പഞ്ചായത്തീരാജ് മന്ത്രാലയം
azadi ka amrit mahotsav

സുതാര്യതയെ അടിസ്ഥാനമാക്കിയുള്ള ഗ്രാമവികസനത്തിന് ഒരു മുന്നേറ്റം : 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള പഞ്ചായത്ത് പുരോഗതി സൂചിക ബേസ്‌ലൈന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു

Posted On: 09 APR 2025 1:43PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 09 ഏപ്രിൽ 2025
 
പ്രാദേശികതലത്തില്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (SDG) കൈവരിക്കുന്നതിനും താഴേത്തട്ടില്‍ ഭരണ നിര്‍വ്വഹണം ശാക്തീകരിക്കുന്നതിനുമുള്ള ഒരു പ്രധാന ചുവടുവയ്‌പ്പെന്ന നിലയില്‍, കേന്ദ്ര പഞ്ചായത്തി രാജ് മന്ത്രാലയം പഞ്ചായത്ത് പുരോഗതി സൂചിക (Panchayat Advancement Index - PAI)-ക്ക്  തുടക്കം കുറിച്ചു. ഇന്ത്യയിലുടനീളമുള്ള 2.5 ലക്ഷത്തിലധികം ഗ്രാമ പഞ്ചായത്തുകളുടെ പുരോഗതി അളക്കുന്നതിനുള്ള പരിവര്‍ത്തനപരമായ ഒരു മാര്‍ഗ്ഗമാണിത്. പഞ്ചായത്തുകളിലെ ദാരിദ്ര്യരഹിതവും മെച്ചപ്പെട്ടതുമായ ഉപജീവനമാര്‍ഗ്ഗങ്ങള്‍, പഞ്ചായത്തുകളിലെ ആരോഗ്യ സംവിധാനങ്ങള്‍, ശിശു സൗഹൃദ പഞ്ചായത്ത്, ജലപര്യാപ്തമായ പഞ്ചായത്ത്, വൃത്തിയുള്ളതും ഹരിതവുമായ പഞ്ചായത്ത്, പഞ്ചായത്തുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ സ്വയംപര്യാപ്തത, സാമൂഹിക നീതിയും സാമൂഹികമായി സുരക്ഷിതത്വവുമുള്ള പഞ്ചായത്ത്, സദ്ഭരണമുള്ള പഞ്ചായത്ത്, സ്ത്രീ സൗഹൃദ പഞ്ചായത്ത് എന്നീ ഒമ്പതു വിഷയങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രകടനം PAI രേഖപ്പെടുത്തുന്നു.

സംസ്ഥാനാടിസ്ഥാനത്തില്‍, 346 ഗ്രാമപഞ്ചായത്തുകളുമായി ഗുജറാത്താണ്‌ മുന്‍നിരയില്‍. 270 മുന്‍നിര പഞ്ചായത്തുകളുമായി തെലുങ്കാന തൊട്ടു പിന്നിലുണ്ട്. ഗുജറാത്ത് (13781), മഹാരാഷ്ട്ര (12242), തെലങ്കാന (10099), മദ്ധ്യപ്രദേശ് (7912), ഉത്തര്‍പ്രദേശ് (6593) എന്നിവയാണ് തൃപ്തികരമായ പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങള്‍. അതേസമയം ബീഹാര്‍, ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വലിയൊരു വിഭാഗം പഞ്ചായത്തുകള്‍ പുരോഗതി കാംക്ഷിക്കുന്നവയാണ് - ഇത് കേന്ദ്രീകൃത വികസന പദ്ധതികള്‍ ആവശ്യമുള്ള മേഖലകളെ എടുത്തുകാട്ടുന്നു. 2,55,699 ഗ്രാമപഞ്ചായത്തുകളില്‍ 2,16,285 എണ്ണം സാധുതയുള്ള ഡാറ്റ സമര്‍പ്പിച്ചു എന്നാണ് 2022-23ലെ PAI ഡാറ്റ വെളിപ്പെടുത്തുന്നത്. 699 (0.3%) പഞ്ചായത്തുകള്‍ മുന്‍നിരയില്‍ നില്‍ക്കുമ്പോള്‍ 77,298 (35.8%) എണ്ണം തൃപ്തികരമായ പ്രകടനം കാഴ്ചവച്ചു. 1,32,392 (61.2%) എണ്ണം പുരോഗതി അഭിലഷിക്കുമ്പോള്‍ 5,896 (2.7%) ഗ്രാമ പഞ്ചായത്തുകളുടെ സ്ഥിതി ശോഭനമല്ല. മികച്ച നേട്ടം കൈവരിച്ച പഞ്ചായത്തുകള്‍ എന്ന പദവിക്ക് ഒരു ഗ്രാമപഞ്ചായത്തും അര്‍ഹമായില്ല. സംസ്ഥാനങ്ങള്‍ തമ്മിലുള്ള താരതമ്യ പഠനം നടത്തിയിട്ടില്ല.

