ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

'സുസ്ഥിരത' എന്ന ആശയം ആഗോളസമൂഹം ഏറ്റെടുക്കുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ ഇന്ത്യ അത് പ്രാവർത്തികമാക്കി - ഉപരാഷ്ട്രപതി

പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചിന്തകളിൽ വികസിത രാജ്യങ്ങൾ രാഷ്ട്രീയ അതിർവരമ്പുകൾ ഭേദിക്കണം- ഉപരാഷ്ട്രപതി

Posted On: 30 MAR 2025 6:01PM by PIB Thiruvananthpuram

'സുസ്ഥിരത' എന്ന ആശയം ആഗോളസമൂഹം ഏറ്റെടുക്കുന്നതിന്  ഏറെ മുമ്പുതന്നെ, എന്ന് വച്ചാൽ വളരെ മുമ്പുതന്നെ.... നമ്മുടെ രാജ്യത്ത് ഓരോ ആൽമരവും ഒരു ക്ഷേത്രമായിരുന്നു, ഓരോ നദിയും ഒരു ദേവതയായിരുന്നു. മതേതരത്വം പറയുന്ന സംസ്ക്കാരങ്ങൾക്ക് അത്ര പരിചിതമല്ലാത്ത ഇത്തരം ആശയങ്ങൾ അക്ഷരം പ്രതി സാക്ഷാത്ക്കരിച്ചാണ് നൂറ്റാണ്ടുകളായി ഇന്ത്യ ജീവിച്ചു പോന്നത്.. ഭൂമാതാവിനെ പരിപോഷിപ്പിക്കുന്നതിനും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുന്നതിനുമുള്ള സ്വർണ്ണഖനിയാണ് നമ്മുടെ വേദ സാഹിത്യം."

ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന നാഷണൽ കോൺഫറൻസ് ഓൺ എൻവയോൺമെന്റ്- 2025 ന്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യവേ ശ്രീ ധൻഖർ പറഞ്ഞു, "പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചിന്തകളിൽ വികസിത രാജ്യങ്ങൾ രാഷ്ട്രീയ അതിർവരമ്പുകൾ ഭേദിക്കണം. മനുഷ്യന്റെ അഭിവൃദ്ധിക്കും ക്ഷേമത്തിനും ഭൂമിയുടെ സ്വാസ്ഥ്യം അടിസ്ഥാനമാക്കിയുള്ള മാതൃകകൾ സ്വീകരിക്കണം."

 “ഭോപ്പാൽ വാതക ദുരന്തം നൽകിയ പാഠങ്ങൾ നാം ഇപ്പോഴും ഉൾക്കൊണ്ടിട്ടില്ലെന്ന് 1984-ലെ ഭോപ്പാൽ വാതക ദുരന്തത്തെ അനുസ്മരിച്ചുകൊണ്ട് ശ്രീ ധൻകർ പറഞ്ഞു. വലിയ ഒരു പാരിസ്ഥിതിക അലംഭാവത്തിന്റെ ഫലമായിരുന്നു1984-ലെ യൂണിയൻ കാർബൈഡ് വാതക ചോർച്ച. നാല് പതിറ്റാണ്ടുകൾക്ക് ശേഷവും, കുടുംബങ്ങൾ, തലമുറതലമുറയായി ജനിതക വൈകല്യങ്ങളും ഭൂഗർഭജല മലിനീകരണവും അനുഭവിക്കുന്നു…..  . ഈ പ്രശ്നം പരിഹരിക്കാൻ കഴിയുന്ന ദേശീയ ഹരിത ട്രിബ്യുണൽ (NGT) പോലുള്ള ഒരു സ്ഥാപനം, ഒരു നിയന്ത്രണ സംവിധാനം, നമുക്കുണ്ടായിരുന്നില്ല. ഇന്നത്തെപ്പോലെ  ഒരു നിയന്ത്രണ സംവിധാനം അന്ന് ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ അടിമുടി വ്യത്യസ്തമാകുമായിരുന്നു.”

