രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

പ്രതിരോധമേഖലയിലെ മുന്നേറ്റത്തിന് മെയ്ക്ക് ഇൻ ഇന്ത്യ കരുത്ത് പകരുന്നു

2023-24 സാമ്പത്തിക വർഷത്തിൽ പ്രതിരോധ ഉത്പാദനം ₹1.27 ലക്ഷം കോടിയിലെത്തി. കയറ്റുമതി ₹21,000 കോടി കടന്നു

Posted On: 24 MAR 2025 7:19PM by PIB Thiruvananthpuram

സംഗ്രഹം

മെയ്ക്ക് ഇൻ ഇന്ത്യ ഉദ്യമത്തിന് കീഴിൽ,  2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം ₹1.27 ലക്ഷം കോടിയിലെത്തി. 2014-15 ശേഷം ഇതുവരെയുള്ള കണക്കനുസരിച്ച് 174% വർദ്ധനവാണ് ഇത് വ്യക്തമാക്കുന്നത്.

2023-24 സാമ്പത്തിക വർഷത്തിൽ പ്രതിരോധ കയറ്റുമതി ₹21,083 കോടി രൂപയിലെത്തി. ഒരു ദശാബ്ദത്തിനുള്ളിൽ 30 മടങ്ങ് വർദ്ധിച്ചു. 100 ലധികം രാജ്യങ്ങളിലേക്ക് പ്രതിരോധ ഉത്പന്നങ്ങൾ  കയറ്റുമതി ചെയ്യുന്നു.

iDEX, SAMARTHYA തുടങ്ങിയ സംരംഭങ്ങളിലൂടെ നിർമ്മിതബുദ്ധി (AI), സൈബർ യുദ്ധതന്ത്രങ്ങൾ, തദ്ദേശീയ ആയുധ സംവിധാനങ്ങൾ എന്നിവയിൽ സാങ്കേതിക പുരോഗതി സാധ്യമാക്കുന്നു.

SRIJAN  പദ്ധതിയുടെ കീഴിൽ 14,000 ലധികം തദ്ദേശീയ ഇനങ്ങളുടെ സംഭരണവും, പോസിറ്റീവ് സ്വദേശിവത്ക്കരണ പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ട 3,000 ഇനങ്ങളും.

2029 ഓടെ ₹3 ലക്ഷം കോടി ഉത്പാദനവും ₹50,000 കോടി കയറ്റുമതിയും ഇന്ത്യ ലക്ഷ്യമിടുന്നു.

ആമുഖം

"മെയ്ക്ക് ഇൻ ഇന്ത്യ" സംരംഭം ആരംഭിച്ചതിനുശേഷം ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം അസാധാരണ വേഗത്തിൽ വളർച്ച കൈവരിച്ച് 2023-24 സാമ്പത്തിക വർഷമായപ്പോൾ  ₹1.27 ലക്ഷം കോടി രൂപയിലെത്തി. ഒരുകാലത്ത് വിദേശ വിതരണക്കാരെ ഏതാണ്ട് പൂർണ്ണമായും ആശ്രയിച്ചിരുന്ന രാജ്യമിപ്പോൾ തദ്ദേശീയ ഉത്പാദനത്തിലൂടെ ഈ മേഖലയിൽ ഗണനീയമായ ഒരു ശക്തിയായി രൂപാന്തരപ്പെട്ടിരിക്കുന്നു. തദ്ദേശീയ നൈപുണ്യം കൈമുതലാക്കി സ്വന്തം സൈനിക ശക്തിയെ മികവുറ്റതാക്കുന്നു. ഈ പരിവർത്തനം സ്വാശ്രയത്വത്തോടുള്ള ശക്തമായ പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യ സ്വന്തം സുരക്ഷാ ആവശ്യകതകൾ നിറവേറ്റുക മാത്രമല്ല, സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുന്ന  ശക്തമായ പ്രതിരോധ വ്യവസായം കെട്ടിപ്പടുക്കുകയും ചെയ്യുന്നു.

തന്ത്രപരമായ നയങ്ങൾ ഈ വളർച്ചയ്ക്ക് ആക്കം കൂട്ടി. സ്വകാര്യ പങ്കാളിത്തം, സാങ്കേതിക കണ്ടുപിടുത്തങ്ങൾ, നൂതന സൈനിക പ്ലാറ്റ്‌ഫോമുകളുടെ വികസനം എന്നിവ രാജ്യം പ്രോത്സാഹിപ്പിച്ചു. 2013-14 ലെ ₹2.53 ലക്ഷം കോടിയിൽ നിന്ന് ₹6.81 ലക്ഷം കോടിയായി പ്രതിരോധ ബജറ്റ് ഉയർന്നത്, രാജ്യത്തിന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനുള്ള ദൃഢനിശ്ചയത്തിന്റെ സൂചനയാണ്.

