ങൾ കൊയ്യാനും തയ്യാറാകണം."

പരമ്പരാഗത സ്ഥാപനങ്ങൾക്കപ്പുറത്തേക്ക് നീങ്ങുന്നതിലാണ് ഇന്ത്യൻ ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി സ്ഥിതിചെയ്യുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു, " സ്ഥാപനങ്ങൾ ഒറ്റയ്ക്ക് നിലകൊള്ളുന്ന കാലം യുഗം കടന്നുപോയി. അത് ഐഐഎമ്മുകൾ, ഐഐടികൾ മുതലായവ മാത്രമാകരുത്. . മികച്ച നേട്ടങ്ങൾ സ്വായത്തമാക്കണമെങ്കിൽ സ്ഥാപനങ്ങൾ തമ്മിൽ വിവിധ മേഖലകളിൽ സമന്വയം അനിവാര്യമാണ്. അക്കാദമിക മേഖലകളിലുടനീളം സ്വീകരിക്കുന്ന ബഹുമുഖ സമീപനം മാത്രമാണ് ഏക പരിഹാരം.
 നിങ്ങളുടെ ഫാക്കൽറ്റി ശേഷി വെർച്വലായും സാങ്കേതികമായും അല്ലാതെയും പങ്കിടുക. അതിന് ഇരട്ട ലക്ഷ്യങ്ങളുണ്ടാകണം. അറിവ് നൽകുന്തോറും ഏറിടും എന്നതാണ് അത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നൂതനാശയങ്ങളുടെയും പരിവർത്തനത്തിന്റെയും ശുദ്ധവായു സ്വതന്ത്രമായി കടന്നുപോകണം. ഒരു സംവിധാനം വികസിപ്പിക്കുക. വ്യത്യസ്ത ആശയങ്ങളോട് സഹിഷ്ണുത പുലർത്തുക. ഒരു ചിന്തയോടുള്ള അസഹിഷ്ണുത ജനാധിപത്യത്തെ തെറ്റായി നിർവ്വവചിക്കലാണ്. ഭൂരിപക്ഷ അഭിപ്രായത്തിൽ നിന്ന് വ്യത്യസ്തമായ ഏക ശബ്ദം സംഭാഷണത്തിലും സംവാദത്തിലും ഏർപ്പെടുമ്പോൾ ആദരവോടെ ശ്രദ്ധിക്കുന്നു എന്നതാണ് സർവ്വകലാശാല എന്ന ആശയത്തിന്റെ സത്ത."


 

ഇന്ത്യയുടെ അക്കാദമിക പരിണാമത്തിൽ തമിഴ്‌നാടിന്റെ ചരിത്രപരമായ പങ്ക് ചൂണ്ടിക്കാട്ടിക്കൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു, "തമിഴ്‌നാട് ഊർജ്ജസ്വലമായ വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ നാടാണ്, ആ പഠന കേന്ദ്രങ്ങൾ നമ്മെ സംബന്ധിച്ചിടത്തോളം ധ്രുവതാരകങ്ങളായി മാറണം. കാഞ്ചീപുരം, എണ്ണായിരം എന്നിവ പോലെ വ്യാപകമായി പ്രശംസിക്കപ്പെടുന്ന  വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ നാടാണ് തമിഴ്‌നാട്. എണ്ണായിരം ഭാരതത്തിലെമ്പാടുമുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളെ ആകർഷിച്ചു. കാഞ്ചീപുരത്തിന്റെ ആത്മാവിനെ പുനരുജ്ജീവിപ്പിക്കുകയും എണ്ണായിരത്തിന്റെ മഹത്വം തിരികെ കൊണ്ടുവരികയും ചെയ്യുന്ന ആശയങ്ങളുടെ ഉറവകൾ ഈ സമ്മേളനങ്ങളിൽ ഉയർന്നുവരുന്നത് ഞാൻ കാണുന്നു. 1857 ൽ മദ്രാസ് സർവ്വകലാശാല സ്ഥാപിതമായത് തമിഴ്‌നാട്ടിലായിരുന്നു എന്നതിൽ നാം അഭിമാനിക്കണം. ആധുനിക വിദ്യാഭ്യാസത്തിന്റെ ദൃഷ്ടാന്തമായി ഈ നാട് മാറി. "

