ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

RBI യുടെ പുതുക്കിയ പണനയം, ഏപ്രിൽ 2025

റിപ്പോ നിരക്ക് 6% ആയി കുറച്ച് റിസർവ്വ് ബാങ്ക്

2025-26 സാമ്പത്തിക വർഷത്തെ മൊത്ത ആഭ്യന്തര ഉത്പാദന (GDP) വളർച്ചാ അനുമാനം 6.5%

Posted On: 09 APR 2025 6:14PM by PIB Thiruvananthpuram

ആമുഖം

2025–26 സാമ്പത്തിക വർഷത്തെ ആദ്യത്തെയും, മോണിറ്ററി പോളിസി കമ്മിറ്റിയുടെ 54-ാമത്തെയും യോഗത്തിൽ, റിപ്പോ നിരക്ക് കാൽ ശതമാനം (25 ബേസിസ് പോയിന്റുകൾ ) കുറയ്ക്കാൻ ഏകകണ്ഠമായി തീരുമാനിച്ചു. റിപ്പോ നിരക്ക് ഉടനടി പ്രാബല്യത്തോടെ 6 ശതമാനമായാണ് കുറച്ചത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) വാണിജ്യ ബാങ്കുകൾക്ക് പണം കടം കൊടുക്കുന്ന നിരക്കാണ് റിപ്പോ നിരക്ക്. ഈ നിരക്കിൽ കുറവ് വരുത്തുന്നതിലൂടെ വായ്പയും നിക്ഷേപവും വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. ആഗോള സാമ്പത്തിക സ്ഥിതി കൂടുതൽ അനിശ്ചിതത്വത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ തീരുമാനം. വ്യാപാര സംഘർഷങ്ങൾ വീണ്ടും ശക്തിപ്പെടുകയാണ്. ഇത് ക്രൂഡ് ഓയിൽ വില കുറയുന്നതിനും, യുഎസ് ഡോളർ ദുർബലമാകുന്നതിനും, ബോണ്ട് ആദായം കുറയുന്നതിനും, ഓഹരി വിപണികളിൽ തിരുത്തലുകൾക്കും കാരണമായി. ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ ആഭ്യന്തര ആശങ്കകൾ പരിഹരിക്കുന്നതിനായി നയക്രമീകരണങ്ങളിൽ, അതീവ ജാഗ്രത പാലിക്കുന്നു.

ആഭ്യന്തര നിരീക്ഷണത്തിൽ ഇന്ത്യ വളർച്ചയുടെ ലക്ഷണങ്ങൾ കാണിക്കുന്നു. പണപ്പെരുപ്പം, പ്രത്യേകിച്ച് ഭക്ഷ്യ പണപ്പെരുപ്പം, പ്രതീക്ഷിച്ചതിലും വളരെ കുറവാണ്. ആഗോളസാഹചര്യങ്ങളും കാലാവസ്ഥാ അനിശ്ചിതത്വങ്ങളും അപകടസാധ്യതകളായി നിലനിൽക്കുന്നുണ്ടെങ്കിലും, പൊതുവെ സ്ഥിതി ആശ്വാസ ജനകമാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ദുർബലമായ ആദ്യ പകുതിക്ക് ശേഷം വളർച്ച ശക്തിപ്പെടുകയാണ്. എന്നാൽ അത് ഇപ്പോഴും രാജ്യത്തിന്റെ ശക്തിക്കൊത്തവിധമുള്ള വളർച്ചയിലേക്ക് എത്തിയിട്ടില്ല. MPC തീരുമാനങ്ങളോടൊപ്പം പുറത്തിറക്കിയ 2025 ഏപ്രിലിലെ ധനനയ റിപ്പോർട്ട്, വരും മാസങ്ങളിലെ GDP വളർച്ചാ അനുമാനത്തെയും പണപ്പെരുപ്പ അനുമാനത്തെയും കുറിച്ച് പ്രതിപാദിക്കുന്നു. 1935 ഏപ്രിൽ 1 ന് സ്ഥാപിതമായതിന് ശേഷം 90 പൂർത്തിയാക്കുകയെന്ന നാഴികക്കല്ല് ഈ വർഷം RBI പിന്നിടുകയാണ്. പതിറ്റാണ്ടുകളായി, പണപ്പെരുപ്പം കൈകാര്യം ചെയ്യുന്നതിനും വളർച്ചയെ പിന്തുണയ്ക്കുന്നതിനും സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള ചുമതലകൾ സന്തുലിതമായി നിർവ്വഹിച്ചു കൊണ്ട്, കാര്യക്ഷമമായ സേവനം നൽകാൻ ശേഷിയുള്ള കേന്ദ്ര ബാങ്കായി RBI പരിണമിച്ചു.

