ശാസ്ത്ര സാങ്കേതിക മന്ത്രാലയം
ദേശീയ ക്വാണ്ടം ദൗത്യം: ഇന്ത്യയുടെ കുതിച്ചു ചാട്ടം
ക്വാണ്ടം സാങ്കേതികവിദ്യയുടെ വർദ്ധിച്ചു വരുന്ന സ്വാധീനവും ഭാവിയുടെ തൊഴിൽ സൃഷ്ടിയും
Posted On:
17 MAR 2025 6:42PM by PIB Thiruvananthpuram
സാങ്കേതികവിദ്യ ലോകത്തെ കീഴടക്കുന്ന ഈ കാലഘട്ടത്തിൽ, ക്വാണ്ടം സാങ്കേതികവിദ്യയുടെ ഗവേഷണ വികസനത്തിൽ രാജ്യത്തെ മുൻപന്തിയിലേക്ക് നയിക്കുന്നതിനുള്ള ഭാരത സർക്കാരിന്റെ സുപ്രധാന സംരംഭമായ നാഷണൽ ക്വാണ്ടം ദൗത്യവുമായി (NQM) ഇന്ത്യ ഭാവിയിലേക്ക് ചുവടുവെക്കുകയാണ്. 2023–24 മുതൽ 2030–31 വരെ നീളുന്നതാണ് ഏപ്രിൽ 19-ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ഈ ദൗത്യം. ഇതിനായി ₹6,003.65 കോടി ബജറ്റ് വിഹിതം അനുവദിച്ചിട്ടുണ്ട്.

ദേശീയ ക്വാണ്ടം ദൗത്യം ഉരു സാധാരണ ദൗത്യമല്ല, മറിച്ച് ക്വാണ്ടം സാങ്കേതികവിദ്യയുടെ ശക്തി ഉപയോഗപ്പെടുത്തി നവീകരണത്തിന് വഴിയൊരുക്കാനും, സുരക്ഷ ശക്തിപ്പെടുത്താനും, വിവിധ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനും, അത്യാധുനികമായ ഈ മേഖലയിൽ ആഗോള നേതാവായി സ്വയം സ്ഥാനം പിടിക്കാനും ഇന്ത്യ ലക്ഷ്യമിടുന്ന ധീരമായ ഒരു ചുവടുവയ്പ്പാണിത്.
എന്താണ് ക്വാണ്ടം കമ്പ്യൂട്ടിംഗ്
വിവരങ്ങൾ സംഭരിക്കാനും വിശകലനം ചെയ്യാനും ക്വാണ്ടം കമ്പ്യൂട്ടിംഗിൽ ക്യുബിറ്റുകൾ (qubits) എന്നറിയപ്പെടുന്ന പ്രത്യേക യൂണിറ്റുകൾ ഉപയോഗിക്കുന്നു. 0,1 അടിസ്ഥാനമാക്കിയുള്ള ബിറ്റുകൾ മാത്രമുള്ള സാധാരണ കമ്പ്യൂട്ടറുകളിൽ നിന്ന് വ്യത്യസ്തമായി, ക്യുബിറ്റുകൾക്ക് ഒരേ സമയം 0 ഉം 1 ഉം ആകാൻ കഴിയും. ഒരേസമയം ഒന്നിലധികം അവസ്ഥകളിലായിരിക്കാനുള്ള ഈ ശേഷി ക്വാണ്ടം കമ്പ്യൂട്ടറുകളെ വ്യത്യസ്തമാക്കുകയും പരമ്പരാഗതമായവയേക്കാൾ ശക്തമാക്കുകയും ചെയ്യുന്നു.