പഞ്ചായത്ത് അഡ്വാന്‍സ്‌മെന്റ് ഇന്‍ഡക്‌സിനെപ്പറ്റി

സ്ഥിതിവിവര, പദ്ധതി നിര്‍വ്വഹണ മന്ത്രാലയത്തിന്റെ (MoSPI) ദേശീയ സൂചക ചട്ടക്കൂടുമായി (NIF) സംയോജിപ്പിച്ച്,  സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവത്കരണത്തിലെ ഒമ്പതു വിഷയങ്ങളിലായി 566 സവിശേഷ ഡാറ്റാ പോയിന്റുകള്‍ ഉള്‍ക്കൊള്ളുന്ന 435 പ്രത്യേക പ്രാദേശിക സൂചകങ്ങളെ (332 നിര്‍ബന്ധിതവും 104 ഐച്ഛികവും ) സമാഹരിച്ചിരിക്കുന്ന ഒരു സംയോജിത സൂചികയാണ് പഞ്ചായത്ത് അഡ്വാന്‍സ്‌മെന്റ് ഇന്‍ഡക്‌സ് (PAI). താഴേത്തട്ടില്‍ പങ്കാളിത്ത വികസനത്തിലൂടെ SDG  2030  അജണ്ട കൈവരിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെയാണ് PAI പ്രതിഫലിപ്പിക്കുന്നത്. വിവധ ഗ്രാമപഞ്ചായത്തുകള്‍ നേടിയ PAI സ്‌കോറുകളും വിഷയാധിഷ്‌ഠിത സ്‌കോറുകളും അടിസ്ഥാനമാക്കി, ഈ ഗ്രാമപഞ്ചായത്തുകളുടെ പ്രകടനത്തെ അഞ്ചായി തരംതിരിച്ചിരിക്കുന്നു - മികച്ച നേട്ടം കൈവരിച്ചവ: (90+), മുന്‍നിരയിലെത്തിയവ: (75 മുതല്‍ 90ല്‍ താഴെ വരെ); തൃപ്തികരമായവ: (60 മുതല്‍ 75 വരെ); പുരോഗ അഭിലഷിക്കുന്നവ: ( 40 മുതല്‍ 60ല്‍ താഴെ വരെ); താഴേത്തട്ടിലുള്ളവ: (40 ല്‍ കുറവുള്ളവ).

പ്രാദേശികവത്കരിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ താഴേത്തട്ടിലുള്ള സ്ഥാപനങ്ങള്‍ കൈവരിച്ച പുരോഗതി വിലയിരുത്തുകയും അളക്കുകയും ചെയ്യുക എന്നതാണ് PAI ലക്ഷ്യമിടുന്നത്.അതുവഴി 2030 ലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനു സംഭാവന നല്‍കുകയും ചെയ്യുന്നു. വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍, സംസ്ഥാന സര്‍ക്കാരുകള്‍, യുഎന്‍ ഏജന്‍സികള്‍ എന്നിവയുമായുള്ള സഹകരണത്തിലൂടെയാണ് പഞ്ചായത്ത് അഡ്വാന്‍സ്‌മെന്റ് ഇന്‍ഡക്‌സ് പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞത്. 29 സംസ്ഥാനങ്ങളില്‍/ കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുള്ള 2.16 ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകള്‍ ഇതിനകം തന്നെ പ്രത്യേകം തയ്യാറാക്കിയ PAI പോര്‍ട്ടലിലൂടെ ഡാറ്റാകള്‍ നല്‍കിയിട്ടുണ്ട്,. ഇവ അന്തിമ സൂചികയില്‍ ഉള്‍പ്പെടുത്തുന്നതിനു മുമ്പ് കര്‍ശനമായി സാധൂകരിക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്തുകള്‍ക്ക് അവരുടെ വികസനത്തിന്റെ കണക്കുകള്‍ നല്‍കാനും പരിശോധിക്കാനും പ്രാപ്തമാക്കുന്ന ഒരു കരുത്തുറ്റ ബഹുഭാഷാ ഡാറ്റാ മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമായി PAI  പോര്‍ട്ടല്‍ (www.pai.gov.in) വര്‍ത്തിക്കുന്നു. സംസ്ഥാനങ്ങളുടെ/ കേന്ദ്രഭരണ പ്രദേശങ്ങളുടെ സാധൂകരണത്തോടെ 2.16 ലക്ഷത്തിലധികം പഞ്ചായത്തുകളില്‍ നിന്നുള്ള ഡാറ്റാകള്‍ കൈകാര്യം ചെയ്തു. അഞ്ച് സംസ്ഥാനങ്ങളില്‍/ കേന്ദ്രഭരണ പ്രദേശങ്ങളില്‍ (മേഘാലയ, നാഗാലാന്‍ഡ്, ഗോവ, പോണ്ടിച്ചേരി) നിന്നുള്ള 11712 പഞ്ചായത്തുകളുടെ ഡാറ്റാകള്‍ സാധൂകരിക്കപ്പെടാത്തതിനാല്‍ ഉള്‍പ്പെടുത്താനായിട്ടില്ല.

ഇന്ത്യ 2030 ലെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള യാത്ര തുടരുമ്പോള്‍, സുതാര്യത, കാര്യക്ഷമത, സാമൂഹിക കേന്ദ്രീകൃത വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഗ്രാമീണ ഭരണ നിര്‍വ്വഹണത്തിലെ നൂതനമായ ഒരു നാഴികക്കല്ലായി പിഎഐ നിലകൊള്ളുന്നു. കൂടുതല്‍ വിശദമായ വിവരങ്ങള്‍ക്കും റിപ്പോര്‍ട്ടുകള്‍ പ്രാപ്യമാക്കാനും www.pai.gov.in സന്ദര്‍ശിക്കുക.

സംസ്ഥാനാടിസ്ഥാനത്തില്‍ പഞ്ചായത്തുകളുടെ പ്രകടനം തിരിച്ചുള്ള എണ്ണം
 
 
 
Press Information Bureau,

(Release ID: 2121821) Visitor Counter : 8