പ്രധാന നയ തീരുമാനങ്ങൾ

  • മോണിറ്ററി പോളിസി കമ്മിറ്റി (MPC) റിപ്പോ നിരക്ക് കാൽ ശതമാനം (25 ബേസിസ് പോയിന്റുകൾ ) കുറയ്ക്കാൻ തീരുമാനിച്ചു. റിപ്പോ നിരക്ക് ഉടനടി പ്രാബല്യത്തോടെ 6 ശതമാനമായി കുറഞ്ഞു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) വാണിജ്യ ബാങ്കുകൾക്ക് പണം വായ്പ നൽകുമ്പോൾ ഈടാക്കുന്ന നിരക്കാണ് റിപ്പോ നിരക്ക്. 
  • തത്ഫലമായി, ലിക്വിഡിറ്റി അഡ്ജസ്റ്റ്മെന്റ് ഫെസിലിറ്റി (LAF) പ്രകാരമുള്ള സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (SDF) നിരക്ക് 5.75 ശതമാനമായി ക്രമീകരിച്ചു. അധിക ഫണ്ടുകൾ ഉപാധിരഹിതമായും താൽക്കാലികമായും RBI യിൽ നിക്ഷേപിക്കാനും പലിശ നേടാനും SDF ബാങ്കുകളെ അനുവദിക്കുന്നു.
  • മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (MSF) നിരക്കും ബാങ്ക് നിരക്കും 6.25 ശതമാനമായി പരിഷ്ക്കരിച്ചു. ഇന്റർ-ബാങ്ക് ഫണ്ടുകളുടെ ലഭ്യത പൂർണ്ണമായും ഇല്ലാതാകുന്ന സാഹചര്യത്തിൽ ഷെഡ്യൂൾഡ് ബാങ്കുകൾക്ക് അതിവേഗ പണ ലഭ്യതയ്ക്കുള്ള RBI വ്യവസ്ഥയാണിത്. റിപ്പോ നിരക്കിനേക്കാൾ ഉയർന്ന നിരക്കിൽ വായ്പയെടുക്കാൻ ബാങ്കുകളെ അനുവദിക്കുന്ന അടിയന്തര സൗകര്യമാണിത്.
  • ഉപഭോക്തൃ വില സൂചിക (CPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ ലക്ഷ്യം 4 ശതമാനമായി, ±2 ശതമാനത്തിനുള്ളിൽ നിലനിർത്തുക എന്ന RBI യുടെ ലക്ഷ്യവുമായി ഈ നിരക്ക് ക്രമീകരണങ്ങൾ പൊരുത്തപ്പെടുന്നു. ഒപ്പം സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