പല രാജ്യങ്ങളിലും ക്വാണ്ടം കമ്പ്യൂട്ടിംഗിലും മറ്റ് ക്വാണ്ടം സാങ്കേതികവിദ്യകളിലും സജീവമായ പ്രവർത്തനങ്ങൾ നടക്കുന്നു. ഇന്ത്യയ്ക്കും കാര്യമായ സംഭാവനകൾ നൽകാൻ മികച്ച അവസരവുമുണ്ട്. ദേശീയ ക്വാണ്ടം ദൗത്യം സുപ്രധാന പങ്ക് വഹിക്കാനുള്ള അവസരം ഇന്ത്യയ്ക്ക് നൽകുന്നു. നിലവിലെ സാഹചര്യത്തിൽ ഈ ദൗത്യത്തിന്റെ ഫലങ്ങൾ ആരോഗ്യ സംരക്ഷണം, ശുദ്ധമായ ഊർജ്ജം, കാലാവസ്ഥാ വ്യതിയാനം, തൊഴിൽ സൃഷ്ടി അടക്കം പൗരന്മാരുടെ ജീവിതത്തെ ബാധിക്കുന്ന ഒട്ടേറെ കാര്യങ്ങളിൽ സ്വാധീനം ചെലുത്തും.
ദേശീയ ക്വാണ്ടം ദൗത്യത്തിന്റെ ലക്ഷ്യങ്ങൾ
ആശയവിനിമയം, ക്രിപ്റ്റോഗ്രഫി, കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളെ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയിൽ ക്വാണ്ടം സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുക എന്ന വിശാലമായ ലക്ഷ്യത്തോടെ, ക്വാണ്ടം മേഖലയിൽ ഇന്ത്യയുടെ ശേഷി വികസിപ്പിക്കുന്നതിനുള്ള പ്രത്യേക ലക്ഷ്യങ്ങൾ ദേശീയ ക്വാണ്ടം ദൗത്യം രൂപപ്പെടുത്തിയിട്ടുണ്ട്:
ക്വാണ്ടം കമ്പ്യൂട്ടിംഗ് പരിണാമം:
കമ്പ്യൂട്ടേഷണൽ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി സൂപ്പർകണ്ടക്റ്റിംഗ്, ഫോട്ടോണിക് സാങ്കേതികവിദ്യകൾ പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ 20-50 ഫിസിക്കൽ ക്യുബിറ്റുകൾ (3 വർഷം), 50-100 ഫിസിക്കൽ ക്യുബിറ്റുകൾ (5 വർഷം), 50-1000 ഫിസിക്കൽ ക്യുബിറ്റുകൾ (8 വർഷം) എന്നിവയുള്ള ഇന്റർമീഡിയറ്റ്-സ്കെയിൽ ക്വാണ്ടം കമ്പ്യൂട്ടറുകൾ വികസിപ്പിക്കുക.
ഉപഗ്രഹ അധിഷ്ഠിത ക്വാണ്ടം ആശയവിനിമയം:
ഇന്ത്യയ്ക്കുള്ളിൽ 2000 കിലോമീറ്ററിലധികം വിസ്തീർണ്ണത്തിലെ രണ്ട് ഗ്രൗണ്ട് സ്റ്റേഷനുകൾക്കിടയിൽ ഉപഗ്രഹ-സജ്ജമായ ക്വാണ്ടം-സുരക്ഷിത ആശയവിനിമയം സ്ഥാപിക്കുകയും മറ്റ് രാജ്യങ്ങളുമായി ദീർഘദൂര സുരക്ഷിത ക്വാണ്ടം ആശയവിനിമയത്തിനായി സാങ്കേതികവിദ്യ വ്യാപിപ്പിക്കുകയും ചെയ്യുക.
ഇന്റർ-സിറ്റി ക്വാണ്ടം കീ ഡിസ്ട്രിബ്യൂഷൻ (QKD):
നിലവിലുള്ള ഒപ്റ്റിക്കൽ ഫൈബർ അടിസ്ഥാനസൗകര്യത്തിൽ ട്രസ്റ്റഡ് നോഡുകളും വേവ് ലെങ്ത് ഡിവിഷൻ മൾട്ടിപ്ലക്‌സിംഗും (WDM) ഉപയോഗിച്ച് 2000 കിലോമീറ്റർ പരിധിയിൽ ക്വാണ്ടം-സുരക്ഷിത ആശയവിനിമയം നടപ്പിലാക്കുക, സുരക്ഷിത ഡാറ്റ പ്രസരണം വർദ്ധിപ്പിക്കുക.