സ്വാശ്രയത്വത്തിനും ആധുനികവത്ക്കരണത്തിനുമുള്ള ഈ പ്രതിബദ്ധത, സൈന്യത്തിന്റെ യുദ്ധശേഷി  വർദ്ധിപ്പിക്കുന്നതിൽ സുപ്രധാന ചുവടുവയ്പ്പായി മാറിയ അഡ്വാൻസ്ഡ് ടോവ്ഡ് ആർട്ടിലറി ഗൺ സിസ്റ്റം (ATAGS) വാങ്ങാൻ സുരക്ഷാകാര്യ മന്ത്രിസഭാ സമിതി (CCS) അടുത്തിടെ നൽകിയ അംഗീകാരത്തിലൂടെ വ്യക്തമാകുന്നു. ഇന്ത്യയിൽ നിർമ്മിച്ചതും, തദ്ദേശീയമായി രൂപകൽപ്പന ചെയ്തതും, വികസിപ്പിച്ചതും, നിർമ്മിച്ചതും സംഭരിച്ച് (Buy Indian–Indigenously Designed, Developed, and Manufactured-IDDM) 15 ആർട്ടിലറി റെജിമെന്റുകളെ സജ്ജമാക്കുക ലക്ഷ്യത്തോടെ 155mm/52 കാലിബർ തോക്കുകളുടെ 307 യൂണിറ്റുകളും 327 ഹൈ മൊബിലിറ്റി 6x6 ഗൺ ടോവിംഗ് വെഹിക്കിളുകളും, ഏകദേശം ₹7,000 കോടി ചെലവഴിച്ച് വാങ്ങുകയുണ്ടായി. ഭാരത് ഫോർജും ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസുമായി ചേർന്ന് പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO)വികസിപ്പിച്ചെടുത്ത, 40+ കിലോമീറ്റർ റേഞ്ച്, അഡ്വാൻസ്ഡ് ഫയർ കൺട്രോൾ, പ്രിസിഷൻ ടാർഗെറ്റിംഗ്, ഓട്ടോമേറ്റഡ് ലോഡിംഗ്, റീകോയിൽ മാനേജ്മെന്റ് എന്നിവയുള്ള അത്യാധുനിക പീരങ്കി സംവിധാനമായ ATAGS, ഇന്ത്യൻ സൈന്യം വ്യത്യസ്ത ഭൂപ്രദേശങ്ങൽ വിജയകരമായി പരീക്ഷിച്ചു.

ആധുനിക യുദ്ധക്കപ്പലുകൾ, യുദ്ധവിമാനങ്ങൾ, പീരങ്കികൾ, അത്യാധുനിക ആയുധങ്ങൾ എന്നിവ രാജ്യത്തിനുള്ളിൽ തന്നെ നിർമ്മിക്കപ്പെടുന്നതിനാൽ, ഇന്ത്യ ഇപ്പോൾ ആഗോള പ്രതിരോധ നിർമ്മാണ മേഖലയിൽ ഒരു സുപ്രധാന പങ്കാളിയാണ്.

തദ്ദേശീയ പ്രതിരോധ ഉത്പാദനത്തിൽ കുതിച്ചുചാട്ടം

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ആവിഷ്‌ക്കരിച്ച നയ,സംരംഭങ്ങളുടെ  വിജയകരമായ നിർവ്വഹണത്തിലൂടെ 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യ തദ്ദേശീയ പ്രതിരോധ ഉത്പാദനത്തിൽ മുമ്പെങ്ങുമില്ലാത്തവിധം വളർച്ച കൈവരിച്ചു. 2014-15 ലെ ₹46,429 കോടിയിൽ നിന്ന് 174% വർദ്ധനവോടെ പ്രതിരോധ ഉത്പാദന മൂല്യം ₹1,27,265 കോടിയായി ഉയർന്നു. പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളുടെയും (DPSU-കൾ), പ്രതിരോധ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന പൊതുമേഖലാ യൂണിറ്റുകളുടെയും, സ്വകാര്യ കമ്പനികളുടെയും ഡാറ്റ ഇക്കാര്യം വ്യക്തമാക്കുന്നു.

ധനുഷ് ആർട്ടിലറി ഗൺ സിസ്റ്റം, അഡ്വാൻസ്ഡ് ടോവ്ഡ് ആർട്ടിലറി ഗൺ സിസ്റ്റം (ATAGS), അർജ്ജുൻ മെയിൻ ബാറ്റിൽ ടാങ്ക് (MBT), ലൈറ്റ് സ്പെഷ്യലിസ്റ്റ് വെഹിക്കിൾസ്, ഹൈ മൊബിലിറ്റി വെഹിക്കിൾസ്, ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (LCA), അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (ALH), തേജസ് ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റർ (LUH), ആകാശ് മിസൈൽ സിസ്റ്റം, വെപ്പൺ ലൊക്കേറ്റിംഗ് റഡാർ, 3D ടാക്റ്റിക്കൽ കൺട്രോൾ റഡാർ, സോഫ്റ്റ്‌വെയർ ഡിഫൈൻഡ് റേഡിയോ (SDR), ഡിസ്ട്രോയറുകൾ എന്നീ തദ്ദേശീയ യുദ്ധോപകരണങ്ങളും വിമാനവാഹിനിക്കപ്പലുകൾ, അന്തർവാഹിനികൾ, ഫ്രിഗേറ്റുകൾ, കോർവെറ്റുകൾ, ഫാസ്റ്റ് പട്രോൾ വെസലുകൾ, ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ്, ഓഫ്‌ഷോർ പട്രോൾ വെസലുകൾ തുടങ്ങിയ നാവിക യുദ്ധോപകരണങ്ങളും ഉൾപ്പെടെയുള്ള നൂതന സൈനിക പ്ലാറ്റ്‌ഫോമുകളുടെ വികസനം സാധ്യമാക്കിയ മേക്ക് ഇൻ ഇന്ത്യ സംരംഭമാണ് ഈ വളർച്ചയ്ക്ക് കരുത്ത് പകരുന്നത്.


സുപ്രധാന വസ്തുതകൾ:

പ്രതിരോധ ഉപകരണങ്ങളുടെ 65% ഇപ്പോൾ ആഭ്യന്തരമായി നിർമ്മിക്കപ്പെടുന്നു. 65-70% ഇറക്കുമതി ആശ്രിതത്വത്തിൽ നിന്നുള്ള  സുപ്രധാന പരിവർത്തനം പ്രതിരോധമേഖലയിൽ ഇന്ത്യയുടെ സ്വാശ്രയത്വം വ്യക്തമാക്കുന്നു.

