ന്യൂനപക്ഷകാര്യ മന്ത്രാലയം
ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുകളുടെ ദേശീയ സമ്മേളനം സംഘടിപ്പിച്ചു
Posted On:
25 MAR 2025 9:53PM by PIB Thiruvananthpuram
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസം, ഉള്‍ച്ചേര്‍ക്കല്‍, ശാക്തീകരണം, എന്നിവയെ അടിസ്ഥാനമാക്കി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ (NCM) ഒരു ദേശീയ സമ്മേളനം വിജയകരമായി സംഘടിപ്പിച്ചു. ന്യൂനപക്ഷങ്ങള്‍ക്കു തുല്യ അവസരങ്ങളും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള തന്ത്രങ്ങളെക്കുറിച്ച് നയം രൂപീകരിക്കുന്നവര്‍, വിദഗ്ധര്‍ എന്നിവരും ബന്ധപ്പെട്ട മറ്റുള്ളവരും പരിപാടിയില്‍ പങ്കെടുത്തു.
ന്യൂനപക്ഷകാര്യ സഹമന്ത്രി ശ്രീ ജോര്‍ജ്ജ് കുര്യന്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. ന്യൂനപക്ഷ സമുദായങ്ങളെ ശാക്തീകരിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത ശ്രീ കുര്യന്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. ന്യൂനപക്ഷ സമുദായങ്ങളുടെ ഉന്നമനത്തിനു മാത്രമായുള്ള നിരവധി പദ്ധതികളും അവരുടെ ക്ഷേമത്തിന് രൂപീകരിച്ച നിരവധി സംരംഭങ്ങളും ഉണ്ടെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
ചില അയല്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കു കൂടുതല്‍ സുരക്ഷിതത്വവും സംരക്ഷണവും ലഭിക്കുന്നുണ്ടെന്നു ശ്രീ കുര്യന്‍ ഊന്നിപ്പറഞ്ഞു.
സമ്മേളനത്തില്‍ രണ്ടു പ്രധാന സാങ്കേതിക സെഷനുകള്‍ ഉണ്ടായിരുന്നു:
വിദ്യാഭ്യാസം: ന്യൂനപക്ഷങ്ങള്‍ക്കു പ്രവേശനവും പിന്തുണയും ഉറപ്പാക്കല്‍- വിദ്യാഭ്യാസ മേഖലയില്‍ ന്യൂനപക്ഷ സമൂഹങ്ങള്‍, പ്രത്യേകിച്ച് ക്രൈസ്തവ സമൂഹം, വഹിക്കുന്ന പങ്കിനെക്കുറിച്ച് ഫലപ്രദമായ ചര്‍ച്ച നടന്നു. ന്യൂനപക്ഷ വിദ്യാര്‍ത്ഥികളും സ്ഥാപനങ്ങളും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സമഗ്ര വിദ്യാഭ്യാസത്തിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു.
ന്യൂനപക്ഷ ഉള്‍ച്ചേര്‍ക്കലും ക്ഷേമവും- ന്യൂനപക്ഷങ്ങളെ ശാക്തീകരിക്കുന്നതിനും സമഗ്ര വികസന നയങ്ങളും പ്രവര്‍ത്തനങ്ങളും രൂപീകരിക്കുന്നതില്‍ സര്‍ക്കാരിന്റെ ഇടപെടലിന്റെ ആവശ്യകതയെക്കുറിച്ചും രണ്ടാമത്തെ സെഷന്‍ എടുത്തുകാട്ടി. ന്യൂനപക്ഷ സമുദായങ്ങളുടെ ഉന്നമനത്തിനു ലക്ഷ്യമിട്ടുള്ള ക്ഷേമ പരിപാടികളുടെയും സുസ്ഥിര സംരംഭങ്ങളുടെയും പ്രാധ്യാന്യം ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അടിവരയിട്ടു പറഞ്ഞു.
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ കിരണ്‍ റിജിജു മുഖ്യതിഥിയായി ചടങ്ങില്‍ പങ്കെടുക്കുകയും പ്രത്യേക പ്രസംഗം നടത്തുകയും ചെയ്തു. ന്യൂനപക്ഷ സമുദായങ്ങളുടെ ക്ഷേമത്തിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു പറയുകയും വിവിധ വിശ്വാസ വിഭാഗങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. ന്യൂനപക്ഷ സംരംഭകര്‍ക്ക് അവരുടെ സംരംഭങ്ങള്‍ സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനും ധന സഹായം ലഭിക്കുന്നതില്‍, കേരളത്തെ ഉദാഹരണമായി എടുത്തുകാട്ടി , ന്യൂനപക്ഷ സമൂഹങ്ങളുടെ ഉന്നമനത്തില്‍ ദേശീയ ന്യൂനപക്ഷ വികസന, ധനകാര്യ കോര്‍പ്പറേഷന്റെ (NMDFC) വഹിക്കുന്ന പങ്കിനെക്കുറിച്ച് ശ്രീ റിജിജു വിശദീകരിച്ചു.
മികച്ച കാഴ്ചപ്പാടുകളും പ്രവര്‍ത്തന രീതികളും കൈമാറുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സമ്മേളനങ്ങള്‍ സംഘടിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രി അടിവരയിട്ടു. കൂടാതെ, രാജ്യത്തുടനീളമുള്ള ന്യൂനപക്ഷ സമുദായങ്ങളുടെ പ്രാധാന ആശങ്കകള്‍ പരിഗണിക്കുന്നതിനും പരിഹരിക്കുന്നിതിനുമായി വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷകാര്യ മന്ത്രിമാരുടെ ഒരു യോഗം വിളിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. രാജ്യത്തുടനീളം ഉള്‍ച്ചേര്‍ക്കല്‍ ഉറപ്പാക്കുന്ന വികസനത്തിനും ന്യൂനപക്ഷങ്ങളുടെ ശാക്തീകരണത്തിനും ഉന്നമനത്തിനും ലക്ഷ്യമിട്ടുള്ള പദ്ധതികളും സംരംഭങ്ങളും ശക്തിപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതിനുമായി ഗ്യാപ് ഫണ്ടിംഗ് പിന്തുണയ്ക്കുള്ള സംസ്ഥാന സര്‍ക്കാരുകളുടെ അഭ്യര്‍ത്ഥന പരിശോധിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.
സര്‍ക്കാരിന്റെ അടിസ്ഥാന മന്ത്രമായ ' സബ്കാ സാഥ് സബ്കാ വികാസ്' ആവര്‍ത്തിച്ചുകൊണ്ടാണ് ശ്രീ റിജിജു തന്റെ പ്രസംഗം ഉപസംഹരിച്ചത്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണെന്നും ജീവിതത്തിന്റെ എല്ലാ മേഖലകളിലും അഭിവൃദ്ധി പ്രാപിക്കുന്നതിനു തുല്യ അവസരങ്ങള്‍ ഉണ്ടെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
ഓപ്പണ്‍ ഹൗസ് ചര്‍ച്ച: പരിപാടിയുടെ അവസാന ഘട്ടത്തില്‍, സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുകള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ഓപ്പണ്‍ ഹൗസ് ചര്‍ച്ച നടന്നു. ആശയങ്ങളുടെ കൂട്ടായ കൈമാറ്റം പ്രോത്സാഹിപ്പിച്ചു കൊണ്ട് പങ്കെടുത്തവര്‍ അവരുടെ കാഴ്ചപ്പാടുകളും ശിപാര്‍ശകളും സജീവമായി പങ്കിട്ടു.
SKY
****
(Release ID: 2115157)
Visitor Counter : 20