ജൽ ശക്തി മന്ത്രാലയം
azadi ka amrit mahotsav

ജലസംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ലോക ജലദിനത്തിൽ, കേന്ദ്ര ജൽശക്തി മന്ത്രാലയം 'ജൽ ശക്തി അഭിയാൻ: ക്യാച്ച് ദി റെയിൻ - 2025' ആരംഭിക്കും

Posted On: 21 MAR 2025 8:23PM by PIB Thiruvananthpuram
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെയും ഹരിയാന ഗവൺമെന്റിന്റെയും സഹകരണത്തോടെ 'ജൽ ശക്തി അഭിയാൻ: ക്യാച്ച് ദി റെയിൻ - 2025' സംരംഭം, ലോക ജലദിനമായ 2025 മാർച്ച് 22 ന് ആരംഭിക്കും. ഹരിയാനയിലെ പഞ്ച്കുലയിലെ തൗ ദേവി ലാൽ സ്റ്റേഡിയത്തിലെ ഹാളിൽ നടക്കുന്ന ഈ പരിപാടി, സമൂഹ പങ്കാളിത്തത്തിലൂടെയും നൂതന തന്ത്രങ്ങളിലൂടെയും ജലസംരക്ഷണത്തിനും പരിപാലനത്തിനും ഊന്നൽ നൽകുക എന്നതാണ് ലക്ഷ്യമിടുന്നത്.

'ജല സംരക്ഷണത്തിനായുള്ള ജനങ്ങളുടെ പ്രവർത്തനം - സാമൂഹ്യ ബന്ധങ്ങൾ ശക്തിപ്പെടുത്തൽ' എന്ന പ്രമേയമുള്ള ഈ പ്രചാരണ പരിപാടി , കാലാവസ്ഥാ വ്യതിയാനവും വർദ്ധിച്ചുവരുന്ന ജലദൗർലഭ്യവും വെല്ലുവിളി ഉയർത്തുന്ന പശ്ചാത്തലത്തിൽ ജലസുരക്ഷ, മഴവെള്ള സംഭരണം, ഭൂഗർഭജല പുനരുജ്ജീവനം എന്നിവയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നു. ജലസ്രോതസ്സുകളുടെ സുസ്ഥിരമായ പരിപാലനം ഉറപ്പാക്കുന്നതിൽ ഗവൺമെന്റ് ഏജൻസികൾ, സമൂഹങ്ങൾ, പങ്കാളികൾ എന്നിവർക്കിടയിൽ കൂടുതൽ ഏകോപനം വളർത്തിയെടുക്കുന്നതിനായി രാജ്യത്തുടനീളമുള്ള 148 ജില്ലകളിലാണ് ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഹരിയാന മുഖ്യമന്ത്രി ശ്രീ നയാബ് സിംഗ് സൈനി; ജൽശക്തി മന്ത്രി ശ്രീ സി.ആർ. പാട്ടീൽ;ഹരിയാന ജലസേചന, ജലവിഭവ വകുപ്പ് മന്ത്രി ശ്രീമതി ശ്രുതി ചൗധരി എന്നിവർ ഉൾപ്പെടെ വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും.

പരിപാടിയുടെ പ്രധാന സവിശേഷതകൾ:

•ജല സംരക്ഷണത്തെക്കുറിച്ചുള്ള കലാപരമായ ആവിഷ്കാരങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു പെയിന്റിംഗ്, ശിൽപ പ്രദർശനത്തിന്റെ ഉദ്ഘാടനം.

•നദികൾ, നീരുറവകൾ, വനങ്ങൾ എന്നിവ തമ്മിലുള്ള പാരിസ്ഥിതിക ബന്ധം ശക്തിപ്പെടുത്തുന്ന ''ജലം -വനം-ജനങ്ങൾ: അഭേദ്യമായ ബന്ധം " പരിപാടിയുടെ ഉദ്ഘാടനം.

• 'മുഖ്യമന്ത്രി ജൽ സഞ്ചയ് യോജന'യുടെയും ശാസ്ത്രീയ ജലവിഭവ പരിപാലനത്തെ സഹായിക്കുന്ന ഹരിയാനയുടെ ജലവിഭവ അറ്റ്ലസിന്റെയും ഇ- ഉദ്ഘാടനം.

•ജലസംരക്ഷണത്തിന് നൽകിയ മികച്ച സംഭാവനകൾക്ക് പുരോഗമന കർഷകർ, സ്ത്രീകൾ, ജല ഉപയോക്തൃ സംഘടനകൾ (WUAs), വ്യവസായങ്ങൾ, എൻജിഒകൾ എന്നിവയെ ആദരിക്കുന്നതിനുള്ള പുരസ്കാര ദാന ചടങ്ങ്.

• സാമൂഹ്യ ശുചിത്വ  കോംപ്ലക്സുകൾ, ദ്രവമാലിന്യ പരിപാലന സംവിധാനങ്ങൾ, ഗോബർധൻ പദ്ധതി, ഹരിയാനയിലെ ഖരമാലിന്യ പരിപാലന കേന്ദ്രം എന്നിവയുൾപ്പെടെയുള്ള നൂതന ജല പരിപാലന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നു.

ജലസംരക്ഷണത്തിനായുള്ള രാജ്യവ്യാപകമായ അവബോധവും പ്രവർത്തനവും പ്രോത്സാഹിപ്പിക്കുന്നതിനും, 'എല്ലാ തുള്ളിയും പ്രധാനപ്പെട്ടതാണ്'എന്ന വീക്ഷണം യാഥാർത്ഥ്യമാക്കുന്നതിനും ജൽ ശക്തി അഭിയാൻ: ക്യാച്ച് ദി റെയിൻ - 2025 ലക്ഷ്യമിടുന്നു. നൂതനമായ പരിഹാരങ്ങളിലൂടെയും അടിസ്ഥാന പങ്കാളിത്തത്തിലൂടെയും ഇന്ത്യയുടെ ജലഭാവി സുരക്ഷിതമാക്കുന്നതിൽ എല്ലാ പൗരന്മാരും കൈകോർക്കാൻ ഈ പ്രചാരണ പരിപാടി ആഹ്വാനം ചെയ്യുന്നു.
 
SKY
 
*****

(Release ID: 2113977) Visitor Counter : 27


Read this release in: English , Hindi , Punjabi , Gujarati