ന്യൂനപക്ഷകാര്യ മന്ത്രാലയം
azadi ka amrit mahotsav

മതത്തിനപ്പുറം: വഖഫിനെ ഒരു സ്വത്ത് കൈകാര്യം ചെയ്യൽ പ്രശ്നം എന്ന നിലയിൽ മനസ്സിലാക്കാo

ഇന്ത്യയിലെ വഖഫിന്റെ നിയമപരവും ഭരണപരവുമായ യാഥാർത്ഥ്യങ്ങളുടെ കുരുക്ക് അഴിക്കൽ

Posted On: 03 APR 2025 6:56PM by PIB Thiruvananthpuram
ഇന്ത്യയിലെ വഖഫ് സമ്പ്രദായം പലപ്പോഴും ഒരു മതപരമായ വിഷയമായിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ വാസ്തവത്തിൽ, അത് പ്രധാനമായും സ്വത്ത് കൈകാര്യം ചെയ്യൽ, ഭരണ നിർവ്വഹണം, കാര്യനിർവ്വഹണം എന്നിവയെ സംബന്ധിച്ചുള്ളതാണ്. 1995 ലെ വഖഫ് നിയമവും അതിന്റെ ഭേദഗതികളും വഖഫ് സ്വത്തുക്കൾ ശരിയായി ഉപയോഗിക്കുന്നുണ്ടെന്നും കൈകാര്യം ചെയ്യപ്പെടുന്നുണ്ടെന്നും ഉറപ്പാക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മതപരമോ, ജീവകാരുണ്യപരമോ, സമൂഹത്തിന് ഗുണകരമോ ആയ ആവശ്യങ്ങൾക്കായി ഒരു മുസ്ലീം തന്റെ സ്ഥാവരമോ ജംഗമമോ ആയ സ്വത്ത് സംഭാവന ചെയ്യുന്നതിനെ വഖഫ് എന്ന് നിയമം നിർവചിക്കുന്നു. എന്നിരുന്നാലും, മതപരമായ ആചാരമല്ല ഇതിലെ പ്രധാന ആശങ്ക, മറിച്ച് ഈ സ്വത്തുക്കളുടെ ശരിയായ ഭരണനിർവ്വഹണമാണ്.

വഖഫ് നിയമത്തിലെ 96-ാo വകുപ്പ് പ്രകാരം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം, സാമ്പത്തിക വികസനം എന്നിവയുൾപ്പെടെയുള്ള വഖഫ് സ്ഥാപനങ്ങളുടെ മതേതര പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സർക്കാരിന് അധികാരമുണ്ട്. സുതാര്യതയും നിയമാനുസരണം ഉള്ള നടപടികളും ഉറപ്പാക്കുന്നതിനായി കേന്ദ്ര വഖഫ് കൗൺസിലും (CWC) സംസ്ഥാന വഖഫ് ബോർഡുകളും (SWBs) ഈ സ്വത്തുക്കളുടെ മേൽനോട്ടവും നിയന്ത്രണവും നിർവ്വഹിക്കുന്നു.

വഖഫ് ബോർഡുകൾ മതസംഘടനകളല്ല, മറിച്ച് സ്വത്ത് കൈകാര്യം ചെയ്യുന്നതിന് ഉത്തരവാദിത്വം ഉള്ള നിയമപരമായ സ്ഥാപനങ്ങളാണെന്ന് രാജ്യത്തെ കോടതികൾ വിധിച്ചിട്ടുണ്ട്.