പരിസ്ഥിതി ധാർമ്മികത ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു, “.... പരിസ്ഥിതി ധാർമ്മികത ഉയർത്തിപ്പിടിക്കുകയും അതിൽ വിശ്വസിക്കുകയും ചെയ്യേണ്ടത് ആഗോളതലത്തിൽ ആവശ്യമാണ്, പരിസ്ഥിതിയെ സംരക്ഷിക്കാനും പരിപാലിക്കാനുമുള്ള മനുഷ്യന്റെ ധാർമ്മിക ബാധ്യതകൾക്ക് ഇത് അടിവരയിടുന്നു……. ഈ ഭൂമി നമുക്ക് വേണ്ടി മാത്രമുള്ളതല്ലെന്ന് നാം അംഗീകരിക്കണം. നാം ഭൂമിയുടെ ഉടമകളല്ല. സസ്യജന്തുജാലങ്ങളും മറ്റ് എല്ലാ ജീവജാലങ്ങളും നമ്മോടൊപ്പം പൂക്കുകയും തഴച്ചുവളരുകയും വേണം. അത്തരമൊരു സാഹചര്യം സംജാതമകണമെങ്കിൽ, മനുഷ്യൻ പ്രകൃതിയുമായും മറ്റ് ജീവജാലങ്ങളുമായും സമരസപ്പെട്ട് ജീവിക്കാൻ പഠിക്കേണ്ടിവരും. നമ്മൾ അത് ചെയ്യുന്നുണ്ടോ? ഇല്ല…..പ്രകൃതി വിഭവങ്ങളുടെ പരമാവധി കാര്യക്ഷമമായ ഉപയോഗത്തിൽ വ്യക്തിഗതമായിത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അത് നമ്മുടെ ശീലമായി മാറണം. നമ്മുടെ സാമ്പത്തിക ശക്തി, നമ്മുടെ സാമ്പത്തിക ശേഷി എന്നിവ  പ്രകൃതി വിഭവങ്ങളുടെനമ്മുടെ ഉപയോഗത്തെ നിർണ്ണയിക്കാൻ പാടില്ല.  ഉപഭോഗം പരമാവധി കാര്യക്ഷമമായിരിക്കണം.”

"പാരിസ്ഥിതിക വികാസവും സംരക്ഷണ ധാർമ്മികതയും ഊഷ്മളമായ മനുഷ്യ-പ്രകൃതി ബന്ധത്തിന് വേണ്ടിയാണ്  വാദിക്കുന്നത്. അത് വളരെ എളുപ്പം സാക്ഷാത്ക്കരിക്കാൻ കഴിയും. ജീവിതത്തോടുള്ള ഒരു ഭാവാത്മക മനോഭാവമല്ലാതെ മറ്റൊന്നും അതിന്  ആവശ്യമില്ല. തലമുറകളുടെ സുസ്ഥിരത ലക്ഷ്യമിട്ട് പരിസ്ഥിതി സംരക്ഷണത്തിലും വിവേകപൂർണ്ണമായ വിഭവ പരിപാലനത്തിലും നാം ശ്രദ്ധ കേന്ദ്രീകരിക്കണം", അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമം, ശാസ്ത്രം, ധാർമ്മികത എന്നീ തത്വങ്ങളുമായുള്ള ദേശീയ ഹരിത ട്രിബ്യുണലിന്റെ (NGT) താദാത്മ്യം എടുത്തുകാണിച്ചുകൊണ്ട് ശ്രീ ധൻഖർ പറഞ്ഞു, "NGT യെ ഞാൻ ഇങ്ങനെ വിപിലീകരിക്കുന്നു, N അഥവാ നർച്ചറിങ്- പരിപോഷണം, G അഥവാ ഗ്രീൻ-പച്ചപ്പ്, T അഥവാ ടുമോറോ-നല്ല നാളെ. നാളേക്ക് വേണ്ടിയുള്ള ഹരിതാഭയുടെ പോഷണമാണ് എന്നെ സംബന്ധിച്ചിടത്തോളം  NGT. അത് വെറും വാചാടോപമല്ല. പ്രകൃതിയുമായുള്ള നമ്മുടെ ബന്ധത്തെ പരിവർത്തനം ചെയ്യുന്ന നിയമം, ശാസ്ത്രം, ധാർമ്മികത എന്നിവയുടെ സ്ഥാപനപരമായ ദർശനമാണത്. നമുക്ക് നമ്മുടെ വേരുകളിൽ ഉറച്ചുനിന്നുകൊണ്ട് വളരാം.  അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിക്കാം, അചഞ്ചലമായ ദൃഢനിശ്ചയത്തോടെ കാലാവസ്ഥാ നീതി ഉയർത്തിപ്പിടിക്കാം."

"ആകാശത്തും ബഹിരാകാശത്തും സമാധാനം പുലരട്ടെ. ഭൂമിയിലും ജലത്തിലും സസ്യജാലങ്ങളിലും സമാധാനം പുലരട്ടെ. എല്ലായിടത്തും സമാധാനം പുലരട്ടെ", അദ്ദേഹം കൂട്ടിച്ചേർത്തു.

ആദരണീയ ഉപരാഷ്ട്രപതിയുടെ ഭാര്യ ഡോ. (ശ്രീമതി) സുദേഷ് ധൻഖർ, സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് പി.എസ്. നരസിംഹ, ദേശീയ ഹരിത ട്രൈബ്യൂണൽ ചെയർപേഴ്‌സൺ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, സോളിസിറ്റർ ജനറൽ ശ്രീ തുഷാർ മേത്ത, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സെക്രട്ടറി ശ്രീ തന്മയ് കുമാർ, അടക്കമുള്ള വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.

********************


(Release ID: 2116983) Visitor Counter : 24


Read this release in: Hindi , English , Urdu