ഇന്ത്യയുടെ സമ്പന്നമായ ഭാഷാ പൈതൃകത്തെക്കുറിച്ച്, പ്രത്യേകിച്ച് തമിഴിന്റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് ആവേശകരമായ വാക്കുകളിൽ അദ്ദേഹം വിശദീകരിച്ചു, "നമ്മുടെ ഭാഷകളും അവയുടെ സമ്പന്നതയും ആഴവുമാണ് നമ്മുടെ അഭിമാനവും പൈതൃകവും. ഭാഷയുമായി ബന്ധപ്പെട്ട ഈ വശം നമ്മുടെ സംസ്ക്കാരത്തെയും പൂർണ്ണതയെയും അതുല്യതയെയും മെച്ചപ്പെടുത്തുന്നു. ഏത് രാജ്യം സന്ദർശിച്ചാലും നമ്മുടെ നാട്ടിൽ ഉള്ളത് നിങ്ങൾക്ക് കണ്ടെത്താനാവില്ല. നമ്മുടെ ഈ നിധികൾ അപരിമേയമാണ്. സംസ്കൃതം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗ്ലാ അടക്കമുള്ള ഭാഷകൾ സാഹിത്യത്തിന്റെയും അറിവിന്റെയും സ്വർണ്ണഖനിയാണ്. അവയ്ക്ക് ദേശീയവും ആഗോളവുമായ സ്വാധീനങ്ങൾ ഉണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ നിധികുംഭത്തെ കരുത്തോടെയും  ശ്രദ്ധയോടെയും  സംരക്ഷിക്കേണ്ടതുണ്ട്."

"തമിഴ്നാടിനും മുഴുവൻ രാജ്യത്തിനും തന്നെയും എന്തൊരു അഭിമാനമാണത്. ശ്രേഷ്ഠ ഭാഷ എന്ന ബഹുമതി ആദ്യമായി ലഭിച്ച ഭാഷ തമിഴായിരുന്നു. അർഹമായ ഈ അംഗീകാരം 2004 ൽ ലഭിച്ചു. അതായത് ഭരണനിർവ്വഹണത്തിൽ കാര്യങ്ങൾ മാറാൻ തുടങ്ങി എന്നർത്ഥം. ഇന്ന്, 11 ഭാഷകൾ ശ്രേഷ്ഠ ഭാഷകളാണ്.  സമ്പന്നമായ സംസ്ക്കാരം, ജ്ഞാനം, സാഹിത്യം, ആഴം എന്നിവയാണ് ശ്രേഷ്ഠ ഭാഷാ പദവിയുടെ അടിസ്ഥാനം. അടുത്തിടെ, രാജ്യസഭ ചെയർമാൻ എന്ന നിലയിൽ, മറാത്തി, പാലി, പ്രാകൃത്, ആസാമീസ്, ബംഗാളി എന്നിവയ്ക്ക് ശ്രേഷ്ഠ ഭാഷ പദവി നൽകിയതായി സഭയിൽ പ്രഖ്യാപിക്കാൻ എനിക്ക് അവസരം ലഭിച്ചു. അതുകൊണ്ടാണ് 11 ശ്രേഷ്ഠ ഭാഷകളെക്കുറിച്ച്  ഞാൻ സൂചിപ്പിച്ചത്. ഞാൻ പറഞ്ഞതുപോലെ, തമിഴ്, സംസ്കൃതം, കന്നഡ, തെലുങ്ക്, മലയാളം, ഒഡിയ എന്നിവയ്ക്ക് മുമ്പ് തന്നെ ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചിരുന്നു. ലോകമെമ്പാടും പരിശോധിക്കൂ, സമാനതകളില്ലാത്തവരാണ് നാം. നമ്മുടെ ശക്തിയും പ്രതിഭയും നാം തിരിച്ചറിയണം. നിസ്സാരമായ കാരണങ്ങളാൽ നമുക്ക് മാർഗ്ഗഭ്രംശം വന്നുകൂടാ.”

******************


(Release ID: 2124466) Visitor Counter : 10
Read this release in: English , Urdu , Hindi , Tamil