പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
Posted On:
01 APR 2025 8:20PM by PIB Thiruvananthpuram
കേന്ദ്ര പുനരുപയോഗ ഊർജ്ജ മന്ത്രാലയം (MNRE) 2024-25 സാമ്പത്തിക വർഷത്തിൽ പുനരുപയോഗ ഊർജ്ജ മേഖലയിൽ ഒരു ചരിത്ര നാഴികക്കല്ല് പിന്നിട്ടു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, രാജ്യം 25 GW പുനരുപയോഗ ഊർജ്ജ ശേഷി കൂട്ടിച്ചേർത്തു.കഴിഞ്ഞ വർഷത്തെ 18.57 GW നേക്കാൾ ഏകദേശം 35% വർദ്ധന.
•പുനരുപയോഗ ഊർജ്ജ മേഖലയ്ക്ക് സൗരോർജം കുതിപ്പ് നൽകുന്നു
ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ വളർച്ചയിൽ സൗരോർജ്ജം മുൻനിരയിലാണ്. സൗരോർജ ശേഷി 2024 സാമ്പത്തിക വർഷത്തിലെ 15 GW ൽ നിന്ന് 2025 സാമ്പത്തിക വർഷത്തിൽ ഏകദേശം 21 GW ആയി ഉയർന്നു.ഇത് 38% എന്ന ശ്രദ്ധേയമായ വർദ്ധനയാണ്. ഈ വർഷം രാജ്യം, 100 GW സൗരോർജ്ജസ്ഥാപിത ശേഷി മറികടക്കുക എന്ന സുപ്രധാന നാഴികക്കല്ല് കൈവരിച്ചു.
•ആഭ്യന്തര സൗരോർജ ഉൽപ്പാദനം പുതിയ ഉയരങ്ങളിലെത്തി
സ്വയം പര്യാപ്തതയിലേക്കുള്ള കരുത്തുറ്റ യാത്രയിൽ , രാജ്യത്തിന്റെ സൗരോർജ്ജ മൊഡ്യൂൾ നിർമ്മാണ ശേഷി 2024 മാർച്ചിൽ 38 GW ആയിരുന്നത് 2025 മാർച്ചിൽ 74 GW ആയി ഇരട്ടിയായി.അതേസമയം സോളാർ പിവി സെൽ നിർമ്മാണ ശേഷി 9 GW ൽ നിന്ന് 25 GW ആയി മൂന്നിരട്ടിയായി. കൂടാതെ, രാജ്യത്തെ ആദ്യത്തെ ഇൻഗോട്ട്-വേഫർ നിർമ്മാണ സൗകര്യം (2 GW) 2025 സാമ്പത്തിക വർഷത്തിൽ ഉത്പാദനം ആരംഭിച്ചു. ഉയർന്ന കാര്യക്ഷമതയുള്ള സോളാർ പിവി മൊഡ്യൂളുകൾക്കായുള്ള ഉൽപാദന ബന്ധിത കിഴിവ് (PLI) പദ്ധതി പ്രകാരം, 41,000 കോടി രൂപയുടെ നിക്ഷേപങ്ങൾ നടത്തി. കൂടാതെ
ഏകദേശം 11,650 പേർക്ക് നേരിട്ടുള്ള തൊഴിൽ സൃഷ്ടിച്ചു.
•പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജന വ്യാപകമായ സ്വാധീനം ചെലുത്തുന്നു
2025 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം 11.01 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന തരത്തിൽ പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജന ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. ഈ പദ്ധതി പ്രകാരം, പുരപ്പുറ സൗരോർജ പദ്ധതി സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് 6.98 ലക്ഷം ഗുണഭോക്താക്കൾക്ക് കേന്ദ്ര സാമ്പത്തിക സഹായമായി 5,437.20 കോടി രൂപ വിതരണം ചെയ്തു.