വളർച്ചാ നിർണ്ണയം

2025–26 വർഷത്തെ യഥാർത്ഥ GDP വളർച്ച 6.5 ശതമാനമായിരിക്കുമെന്ന് റിസർവ് ബാങ്ക് അനുമാനിക്കുന്നു. 9.2 ശതമാനമെന്ന മുൻ വർഷത്തെ ശക്തമായ വളർച്ചയ്ക്ക് ശേഷം 2024–25 വർഷത്തിൽ കണക്കാക്കപ്പെട്ട നിരക്ക് നിലനിർത്തുന്നു. ത്രൈമാസ പ്രവചനങ്ങൾ ഒന്നാം പാദത്തിൽ 6.5 ശതമാനവും രണ്ടാം പാദത്തിൽ 6.7 ശതമാനവും മൂന്നാം പാദത്തിൽ 6.6 ശതമാനവും നാലാം പാദത്തിൽ 6.3 ശതമാനവുമാണ്. ഇത് ഫെബ്രുവരിയിലെ അനുമാനത്തിൽ നിന്ന് 20 ബേസിസ് പോയിന്റുകളുടെ കുറവ് സൂചിപ്പിക്കുന്നു. ആഗോള അസ്ഥിരതയുടെ പ്രതിഫലനമാണിത്. ആരോഗ്യകരമായ കാർഷിക ജലസംഭരണവും, ശക്തമായ വിള ഉത്പാദനവും കാർഷിക മേഖലയുടെ വളർച്ചാ സാധ്യത ശക്തമായി നിലനിർത്തുന്നു. ഇതിലൂടെ ഗ്രാമീണ ആവശ്യകതയും നിലനിർത്തപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലനിൽക്കുന്ന മെച്ചപ്പെട്ട ബിസിനസ്സ് അന്തരീക്ഷം ഉത്പാദന മേഖലയുടെ പുനരുജ്ജീവനത്തിന്റെ പ്രഥമ ലക്ഷണങ്ങൾ കാണിക്കുന്നു. സേവന മേഖല പ്രതിരോധശേഷി പ്രകടമാക്കുന്നു.

നിക്ഷേപ മേഖലയിൽ, ഉയർന്ന ശേഷി വിനിയോഗം, അടിസ്ഥാന സൗകര്യങ്ങളിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ബാങ്കുകളുടെയും കോർപ്പറേറ്റുകളുടെയും ശക്തമായ ബാലൻസ് ഷീറ്റുകൾ എന്നിവയുടെ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രവർത്തനങ്ങൾ വേഗത കൈവരിക്കുന്നു. സാമ്പത്തിക സാഹചര്യങ്ങൾ ലഘൂകരിക്കുന്നതും വീണ്ടെടുക്കലിന് സഹായകമായി. സേവന കയറ്റുമതി സ്ഥിരതയോടെ തുടരാൻ സാധ്യതയുണ്ടെങ്കിലും, ആഗോള അനിശ്ചിതത്വങ്ങളും വ്യാപാര തടസ്സങ്ങളും മൂലം ചരക്ക് കയറ്റുമതിയിൽ തിരിച്ചടികൾ നേരിടേണ്ടി വന്നേക്കാം. ഭാവിയിലേക്ക് നോക്കുമ്പോൾ, 2026–27 വർഷത്തിൽ യഥാർത്ഥ GDP വളർച്ച 6.7 ശതമാനമാകുമെന്നാണ് RBI യുടെ അനുമാനം. ഇത് തുടർച്ചയായ വീണ്ടെടുക്കലിനെയും വേഗതയെയും സൂചിപ്പിക്കുന്നു.