ശക്തമായ പ്രതിരോധ വ്യാവസായിക അടിത്തറയിൽ 16 പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ, ലൈസൻസുള്ള 430-ലധികം കമ്പനികൾ, 16,000 ത്തോളം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇത് തദ്ദേശീയ ഉത്പാദന ശേഷി ശക്തിപ്പെടുത്തുന്നു.

പ്രതിരോധ ഉത്പാദനത്തിൽ സ്വകാര്യ മേഖല നിർണ്ണായക പങ്ക് വഹിക്കുന്നു. മൊത്തം ഉത്പാദനത്തിൽ 21% സംഭാവന ചെയ്യുന്നു. നൂതനാശയങ്ങളെയും കാര്യക്ഷമതയെയും പോഷിപ്പിക്കുന്നു.  

2029 ഓടെ ഇന്ത്യ ₹3 ലക്ഷം കോടി പ്രതിരോധ ഉത്പാദനം ലക്ഷ്യമിടുന്നു. ഇത് ആഗോള പ്രതിരോധ ഉത്പാദന കേന്ദ്രമെന്ന നിലയിലുള്ള രാജ്യത്തിൻറെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നു.

പ്രതിരോധ കയറ്റുമതിയിൽ അഭൂതപൂർവമായ വളർച്ച

പ്രതിരോധ ഉത്പാദനത്തിൽ ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള സ്വാധീനം  സ്വാശ്രയത്വത്തോടും തന്ത്രപരമായ നയ ഇടപെടലുകളോടുമുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമാണ്. 2013-14 സാമ്പത്തിക വർഷത്തിൽ ₹686 കോടിയായിരുന്ന പ്രതിരോധ കയറ്റുമതി 2023-24 സാമ്പത്തിക വർഷത്തിൽ ₹21,083 കോടിയായി മാറുകയും എക്കാലത്തെയും ഉയർന്ന നിലയിലെത്തുകയുംചെയ്തു. കഴിഞ്ഞ ഒരു ദശകത്തിൽ 30 മടങ്ങ് വർദ്ധനവ് രേഖപ്പെടുത്തി.



സുപ്രധാന വസ്തുതകൾ:

പ്രതിരോധ കയറ്റുമതി 21 മടങ്ങ് വർദ്ധിച്ചു. 2004-14 ദശകത്തിലെ ₹4,312 കോടിയിൽ നിന്ന് 2014-24 ദശകത്തിൽ ₹88,319 കോടിയായി ഉയർന്നു.  ഇത് ആഗോള പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ വികസ്വരമായിക്കൊണ്ടിരിക്കുന്ന പങ്ക് എടുത്തുകാട്ടുന്നു.

പ്രതിരോധ കയറ്റുമതി വാർഷികാടിസ്ഥാനത്തിൽ 32.5% വർദ്ധിച്ചു. 2022-23 സാമ്പത്തിക വർഷത്തിലെ ₹15,920 കോടിയിൽ നിന്ന് 2023-24 സാമ്പത്തിക വർഷത്തിൽ ₹21,083 കോടിയായി ഉയർന്നു.

ഇന്ത്യയുടെ വൈവിധ്യമാർന്ന കയറ്റുമതി ഉത്പന്നങ്ങളിൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, ഡോർണിയർ (Do-228) വിമാനങ്ങൾ, ചേതക് ഹെലികോപ്റ്ററുകൾ, ഫാസ്റ്റ് ഇന്റർസെപ്റ്റർ ബോട്ടുകൾ, ഭാരം കുറഞ്ഞ ടോർപ്പിഡോകൾ എന്നിവ ഉൾപ്പെടുന്നു.

റഷ്യൻ സൈന്യം 'മെയ്ഡ് ഇൻ ബീഹാർ' ബൂട്ടുകൾ വാങ്ങുന്നത് ശ്രദ്ധേയമായ ഒരു സംഭവമാണ്. ഇത് ഇന്ത്യയുടെ ഉന്നതമായ ഉത്പാദന നിലവാരം വ്യക്തമാക്കുന്നു.

ഇന്ത്യ ഇപ്പോൾ 100-ലധികം രാജ്യങ്ങളിലേക്ക് യുദ്ധോപകരണങ്ങൾ കയറ്റുമതി ചെയ്യുന്നു. 2023-24 ൽ യുഎസ്എ, ഫ്രാൻസ്, അർമേനിയ എന്നീ രാജ്യങ്ങളാണ് ഏറ്റവും കൂടുതൽ യുദ്ധോപകരണങ്ങൾ ഇന്ത്യയിൽ നിന്ന് സംഭരിച്ചത്.

2029 ആകുമ്പോഴേക്കും ₹50,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതി കൈവരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്, ഇത് സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കുന്നതിനൊപ്പം ആഗോള പ്രതിരോധ നിർമ്മാണ കേന്ദ്രമെന്ന നിലയിലുള്ള ഇന്ത്യയുടെ പങ്കും ശക്തിപ്പെടുത്തുന്നു.


