ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
2025 ലെ ലോക ക്ഷയരോഗ ദിന ഉച്ചകോടി കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ ജെ പി നദ്ദ ഉദ്ഘാടനം ചെയ്തു
Posted On:
24 MAR 2025 7:26PM by PIB Thiruvananthpuram
"ഞങ്ങളുടെ ക്ഷയരോഗ നിർമാർജന തന്ത്രം 'സമൂഹം ഒന്നാകെ ',സമഗ്ര ഗവൺമെന്റ് ' എന്ന സമീപനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്" എന്ന് ഇന്ന് നടന്ന 2025 ലെ ലോക ക്ഷയരോഗ ദിന ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദ പറഞ്ഞു. ഈ വർഷത്തെ ലോക ക്ഷയരോഗ ദിന ഉച്ചകോടിയുടെ പ്രമേയം "അതെ! നമുക്ക് ക്ഷയരോഗം ഇല്ലാതാക്കാൻ കഴിയും: പ്രതിജ്ഞാബദ്ധമാകുക, നിക്ഷേപിക്കുക, നടപ്പാക്കുക" എന്നതാണ്.
ക്ഷയരോഗമുക്ത ഭാരതം കൈവരിക്കുന്നതിനുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത കേന്ദ്ര മന്ത്രി ആവർത്തിച്ചു. ഉച്ചകോടിയിൽ അധ്യക്ഷത വഹിച്ച അദ്ദേഹം,100 ദിവസത്തെ തീവ്ര ക്ഷയരോഗ നിർമാർജന യജ്ഞത്തിന്റെ ഭാഗമായി ഹാൻഡ്‌ഹെൽഡ് എക്സ്-റേ യൂണിറ്റുകൾ, ആധുനിക ന്യൂക്ലിക് ആസിഡ് ആംപ്ലിഫിക്കേഷൻ ടെസ്റ്റിംഗ് (NAAT) എന്നിവയുൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ വിന്യസിക്കുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ചു. അവയിൽ ചിലത് മൊബൈൽ വാനുകൾ (നിക്ഷയ് വാഹനങ്ങൾ) ഉപയോഗിച്ച് ആണ് എല്ലായിടത്തും എത്തിക്കുന്നത്. ഭൂമിശാസ്ത്രപരമായ തടസ്സങ്ങൾ മറികടക്കാനും വിദൂരവും സേവന ലഭ്യത കുറഞ്ഞതുമായ പ്രദേശങ്ങളിലേക്ക് സുപ്രധാന പരിശോധനകളും രോഗനിർണയ സേവനങ്ങളും എത്തിക്കാനും ഇത് സഹായിച്ചു. ജില്ലകളിൽ 13.46 ലക്ഷത്തിലധികം നിക്ഷയ് ശിബിരങ്ങൾ അഥവാ സാമൂഹ്യ രോഗനിർണയ പരിശോധനകൾ, അവബോധ ക്യാമ്പുകൾ എന്നിവ സംഘടിപ്പിച്ചതായും അവയിലൂടെ അവശ്യ ടിബി സേവനങ്ങൾ കോടിക്കണക്കിന് പേരുടെ വീട്ടുപടിക്കൽ നേരിട്ട് എത്തിച്ചതായും അദ്ദേഹം പരാമർശിച്ചു.