മൾട്ടി-നോഡ് ക്വാണ്ടം നെറ്റ്‌വർക്കുകൾ:
ഓരോ നോഡിലും ക്വാണ്ടം മെമ്മറികൾ, എൻടാൻഗിൾമെന്റ് സ്വാപ്പിംഗ്, സിൻക്രൊണൈസ്ഡ് ക്വാണ്ടം റിപ്പീറ്ററുകൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു മൾട്ടി-നോഡ് ക്വാണ്ടം നെറ്റ്‌വർക്ക് വികസിപ്പിക്കുക. ഇത് വിപുലവും വിശാലവുമായ ക്വാണ്ടം ആശയവിനിമയം (2-3 നോഡുകൾ) പ്രാപ്തമാക്കുന്നു.
അഡ്വാൻസ്ഡ് ക്വാണ്ടം സെൻസിംഗും ക്ലോക്കുകളും:
കൃത്യതയുള്ള സമയം, ഗതിനിയന്ത്രണം, സുരക്ഷിത ആശയവിനിമയം എന്നിവയ്ക്കായി ആറ്റോമിക് സിസ്റ്റങ്ങളിൽ 1 ഫെംറ്റോ-ടെസ്‌ല/ചതുരശ്രസംഖ്യ (Hz) സെൻസിറ്റിവിറ്റിയും നൈട്രജൻ വേക്കൻസി സെന്ററുകളിൽ 1 പിക്കോ-ടെസ്‌ല/ചതുരശ്രസംഖ്യ (Hz) സെൻസിറ്റിവിയെക്കാൾ മികച്ചതുമായ മാഗ്നെറ്റോമീറ്ററുകൾ, 100 നാനോ-മീറ്റർ/സെക്കൻഡ്²-ൽ കൂടുതൽ സെൻസിറ്റിവിറ്റിയുള്ള ഗ്രാവിറ്റി സെൻസറുകൾ, 10⁻¹⁹ ഫ്രാക്ഷണൽ അസ്ഥിരതയുള്ള ആറ്റോമിക് ക്ലോക്കുകൾ എന്നിവയുൾപ്പെടെ ഉയർന്ന സെൻസിറ്റീവ് ക്വാണ്ടം ഉപകരണങ്ങൾ രൂപകൽപ്പന ചെയ്യുക..
ക്വാണ്ടം മെറ്റീരിയലുകളും ഉപകരണങ്ങളും:
സൂപ്പർകണ്ടക്ടറുകൾ, നൂതന സെമികണ്ടക്ടർ ഘടനകൾ, ക്യൂബിറ്റുകൾ, സിംഗിൾ-ഫോട്ടോൺ സ്രോതസ്സുകൾ/ഡിറ്റക്ടറുകൾ, എൻടാൻഗിൾഡ് ഫോട്ടോൺ സ്രോതസ്സുകൾ, കമ്പ്യൂട്ടിംഗിലും ആശയവിനിമയത്തിലുമുള്ള ആപ്ലിക്കേഷനുകൾക്കായി ക്വാണ്ടം സെൻസിംഗ്/മെട്രോളിക്കൽ ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിനായുള്ള ടോപ്പോളജിക്കൽ മെറ്റീരിയലുകൾ പോലുള്ള പുതു തലമുറ ക്വാണ്ടം മെറ്റീരിയലുകൾ വികസിപ്പിക്കുകയും സമന്വയിപ്പിക്കുകയും ചെയ്യുക.