വഖഫ് സ്വത്ത് കൈകാര്യം ചെയ്യൽ ഒരു മതേതര പ്രവർത്തനമാണെന്ന വസ്തുത നിരവധി കോടതി വിധികൾ സ്ഥിരീകരിച്ചിട്ടുണ്ട്:

 
  • സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ vs യൂണിയൻ ഓഫ് ഇന്ത്യ (കേരള ഹൈക്കോടതി, 1993) – വഖഫ് ബോർഡ് ഒരു സർക്കാർ നിയന്ത്രിത സ്ഥാപനമാണെന്നും മത പ്രതിനിധിയല്ലെന്നും വ്യക്തമാക്കി.
  • ഹാഫിസ് മുഹമ്മദ് സഫർ അഹമ്മദ് vs യുപി സെൻട്രൽ സുന്നി ബോർഡ് ഓഫ് വഖഫ് (അലഹബാദ് ഹൈക്കോടതി, 1965) – ഒരു മുത്തവല്ലി (വഖഫ് മേൽനോട്ടക്കാരൻ ) വഖഫ് സ്വത്തിന്റെ ഉടമസ്ഥനല്ലെന്നും അത് കൈകാര്യം ചെയ്യുന്ന വ്യക്തി മാത്രമാണെന്നും വിധിച്ചു.
  • തിലകായത് ശ്രീ ഗോവിന്ദലാൽജി മഹാരാജ് vs രാജസ്ഥാൻ സ്റ്റേറ്റ് (സുപ്രീം കോടതി, 1964) – ക്ഷേത്ര സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത് ഒരു മതേതര കർത്തവ്യമാണെന്ന് കോടതി പ്രഖ്യാപിച്ചു. വഖഫ് സ്വത്തുക്കൾക്കും ഈ തത്വം ബാധകമാണ്.


ഇന്ത്യയിലെ വഖഫ് സ്വത്തുക്കൾ, ദുരുപയോഗം, നിയമവിരുദ്ധമായ അധിനിവേശം, സുതാര്യതയില്ലായ്മ എന്നിവ ഉൾപ്പെടെയുള്ള പ്രധാന പ്രശ്നങ്ങൾ നേരിടുന്നു:

WAMSI പോർട്ടലിലെ റിപ്പോർട്ട് അനുസരിച്ച് 58,898-ലധികം വഖഫ് സ്വത്തുക്കൾ അനധികൃതമായി കൈവശപ്പെടുത്തിയിട്ടുള്ളതാണ് .

വഖഫ് ബോർഡുകളുടെ സംശയാസ്പദമായ അവകാശവാദങ്ങളിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു:

  • ഗോവിന്ദ്പൂർ, ബീഹാർ (ഓഗസ്റ്റ് 2024) – ബിഹാർ സുന്നി വഖഫ് ബോർഡ് ഒരു മുഴുവൻ ഗ്രാമത്തിന്റെയും ഉടമസ്ഥത അവകാശപ്പെട്ടു, ഇത് നിയമപരമായ തർക്കങ്ങൾക്ക് കാരണമായി.
  • കേരളം (സെപ്റ്റംബർ 2024) – വഖഫ് ബോർഡ് തങ്ങളുടെ പൂർവ്വിക ഭൂമിയാണെന്ന് അവകാശപ്പെട്ടതിനെ തുടർന്ന് ഏകദേശം 600 ക്രിസ്ത്യൻ കുടുംബങ്ങൾ പ്രതിഷേധവുമായി രംഗത്ത് വന്നു.
  • സൂറത്ത്, ഗുജറാത്ത് – സർക്കാർ കെട്ടിടമായ സൂറത്ത് മുനിസിപ്പൽ കോർപ്പറേഷൻ ആസ്ഥാനം വഖഫ് സ്വത്താണെന്ന് വഖഫ് ബോർഡ് പ്രഖ്യാപിച്ചു.