പ്രതിരോധ മികവിനായി നൂതനാശയങ്ങൾ (iDEX)

2018 ഏപ്രിലിൽ ആരംഭിച്ച ഇന്നൊവേഷൻസ് ഫോർ ഡിഫൻസ് എക്സലൻസ് (iDEX), പ്രതിരോധ, ബഹിരാകാശ മേഖലകളിൽ  നൂതനാശയ സൃഷ്ടി, സാങ്കേതിക വിദ്യാ വികസനം എന്നിവ അഭിവൃദ്ധി പ്രാപിക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചു. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ, നൂതനാശയ സ്രഷ്ടാക്കൾ, ഗവേഷണ വികസന സ്ഥാപനങ്ങൾ, അക്കാദമിക മേഖല എന്നിവയെ ഉൾപ്പെടുത്തി, നൂതന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനായി iDEX ₹1.5 കോടിയുടെ ഗ്രാന്റുകൾ വിതരണം ചെയ്തു. പ്രതിരോധ സാങ്കേതികവിദ്യയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി, 2025-26 വർഷത്തേക്ക് iDEX-ന്റെ  ഉപ പദ്ധതിയായ Acing Development of Innovative Technologies with iDEX (ADITI) മുഖാന്തിരം ₹449.62 കോടി അനുവദിച്ചു. സാങ്കേതിക പരിഹാരം തേടേണ്ട 549 വിഷയങ്ങളിൽ 619 സ്റ്റാർട്ടപ്പുകളും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളും 2025 ഫെബ്രുവരി വരെയുള്ള കാലയളവിൽ പരിഹാര നിർദ്ദേശങ്ങൾ  മുന്നോട്ടു വച്ചു. 430 iDEX കരാറുകൾ ഒപ്പുവച്ചു.

ഈ പദ്ധതിക്ക് മൂന്ന് പ്രധാന ലക്ഷ്യങ്ങളുണ്ട്:

ഇന്ത്യൻ പ്രതിരോധ, ബഹിരാകാശ മേഖലകളിൽ ആധുനിക, തദ്ദേശീയ, നൂതന സാങ്കേതികവിദ്യകളുടെ വികസനം ദ്രുതഗതിയിൽ സാധ്യമാക്കുക. ഏറ്റവും കുറഞ്ഞ സമയത്തിൽ ആവശ്യങ്ങൾ നിറവേറ്റുക.

പ്രതിരോധ, ബഹിരാകാശ മേഖലകളിലെ സഹ-സൃഷ്ടി പ്രോത്സാഹിപ്പിക്കുന്നതിനായി നൂതന സ്റ്റാർട്ടപ്പുകളുമായി ഇടപഴകുന്ന സംസ്‌ക്കാരം സൃഷ്ടിക്കുക.

പ്രതിരോധ, ബഹിരാകാശ മേഖലകളിലെ  സാങ്കേതിക വിദ്യാവികസനത്തിൽ സഹ-സൃഷ്ടിയുടെയും  സഹ-നവീകരണത്തിന്റെയും സംസ്‌ക്കാരം ശക്തിപ്പെടുത്തുക.

ഉപഗ്രഹ ആശയവിനിമയം, നൂതന സൈബർ സാങ്കേതികവിദ്യ, സ്വയംനിയന്ത്രിത  ആയുധങ്ങൾ, അർദ്ധചാലകങ്ങൾ, നിർമ്മിത ബുദ്ധി, ക്വാണ്ടം സാങ്കേതികവിദ്യ, ആണവ സാങ്കേതികവിദ്യകൾ, ജലന്തർഭാഗ നിരീക്ഷണം തുടങ്ങിയ നിർണ്ണായകവും തന്ത്രപരവുമായ സാങ്കേതികവിദ്യകളെ പിന്തുണയ്ക്കുക എന്നതാണ് അടുത്തിടെ ആരംഭിച്ച ADITI പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതി പ്രകാരം, നൂതനാശയങ്ങൾ അവതരിപ്പിക്കുന്നവർക്ക് ₹25 കോടി വരെ ഗ്രാന്റുകൾ നൽകുന്നു.

സ്റ്റാർട്ടപ്പുകളെയും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെയും പിന്തുണയ്ക്കാനുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തിക്കൊണ്ട്, പ്രതിരോധ മന്ത്രാലയം 2025 ഫെബ്രുവരി വരെ സായുധ സേനകൾക്കായി iDEX സ്റ്റാർട്ടപ്പുകളിൽ നിന്നും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളിൽ നിന്നും ₹2,400 കോടിയിലധികം  മൂല്യമുള്ള 43 യുദ്ധോപകരണങ്ങൾ വാങ്ങാൻ അനുമതി നൽകി. കൂടാതെ, ₹1,500 കോടിയിൽ കൂടുതൽ മൂല്യമുള്ള പദ്ധതികൾ അംഗീകരിച്ചു.

SAMARTHYA (സാമർത്ഥ്യ): ഇന്ത്യൻ പ്രതിരോധമേഖലയുടെ സ്വദേശിവത്ക്കരണത്തിന്റെ പ്രദർശനം

പ്രതിരോധ നിർമ്മാണത്തിൽ ഇന്ത്യയുടെ പുരോഗതി പ്രദർശിപ്പിച്ച എയ്‌റോ ഇന്ത്യ 2025 പരിപാടിയായ ' SAMARTHYA 'യിൽ പ്രതിരോധ മേഖലയുടെ തദ്ദേശീയവത്ക്കരണത്തിന്റെയും നവീകരണത്തിന്റെയും വിജയഗാഥ ദൃശ്യമായി. പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ (DPSUs), പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO), ഇന്ത്യൻ നാവികസേന എന്നിവ വികസിപ്പിച്ച  24 ഇനങ്ങളും,  വിജയകരമായ ഒമ്പത്  iDEX  നൂതനാശയ പദ്ധതികളും ഉൾപ്പെടെ 33 പ്രധാന തദ്ദേശീയ ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചു.