ക്വാണ്ടം സാങ്കേതികവിദ്യയിൽ ഇന്ത്യയെ ആഗോള നേതൃത്വത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രിയുടെ ശാസ്ത്ര സാങ്കേതിക നവീകരണ ഉപദേശക സമിതി (PMSTIAC) യുടെ കീഴിലുള്ള ഒമ്പത് സംരംഭങ്ങളിൽ ഒന്നാണ് ദേശീയ ക്വാണ്ടം ദൗത്യം (NQM). സുരക്ഷിത ക്വാണ്ടം ആശയവിനിമയം, ക്വാണ്ടം കമ്പ്യൂട്ടിംഗ്, പ്രിസിഷൻ സെൻസിംഗ് എന്നിവയിലെ പുരോഗതിയിലൂടെ, വാർത്താവിതരണ പ്രക്ഷേപണം, പ്രതിരോധം, ധനകാര്യം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളെ പരിവർത്തനം ചെയ്യാനും, ആഴത്തിലുള്ള സാമൂഹിക സ്വാധീനം ചെലുത്താനും ദൗത്യം സജ്ജമാണ്.
നിർവ്വഹണ തന്ത്രം: തീമാറ്റിക് ഹബ്ബുകൾ (ടി-ഹബ്ബുകൾ)
ക്വാണ്ടം സാങ്കേതികവിദ്യയിൽ അത്യാധുനിക പുരോഗതി കൈവരിക്കുന്നതിന് ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ഒരു സംരംഭമാണ് ദേശീയ ക്വാണ്ടം ദൗത്യം. ഈ ദൗത്യത്തിന്റെ ഭാഗമായി, 17 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 14 സാങ്കേതിക ഗ്രൂപ്പുകളെ ഒരുമിപ്പിക്കുന്ന നാല് തീമാറ്റിക് ഹബ്ബുകൾ (ടി-ഹബ്ബുകൾ) സ്ഥാപിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങൾ സാങ്കേതിക നവീകരണം, നൈപുണ്യ വികസനം, സംരംഭകത്വം, വ്യാവസായിക പങ്കാളിത്തങ്ങൾ, ആഗോള സഹകരണങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് യഥാർത്ഥ ദേശീയ സ്വാധീനം ഉറപ്പാക്കുന്നു. രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള വനിതാ ശാസ്ത്രജ്ഞരെ ദൗത്യത്തിൽ പങ്കെടുക്കാനും അവയിൽ നിന്ന് പ്രയോജനം നേടാനും പ്രോത്സാഹിപ്പിക്കുന്നു.
ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലായി നാല് ടി-ഹബ്ബുകൾ സ്ഥാപിച്ചിട്ടുണ്ട്:
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc) ബെംഗളൂരു
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT), മദ്രാസ്,
സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്സ്, ന്യൂഡൽഹി
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT), ബോംബെ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT), ഡൽഹി.
കഠിനമായ ഒരു മത്സര പ്രക്രിയയിലൂടെയാണ് ഈ ഹബ്ബുകൾ തിരഞ്ഞെടുത്തത്, ഓരോ ഹബ്ബും ഒരു പ്രത്യേക ക്വാണ്ടം മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ക്വാണ്ടം ആശയവിനിമയം, ക്വാണ്ടം സെൻസിംഗ് ആൻഡ് മെട്രോളജി, ക്വാണ്ടം മെറ്റീരിയലുകളും ഉപകരണങ്ങളും എന്നിവയിലെ പുരോഗതിക്ക് ചുക്കാൻ പിടിക്കുന്നു.
നാല് തീമാറ്റിക് ഹബ്ബുകളുടെ ക്വാണ്ടം മേഖലകൾ

ഹബ്-സ്‌പോക്ക്-സ്‌പൈക്ക് മോഡൽ
ഓരോ ടി-ഹബ്ബും ഹബ്-സ്‌പോക്ക്-സ്‌പൈക്ക് മോഡൽ പിന്തുടരും. ഇത് കേന്ദ്ര ഹബ്ബുകൾക്കൊപ്പം ഗവേഷണ പദ്ധതികളും (സ്‌പോക്കുകൾ) വ്യക്തിഗത ഗവേഷണ ഗ്രൂപ്പുകളും (സ്‌പൈക്കുകൾ) പ്രവർത്തിക്കുന്ന ഒരു ക്ലസ്റ്റർ അധിഷ്ഠിത ശൃംഖല വളർത്തിയെടുക്കും. ഈ ഘടന ഗവേഷണ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുകയും വിഭവങ്ങളും വൈദഗ്ധ്യവും കൂടുതൽ ഫലപ്രദമായി പങ്കിടാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യും.