പണപ്പെരുപ്പ സാധ്യതാ പ്രവചനം

2025 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഉണ്ടായ കുത്തനെയുള്ള ഇടിവ് മൂലമാണ് പണപ്പെരുപ്പം കുറഞ്ഞതെന്ന് കരുതപ്പെടുന്നു. റാബി വിള സംബന്ധമായ അനിശ്ചിതത്വങ്ങൾ ഏറെക്കുറെ പരിഹരിക്കപ്പെട്ടതും, രണ്ടാം മുൻകൂർ കണക്കുകൾ കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്ന ഗോതമ്പ്, പയർവർഗ്ഗ ഉത്പാദനം സൂചിപ്പിക്കുന്നതും, ഭക്ഷ്യവിലക്കയറ്റം മയപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഖാരിഫ് ഉത്പാദനത്തിലെ മികച്ച വർദ്ധനയും സമീപകാല സർവേകളിൽ പ്രതിഫലിച്ചത് പോലെ, അടുത്ത മൂന്ന്, പന്ത്രണ്ട് മാസങ്ങളിൽ പണപ്പെരുപ്പ അനുമാനത്തിലെ കുത്തനെയുള്ള ഇടിവും ഈ അനുകൂല പ്രവണതയെ പിന്തുണയ്ക്കുന്നു. ക്രൂഡ് ഓയിൽ വിലയിലെ ഇടിവ് പണപ്പെരുപ്പ നിരക്കിലെ കുറവ് എന്നിവ വിലക്കയറ്റ സാധ്യത പരിമിതമാക്കുന്നു. അതുപ്രകാരം, 2025–26 ലെ ഉപഭോക്തൃ വില സൂചിക (CPI) പണപ്പെരുപ്പം 4.0 ശതമാനമായി പ്രവചിക്കപ്പെടുന്നു, ത്രൈമാസ കണക്കുകൾ ആദ്യ പാദത്തിൽ 3.6 ശതമാനവും, രണ്ടാം പാദത്തിൽ 3.9 ശതമാനവും, മൂന്നാം പാദത്തിൽ 3.8 ശതമാനവും, നാലാം പാദത്തിൽ 4.4 ശതമാനവുമായിരിക്കും.

പണപ്പെരുപ്പ സാധ്യത സ്ഥിരത കൈവരിച്ചതായി കാണപ്പെടുമ്പോൾ, ആഗോള അനിശ്ചിതത്വങ്ങളും കാലാവസ്ഥയുമായി ബന്ധപ്പെട്ട വിതരണ തടസങ്ങളും പണപ്പെരുപ്പ പാതയിൽ വിപരീത ഫലങ്ങൾ സൃഷ്ടിച്ചേക്കാമെന്ന ആശങ്ക നിലനിൽക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമാനങ്ങൾ തയ്യാറാക്കുമ്പോൾ സാധാരണ പോലെയുള്ള വർഷകാലം പ്രതീക്ഷിച്ചിരുന്നു. ഈ ഘട്ടത്തിൽ ഇതുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ സന്തുലിതമാണെന്ന് കണക്കാക്കുന്നു.

ബാഹ്യ മേഖല ഒറ്റനോട്ടത്തിൽ

മികച്ച സേവനങ്ങളും പണമടവുകളും: 2025 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ സേവന കയറ്റുമതി ശക്തമായി തുടർന്നു. സോഫ്റ്റ്‌വെയർ, ബിസിനസ്സ്, ഗതാഗത സേവനങ്ങൾ എന്നിവ മുന്നേറ്റത്തിന് നേതൃത്വം നൽകി. അറ്റ സേവനങ്ങളും പണമടവ് രസീതുകളും മിച്ചനിലയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ചരക്ക് വ്യാപാര കമ്മി കുറയ്ക്കുന്നു.


 

സുസ്ഥിരമായ കറന്റ് അക്കൗണ്ട് കമ്മി: 2024–25 ലും 2025–26 ലും കറന്റ് അക്കൗണ്ട് കമ്മി (CAD) സുസ്ഥിര നിലവാരത്തിനുള്ളിൽ തുടരുമെന്ന് അനുമാനിക്കപ്പെടുന്നു. സ്ഥിരതയാർന്ന ബാഹ്യ നിക്ഷേപങ്ങളുടെ പിന്തുണയോടെയാണ് ഇത്.
മിക്സഡ് ഇൻവെസ്റ്റ്മെന്റ് ഫ്ലോ: സ്ഥിരതയുള്ള മാക്രോ ഇക്കണോമിക് അടിസ്ഥാനങ്ങൾ കാരണം നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) ശക്തമായി തുടർന്നെങ്കിലും, ഉയർന്ന റീപാട്രിയേഷനുകളും ബാഹ്യ നിക്ഷേപങ്ങളും കാരണം അറ്റ നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) വലിയ വ്യത്യാസമില്ലാതെ തുടരുന്നു. ഓഹരി നിക്ഷേപത്തിൽ പുറത്തേക്കുള്ള ഒഴുക്ക് ദൃശ്യമായിട്ടും ഡേറ്റ് ഇൻഫ്‌ളോ കാരണം 2024–25 ൽ അറ്റ നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) 1.7 ബില്യൺ യുഎസ് ഡോളറിലെത്തി.  
ആരോഗ്യകരമായ വിദേശനാണ്യ കരുതൽ ശേഖരം (Forex Reserves): 2025 ഏപ്രിൽ 4 ലെ കണക്കനുസരിച്ച്, ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 676.3 ബില്യൺ യുഎസ് ഡോളറായിരുന്നു, ഇത് ഏകദേശം 11 മാസത്തെ ഇറക്കുമതി പരിരക്ഷ ഉറപ്പാക്കുകയും സമ്പദ് വ്യവസ്ഥയുടെ ബാഹ്യ മേഖലയുടെ ശക്തിയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.


