വാണിജ്യ വ്യവസായ മന്ത്രാലയം
ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ സമാപിച്ചു
ബഹുമേഖലാ ഉഭയകക്ഷി വ്യാപാര കരാറിന് (BTA) കീഴിലുള്ള മേഖലാതല വിദഗ്ദ്ധ ചർച്ചകൾ വരും ആഴ്ചകളിൽ വെർച്വലായി ആരംഭിക്കും
Posted On:
29 MAR 2025 5:45PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 29 മാർച്ച് 2025
ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകളുടെ തുടർച്ച എന്ന നിലയിൽ, 2030 ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറിലെത്തിക്കാൻ ഇരുപക്ഷവും സമ്മതിച്ച 2025 ഫെബ്രുവരി 13 ലെ സംയുക്ത പ്രസ്താവനയിൽ സൂചിപ്പിച്ച വിധം, ഉഭയകക്ഷി വ്യാപാര കരാർ അന്തിമമാക്കുന്നത് ഉൾപ്പെടെ ഉള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ, ഇന്ത്യൻ വാണിജ്യ വകുപ്പിന്റെയും യുഎസ് വ്യാപാര പ്രതിനിധി ഓഫീസിന്റെയും പ്രതിനിധികൾ 2025 മാർച്ച് 26 മുതൽ 29 വരെ ന്യൂഡൽഹിയിൽ യോഗം ചേർന്നു.
നീതി, ദേശസുരക്ഷ, തൊഴിലവസര സൃഷ്ടി എന്നിവ ഉറപ്പാക്കും വിധം വളർച്ച പ്രോത്സാഹിപ്പിക്കുക എന്ന സമാന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്, 2025 അവസാനത്തോടെ ആദ്യ ഘട്ടം അന്തിമമാക്കുന്ന, പരസ്പര പ്രയോജനകരമായ, ബഹുമേഖലാ ഉഭയകക്ഷി വ്യാപാര കരാറിന്റെ (BTA) വരും ഘട്ടങ്ങളെക്കുറിച്ച് ഇരുപക്ഷവും ന്യൂഡൽഹിയിലെ നാല് ദിവസത്തെ വിശാലമായ ചർച്ചകളിലൂടെ ധാരണയിലെത്തി. ബഹുമേഖലാ ഉഭയകക്ഷി വ്യാപാര കരാറിന്റെ കീഴിലുള്ള മേഖലാ തല വിദഗ്ദ്ധ ചർച്ചകൾ വരും ആഴ്ചകളിൽ വെർച്വലായി ആരംഭിക്കുകയും നേരിട്ടുള്ള ചർച്ചകളിലേക്ക് വഴിമാറുകയും ചെയ്യും. ഈ ചർച്ചകളിൽ, വിപണി പ്രവേശനം മെച്ചപ്പെടുത്തൽ, തീരുവ-തീരുവഇതര തടസ്സങ്ങൾ കുറയ്ക്കൽ, പരസ്പര പ്രയോജനകരമായ രീതിയിൽ വിതരണ ശൃംഖലയുടെ സംയോജനം എന്നിവയുൾപ്പെടെയുള്ള മുൻഗണനാ മേഖലകളിൽ ഉഭയകക്ഷി സഹകരണം ആഴത്തിലാക്കുന്നതിനെക്കുറിച്ചുള്ള ഫലപ്രദമായ വീക്ഷണങ്ങൾ ഇരുപക്ഷവും പങ്കുവച്ചു.
2025 മാർച്ച് 4 മുതൽ 6 വരെ നടന്ന കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലിന്റെ വാഷിംഗ്ടൺ ഡി.സി. സന്ദർശന വേളയിൽ, യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ, വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. തുടർന്ന് ഇരുപക്ഷവും പങ്കെടുത്ത വീഡിയോ കോൺഫറൻസുകൾക്ക് ശേഷമാണ് ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടന്നത്.
ഇരുരാജ്യങ്ങളുടെയും അഭിവൃദ്ധി, സുരക്ഷ, നൂതനാശയ ആവാസവ്യവസ്ഥ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര, നിക്ഷേപ ബന്ധങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങളിലെ പുരോഗതിയാണ് ചർച്ചകളുടെ വിജയകരമായ സമാപനം വ്യക്തമാക്കുന്നത്. പുതിയ ബിസിനസ് അവസരങ്ങൾ തുറക്കാനും, ഉഭയകക്ഷി സാമ്പത്തിക സമന്വയം മെച്ചപ്പെടുത്തുന്നതിനും, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്.
യോഗത്തിന്റെ പരിണിത ഫലങ്ങളിൽ ഇന്ത്യയും അമേരിക്കയും സംതൃപ്തി പ്രകടിപ്പിക്കുകയും നിലവിലെ സഹകരണ താത്പര്യം ഊട്ടിയുറപ്പിക്കുകയും ചെയ്തു. നാഴികക്കല്ലായി മാറിയ ഈ പങ്കാളിത്തം വരും മാസങ്ങളിൽ മെച്ചപ്പെടുത്തുന്നതിനും, അഭിവൃദ്ധി, ഉല്പതിഷ്ണുത്വം, ഉഭയകക്ഷി നേട്ടങ്ങൾ എന്നീ സമാന ലക്ഷ്യങ്ങളുമായി ഇത് യോജിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും, ബഹുമേഖലാ ഉഭയകക്ഷി വ്യാപാര കരാറിന് അന്തിമരൂപം നൽകാൻ ഇരുപക്ഷവും ഉറ്റുനോക്കുകയാണ്.
*****
(Release ID: 2116659)
Visitor Counter : 36