പ്രദർശിപ്പിച്ച പ്രധാന തദ്ദേശീയ ഉത്പന്നങ്ങൾ ഇനിപ്പറയുന്നു:


ആന്റി-എയർക്രാഫ്റ്റ് മെഷീൻ ഗണ്ണിന്റെ ഇലക്ട്രോ ബ്ലോക്ക്

അന്തർവാഹിനികൾക്കുള്ള ഇലക്ട്രിക് മൊബൈൽ ഭാഗം

HMV 6x6-നുള്ള ടോർഷൻ ബാർ സസ്പെൻഷൻ

LCA MK-I/II, LCH ഘടകങ്ങൾക്കുള്ള എക്സ്ട്രൂഡഡ് അലുമിനിയം അലോയ്

ഇന്ത്യൻ ഹൈ-ടെമ്പറേച്ചർ അലോയ് (IHTA)

VPX-135 സിംഗിൾ ബോർഡ് കമ്പ്യൂട്ടർ

നാവിക കപ്പൽ വേധ മിസൈൽ (ഹ്രസ്വ ശ്രേണി)

രുദ്രം II മിസൈൽ

C4ISR സിസ്റ്റം

DIFM R118 ഇലക്ട്രോണിക് വാർഫെയർ സിസ്റ്റംസ്


നിർമ്മിതബുദ്ധി (AI) അധിഷ്ഠിത വിശകലന പ്ലാറ്റ്‌ഫോമുകൾ, പുതുതലമുറ നിരീക്ഷണ സംവിധാനങ്ങൾ, ക്വാണ്ടം-അധിഷ്ഠിതമായ സുരക്ഷിത ആശയവിനിമയ സാങ്കേതികവിദ്യകൾ, ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ എന്നിവയിലെ മുന്നേറ്റങ്ങൾ പ്രദർശിപ്പിച്ചു. 4G/LTE TAC-LAN, ക്വാണ്ടം കീ ഡിസ്ട്രിബ്യൂഷൻ (QKD) സിസ്റ്റം, സ്മാർട്ട് കംപ്രസ്ഡ് ബ്രീത്തിംഗ് അപ്പാരറ്റസ്, സായുധ സേനകൾക്കായുള്ള അഡ്വാൻസ്ഡ് ഓട്ടോണമസ് സിസ്റ്റംസ് തുടങ്ങിയ നൂതനാശയങ്ങൾ ഇന്ത്യയുടെ വികസിതമാകുന്ന പ്രതിരോധ ഭൂമികയെ പ്രതിഫലിപ്പിക്കുന്നു.

ഇന്ത്യൻ സൈന്യത്തിന്റെ പ്രവർത്തന വെല്ലുവിളികൾക്കും അക്കാദമിക, വ്യാവസായിക സ്റ്റാർട്ടപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്ത നൂതന പരിഹാരങ്ങൾക്കും ഇടയിലെ വിടവ് നികത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.  ഉയർന്നുവരുന്ന പരിവർത്തന സാങ്കേതികവിദ്യകളുടെ പശ്ചാത്തലത്തിലും ഡാറ്റാ കേന്ദ്രീകൃത പരിതസ്ഥിതിയിലും മൾട്ടി-ഡൊമെയ്ൻ പ്രവർത്തനങ്ങൾ നടത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്..

പ്രതിരോധ സാങ്കേതികവിദ്യയിൽ സ്വാശ്രയത്വത്തിനായുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് തെളിവായി SAMARTHYA നിലകൊള്ളുന്നു, ദേശസുരക്ഷയ്ക്കായി നൂതനമായ തദ്ദേശീയ പരിഹാരങ്ങൾ വികസിപ്പിക്കാനുള്ള ശേഷി ശക്തിപ്പെടുത്തുന്നു.

സ്വാശ്രയത്വം മെച്ചപ്പെടുത്തുന്നു

പ്രതിരോധ ഉത്പാദനത്തിൽ ഇന്ത്യ സ്വാശ്രയത്വം മെച്ചപ്പെടുത്തിയതോടെ വിദേശ വിതരണക്കാരെ ആശ്രയിക്കുന്നത് ഗണ്യമായി കുറഞ്ഞു. തന്ത്രപരമായ നയങ്ങളിലൂടെയും തദ്ദേശീയ നൂതനാശയങ്ങളിലൂടെയും ദേശസുരക്ഷയും സാമ്പത്തിക വളർച്ചയും ശക്തിപ്പെടുത്തി രാജ്യം അത്യാധുനിക സൈനിക പ്ലാറ്റ്‌ഫോമുകൾ വികസിപ്പിക്കുന്നു.

സംയുക്ത പ്രവർത്തനത്തിലൂടെ  സ്വാശ്രയ സംരംഭങ്ങൾ (Self-Reliant Initiatives through Joint Action- SRIJAN)

ആത്മനിർഭര ഭാരതത്തിന് കീഴിൽ തദ്ദേശീയവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി 2020 ഓഗസ്റ്റിൽ പ്രതിരോധ ഉത്പാദന വകുപ്പ് (DDP) ആരംഭിച്ചു.

 ഇറക്കുമതി ചെയ്തിരുന്ന ഉത്പങ്ങൾ പട്ടികപ്പെടുത്തി അവയ്ക്ക് പകരമുള്ള തദ്ദേശീയ ഉത്പങ്ങൾ സംഭരിക്കാൻ  സഹായിക്കും വിധം (SHQs) പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾക്കും (DPSUs) സായുധ സേനയ്ക്കും പൊതു വേദിയൊരുക്കുന്നു.

2025 ഫെബ്രുവരി വരെ, 38,000-ത്തിലധികം ഇനങ്ങൾ പട്ടികയിൽ ലഭ്യമാണ്. 14,000-ത്തിലധികം ഇനങ്ങൾ സ്വദേശിവത്ക്കരിച്ചു.


പോസിറ്റീവ് സ്വദേശിവത്ക്കരണ പട്ടികകൾ (PIL-കൾ)

LRU-കൾ, അസംബ്ലിസ്, സബ്-അസംബ്ലിസ്, സബ്-സിസ്റ്റംസ്, സ്പെയറുകൾ, ഘടകങ്ങൾ, ഉയർന്ന നിലവാരമുള്ള വസ്തുക്കൾ എന്നിവയ്ക്കായി പ്രതിരോധ ഉത്പാദന വകുപ്പും (DDP) സൈനിക കാര്യ വകുപ്പും (DMA) അഞ്ച് പോസിറ്റീവ് സ്വദേശിവത്ക്കരണ പട്ടികകൾ (PIL-കൾ) പുറത്തിറക്കിയിട്ടുണ്ട്.