ഇന്ത്യയിലെ ടിബി ചികിത്സാ പരിരക്ഷ 59% ൽ നിന്ന് 85% ആയി വർദ്ധിച്ചതായും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. 12.97 കോടി പേരെ ടിബി പരിശോധന നടത്തിയതായും 7.19 ലക്ഷം പുതിയ കേസുകൾ കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു. സ്ഥിരീകരിച്ച ടിബി കേസുകളിൽ, ഏകദേശം 2.85 ലക്ഷം രോഗലക്ഷണങ്ങളില്ലാത്ത കേസുകളായിരുന്നു. കാമ്പെയ്‌നിന്റെ ഭാഗമായി സുസജ്ജമായ രോഗനിർണയ സംവിധാനം ഇല്ലായിരുന്നെങ്കിൽ ഇവ കണ്ടെത്താനാകാതെ പോകുമായിരുന്നേക്കാം എന്നും മന്ത്രി അഭിപ്രായപ്പെട്ടു. 5,000-ത്തിലധികം എംഎൽഎ മാരും 10,000 ഗ്രാമപഞ്ചായത്തുകളും കാമ്പെയ്‌നിൽ പങ്കെടുത്തു. ഈ നേട്ടത്തെ പരാമർശിച്ചുകൊണ്ട് രാജ്യവ്യാപകമായി ഈ പരിപാടി വ്യാപിപ്പിക്കാനുള്ള മന്ത്രാലയത്തിന്റെ പദ്ധതികൾ അദ്ദേഹം പ്രഖ്യാപിച്ചു. ടിബി ഇതുവരെ നിർമാർജനം ചെയ്യാൻ സാധിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം, ഇന്ത്യയിലെ എല്ലാ ജില്ലകളിലും ടിബി നിർമാർജന കാമ്പെയ്‌ൻ കൂടുതൽ വിപുലീകരിക്കുമെന്നും പ്രഖ്യാപിച്ചു.
ടിബിക്കെതിരായ പോരാട്ടം ഒരു കൂട്ടായ ദൗത്യമാണെന്ന് തെളിയിച്ചു കൊണ്ട് 100 ദിവസത്തെ കാമ്പെയ്‌നിനെ 22 പ്രധാന മന്ത്രാലയങ്ങൾ പിന്തുണച്ചതായും 30,000-ത്തിലധികം തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഈ പൊതു ലക്ഷ്യത്തിനായി സന്നദ്ധരായതായും ശ്രീ നദ്ദ എടുത്തുപറഞ്ഞു. വെറും 100 ദിവസത്തിനുള്ളിൽ, 1,05,181-ലധികം പുതിയ നി-ക്ഷയ് മിത്രങ്ങൾ രജിസ്റ്റർ ചെയ്യുകയും ടിബി രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇടയിൽ 3,06,368-ലധികം ഭക്ഷണ പായ്ക്കറ്റുകൾ വിതരണം നടത്തുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.
അടുത്തിടെ സമാപിച്ച 100 ദിവസത്തെ തീവ്ര ടിബി നിർമാർജന കാമ്പെയ്‌നിൽ, രോഗികളെ കണ്ടെത്തൽ മെച്ചപ്പെടുത്തുന്നതിനും, രോഗനിർണയത്തിനുള്ള കാലതാമസം കുറയ്ക്കുന്നതിനും, പ്രത്യേകിച്ച് ദുർബല ജനവിഭാഗങ്ങൾക്ക് സമയബന്ധിതമായ ചികിത്സ ആരംഭിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. “ലക്ഷണമില്ലാത്ത വ്യക്തികൾ, ടിബി രോഗികളുടെ സമ്പർക്കത്തിലുള്ള കുടുംബാംഗങ്ങൾ, ടിബി ചരിത്രമുള്ളവർ, പോഷകാഹാരക്കുറവുള്ള വ്യക്തികൾ, പ്രമേഹം, എച്ച്ഐവി പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവരുൾപ്പെടെ ദുർബലരായ ജന വിഭാഗങ്ങൾക്ക് ഊന്നൽ നൽകിയാണ് കാമ്പെയ്‌ൻ, പരിശോധന നടത്തിയത് ”.
