പരിസ്ഥിതി, വനം മന്ത്രാലയം
ബ്രസീലിയയിൽ നടക്കുന്ന 11-ാമത് ബ്രിക്സ് പരിസ്ഥിതി മന്ത്രിമാരുടെ യോഗത്തിൽ, എൻഡിസി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി 1.3 ട്രില്യൺ യുഎസ് ഡോളർ സമാഹരിക്കുന്നതിന് 'ബാക്കു മുതൽ ബെലെം വരെയുള്ള കർമപദ്ധതി'യിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ഇന്ത്യ ബ്രിക്‌സിനോട് ആഹ്വാനം ചെയ്തു
ആഗോള സുസ്ഥിരതയും എല്ലാവർക്കും നീതിയുക്തമായ പരിവർത്തനവും ശക്തിപ്പെടുത്തുന്നതിന് ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ സഹകരണത്തോടെയുള്ള കാലാവസ്ഥാ പ്രവർത്തനത്തിന് ഇന്ത്യ ഊന്നൽ നൽകി
Posted On:
03 APR 2025 8:16PM by PIB Thiruvananthpuram
ഇന്ന് ബ്രസീലിലെ ബ്രസീലിയയിൽ നടന്ന 11-ാമത് ബ്രിക്സ് പരിസ്ഥിതി മന്ത്രിമാരുടെ യോഗത്തിൽ '2030 കാലാവസ്ഥാ അജണ്ട' യുടെ പുരോഗതിയ്ക്ക് ഒരു കൂട്ടായ നേതൃത്വത്തിന്റെ ആവശ്യകതയെക്കുറിച്ച് ഇന്ത്യ ശക്തമായി വാദിച്ചു. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEFCC) അഡീഷണൽ സെക്രട്ടറി ശ്രീ. അമൻദീപ് ഗർഗ് ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചു.
സെഷൻ I: സുസ്ഥിര വികസനത്തിനും എല്ലാവർക്കും നീതിയുക്തമായ പരിവർത്തനത്തിനും വേണ്ടി ബ്രിക്‌സിന്റെ പരിസ്ഥിതി സഹകരണം മെച്ചപ്പെടുത്തൽ
ആദ്യ സെഷനിൽ, ആഗോള സുസ്ഥിരതയും കാലാവസ്ഥാ അനുയോജ്യ പ്രവർത്തനവും രൂപപ്പെടുത്തുന്നതിൽ ബ്രിക്‌സിന്റെ നിർണായക പങ്ക് ഇന്ത്യ എടുത്തുപറഞ്ഞു. ലോക ജനസംഖ്യയുടെ 47% ബ്രിക്സ് രാജ്യങ്ങളിലാണെന്നും ഇത് ആഗോള ജിഡിപിയുടെ (പിപിപി) 36% സംഭാവന ചെയ്യുന്നുണ്ടെന്നും ചൂണ്ടികാണിച്ചുകൊണ്ട്, കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര വികസനവും അഭിസംബോധന ചെയ്യുന്നതിൽ ഈ കൂട്ടായ്മയുടെ ഉത്തരവാദിത്വം ഇന്ത്യ ഊന്നിപ്പറഞ്ഞു.
2021-ലെ 7-ാമത് ബ്രിക്സ് പരിസ്ഥിതി മന്ത്രിമാരുടെ യോഗത്തിലെ ന്യൂഡൽഹി പ്രസ്താവനയുടെ പ്രാധാന്യം ഇന്ത്യ ആവർത്തിച്ചു.ഇത് പൊരുത്തപ്പെടുത്തൽ, ലഘൂകരണം, നടപ്പാക്കൽ മാർഗങ്ങൾ എന്നിവ സംയോജിപ്പിച്ച് കാലാവസ്ഥാ വ്യതിയാന പ്രതിരോധ പ്രവർത്തനത്തോടുള്ള സമഗ്രമായ സമീപനത്തെ വാദിക്കുന്നു. സന്തുലിതമായ കാർബൺ ബജറ്റ് ഉപയോഗത്തിന്റെ അടിയന്തര ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട്, സുസ്ഥിരത ഉറപ്പാക്കുന്നതിനൊപ്പം വികസ്വര രാജ്യങ്ങളുടെ വളർച്ചയ്ക്ക് മുൻഗണന നൽകുന്ന ഒരു സന്തുലിത പരിവർത്തനത്തിന് ഇന്ത്യ ആഹ്വാനം ചെയ്തു.
ദേശീയമായി നിർണ്ണയിക്കപ്പെട്ട വിഹിതത്തെ (എൻഡിസി) പിന്തുണയ്ക്കുന്നതിനായി കാലാവസ്ഥാ ധനസഹായത്തിൽ 1.3 ട്രില്യൺ യുഎസ് ഡോളർ നേടുക എന്ന ലക്ഷ്യത്തോടെയുള്ള ബാക്കു മുതൽ ബെലെം വരെയുള്ള കർമപദ്ധതി ചർച്ചയിൽ ഒരു പ്രധാന വിഷയമായി. ആഗോള സുസ്ഥിരതാ പ്രതിജ്ഞാബദ്ധതകൾ ഫലപ്രദമായി നിറവേറ്റുന്നതിന് കാലാവസ്ഥാ ധനസഹായ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ഇന്ത്യ, ബ്രിക്സ് പങ്കാളികളോട് ആവശ്യപ്പെട്ടു.
