ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

കേരളത്തിലെ മത്സ്യബന്ധന മേഖലയ്ക്കു ധനസഹായം

Posted On: 19 MAR 2025 2:06PM by PIB Thiruvananthpuram
കേന്ദ്ര ഫിഷറീസ് വകുപ്പ് (DoF, GoI) വിവിധ പദ്ധതികള്‍, നയങ്ങള്‍, പരിപാടികള്‍ എന്നിവയിലൂടെ കേരളം ഉള്‍പ്പടെയുള്ള എല്ലാ സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിലെയും മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനത്തിന്  നടപടികള്‍ സ്വീകരിച്ചു വരുന്നു. കേന്ദ്ര ഫിഷറീസ് വകുപ്പ് അതിന്റെ സുപ്രധാന പദ്ധതിയായ ' പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന' (PMMSY)  വഴി നടപ്പു സാമ്പത്തിക വര്‍ഷത്തിലും (2024-25) കഴിഞ്ഞ നാലു വര്‍ഷങ്ങളിലുമായി (2020-21 മുതല്‍ 2023-24) മത്സ്യബന്ധന മേഖലയുടെ വികസനത്തിനുള്ള,  കേരളാ ഗവണ്‍മെന്റിന്റെ,  1358.10  കോടി രൂപയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുമതി നല്‍കി, ഇതില്‍ 574.90 കോടി രൂപയുടെ കേന്ദ്ര വിഹിതവും ഉള്‍പ്പെടുന്നു.ഈ കാലയളവിൽ കേരളത്തിന് 344.15 കോടി രൂപയുടെ കേന്ദ്ര ഫണ്ടും അനുവദിച്ചു.

ബ്രൂഡ് ബാങ്ക് (01 എണ്ണം), ഹാച്ചറികള്‍ (09 എണ്ണം), കുളങ്ങളുടെ പരിപാലനവും വികസനവും ( 89 ഹെക്ടര്‍), ഓരുവെള്ളത്തിലെ മത്സ്യക്കൃഷി (172 ഹെക്ടര്‍),  അലങ്കാര മത്സ്യ പരിപാലന യൂണിറ്റുകള്‍ സ്ഥാപിക്കല്‍  (798 എണ്ണം), ജലസംഭരണികളില്‍ മത്സ്യക്കൂടുകള്‍ സ്ഥാപിക്കല്‍ (750 എണ്ണം), റീ- സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സംവിധാനം (RAS) (646 എണ്ണം), ബയോഫ്‌ളോക് യൂണിറ്റുകള്‍ (850 എണ്ണം), ജലസംഭരണികളുടെ സംയോജിത വികസനം (07 എണ്ണം), മത്സ്യബന്ധന കപ്പലുകള്‍ (20 എണ്ണം) തുടങ്ങിയ മത്സ്യ ഉത്പാദനാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ നല്‍കിയതുള്‍പ്പടെയുള്ളവ അനുമതി നല്‍കിയവയില്‍പ്പെടുന്നു.


 മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണം (11 എണ്ണം), ഐസ് പ്ലാന്റ്/ കോള്‍ഡ് സ്‌റ്റോറേജുകള്‍ (16 എണ്ണം), മത്സ്യം കൊണ്ടുപോകുന്നതിനുള്ള വാഹനങ്ങള്‍ (468 എണ്ണം), ലൈവ് ഫിഷ് വെന്‍ഡിംഗ് സെന്ററുകള്‍ (77 എണ്ണം), മൂല്യവര്‍ദ്ധിത സംരഭങ്ങള്‍ (10 എണ്ണം),  ചില്ലറ മത്സ്യ വില്‍പ്പന വിപണികള്‍ (05 എണ്ണം) , മത്സ്യ മൊത്തവ്യാപാര വിപണികള്‍ (02 എണ്ണം), സമയോജിതമായി രോഗനിര്‍ണ്ണയം നടത്തുന്നതിനുള്ള റഫറല്‍ ലാബുകള്‍, രോഗ നിര്‍ണ്ണയ ലാബുകള്‍ (02 എണ്ണം) തുടങ്ങിയ കോള്‍ഡ് ചെയിന്‍,  അടിസ്ഥാന സൗകര്യ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. കൂടാതെ, തുറന്ന ജലാശയങ്ങളില്‍ മത്സ്യക്കൂട് സ്ഥാപിക്കുക (31 ഹെക്ടര്‍), മത്സ്യ വിത്ത് സംഭരണം (10 ഹെക്ടര്‍), ബിവാല്‍വ് കൃഷി യൂണിറ്റുകള്‍ (1140 എണ്ണം), പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ടുകളും വലകളും (200 എണ്ണം) എന്നിവയും PMMSY യില്‍ അനുമതി നല്‍കിയവയില്‍ ഉള്‍പ്പെടുന്നു.

