രാജ്യരക്ഷാ മന്ത്രാലയം
വനിതകൾ മാത്രം പങ്കെടുക്കുന്ന 55 ദിവസത്തെ ത്രിസേനാ സമുദ്ര പര്യവേക്ഷണമായ "സമുദ്ര പ്രദക്ഷിണ"ത്തിന് ഇന്ന് മുംബൈയിൽ നിന്ന് തുടക്കമായി.
Posted On:
07 APR 2025 4:50PM by PIB Thiruvananthpuram
മുംബൈ, 07 ഏപ്രിൽ 2025
മൂന്ന് സേനകളിലെയും വനിതകൾ മാത്രം പങ്കെടുക്കുന്ന "സമുദ്ര പ്രദക്ഷിണം" കപ്പൽ യാത്രയ്ക്ക് ഇന്ന് (2025 ഏപ്രിൽ 7 ന്) മുംബൈയിൽ നിന്ന് തുടക്കമായി. മുംബൈയിൽ നിന്ന് സെയ്‌ഷെൽസിലേക്കും തിരിച്ചുമുളള ഈ യാത്ര ,കൊളാബയിലെ ഇന്ത്യൻ നേവൽ വാട്ടർമാൻഷിപ്പ് പരിശീലന കേന്ദ്രത്തിൽ നിന്ന് കോളേജ് ഓഫ് മിലിട്ടറി എഞ്ചിനീയറിംഗ് (സിഎംഇ) കമാൻഡന്റ് ലെഫ്റ്റനന്റ് ജനറൽ എ കെ രമേശ് ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യൻ കര,നാവിക, വ്യോമസേനകളിൽ നിന്നുള്ള 12 അംഗ പര്യവേക്ഷണ സംഘം ,ഐഎഎസ് വി ത്രിവേണിയിൽ മുംബൈയിൽ നിന്ന് സെയ്‌ഷെൽസിലേക്ക് 4,000 നോട്ടിക്കൽ മൈൽ സഞ്ചരിച്ച് 55 ദിവസം കൊണ്ട് തിരിച്ചെത്തുന്ന വിധത്തിൽ ക്രമീകരിച്ചിട്ടുള്ള സാഹസിക യാത്ര ആരംഭിച്ചു.
ഇത്തരത്തിലുള്ള ഈ പ്രഥമ സംരംഭം നാരി ശക്തിയുടെ അദമ്യമായ ആവേശത്തെ എടുത്തുകാണിക്കുകയും സമുദ്ര പര്യവേക്ഷണങ്ങളിൽ ലിംഗപരമായ വിവേചനം അവസാനിപ്പിക്കാൻ ലക്ഷ്യമിടുകയും ചെയ്യുന്നു. 2026-ൽ നടപ്പാക്കാൻ ആസൂത്രണം ചെയ്തിരിക്കുന്ന വിപുലമായ ഒരു സമുദ്ര പര്യവേക്ഷണത്തിനുള്ള തയ്യാറെടുപ്പ് ഘട്ടമായാണ് ഈ യാത്ര സംഘടിപ്പിച്ചിട്ടുള്ളത്.
ഉത്സാഹ ഭരിതരായ 41 പേരിൽ നിന്ന് തിരഞ്ഞെടുത്ത പന്ത്രണ്ട് വനിതാ ഓഫീസർമാർ, സമുദ്ര പര്യവേക്ഷണത്തിൽ രണ്ട് വർഷത്തെ കഠിന പരിശീലനം നേടിയ ശേഷമാണ് വെല്ലുവിളി നിറഞ്ഞ ഈ സമുദ്രയാത്രയ്ക്ക് പുറപ്പെട്ടത്. സാഹസികത നിറഞ്ഞ സമുദ്ര യാത്രയിൽ, ഈ നാവികരുടെ പ്രതിരോധശേഷി, ധൈര്യം, ദൃഢനിശ്ചയം എന്നിവ പരീക്ഷിക്കപ്പെടും. പകലും രാത്രിയും ഉൾപ്പെടെ, ഹ്രസ്വവും ദീർഘവുമായ ദൂരങ്ങൾ താണ്ടി, നിരവധി സങ്കീർണതകൾ ഉൾപ്പെട്ട പര്യവേക്ഷണ പരിശീലനമാണ് സംഘത്തിന് നൽകിയത് . പരിശീലന കാലയളവിൽ കാലാവസ്ഥ, യാനത്തിന്റെ മെക്കാനിക്കൽ പ്രശ്നങ്ങൾ, ശാരീരിക ബുദ്ധിമുട്ടുകൾ തുടങ്ങിയ വെല്ലുവിളികളെ അവർ തരണം ചെയ്തു.
മുംബൈ-സെയ്‌ഷെൽസ്-മുംബൈ പര്യവേക്ഷണം സായുധ സേനയിലെ സ്ത്രീ ശാക്തീകരണത്തെ പ്രതീകപ്പെടുത്തുന്നു. മാത്രമല്ല, തലമുറകളെ പ്രചോദിപ്പിക്കുന്ന ഇന്ത്യയുടെ ഇതിഹാസ യോദ്ധാക്കളായ റാണി വേലു നാച്ചിയാർ, റാണി ദുർഗ്ഗാവതി, റാണി ലക്ഷ്മി ഭായ് എന്നിവരോടുള്ള ആദരവും കൂടിയാണിത്.
ഈ നിർണായക യാത്രയുടെ വിജയകരമായ പൂർത്തീകരണത്തെ അടയാളപ്പെടുത്തുന്ന ഫ്ലാഗ്-ഇൻ ചടങ്ങ് 2025 മെയ് 30 ന് നടക്കും. സമുദ്ര പര്യവേക്ഷണങ്ങളിലുള്ള ഉൾച്ചേർക്കലിനും ശേഷിവർദ്ധനയ്ക്കും വേണ്ടിയുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ഈ പര്യവേക്ഷണം എടുത്തു കാട്ടുന്നു. ഏത് വെല്ലുവിളിയെയും കീഴടക്കാൻ കഴിവുള്ളതും ആർക്കും പ്രതിരോധിക്കാൻ കഴിയാത്തതുമാണ് വനിതകളുടെ ശക്തി എന്ന് ഈ യാത്ര തെളിയിക്കുന്നു.
SODY.jpeg)
JHE7.jpeg)
Z3H8.jpeg)
*****
(Release ID: 2119893)
Visitor Counter : 11