ഫോസിൽ ഇന്ധനങ്ങൾ, ഹൈഡ്രജൻ, ആണവ, പുനരുപയോഗ ഊർജ്ജം എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഊർജ്ജ മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ബ്രിക്സ് ന്യൂഡൽഹി പ്രഖ്യാപനത്തിൽ (2021) നടത്തിയ പ്രതിജ്ഞാബദ്ധതകൾ ഊർജ്ജ സുരക്ഷയെക്കുറിച്ചുള്ള ചർച്ചയിൽ ഇന്ത്യ ആവർത്തിച്ചു. ആഗോള പുനരുപയോഗ ഊർജ്ജ സംയോജനത്തിനായുള്ള ഒരു പരിവർത്തന പദ്ധതിയായി, അന്താരാഷ്ട്ര സൗരസഖ്യത്തിന് കീഴിൽ ആരംഭിച്ച' ഗ്രീൻ ഗ്രിഡ്സ് സംരംഭം - ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്,' ഇന്ത്യ ഉയർത്തിക്കാട്ടി.
സുസ്ഥിരതാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വിഭവ കാര്യക്ഷമതയ്ക്കും ചാക്രിക സമ്പദ്‌വ്യവസ്ഥയ്ക്കും ഇന്ത്യ പ്രാധാന്യം നൽകി. സുസ്ഥിര വിഭവ പരിപാലനത്തിൽ ആഗോള കോർപ്പറേറ്റ് സഹകരണത്തിനുള്ള ഒരു മാതൃകയായി, ജി20-ന് കീഴിൽ ആരംഭിച്ച
'വിഭവ കാര്യക്ഷമതാ &ചാക്രിക സമ്പദ് വ്യവസ്ഥാ വ്യവസായ സഖ്യ'ത്തെ ഉയർത്തിക്കാട്ടി.
“ ,ഒരു നീതിയുക്ത പരിവർത്തന പ്രവർത്തനത്തിൽ രാഷ്ട്രങ്ങളുടെ വൈവിധ്യമാർന്ന സാമ്പത്തിക യാഥാർത്ഥ്യങ്ങളെ അംഗീകരിക്കണം. ഓരോ രാജ്യത്തിനും അതിന്റേതായ വികസന പാതയുണ്ട്. കൂടാതെ ഒരു രാഷ്ട്രമോ സമൂഹമോ ഈ പരിവർത്തനത്തിൽ പിന്തള്ളപ്പെടാതിരിക്കാൻ സാമ്പത്തികം, സാങ്കേതികവിദ്യ, ശേഷി വികസനം എന്നിവയിൽ മതിയായ നടത്തിപ്പ് മാർഗങ്ങൾ നൽകേണ്ടത് അത്യാവശ്യമാണ്. ബ്രിക്‌സ് രാഷ്ട്രങ്ങൾ എന്ന നിലയിൽ, വികസ്വര സമ്പദ്‌വ്യവസ്ഥകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ന്യായവും നീതിയുക്തവുമായ പരിവർത്തനത്തിനായി വാദിക്കുകയും ചെയ്തുകൊണ്ട് ബഹുമുഖ ഫോറങ്ങളിൽ നമ്മുടെ ഇടപെടലുകൾ ശക്തിപ്പെടുത്തണം”, ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു
സെഷൻ II: കാലാവസ്ഥയ്‌ക്കായുള്ള കൂട്ടായ നേതൃത്വവും 2030 അജണ്ടയും
രണ്ടാം സെഷനിൽ, അഞ്ചിൽ നിന്ന് പതിനൊന്ന് അംഗങ്ങളിലേക്കുള്ള ബ്രിക്‌സിന്റെ വികാസം ആഗോള കാലാവസ്ഥാ ഭരണത്തിൽ അതിന്റെ നേതൃത്വത്തെ ശക്തിപ്പെടുത്തുന്നുവെന്ന് ഇന്ത്യ ചൂണ്ടികാണിച്ചു. മരുഭൂവൽകരണം, മലിനീകരണം, ജൈവവൈവിധ്യ നഷ്ടം തുടങ്ങിയ പൊതുവായ പാരിസ്ഥിതിക വെല്ലുവിളികൾ ബ്രിക്‌സ് രാജ്യങ്ങൾ നേരിടുന്നതിനാൽ, കൂട്ടായ പ്രവർത്തനത്തിന്റെയും പൊതുവായ ഉത്തരവാദിത്വത്തിന്റെയും പ്രാധാന്യം ഇന്ത്യ ഊന്നിപ്പറഞ്ഞു.
