രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ആത്മനിര്‍ഭര്‍ ഭാരത്: NAMIS നിയന്ത്രിത ടാങ്ക്‌വേധ മിസൈല്‍ പ്ലാറ്റ്‌ഫോമിനും 5000 ചെറു വാഹനങ്ങള്‍ക്കുമായി പ്രതിരോധ മന്ത്രാലയം 2500 കോടി രൂപയുടെ കരാര്‍ ഒപ്പുവച്ചു

Posted On: 27 MAR 2025 5:14PM by PIB Thiruvananthpuram
ഗതിനിയന്ത്രിത ടാങ്ക്‌വേധ നാഗ് മിസൈല്‍ സംവിധാനത്തിന്റെ (NAMIS) ആയുധ പ്ലാറ്റ്‌ഫോം വാങ്ങുന്നതിന് ആര്‍മേര്‍ഡ് നിഗം ലിമിറ്റഡുമായും സായുധ സേനകള്‍ക്കായി 5000 ചെറുവാഹനങ്ങള്‍ വാങ്ങുന്നതിന് ഫോഴ്‌സ് മോട്ടോഴ്‌സ് ലിമിറ്റഡ്, മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് എന്നിവയുമായും പ്രതിരോധ മന്ത്രാലയം 2500 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടു. 2025 മാര്‍ച്ച് 27ന് ന്യൂഡല്‍ഹിയില്‍ പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാര്‍ സിംഗിന്റെ സാന്നിദ്ധ്യത്തിലായിരുന്നു Buy ( ഇന്ത്യയില്‍- സ്വദേശീയമായി രൂപകല്‍പ്പന ചെയ്തതും നിര്‍മ്മിച്ചതും) വിഭാഗത്തിലുള്ള ഈ കരാറുകളില്‍ ഒപ്പുവച്ചത്.

NAMIS (Tr) ആയുധ സംവിധാനം

ആകെ 1,801.34 കോടി രൂപയുടേതാണ് ഡിആര്‍ഡിഒയുടെ ഡിഫന്‍സ് റിസര്‍ച്ച് & ഡവലപ്‌മെന്റ് ലബോറട്ടറി വികസിപ്പിച്ചെടുത്ത NAMIS (Tr) ആയുധ സംവിധാനം വാങ്ങുന്നതിനുള്ള കരാര്‍. വൈവിധ്യമാര്‍ന്ന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതില്‍ ഇന്ത്യന്‍ സൈന്യത്തെ സുസജ്ജമാക്കുന്നതിനൊപ്പം ആധുനികവത്ക്കരണത്തിലൂടെ മെക്കനൈസ്ഡ് ഇന്‍ഫന്‍ട്രിയുടെ 
 ടാങ്ക്‌വേധ  പ്രഹരശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന നിര്‍ണ്ണായക ചുവടുവയ്പ്പാണ് ഇത്.   

ശത്രുക്കളുടെ കവചിത വാഹനങ്ങള്‍ക്കെതിരേ പോരാടുന്നതിന്, വര്‍ദ്ധിച്ച പ്രഹര ശേഷിയുള്ള സ്വയം നിയന്ത്രിത ടാങ്ക്‌വേധ മിസൈലും ലക്ഷ്യം കണ്ടെത്തുന്നതിനുള്ള സംവിധാനവുമുള്ള ഏറ്റവും സങ്കീര്‍ണ്ണമായ ടാങ്ക്‌വേധ ആയുധ സംവിധാനങ്ങളില്‍ ഒന്നാണ് NAMIS (Tr).  യന്ത്രവത്കൃത പ്രവര്‍ത്തനരീതിയെ മാറ്റിമറിക്കുകയും എതിരാളികള്‍ക്കെതിരേ പ്രവര്‍ത്തന മികവ് നേടാനും ഈ ആയുധ സംവിധാനം ഉപകരിക്കും.

ചെറു വാഹനങ്ങള്‍ (Light Vehi-clse)

800 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുള്ള ശക്തമായ എഞ്ചിനോടുകൂടിയ ഈ വാഹനങ്ങള്‍ കാലോചിതമായ സാങ്കേതികവിദ്യയ്ക്ക് അനുസൃതമായി രൂപകല്‍പ്പന ചെയ്തിട്ടുള്ളവാണ്. എല്ലാത്തരം ഭൂപ്രദേശങ്ങളിലും പ്രവര്‍ത്തന സാഹചര്യങ്ങളിലും സായുധ സേനകളുടെ സഞ്ചാരം ഇതു സുഗമമാക്കും.

രണ്ട് സംഭരണങ്ങളും തദ്ദേശീയവത്ക്കരണവും ദേശീയ പ്രതിരോധ ഉപകരണ നിര്‍മ്മാണ ശേഷിയും വര്‍ദ്ധിപ്പിക്കും. ഘടകങ്ങളുടെ നിര്‍മ്മാണത്തിലൂടെ MSME മേഖലയ്ക്ക് ലഭിക്കുന്ന പ്രോത്സാഹനം പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു വളരെയധികം സഹായിക്കുന്നതാണ് ഈ പദ്ധതികള്‍. ആത്മനിര്‍ഭര്‍ ഭാരത് സങ്കല്‍പ്പത്തിനനുസൃതമായി രാജ്യത്തിന്റെ പ്രതിരോധ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനും തദ്ദേശീയ വ്യവസായങ്ങളെ ശാക്തീകരിക്കുന്നതിനുമുള്ള ഒരു നിര്‍ണ്ണായക ചുവടുവയ്പ്പാണ്് ഈ കരാര്‍.
 
*****

(Release ID: 2116087) Visitor Counter : 12