 മുസ്ലിം-ഇതര വ്യക്‌തികളുടെ/സ്ഥാപനങ്ങളുടെ സ്വത്തുക്കൾ ഏകപക്ഷീയമായി വഖഫിന്റേതായി പ്രഖ്യാപിച്ച സംഭവങ്ങൾ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്:

  • തമിഴ്‌നാട്ടിൽ, തിരുച്ചെന്തുറൈ ഗ്രാമം മുഴുവൻ വഖഫ് ബോർഡ് അവകാശപ്പെട്ടു, ഇത് മുസ്ലീങ്ങളല്ലാത്തവരുടെ സ്വത്തവകാശത്തെ ബാധിക്കുന്നു.
  • ശരിയായ രേഖകളില്ലാതെ ആകെ 132 ചരിത്ര സ്മാരകങ്ങൾ വഖഫ് സ്വത്തുക്കളായി പ്രഖ്യാപിച്ചു.

വഖഫ് ഭരണനിർവ്വഹണത്തിൽ സുതാര്യതയും നീതിയും മെച്ചപ്പെടുത്തുന്നതിനായാണ്‌ വഖഫ് (ഭേദഗതി) ബിൽ 2025 അവതരിപ്പിച്ചത് . പ്രധാന പരിഷ്കാരങ്ങളിൽ ഇവ ഉൾപ്പെടുന്നു:

  • ഏകപക്ഷീയമായ സ്വത്ത് അവകാശവാദങ്ങൾ അവസാനിപ്പിക്കൽ - വഖഫ് ബോർഡുകൾക്ക് ഏകപക്ഷീയമായി ഏതൊരു സ്വത്തും വഖഫ് ആയി പ്രഖ്യാപിക്കാൻ അനുമതി നൽകുന്ന വകുപ്പ് 40 നീക്കം ചെയ്തു.
  • രേഖകളുടെ ഡിജിറ്റൽവൽക്കരണം - നിയമവിരുദ്ധമായ അവകാശവാദങ്ങൾ തടയുന്നതിനും ട്രാക്കിംഗ് മെച്ചപ്പെടുത്തുന്നതിനും വഖഫ് സ്വത്തുക്കൾ ഡിജിറ്റലായി രേഖപ്പെടുത്തും.
  • തർക്ക പരിഹാരം ശക്തിപ്പെടുത്തൽ - സ്വത്ത് തർക്കങ്ങൾ കാര്യക്ഷമമായി പരിഹരിക്കുന്നതിന് വഖഫ് ട്രൈബ്യൂണലുകൾക്ക് കൂടുതൽ അധികാരം നൽകും.
  • ഉത്തരവാദിത്തം ഉറപ്പാക്കൽ - ന്യായമായ തീരുമാനമെടുക്കൽ പ്രോത്സാഹിപ്പിക്കുന്നതിനായി മുസ്ലീം ഇതര അംഗങ്ങളെ വഖഫ് ബോർഡുകളിൽ ഉൾപ്പെടുത്തും.


ഇന്ത്യയിലെ വഖഫ് സംവിധാനം പ്രധാനമായും മതത്തെക്കുറിച്ചുള്ളതല്ല ,മറിച്ച് സ്വത്ത് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ചുള്ളതാണ്. വഖഫ് ഭരണം ഒരു മതേതര പ്രവർത്തനമാണെന്ന് സർക്കാരും കോടതികളും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ദുർവിനിയോഗം, നിയമവിരുദ്ധമായ അവകാശവാദങ്ങൾ, സുതാര്യതയുടെ അഭാവം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ  വഖഫ് (ഭേദഗതി) ബിൽ 2025 ഒരു നിർണായക ചുവടുവെയ്പ്പാണ്. നിയമപരമായ മേൽനോട്ടം, ഡിജിറ്റലൈസേഷൻ, ഉത്തരവാദിത്തം എന്നിവ അവതരിപ്പിക്കുന്നതിലൂടെ, വഖഫ് സ്വത്തുക്കൾ പൊതുനന്മയിലൂന്നിയുള്ള അതിന്റെ ലക്ഷ്യം നിറവേറ്റുന്നതിനൊപ്പം എല്ലാ പൗരന്മാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നുവെന്നും ബിൽ ഉറപ്പാക്കുന്നു.
 

*****

(Release ID: 2118713) Visitor Counter : 51