ഇതുകൂടാതെ, PMMSY യുടെ കീഴില്‍,  സംയോജിത ആധുനിക തീരദേശ മത്സ്യബന്ധന ഗ്രാമങ്ങള്‍ (09 എണ്ണം), കാലാവസ്ഥാ പ്രതിരോധ തീരദേശ ഗ്രാമങ്ങള്‍ (06 എണ്ണം),  കൃത്രിമപ്പാരുകള്‍ (42 യൂണിറ്റുകള്‍) മത്സ്യസേവാ കേന്ദ്രങ്ങള്‍ (10 എണ്ണം), സാഗര്‍ മിത്രകള്‍ (222 എണ്ണം) തുടങ്ങിയ വപുലീകരണ സഹായ സേവനങ്ങളും കേരളത്തിന് അനുവദിച്ചിട്ടുണ്ട്. പുറമെ, മത്സ്യബന്ധന നിരോധന കാലയളവിൽ  1,79,316 മത്സ്യത്തൊഴിലാളികൾക്ക് ഉപജീവനമാർഗ്ഗവും പോഷകാഹാര സഹായവും നൽകുന്നതിനും അംഗീകാരം നൽകി. ദേശീയ മത്സ്യ വികസന ബോര്‍ഡ് (NFDB)   മുഖേന കേരളത്തില്‍ വിവിധ ഉള്‍നാടന്‍ മത്സ്യബന്ധന മേഖലകളില്‍ ബോധവല്‍ക്കരണ പ്രചാരണങ്ങളും ശേഷി വര്‍ദ്ധിപ്പിക്കല്‍ പരിപാടികളും ഏറ്റെടുത്തിട്ടുണ്ട്. മത്സ്യക്കൃഷി വൈവിധ്യവത്കരണം, വിത്തുല്‍പ്പാദനം വര്‍ദ്ധിപ്പിക്കല്‍, വിഭവങ്ങളുടെ പരിപാലനവും മാനേജ്‌മെന്റും, സ്ഥിരം പട്രോളിംഗ്, മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള പരിശീലന പരിപാടികള്‍, മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് പലിശരഹിത വായ്പകള്‍, പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ എന്നിവയ്ക്കായി സംസ്ഥാന പദ്ധതി പ്രകാരം മുന്‍കൈയ്യെടുത്തിട്ടുണ്ടെന്ന് കേരളാ ഗവണ്‍മെന്റ് അറിയിച്ചു.

നദീതട മത്സ്യബന്ധനത്തിനു മാത്രമായി ഒരു പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും, മത്സ്യക്കൂട് സ്ഥാപിക്കല്‍, മത്സ്യ വിത്ത് സംഭരണം,  പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ടുകളും വലകളും, മത്സ്യക്കൃഷി പരിപാടികള്‍ തുടങ്ങി, കേന്ദ്ര ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതികളില്‍ നദീതട മത്സ്യബന്ധന വികസനത്തിനുള്ള പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നു. ഇതുകൂടാതെ, നദീതട മത്സ്യബന്ധനത്തിന്റെ ഭാഗമായി നദികള്‍, കനാലുകള്‍, അനുയോജ്യമായ മറ്റു ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ തടയണകള്‍, മത്സ്യക്കൂട് സ്ഥാപിക്കല്‍ എന്നിവ നടത്തുന്നുണ്ടെന്ന് കേരളാ ഗവണ്‍മെന്റ് അറിയിച്ചിട്ടുണ്ട്. 2022 സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന ' ഉള്‍നാടന്‍ ജല ആവാസവ്യവസ്ഥയിലെ സംയോജിത മത്സ്യബന്ധന പരിപാലനം' (Integrated Fishery Management in Inland Aquatic Ecosystem)  എന്ന സംസ്ഥാന പദ്ധതി പ്രകാരം മത്സ്യ/ ചെമ്മീന്‍ വിത്തു വളര്‍ത്തല്‍, മത്സ്യ/ കക്ക സംരക്ഷിത മേഖലകള്‍ സ്ഥാപിക്കല്‍ എന്നിവയും നടപ്പിലാക്കി വരുന്നുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇതിനായി 20.07 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അതില്‍ 8.54 കോടി രൂപ വിതരണം ചെയ്തതായും 7.24 കോടി രൂപ വിനിയോഗിച്ചതായും കേരളാ ഗവണ്‍മെന്റ് അറിയിച്ചിട്ടുണ്ട്.

കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ശ്രീ ജോര്‍ജ് കുര്യന്‍ 2025 മാര്‍ച്ച് 19ന് രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
 
കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക
 
SKY
 
**********************

(Release ID: 2112822) Visitor Counter : 48


Read this release in: English , Urdu , Hindi