സംസ്ഥാനം തിരിച്ചുള്ള ഫണ്ട് വിഹിതം
NQM-ന് കീഴിൽ തിരഞ്ഞെടുത്ത നാല് ടി-ഹബ്ബുകളിൽ രാജ്യവ്യാപകമായി 43 സ്ഥാപനങ്ങളിൽ നിന്നുള്ള 152 ഗവേഷകർ ഉൾപ്പെടുന്നു. ക്വാണ്ടം സാങ്കേതികവിദ്യകളിൽ ഗവേഷണവും നൂതനാശയങ്ങളും മെച്ചപ്പെടുത്തുന്നതിന് സഹകരണാത്മക ആവാസവ്യവസ്ഥ വളർത്തിയെടുക്കുന്നു. ഈ ഹബ്ബുകൾ നടത്തുന്ന പ്രവർത്തനങ്ങളിൽ സാങ്കേതിക വികസനം, മാനവ വിഭവശേഷി വികസനം, സംരംഭകത്വ വികസനം, വ്യവസായ സഹകരണങ്ങൾ, അന്താരാഷ്ട്ര സഹകരണങ്ങൾ എന്നിവ ഉൾപ്പെടുന്നു.

2024-2025 കാലയളവിൽ സംസ്ഥാനാടിസ്ഥാനത്തിൽ ഫണ്ട് അനുവദിച്ചു
ദേശീയ ക്വാണ്ടം ദൗത്യത്തിനു കീഴിലെ സംരംഭങ്ങൾ
NQM-ന് കീഴിൽ, ക്വാണ്ടം-റെസിലന്റ് എൻക്രിപ്ഷൻ ടെക്നിക്കുകളും പോസ്റ്റ്-ക്വാണ്ടം ക്രിപ്റ്റോഗ്രാഫിക് (PQC) ചട്ടക്കൂടുകളും വികസിപ്പിക്കുന്നതിന് സമർപ്പിത ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് ക്വാണ്ടം യുഗത്തിൽ ഇന്ത്യയുടെ നിർണായക ഡാറ്റാബേസ് സംവിധാനങ്ങൾ സുരക്ഷിതമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നു.
പ്രധാന സംരംഭങ്ങളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
ക്വാണ്ടം-സേഫ് ഇക്കോസിസ്റ്റം ഫ്രെയിംവർക്ക്:
ക്വാണ്ടം ഭീഷണികൾക്കെതിരെ ഇന്ത്യയുടെ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ സുരക്ഷിതമാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള തന്ത്രപരമായ രൂപരേഖയ്ക്കായുള്ള ആശയ പ്രബന്ധം വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഡിആർഡിഒ സംരംഭങ്ങൾ:
ക്വാണ്ടം-സേഫ് സിമെട്രിക്, അസിമെട്രിക് കീ ക്രിപ്റ്റോഗ്രാഫിക് അൽഗോരിതങ്ങൾക്കൊപ്പം ക്വാണ്ടം-റെസിലന്റ് സുരക്ഷാ പദ്ധതികൾ രൂപകൽപ്പന ചെയ്യുന്നതിലും പരീക്ഷിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതികൾക്ക് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) നേതൃത്വം നൽകുന്നു.
SETS യുടെ നേട്ടങ്ങൾ :
പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസർ (PSA) ഓഫീസിന് കീഴിലുള്ള സൊസൈറ്റി ഫോർ ഇലക്ട്രോണിക് ട്രാൻസാക്ഷൻസ് ആൻഡ് സെക്യൂരിറ്റി (SETS), പോസ്റ്റ്-ക്വാണ്ടം ക്രിപ്റ്റോഗ്രാഫി (PQC) ഗവേഷണം ത്വരിതപ്പെടുത്തുന്നു. ഫാസ്റ്റ് ഐഡന്റിറ്റി ഓൺലൈൻ (FIDO) പ്രാമാണീകരണ ടോക്കണുകൾ, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (IoT) സുരക്ഷ തുടങ്ങിയ ആപ്ലിക്കേഷനുകൾക്കായി PQC അൽഗോരിതങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.