ലിക്വിഡിറ്റിയും സാമ്പത്തിക വിപണി സാഹചര്യങ്ങളും

ലിക്വിഡിറ്റി ക്ഷാമവും RBI ഇടപെടലും: 2025 ജനുവരിയിൽ, ബാങ്കിംഗ് സംവിധാനം ലിക്വിഡിറ്റി കമ്മി എന്നറിയപ്പെടുന്ന ഫണ്ടിന്റെ ക്ഷാമം നേരിട്ടു. ഇത് പരിഹരിക്കുന്നതിനായി, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ജനുവരി 23-ന് ലിക്വിഡിറ്റി അഡ്ജസ്റ്റ്മെന്റ് ഫെസിലിറ്റി (LAF) വഴി ₹3.1 ലക്ഷം കോടി നൽകി - പണമൊഴുക്കിലെ താൽക്കാലിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ബാങ്കുകളെ ഹ്രസ്വകാലത്തേക്ക് RBI യിൽ നിന്ന് പണം കടം വാങ്ങാൻ അനുവദിക്കുന്ന സംവിധാനമാണിത്.
മെച്ചപ്പെട്ട ലിക്വിഡിറ്റി: സമ്പദ് വ്യവസ്ഥയിലേക്ക് ഏകദേശം ₹6.9 ലക്ഷം കോടി RBI പിന്നീട് നിക്ഷേപിച്ചു. മാർച്ച് അവസാനത്തിൽ സർക്കാർ ചെലവുകൾ വർദ്ധിപ്പിച്ചതും സഹായകമായി. ഈ നടപടികൾ സ്ഥിതി മെച്ചപ്പെടുത്തി. 2025 ഏപ്രിൽ 7 ആയപ്പോഴേക്കും സമ്പദ് വ്യവസ്ഥയിൽ ₹1.5 ലക്ഷം കോടിയുടെ ലിക്വിഡിറ്റി മിച്ചം ഉണ്ടായിരുന്നു - അതായത് വായ്പ നൽകുന്നതിനും നിക്ഷേപത്തിനുമായി ബാങ്കുകളിൽ കൂടുതൽ പണം ലഭ്യമായിരുന്നു.
വിപണി നിരക്കുകൾ കുറയുന്നു : കൂടുതൽ ലിക്വിഡിറ്റി ലഭ്യമായതോടെ, വെയ്റ്റഡ് ആവറേജ് കോൾ റേറ്റ് (WACR) - ബാങ്കുകൾ പരസ്പരം ഒറ്റരാത്രികൊണ്ട് വായ്പ നൽകുന്നതിലെ ശരാശരി പലിശ നിരക്ക് - കുറയുകയും റിപ്പോ നിരക്കിന് സമീപം എത്തുകയും ചെയ്തു. ഇത് വാണിജ്യ ബാങ്കുകൾക്ക് RBI പണം വായ്പ നൽകുന്ന പലിശ നിരക്കാണ്. സ്ഥിരതയുള്ള ഹ്രസ്വകാല വായ്പാ ചെലവുകളെയാണ് ഇത് സൂചിപ്പിക്കുന്നത്.
ഡെറ്റ് മാർക്കറ്റിലെ കുറഞ്ഞ ഫണ്ടിംഗ് ചെലവുകൾ: കമ്പനികളും ബാങ്കുകളും ഉപയോഗിക്കുന്ന ഹ്രസ്വകാല വായ്പാ ഉപകരണങ്ങളായ കൊമേഴ്‌സ്യൽ പേപ്പറുകളുടെയും (CPs) സർട്ടിഫിക്കറ്റുകളുടെയും (CDs) പലിശ നിരക്കുകളും - 91 ദിവസത്തെ ട്രഷറി ബില്ലും - ഹ്രസ്വകാല സർക്കാർ സെക്യൂരിറ്റിയും - തമ്മിലുള്ള വ്യത്യാസം കുറഞ്ഞു. സ്‌പ്രെഡുകളുടെ ചുരുങ്ങൽ അർത്ഥമാക്കുന്നത് സാമ്പത്തിക വിപണികളിൽ വായ്പയെടുക്കലിന്‌ ചെലവ് കുറഞ്ഞെന്നാണ്. സാഹചര്യങ്ങൾ നിരീക്ഷിക്കുന്നത് തുടരുമെന്നും മതിയായ ലിക്വിഡിറ്റി നിലനിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും RBI വ്യക്തമാക്കിയിട്ടുണ്ട്.