ന്യായവും സന്തുലിതവുമായ കാലാവസ്ഥാ പരിവർത്തനത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട്, UNFCCC, UNCCD, CBD, UNEA തുടങ്ങിയ ബഹുമുഖ വേദികളിൽ ബ്രിക് സ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം തുടരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. കാലാവസ്ഥാ ചർച്ചകൾക്കുള്ള അടിസ്ഥാന മാർഗ്ഗനിർദ്ദേശമായി 'പൊതുവായതും എന്നാൽ വ്യത്യസ്തമായതുമായ ഉത്തരവാദിത്വങ്ങളും തനത് ശേഷികളും' (CBDR-RC) എന്ന തത്വം രാജ്യം ആവർത്തിച്ചു.
നഗര പരിസ്ഥിതി സുസ്ഥിരതയ്ക്കുള്ള പങ്കാളിത്തം, നദിശുചിത്വ പരിപാടി, സുസ്ഥിര നഗര പരിപാലനം എന്നിവയുൾപ്പെടെയുള്ള പ്രധാന സംരംഭങ്ങളിലൂടെ സുസ്ഥിരതയ്ക്കായുള്ള ബ്രിക്സ്ന്റെ നേതൃത്വത്തെ ഇന്ത്യ അംഗീകരിച്ചു. സമുദ്ര പ്ലാസ്റ്റിക് മലിനീകരണം കൈകാര്യം ചെയ്യുന്നതിലും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും അച്ചടി വിഭവ കാര്യക്ഷമതയിലും മെച്ചപ്പെട്ട സഹകരണം ഇന്ത്യ ആവശ്യപ്പെട്ടു.
കാലാവസ്ഥാ ധനകാര്യത്തിൽ, വികസിത രാജ്യങ്ങൾ അവരുടെ പ്രതിജ്ഞാബദ്ധതകൾ നിറവേറ്റേണ്ടതിന്റെ അടിയന്തര ആവശ്യകത ഇന്ത്യ എടുത്തുകാട്ടി.കാലാവസ്ഥാ ധനകാര്യത്തിനുള്ള പുതിയ കൂട്ടായ ലക്ഷ്യത്തിന് കീഴിൽ 2035 ഓടെ പ്രതിവർഷം 300 ബില്യൺ യുഎസ് ഡോളർ വാഗ്ദാനം ചെയ്യുന്നത്,ഇതിന് ആവശ്യമായ 1.3 ട്രില്യൺ യുഎസ് ഡോളറിനേക്കാൾ വളരെ കുറവാണെന്ന് ചൂണ്ടിക്കാട്ടി. ആഗോള കാലാവസ്ഥ മാറ്റപൊരുത്തപ്പെടുത്തലിനും പ്രതിരോധശേഷി ശ്രമങ്ങൾക്കും മുന്നോട്ട് പോകുന്നതിനുള്ള നിർണായക നാഴികക്കല്ലായി ബ്രസീൽ ആതിഥേയത്വം വഹിക്കാൻ പോകുന്ന സിഒപി30 യുടെ പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യ ഊന്നിപ്പറഞ്ഞു.
വന്യജീവി സംരക്ഷണത്തിനായുള്ള ആഗോള ശ്രമമായ 'ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ്' പോലുള്ള സംരംഭങ്ങളെ പരാമർശിച്ചുകൊണ്ട്,വന്യജീവി സംരക്ഷണത്തിലും സുസ്ഥിരതയിലും ഇന്ത്യ,അതിന്റെ നേതൃത്വം ആവർത്തിച്ചു. കൂടാതെ, കൂട്ടായ കാലാവസ്ഥാ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിന് അന്താരാഷ്ട്ര സൗര സഖ്യം,ലീഡർഷിപ്പ് ഗ്രൂപ്പ് ഫോർ ഇൻഡസ്ട്രി ട്രാൻസിഷൻ, ആഗോള ജൈവ ഇന്ധനസഖ്യം തുടങ്ങിയ ആഗോള സുസ്ഥിരതാ സംരംഭങ്ങളിൽ ചേരാൻ ബ്രിക്സ് രാജ്യങ്ങളോട് ഇന്ത്യ ആവശ്യപ്പെട്ടു.
കാലാവസ്ഥാ പ്രവർത്തനം, പരിസ്ഥിതി സഹകരണം, സുസ്ഥിര വികസനം എന്നിവയിൽ പരിവർത്തനാത്മകമായ മാറ്റം കൈവരിക്കുന്നതിന് ബ്രിക്സ് പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത ഇന്ത്യ ആവർത്തിച്ചു . യോഗം ആതിഥേയത്വം വഹിച്ചതിന് ബ്രിക്സ് അധ്യക്ഷ പദവിയുള്ള ബ്രസീലിനോട് ഇന്ത്യൻ പ്രതിനിധി സംഘം നന്ദി രേഖപ്പെടുത്തുകയും ഹരിതവും കൂടുതൽ പ്രതിരോധശേഷിയുള്ളതുമായ ഭാവിക്കായി തുടർച്ചയായ ശ്രമങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.
*****
(Release ID: 2118923)
Visitor Counter : 11