ടിബി ഗവേഷണത്തിന് ആഗോളതലത്തിൽ ഏറ്റവും മികച്ച ധനസഹായം നൽകുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് പറഞ്ഞ അദ്ദേഹം , ടിബിയെക്കുറിച്ചുള്ള ശ്രദ്ധേയമായ ഗവേഷണത്തിന് ഐസിഎംആറിനെ അഭിനന്ദിച്ചു. കോവിഡ് മഹാമാരി സമയത്ത് ഉപയോഗിച്ചിരുന്ന ആർടി-പിസിആർ യന്ത്ര സംവിധാനങ്ങൾ, ടിബി രോഗനിർണയത്തിനും അനുയോജ്യമാണ് എന്നത് പോലുള്ള ചില നൂതനാശയങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. അതുപോലെ, ഐസിഎംആർ വികസിപ്പിച്ചെടുത്ത തദ്ദേശീയ പരിശോധനാ കിറ്റുകൾ ടിബി കണ്ടെത്തുന്നതിനുള്ള ചെലവ് കുറയ്ക്കുക മാത്രമല്ല, ഒറ്റത്തവണ 32 പരിശോധനകൾ നടത്തി കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. "എ ഐ സഹായത്തോടെയുള്ള കൈയിൽ പിടിക്കാവുന്ന എക്സ്-റേ മെഷീനുകൾ ലക്ഷണമില്ലാത്ത ടിബി കണ്ടെത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്", അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, സാമൂഹ്യ നേതാക്കൾ, എംപിമാർ, എംഎൽഎമാർ, ഗ്രാമപ്രധാനുകൾ, പ്രാദേശിക നേതാക്കൾ എന്നിവരുടെ വിലമതിക്കാനാവാത്ത പിന്തുണയ്ക്കും പങ്കാളിത്തത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ഈ രോഗത്തിനെതിരെ അവബോധം വളർത്തുന്നതിലും സമൂഹത്തെ ഒരുമിച്ച് നിർത്തുന്നതിലും ഇവരുടെ പങ്ക് നിർണായകമായിരുന്നു. "അവരുടെ സമർപ്പണം സമൂഹത്തിൽ ഉടമസ്ഥതാ ബോധവും ഉത്തരവാദിത്വവും വളർത്തിയെടുത്തു. ടിബിക്കെതിരെ പോരാടുന്നതിന് ഇന്ത്യ സ്വീകരിച്ച നിരവധി സവിശേഷ തന്ത്രങ്ങളിൽ ഒന്നാണിത്", അദ്ദേഹം പറഞ്ഞു.
ടിബി മുക്ത് ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ഫീൽഡ് തലത്തിൽ നിന്നുള്ള ചിത്രങ്ങൾ ഉൾപ്പെടെ അടങ്ങിയിട്ടുള്ള ഒരു ഡിജിറ്റൽ കോഫി ടേബിൾ ബുക്ക് ചടങ്ങിൽ പുറത്തിറക്കി. ഉയർന്ന അപകടസാധ്യതയുള്ള രോഗികൾക്ക് സമയബന്ധിതവും ഫലപ്രദവുമായ പരിചരണം ഉറപ്പാക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രി 'വ്യതിരിക്തമായ ടിബി പരിചരണത്തെ കുറിച്ചുള്ള മാർഗനിർദ്ദേശ രേഖ' പുറത്തിറക്കി. ഉയർന്ന അപകടസാധ്യതയുള്ള രോഗികളെ (ഉദാഹരണത്തിന്, ഗുരുതരമായ പോഷകാഹാരക്കുറവ് അല്ലെങ്കിൽ ശ്വസന വൈകല്യം ബാധിച്ചവരെ) രോഗനിർണയ സമയത്ത് മുൻഗണന നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഈ രേഖ നൽകുന്നു. കൂടാതെ അവർക്കുള്ള സമഗ്രമായ ചികിത്സാ പദ്ധതിയും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്.
100 ദിവസത്തെ തീവ്ര ടിബി മുക്ത് ഭാരത് അഭിയാനിലെ മാതൃകാപരമായ പ്രവർത്തനങ്ങൾക്കും ടിബി മുക്ത് ഗ്രാമ പഞ്ചായത്ത് സംരംഭത്തിലെ പ്രകടനത്തിനും സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു
SKY
(Release ID: 2114700)
Visitor Counter : 16