സി-ഡോട്ട് ഇന്നൊവേഷൻസ്:
ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന് (DoT) കീഴിലുള്ള സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്സ് (C-DoT), ക്വാണ്ടം കീ ഡിസ്ട്രിബ്യൂഷൻ (QKD), പോസ്റ്റ്-ക്വാണ്ടം ക്രിപ്‌റ്റോഗ്രഫി (PQC), ക്വാണ്ടം സെക്യുർ വീഡിയോ ഐപി ഫോണുകൾ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക പരിഹാരങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ക്വാണ്ടം കാലഘട്ടത്തിലെ ഉയർന്നുവരുന്ന സൈബർ സുരക്ഷാ ഭീഷണികളിൽ നിന്ന് ഇന്ത്യയുടെ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളെ സംരക്ഷിക്കുന്നതിൽ ഈ സംരംഭങ്ങൾ നിർണായകമാണ്.
ആഗോള മത്സരക്ഷമതയും തന്ത്രപരമായ സ്വാധീനവും
രാജ്യത്തിന്റെ സാങ്കേതിക വികസന ആവാസവ്യവസ്ഥയെ പരിവർത്തനം ചെയ്യാനുള്ള ശേഷി ദേശീയ ക്വാണ്ടം ദൗത്യത്തിനുണ്ട്. ഇത് ഇന്ത്യയെ ആഗോളതലത്തിൽ മത്സരക്ഷമമാക്കുന്നു. ലഹരി മരുന്ന് കണ്ടെത്തൽ, ബഹിരാകാശ പര്യവേക്ഷണം, ബാങ്കിംഗ്, സുരക്ഷ എന്നിവയിലും ആശയവിനിമയം, ആരോഗ്യ സംരക്ഷണം, ധനകാര്യം, ഊർജ്ജം തുടങ്ങിയ സുപ്രധാന മേഖലകളിലും ഉള്ള പുരോഗതിയ്ക്ക് ദൗത്യം കരണകമാകും. മാത്രമല്ല, ഡിജിറ്റൽ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ, സ്‌കിൽ ഇന്ത്യ, സ്റ്റാൻഡ്-അപ്പ് ഇന്ത്യ, സ്റ്റാർട്ട്-അപ്പ് ഇന്ത്യ, സ്വാശ്രയ ഇന്ത്യ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs) തുടങ്ങിയ ദേശീയ സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ദൗത്യം നിർണ്ണായക പങ്ക് വഹിക്കും.
ഉപസംഹാരം
നാഷണൽ ക്വാണ്ടം ദൗത്യം (NQM) കേവലമൊരു സാങ്കേതിക സംരംഭം എന്നതിലുപരി - ക്വാണ്ടം യുഗത്തിൽ ഇന്ത്യയുടെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള തന്ത്രപരമായ ചുവടുവയ്പ്പാണ്. ഗണ്യമായ നിക്ഷേപങ്ങൾ, ലോകോത്തര ഗവേഷണ സഹകരണങ്ങൾ, സമർപ്പിത നവീകരണ കേന്ദ്രങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി , ആഗോള ക്വാണ്ടം വിപ്ലവത്തിന്റെ മുൻനിരയിലേക്ക് ഇന്ത്യയെ നയിക്കാൻ ദൗത്യം സജ്ജമാണ്.
ക്വാണ്ടം സാങ്കേതികവിദ്യകൾ വ്യവസായങ്ങളെയും സമൂഹങ്ങളെയും പുനർനിർമ്മിക്കാൻ സജ്ജമായിരിക്കുന്ന സമകാലിക ലോകക്രമത്തിൽ ശാസ്ത്ര മികവ്, സാമ്പത്തിക ശേഷി, ദേശസുരക്ഷ എന്നിവയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് ഈ സംരംഭം ഉത്തമദൃഷ്ടാന്തമാണ്.
അവലംബം
SKY
*******************
(Release ID: 2112264)
Visitor Counter : 14