സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
135-ാമത് ഡോ. അംബേദ്കർ ജയന്തി ആഘോഷം 2025 ഏപ്രിൽ 14 ന് ന്യൂഡൽഹിയിലെ പാർലമെന്റ് മന്ദിര വളപ്പിൽ നടക്കും
Posted On:
13 APR 2025 12:19PM by PIB Thiruvananthpuram
2025 ഏപ്രിൽ 14 ന് ന്യൂഡൽഹിയിൽ പാർലമെന്റ് മന്ദിര സമുച്ചയത്തിലെ പ്രേരണ സ്ഥലിൽ ഡോ. അംബേദ്കറിന്റെ 135-ാമത് ജയന്തി ആഘോഷങ്ങൾ സംഘടിപ്പിക്കും. ഇന്ത്യൻ ഭരണഘടനയുടെ പിതാവായ ബാബാസാഹേബ് ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനാഘോഷ പരിപാടി കേന്ദ്ര സാമൂഹികനീതി-ശാക്തീകരണ മന്ത്രാലയത്തിന് വേണ്ടി ഡോ. അംബേദ്കർ ഫൗണ്ടേഷനാണ് (ഡിഎഎഫ്) സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കർ, മന്ത്രിമാർ, പാർലമെന്റേറിയന്മാർ, പണ്ഡിതർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവരുൾപ്പെടെയുള്ള മറ്റ് ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവർ ബാബാസാഹേബ് അംബേദ്കറിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന ചടങ്ങോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുക.
അതിനുശേഷം, ഉച്ചയ്ക്ക് 12:00 മണി വരെ പരിപാടിയിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാൻ കഴിയും. ബാബാസാഹേബ് അംബേദ്കറിന് ശ്രദ്ധാഞ്ജലി അർപ്പിക്കാൻ എത്തുന്നവർക്കായി ഡോ. അംബേദ്കർ ഫൗണ്ടേഷൻ (DAF) സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ ഡോ. അംബേദ്കർ ദേശീയ സ്മാരകം (DANM) സന്ദർശിച്ച് മഹാനായ നേതാവിന് ശ്രദ്ധാഞ്ജലികൾ അർപ്പിക്കാൻ ആഗ്രഹിക്കുന്ന പൊതുജനങ്ങൾക്ക് വേണ്ടി ഡി എ എഫ് പ്രത്യേക ബസ് സർവീസുകൾ സജ്ജമാക്കിയിട്ടുണ്ട്. മഹാപരിനിർവാൺ ഭൂമി എന്ന പേരിൽ അറിയപ്പെടുന്ന ഡോ. അംബേദ്കർ ദേശീയ സ്മാരകം (DANM) ന്യൂഡൽഹിയിലെ 26, അലിപൂർ റോഡിലാണ് സ്ഥിതി ചെയ്യുന്നത്.
ഡോ. അംബേദ്കർ ഫൗണ്ടേഷൻ (DAF):
ബാബാസാഹേബ് ഡോ. ബി.ആർ. അംബേദ്കറുടെ സന്ദേശങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുന്നതിനായാണ് ഡോ. അംബേദ്കർ ഫൗണ്ടേഷൻ രൂപീകരിച്ചത്. 1991-ൽ, ബാബാസാഹേബ് ഡോ. ബി.ആർ. അംബേദ്കറുടെ ശതാബ്ദി ആഘോഷങ്ങൾക്കായി അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ രൂപീകരിച്ച കമ്മിറ്റിയുടെ തീരുമാനപ്രകാരം ആണ് ഡോ. അംബേദ്കർ ഫൗണ്ടേഷൻ (ഡിഎഎഫ്) സ്ഥാപിക്കാൻ തീരുമാനിച്ചത്. 1992 മാർച്ച് 24-ന് കേന്ദ്ര സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴിൽ ഒരു സ്വയംഭരണ സ്ഥാപനമായ ഡോ. അംബേദ്കർ ഫൗണ്ടേഷൻ (ഡിഎഎഫ്) സ്ഥാപിതമായി. ബാബാസാഹേബ് ഡോ. അംബേദ്കറുടെ ദർശനങ്ങളും ചിന്തകളും രാജ്യമെമ്പാടും പ്രചരിപ്പിക്കുന്നതിനുള്ള പരിപാടികളും പ്രവർത്തനങ്ങളും നടത്തുക എന്നതാണ് ഈ ഫൗണ്ടേഷന്റെ സ്ഥാപിത ലക്ഷ്യം.
ഡോ. അംബേദ്കർ ദേശീയ സ്മാരകം (DANM):
പ്രശസ്ത സാമൂഹിക പരിഷ്കർത്താവ്, വാഗ്മി, പ്രഗത്ഭനായ എഴുത്തുകാരൻ, ചരിത്രകാരൻ, നിയമജ്ഞൻ, നരവംശശാസ്ത്രജ്ഞൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ ബാബാസാഹേബ് ഡോ. ബി.ആർ. അംബേദ്കറുടെ ജീവിതം, പ്രവർത്തനങ്ങൾ, സംഭാവനകൾ എന്നിവയുമായി ബന്ധപ്പെട്ട രേഖകളും അനുബന്ധ വസ്തുക്കളും സംരക്ഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമായി ഡോ. അംബേദ്കർ ദേശീയ സ്മാരകം (DANM) പ്രവർത്തിക്കുന്നു. ഡോ. അംബേദ്കറുടെ വിദ്യാഭ്യാസം, സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ, രാഷ്ട്രീയ ജീവിതം എന്നിവ വിശദമാക്കുന്ന രേഖകൾ ഉൾപ്പെടെ അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ഒരു ശേഖരം ഡിഎഎൻഎം മ്യൂസിയത്തിൽ ഉണ്ട്. കൂടാതെ അദ്ദേഹത്തിന്റെ വ്യക്തിഗത വസ്തുക്കൾ, ഫോട്ടോഗ്രാഫുകൾ, കത്തുകൾ, എന്നിവയും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.അദ്ദേഹത്തിന്റെ പ്രസംഗങ്ങളും അഭിമുഖങ്ങളും ദൃശ്യ- ശ്രവ്യ സംവിധാനത്തിലൂടെ ഈ മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്.
******************
(Release ID: 2121427)
Visitor Counter : 55