ഈ പട്ടികകൾ നിശ്ചിത സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ആ കാലയളവിന് ശേഷമുള്ള സംഭരണം ആഭ്യന്തര നിർമ്മാതാക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തും.

ലിസ്റ്റുചെയ്തിരിക്കുന്ന 5,500-ലധികം ഇനങ്ങളിൽ, 2025 ഫെബ്രുവരി വരെ 3,000-ത്തിലധികം ഇനങ്ങൾ  സ്വദേശിവത്ക്കരിച്ചു.

പീരങ്കികൾ, അസാൾട്ട് റൈഫിളുകൾ, കോർവെറ്റുകൾ, സോണാർ സിസ്റ്റംസ്, യാത്രാവിമാനങ്ങൾ, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ (LCH-കൾ), റഡാറുകൾ,ചക്രങ്ങളുള്ള കവചിത  പ്ലാറ്റ്‌ഫോമുകൾ, റോക്കറ്റുകൾ, ബോംബുകൾ, കവചിത  കമാൻഡ് പോസ്റ്റ് വാഹനങ്ങൾ, കവചിത  ഡോസറുകൾ എന്നിവ പ്രധാന തദ്ദേശീയ സാങ്കേതികവിദ്യകളിൽ ഉൾപ്പെടുന്നു.

 
പ്രതിരോധ വ്യവസായ ഇടനാഴികൾ

പ്രതിരോധ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി ഉത്തർപ്രദേശിലും തമിഴ്‌നാട്ടിലും രണ്ട് പ്രതിരോധ വ്യാവസായിക ഇടനാഴികൾ (Defence Industrial Corridor) സ്ഥാപിച്ചു. ഈ ഇടനാഴികൾ മേഖലയിൽ നിക്ഷേപം നടത്തുന്ന കമ്പനികൾക്ക് പ്രോത്സാഹനമേകുന്നു.

ഉത്തർപ്രദേശിലെ ആഗ്ര, അലിഗഡ്, ചിത്രകൂട്, ഝാൻസി, കാൺപൂർ, ലഖ്‌നൗ എന്നീ 6 കേന്ദ്രങ്ങളിലും തമിഴ്‌നാട്ടിലെ ചെന്നൈ, കോയമ്പത്തൂർ, ഹൊസൂർ, സേലം, തിരുച്ചിറപ്പള്ളി എന്നീ 5 കേന്ദ്രങ്ങളിലും ഇതിനകം 8,658 കോടി രൂപയിലധികം നിക്ഷേപം നടത്തിയിട്ടുണ്ട്.

2025 ഫെബ്രുവരി വരെ, ₹53,439 കോടിയുടെ നിക്ഷേപ സാധ്യതയുള്ള 253 ധാരണാപത്രങ്ങൾ ഒപ്പുവച്ചു.

ബിസിനസ്സ് സുഗമമാക്കുന്നതിനുള്ള നടപടികൾ (EoDB)

പ്രതിരോധ നിർമ്മാണ മേഖലയിൽ ബിസിനസ്സ് സുഗമമാക്കുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്തുന്നതിന് സർക്കാർ ഒട്ടേറെ സംരംഭങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

ഭാഗങ്ങൾക്കും ഘടകങ്ങൾക്കുമുള്ള കയറ്റുമതി അംഗീകാരത്തിന്റെ സാധുത രണ്ട് വർഷത്തിൽ നിന്ന് ഓർഡർ അല്ലെങ്കിൽ ഭാഗങ്ങളും ഘടകങ്ങളും പൂർത്തിയാകുന്നതുവരെ, ഏതാണോ അവസാനം അതുവരെ നീട്ടി.

2019-ൽ, നിർമ്മാണ ലൈസൻസ് ആവശ്യമുള്ള ഇനങ്ങളുടെ പട്ടിക ചുരുക്കി, പ്രതിരോധ ഉത്പന്ന പട്ടിക ലളിതമാക്കി.

നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ചില പ്രതിരോധ ഉത്പന്നങ്ങളുടെ ഘടകഭാഗങ്ങൾ നിർമ്മിക്കുന്നതിനുള്ള  ലൈസൻസ് ആവശ്യകത  2019 സെപ്റ്റംബറിൽ റദ്ദാക്കി.

1951-ലെ വ്യവസായ (വികസന, നിയന്ത്രണ) നിയമപ്രകാരമുള്ള പ്രതിരോധ ലൈസൻസുകളുടെ സാധുത മൂന്ന് വർഷത്തിൽ നിന്ന് 15 വർഷമായി നീട്ടി. 18 വർഷം വരെ നീട്ടാനും അനുമതി നൽകി.

പ്രതിരോധ മേഖലയിലെ 436 കമ്പനികൾക്ക് 700-ലധികം വ്യാവസായിക ലൈസൻസുകൾ നൽകിയിട്ടുണ്ട്.

കയറ്റുമതി അംഗീകാരത്തിനായി ആദ്യാവസാന ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്തിയത് കാര്യക്ഷമത മെച്ചപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1,500-ലധികം അംഗീകാരങ്ങൾ നൽകി.

