രാജ്യരക്ഷാ മന്ത്രാലയം
9-ാമത് ഇന്ത്യ-ഓസ്ട്രേലിയ പ്രതിരോധ നയ ചർച്ചകൾ ന്യൂഡൽഹിയിൽ നടന്നു
സമുദ്ര മേഖല സംബന്ധിച്ച അവബോധം; പരസ്പരം വിവരങ്ങൾ പങ്കിടൽ; വ്യവസായം, ശാസ്ത്ര& സാങ്കേതിക മേഖല സഹകരണം തുടങ്ങിയവയ്ക്ക് ഊന്നൽ
Posted On:
17 MAR 2025 4:19PM by PIB Thiruvananthpuram
ഇന്ത്യ-ഓസ്ട്രേലിയ പ്രതിരോധ നയ ചർച്ചകളുടെ ഒമ്പതാം പതിപ്പ് 2025 മാർച്ച് 17 ന് ന്യൂഡൽഹിയിൽ നടന്നു. ഇന്ത്യൻ പ്രതിനിധി സംഘത്തെ ജോയിന്റ് സെക്രട്ടറി ശ്രീ അമിതാഭ് പ്രസാദും ഓസ്‌ട്രേലിയൻ സംഘത്തെ പ്രതിരോധ വകുപ്പിന്റെ ഇന്റർനാഷണൽ പോളിസി ഡിവിഷനിലെ ഫസ്റ്റ് അസിസ്റ്റന്റ് സെക്രട്ടറി Mr. ബെർണാഡ് ഫിലിപ്പും നയിച്ചു. പ്രതിരോധ അഭ്യാസപ്രകടനങ്ങൾ, വിനിമയം എന്നിവയിലെ വർദ്ധന ഉൾപ്പെടെ ഉഭയകക്ഷി പ്രതിരോധ സഹകരണത്തിലെ സുസ്ഥിര പുരോഗതി ഇരുപക്ഷവും സ്വാഗതം ചെയ്തു. നാഴികക്കല്ലായി മാറുന്ന നിരവധി തീരുമാനങ്ങൾ, പ്രധാന കരാറുകളുടെ അന്തിമരൂപീകരണം, പ്രതിരോധ വ്യാപാര പ്രദർശനങ്ങളിലെ പരസ്പരമുള്ള പങ്കാളിത്തം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
2023 നവംബറിൽ വിദേശകാര്യ, പ്രതിരോധ മന്ത്രിമാരുടെ തലത്തിൽ നടന്ന രണ്ടാമത് 2+2 യോഗത്തിന്റെയും , 2024 ഒക്ടോബറിൽ സെക്രട്ടറി തലത്തിൽ നടന്ന വിവിധ വകുപ്പുകളുടെ 2+2 ചർച്ചകളുടെയും , 2024 നവംബറിൽ നടന്ന രണ്ടാമത് വാർഷിക നേതൃത്വ ഉച്ചകോടിയുടെയും പശ്ചാത്തലത്തിൽ പ്രതിരോധ മേഖലയിലുണ്ടായ ഫലങ്ങൾ യോഗം അവലോകനം ചെയ്തു. സമുദ്ര മേഖല സംബന്ധിച്ച അവബോധം, പരസ്പരം വിവരങ്ങൾ പങ്കിടൽ, വ്യവസായം, ശാസ്ത്ര& സാങ്കേതിക മേഖലകളിലെ സഹകരണം, പരസ്പരമുള്ള സേനാ വിന്യാസങ്ങൾ, അഭ്യാസപ്രകടനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സഹകരണത്തിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിൽ ഇരുപക്ഷവും കാഴ്ചപ്പാടുകൾ കൈമാറി.
സമാധാനപരവും, സ്ഥിരതയുള്ളതും, സമൃദ്ധവുമായ ഇന്തോ-പസഫിക് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും ഓസ്‌ട്രേലിയയും പ്രതിജ്ഞാബദ്ധരാണ്.
2025 ൽ ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന അടുത്ത 2+2 മന്ത്രിതല സംഭാഷണത്തിനുള്ള മുൻഗണനകളും തയ്യാറെടുപ്പുകളും സംബന്ധിച്ച് ഇരുപക്ഷവും ധാരണയിലെത്തി. ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുടെ കാഴ്ചപ്പാടിന് അനുസൃതമായി പ്രതിരോധ, സുരക്ഷാ സഹകരണ മേഖലയിൽ ദീർഘവീക്ഷണമുള്ള ഒരു നയം രൂപീകരിക്കാനുള്ള പ്രതിജ്ഞാബദ്ധത ഇരുരാജ്യങ്ങളും ആവർത്തിച്ചു.
ഇത് കൂട്ടായ ശക്തി വർദ്ധിപ്പിക്കുന്നതിനും, ഇരു രാജ്യങ്ങളുടെയും സുരക്ഷയ്ക്കും, പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും പ്രധാന സംഭാവന നൽകുന്നതിന് വഴിയൊരുക്കും.
പ്രതിരോധ വ്യവസായ സഹകരണത്തിന്റെ സാധ്യതകളും ഇരു രാജ്യങ്ങളും പരിശോധിച്ചു. പ്രതിരോധ ശാസ്ത്ര- സാങ്കേതിക മേഖലയിലെ സഹകരണം ത്വരിതപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട ഏജൻസികളോട് ഇരു സംഘവും ആവശ്യപ്പെട്ടു. ബഹുമുഖ പങ്കാളികളുമായി പ്രവർത്തിക്കുന്നത് ഉൾപ്പെടെ സമുദ്ര, കര, വ്യോമ മേഖലകളിലുടനീളം സഹകരണവും പരസ്പര പ്രവർത്തനവും കൂടുതൽ ആഴത്തിലാക്കാനും ധാരണയായി.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യ-ഓസ്‌ട്രേലിയ തന്ത്രപരമായ സമഗ്ര പങ്കാളിത്തത്തിന്റെ ഒരു പ്രധാന സ്തംഭമായി പ്രതിരോധ മേഖല ഉയർന്നുവന്നിട്ടുണ്ട്. പ്രതിരോധ നയ ചർച്ചകളുടെ എട്ടാം പതിപ്പ് 2023 ലാണ് നടന്നത്.
സന്ദർശനത്തിന്റെ ഭാഗമായി, ഓസ്‌ട്രേലിയൻ പ്രതിനിധി സംഘം മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് സന്ദർശിക്കും. 2025 മാർച്ച് 18 ന് ഓസ്‌ട്രേലിയൻ സംഘത്തിന്റെ സഹ-അധ്യക്ഷൻ, പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിങ്ങിനെ സന്ദർശിക്കും.
15FH.JPG)

************************
(Release ID: 2112044)
Visitor Counter : 13