ഹരിത ഹൈഡ്രജൻ മേഖലയ്ക്ക് ആക്കം കൂടുന്നു
രാജ്യത്തിന്റെ ഹരിത ഹൈഡ്രജൻ ഇന്ധന മേഖലയിലും കാര്യമായ പുരോഗതി ഉണ്ടായി. പ്രതിവർഷം 1,500 മെഗാവാട്ട് ഇലക്ട്രോലൈസർ നിർമ്മാണത്തിന് 2,220 കോടി രൂപയുടെ ആനുകൂല്യങ്ങൾ അനുവദിച്ചു. അതേസമയം പ്രതിവർഷം 4,50,000 ടൺ (TPA) ഹരിത ഹൈഡ്രജൻ ഉൽപാദനത്തിന് 2,239 കോടി കൂടി അനുവദിച്ചു. ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തിന് കീഴിൽ, ഉരുക്ക് മേഖലയെ ഡീകാർബണൈസ് ചെയ്യുന്നതിനായി 454 കോടിരൂപയുടെ ഏഴ് പൈലറ്റ് പദ്ധതികൾക്ക് ധനസഹായം നൽകി. കൂടാതെ, 208 കോടിരൂപ ധനസഹായത്തോടെ ഗതാഗത മേഖലയിലെ അഞ്ച് പൈലറ്റ് പദ്ധതികൾ വഴി 37 ഹൈഡ്രജൻ ഇന്ധന വാഹനങ്ങളും 9 ഹൈഡ്രജൻ റീഫ്യുവലിംഗ് സ്റ്റേഷനുകളും സജ്ജമാക്കും.
പിഎം കുസും പദ്ധതിയ്ക്ക് കീഴിൽ റെക്കോർഡ് പുരോഗതി
പിഎം കുസും പദ്ധതി റെക്കോർഡ് പുരോഗതി കൈവരിച്ചു. പദ്ധതിയുടെ ഘടകം ബി-യിൽ, 2025 സാമ്പത്തിക വർഷത്തിൽ 4.4 ലക്ഷം പമ്പുകൾ സ്ഥാപിച്ചു, മുൻ വർഷത്തെ അപേക്ഷിച്ച് 4.2 മടങ്ങ് വർധന. ഘടകം സിയിൽ, 2.6 ലക്ഷം പമ്പുകൾ സൗരോർജ്ജത്തിലാക്കി. ഇത് 2024 സാമ്പത്തിക വർഷത്തേക്കാൾ 25 മടങ്ങ് കൂടുതലാണ്. പദ്ധതി പ്രകാരം സ്ഥാപിച്ച/ സൗരോർജ്ജവൽക്കരിച്ച സൗരോർജ്ജ പമ്പുകളുടെ ആകെ എണ്ണം ഇപ്പോൾ 10 ലക്ഷം കവിഞ്ഞു. പിഎം കുസുമിനുള്ള സാമ്പത്തിക ചെലവ് മുൻ വർഷത്തേക്കാൾ 268% വർധനയോടെ 2,680 കോടിരൂപയായി ഉയർന്നു.
ശുദ്ധ ഊർജ്ജ പദ്ധതികൾക്ക് ധനസഹായം നൽകുന്നതിൽ ഇന്ത്യൻ പുനരുപയോഗ ഊർജ്ജ വികസന ഏജൻസി (IREDA) നിർണായക പങ്ക് വഹിക്കുന്നത് തുടരുന്നു. 2025- സാമ്പത്തിക വർഷത്തിൽ , IREDA വായ്പാ അനുമതികളിൽ 27% വർദ്ധന രേഖപ്പെടുത്തി 47,453 കോടിരൂപയിലെത്തി. അതേസമയം വായ്പാ വിതരണം 20% വർദ്ധിച്ച് 30,168 കോടിരൂപയായി.
"ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുനരുപയോഗ ഊർജ്ജ ശേഷിയുള്ള രാജ്യമായി ഇന്ത്യ ഇതിനകം മാറിയിരിക്കാം അല്ലെങ്കിൽ ഉടൻ തന്നെ മാറും. സുസ്ഥിരവും സ്വാശ്രയവുമായ ഊർജ്ജ ഭാവിയെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടിന്റെ ഒരു പ്രതിഫലനമാണ് ഈ നാഴികക്കല്ല്" എന്ന് കേന്ദ്ര നവ, പുനരുപയോഗ ഊർജ്ജ മന്ത്രി ശ്രീ പ്രൾഹാദ് ജോഷി പറഞ്ഞു.
ഈ ശ്രദ്ധേയമായ നേട്ടങ്ങൾ,ശുദ്ധ ഊർജ്ജത്തിലേക്കുള്ള പരിവർത്തനത്തിൽ ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയും ആഗോള പുനരുപയോഗ ഊർജ്ജ മേഖലയിലെ നേതൃ സ്ഥാനവും ആവർത്തിച്ച് ഉറപ്പിക്കുന്നു.
*****