MAKE പദ്ധതികൾ : തദ്ദേശീയ പ്രതിരോധ നൂതനാശയ സൃഷ്ടിയ്ക്ക് നേതൃത്വം നൽകുന്നു

പ്രതിരോധ മേഖലയിൽ തദ്ദേശീയ രൂപകൽപ്പനയും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി പ്രതിരോധ സംഭരണ നടപടിക്രമത്തിൽ (DPP-2006) ഇദംപ്രഥമമായി MAKE നടപടിക്രമം അവതരിപ്പിച്ചു.  2016, 2018, 2020 വർഷങ്ങളിലെ തുടർ പരിഷ്കാരങ്ങളിലൂടെ ഇത് സുഗമമാക്കുകയും ലളിതമാക്കുകയും ചെയ്തു. പൊതു, സ്വകാര്യ വ്യവസായങ്ങൾ പ്രതിരോധ ഉപകരണങ്ങൾ, സംവിധാനങ്ങൾ, ഘടകങ്ങൾ എന്നിവയുടെ വേഗത്തിലുള്ള വികസനം ഉറപ്പാക്കുന്നു.

MAKE പദ്ധതികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:

MAKE-I (സർക്കാർ ധനസഹായം)

പ്രോട്ടോടൈപ്പ് (മാതൃക) വികസനത്തിനുള്ള 70% വരെ സർക്കാർ ധനസഹായം (ഒരു വികസന ഏജൻസിക്ക് ₹250 കോടി പരിധി). കുറഞ്ഞത് 50% തദ്ദേശീയ ഉള്ളടക്കം (Indigenous Component) അനിവാര്യമാണ്.

MAKE-II (വ്യാവസായിക ധനസഹായം)

ഇറക്കുമതിയ്ക്ക് ബദലായുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിർണ്ണായക പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് ആഭ്യന്തര വ്യവസായ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

കുറഞ്ഞത് 50% തദ്ദേശീയ ഉള്ളടക്ക ആവശ്യകത. സർക്കാർ ധനസഹായം ഇല്ല.

MAKE-III (സാങ്കേതികവിദ്യ കൈമാറ്റം വഴി ഇന്ത്യയിൽ നിർമ്മിക്കുന്നത് - Transfer of Technology)

വിദേശ OEM-കളിൽ നിന്ന് സാങ്കേതിക കൈമാറ്റ (ToT) പ്രകാരം ഇന്ത്യയിൽ ഉത്പാദനം നടത്തുന്നു.

രൂപകൽപ്പനയും വികസനവും ഇല്ല. കുറഞ്ഞത് 60% തദ്ദേശീയ ഉള്ളടക്ക (IC) ആവശ്യകത.

പ്രധാന വസ്തുതകൾ :

2025 മാർച്ച് 24 വരെ, തദ്ദേശീയ പ്രതിരോധ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്ന 171 വ്യവസായങ്ങളുടെ പങ്കാളിത്തത്തോടെ MAKE സംരംഭത്തിന് കീഴിൽ ആകെ 145 പദ്ധതികൾ ഏറ്റെടുത്തിട്ടുണ്ട്.

ഈ സംരംഭത്തിൽ 40 MAKE-I പദ്ധതികൾ (സർക്കാർ ധനസഹായം), 101 MAKE-II പദ്ധതികൾ (വ്യവസായ ധനസഹായം), 4 MAKE-III പദ്ധതികൾ (സാങ്കേതികവിദ്യ കൈമാറ്റം വഴി നിർമ്മാണം) എന്നിവ ഉൾപ്പെടുന്നു. പ്രതിരോധ നിർമ്മാണത്തിൽ സ്വയംപര്യാപ്തത ശക്തിപ്പെടുത്തുന്നു.

മറ്റ് പ്രധാന സംരംഭങ്ങൾ

സമീപ വർഷങ്ങളിൽ, രാജ്യത്തിന്റെ പ്രതിരോധ ഉത്പാദന ശേഷി വർദ്ധിപ്പിക്കുന്നതും സ്വാശ്രയത്വം കൈവരിക്കുന്നതും ലക്ഷ്യമിട്ടുള്ള ഒട്ടേറെ പരിവർത്തനാത്മക സംരംഭങ്ങൾ ഇന്ത്യാ ഗവണ്മെന്റ്  നടപ്പിലാക്കിയിട്ടുണ്ട്. നിക്ഷേപം ആകർഷിക്കുന്നതിനും, ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും, സംഭരണ പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനുമാണ് ഈ നടപടികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നേരിട്ടുള്ള വിദേശ നിക്ഷേപ (FDI) പരിധികൾ ഉദാരമാക്കുന്നത് മുതൽ തദ്ദേശീയ ഉത്പാദനത്തിന് മുൻഗണന നൽകുന്നത് വരെയുള്ള, ഈ സംരംഭങ്ങൾ ഇന്ത്യയുടെ പ്രതിരോധ വ്യാവസായിക അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള ഉറച്ച പ്രതിബദ്ധത പ്രതിഫലിക്കുന്നു. പ്രതിരോധ മേഖലയിലെ വളർച്ചയ്ക്കും നവീകരണത്തിനും നിർണ്ണായകമായി മാറിയ സർക്കാർ സംരംഭങ്ങൾ ഇനിപ്പറയുന്നു.

ഉദാരവത്ക്കരിച്ച FDI നയം: വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി പ്രതിരോധ മേഖലയിലെ നേരിട്ടുള്ള
 വിദേശ നിക്ഷേപം (FDI) 2020 സെപ്റ്റംബറിൽ ഉദാരവൽക്കരിച്ചു, ഓട്ടോമാറ്റിക് റൂട്ടിലൂടെ 74% വരെയും സർക്കാർ റൂട്ടിലൂടെ 74% ത്തിൽ കൂടുതൽ FDI അനുവദിച്ചു. 2000 ഏപ്രിൽ മുതൽ, പ്രതിരോധ വ്യവസായമേഖലയിലെ മൊത്തംFDI 21.74 മില്യൺ ഡോളറാണ്.

ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സ്: സി-295 വിമാനങ്ങൾ നിർമ്മിക്കുന്നതിനായി 2024 ഒക്ടോബറിൽ വഡോദരയിൽ ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു. ഈ പദ്ധതിയ്ക്ക് കീഴിലുള്ള 56 ൽ  40 ഇന്ത്യൻ നിർമ്മിത വിമാനങ്ങൾ പ്രതിരോധമേഖലയിലെ ആത്മനിർഭരത ശക്തിപ്പെടുത്തും.

മന്ഥൻ: ബെംഗളൂരുവിലെ എയ്‌റോ ഇന്ത്യ 2025-ൽ നടന്ന വാർഷിക പ്രതിരോധ നൂതനാശയ പരിപാടിയായ മന്ഥൻ, പ്രതിരോധ, ബഹിരാകാശ മേഖലകളിലെ പ്രമുഖ നൂതനാശയ സംരംഭകർ, സ്റ്റാർട്ടപ്പുകൾ, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ, അക്കാദമിക, നിക്ഷേപക, വ്യവസായ രംഗങ്ങളിലെ പ്രമുഖർ എന്നിവരെ ഒരുമിച്ച് കൊണ്ടുവന്നു. സാങ്കേതിക പുരോഗതിക്കും ആത്മനിർഭര ഭാരതത്തിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയിൽ വിശ്വാസം ഊട്ടിയുറപ്പിച്ചു.  

ഡിഫൻസ് ടെസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ചർ സ്കീം (DTIS): ബഹിരാകാശ, പ്രതിരോധ മേഖലകളിൽ എട്ട് ഗ്രീൻഫീൽഡ് ടെസ്റ്റിംഗ്, സർട്ടിഫിക്കേഷൻ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് സാമ്പത്തിക സഹായം നൽകിക്കൊണ്ട് തദ്ദേശീയവത്ക്കരണം വർദ്ധിപ്പിക്കാൻ DTIS ലക്ഷ്യമിടുന്നു. പൈലറ്റില്ലാ ആകാശ യാനങ്ങൾ, ഇലക്ട്രോണിക് യുദ്ധമുറകൾ, ഇലക്ട്രോ-ഒപ്റ്റിക്സ്, ആശയവിനിമയം തുടങ്ങിയ മേഖലകളിൽ ഏഴ് പരീക്ഷണ ദൗത്യങ്ങൾ ഇതിനോടകം അംഗീകരിച്ചിട്ടുണ്ട്.

ആഭ്യന്തര സംഭരണത്തിന് മുൻഗണന: ഡിഫൻസ് അക്വിസിഷൻ നടപടിക്രമം (DAP)-2020 പ്രകാരം ആഭ്യന്തര സ്രോതസ്സുകളിൽ നിന്ന് മൂലധന ഉത്പന്നങ്ങൾ സംഭരിക്കുന്നതിന് ഊന്നൽ നൽകുന്നു.

ആഭ്യന്തര സംഭരണ വിഹിതം: ആധുനികവത്ക്കരണ ബജറ്റ് വിഹിതത്തിന്റെ 75%, അതായത് 1,11,544 കോടി രൂപ, ആഭ്യന്തര വ്യവസായങ്ങളിൽ നിന്നുള്ള സംഭരണത്തിനായി ഈ സാമ്പത്തിക വർഷം നീക്കിവച്ചിട്ടുണ്ട്.

ഉപസംഹാരം

പ്രതിരോധ ഉത്പാദനത്തിലും കയറ്റുമതിയിലും ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങൾ, സ്വയംപര്യാപ്തവും മത്സരാധിഷ്ഠിതവുമായ ആഗോള സൈനിക ഉത്പാദന കേന്ദ്രമെന്ന നിലയിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തെ ശക്തിപ്പെടുത്തുന്നു. തന്ത്രപരമായ നയ സമീപനങ്ങൾ, വർദ്ധിച്ച ആഭ്യന്തര പങ്കാളിത്തം, തദ്ദേശീയ നൂതനാശയങ്ങളിലെ ശ്രദ്ധ എന്നിവ സമന്വയിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ പ്രതിരോധ ശേഷി ഗണ്യമായി മെച്ചപ്പെടുത്താനായിട്ടുണ്ട്. ഉത്പാദനത്തിലെ കുതിച്ചുചാട്ടം, കയറ്റുമതിയിലെ ബഹുഗുണീകൃതമായ വർദ്ധനവ്, മെയ്ക്ക് ഇൻ ഇന്ത്യ പോലുള്ള സംരംഭങ്ങളുടെ വിജയം എന്നിവ പ്രതിരോധത്തിൽ ആത്മനിർഭരത കൈവരിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. 2029-ൽ സാക്ഷാത്ക്കരിക്കാനായി നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യങ്ങൾ, ദേശസുരക്ഷയും സാമ്പത്തിക വളർച്ചയും വർദ്ധിപ്പിക്കുന്നതിനൊപ്പം അന്താരാഷ്ട്ര പ്രതിരോധ വിപണിയിൽ വിശ്വസനീയ പങ്കാളിയെന്ന സ്ഥാനം ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും സജ്ജമായ രാജ്യത്തെ സഹായിക്കും.  

സൂചനകൾ:

https://pib.gov.in/FactsheetDetails.aspx?Id=149099&reg=3&lang=1
https://pib.gov.in/PressReleaseIframePage.aspx?PRID=2069090
https://www.investindia.gov.in/sector/defence-manufacturing
https://makeinindiadefence.gov.in/#
https://pib.gov.in/PressReleasePage.aspx?PRID=2098485
https://idex.gov.in/idex
https://www.ddpmod.gov.in/offerings/schemes-and-services/idex
https://pib.gov.in/PressReleasePage.aspx?PRID=2098485

 
*****

(Release ID: 2114742) Visitor Counter : 28


Read this release in: English , Hindi , Gujarati