ഉപസംഹാരം

ധനനയ സമിതിയുടെ 54-ാമത് യോഗത്തോടൊപ്പം പുറത്തിറക്കിയ 2025 ഏപ്രിലിലെ ധനനയ റിപ്പോർട്ട്, വില സ്ഥിരത നിലനിർത്തിക്കൊണ്ട് വളർച്ചയെ പിന്തുണയ്ക്കുന്നതിനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI)യുടെ സംതുലിത സമീപനത്തെ പ്രതിഫലിപ്പിക്കുന്നു. റിപ്പോ നിരക്ക് കാൽ ശതമാനം (25 ബേസിസ് പോയിന്റ് ) കുറച്ച് 6 ശതമാനമാക്കാനുള്ള തീരുമാനത്തിന്, പണപ്പെരുപ്പം, പ്രത്യേകിച്ച് ഭക്ഷ്യവസ്തുക്കളുടെ വിലയിലെ കുറവ്, സാമ്പത്തിക പ്രവർത്തനങ്ങളിലെ ക്രമാനുഗതമായ വീണ്ടെടുക്കൽ എന്നിവ പിന്തുണ നൽകുന്നു. 2025–26 ലെ GDP വളർച്ച 6.5 ശതമാനമായി പ്രവചിക്കപ്പെടുകയും പണപ്പെരുപ്പം 4 ശതമാനത്തിനുള്ളിൽ തുടരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നതിനാൽ, ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും ജാഗ്രതയോടെയുള്ള ശുഭാപ്തിവിശ്വാസം റിപ്പോർട്ട് പ്രകടമാക്കുന്നു.

ബാഹ്യതലത്തിൽ, ശക്തമായ സേവന കയറ്റുമതിയും വിദേശ പണ ലഭ്യതയും വ്യാപാര കമ്മി കുറയ്ക്കാൻ സഹായിച്ചു, കറന്റ് അക്കൗണ്ട് കമ്മി സുസ്ഥിരമായി നിലനിർത്തി. അതേസമയം, മെച്ചപ്പെട്ട സിസ്റ്റം ലിക്വിഡിറ്റി, കുറഞ്ഞ ഹ്രസ്വകാല വായ്പാ ചെലവുകൾ, സ്ഥിരതയുള്ള വിദേശനാണ്യ കരുതൽ ശേഖരം എന്നിവ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയുടെ പ്രതിരോധശേഷിക്ക് അടിവരയിടുന്നു. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും മാക്രോ ഇക്കണോമിക്, സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിന് സമയബന്ധിതവും കൃത്യവുമായ നടപടികൾ സ്വീകരിക്കുന്നതിനുമുള്ള പ്രതിബദ്ധത RBI വ്യക്തമാക്കിയിട്ടുണ്ട്.

സൂചനകൾ:

Click here to see PDF.

*************************


(Release ID: 2120686) Visitor Counter : 48