വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയിലെ പണപ്പെരുപ്പവും സാമ്പത്തിക പ്രവണതകളും

പണപ്പെരുപ്പവും സാമ്പത്തിക പ്രവണതകളും

Posted On: 16 MAR 2025 6:33PM by PIB Thiruvananthpuram
  • പച്ചക്കറി വില കുത്തനെ കുറഞ്ഞതോടെ 2025 ഫെബ്രുവരിയിൽ ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം (CPI -വിലക്കയറ്റത്തോത്) 7 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.6% ലെത്തി.
  • 14 മാസത്തിനിടെ ആദ്യമായി അടിസ്ഥാന പണപ്പെരുപ്പം 4% കടന്ന് 4.08% ആയി.
  • 2025 ജനുവരിയിൽ  ഉത്പാദന, ഖനന മേഖലകളുടെ മികച്ച പ്രകടനം മൂലം വ്യാവസായിക വളർച്ച ശക്തിപ്പെട്ടു.IIP  5.0% വർദ്ധിച്ചു.
  • ഭക്ഷ്യവിലയിലെ ഏറ്റക്കുറച്ചിലുകൾ കാരണം ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പം നഗര മേഖലയിലെ പണപ്പെരുപ്പത്തേക്കാൾ ഉയർന്ന തോതിൽ തുടരുന്നു.
  • ഇറക്കുമതി പണപ്പെരുപ്പം കുതിച്ചുയർന്നു, 2024 ജൂണിൽ 1.3% ആയിരുന്നത് 2025 ഫെബ്രുവരിയിൽ 31.1% ആയി ഉയർന്നു. വിലയേറിയ ലോഹങ്ങൾ, എണ്ണകൾ, കൊഴുപ്പ് എന്നിവയുടെ വിലയിലുണ്ടായ വർധനവാണ് ഇതിന് കാരണം.
  • 2025 ൽ ആർ‌ബി‌ഐ അടിസ്ഥാന പലിശനിരക്ക് 75 ബേസിസ് പോയിന്റ് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഏപ്രിൽ, ഓഗസ്റ്റ് മാസങ്ങളിൽ തുടർച്ചയായ കുറവുകൾ പ്രതീക്ഷിക്കുന്നു.
  • കോർപ്പറേറ്റ് മേഖലയുടെ പ്രകടനം ശക്തമായി തുടരുന്നു. വരുമാനം, EBITDA, PAT എന്നിവ യഥാക്രമം 6.2%, 11%, 12% എന്നിങ്ങനെ വളർച്ച കൈവരിച്ചു.


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക ഗവേഷണ വകുപ്പ് പ്രസിദ്ധീകരിച്ച എസ്‌ബി‌ഐ ഇക്കോറാപ്പ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ ഇവയാണ്. മൊത്ത ആഭ്യന്തര ഉത്പാദനത്തിലെ (GDP) വളർച്ച, കാർഷിക പരിഷ്‌ക്കാരങ്ങൾ, ഔപചാരിക, അനൗപചാരിക സമ്പദ്‌വ്യവസ്ഥകൾ എന്നിവയുൾപ്പെടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ വിശകലനം ചെയ്യുന്ന ഗവേഷണ റിപ്പോർട്ടാണ് എസ്‌ബി‌ഐ ഇക്കോറാപ്പ്. 2025 മാർച്ച് 12 ന് പുറത്തിറങ്ങിയ എസ്‌ബി‌ഐയുടെ ഇക്കോറാപ്പിന്റെ ഏറ്റവും പുതിയ പതിപ്പ്, 2025 ഫെബ്രുവരിയിലെ ഇന്ത്യൻ സാമ്പത്തിക ഭൂമികയുടെ വിശദമായ വിശകലനം നൽകുന്നു.  ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം (CPI -വിലക്കയറ്റത്തോത്), വ്യാവസായിക വളർച്ച, ഇറക്കുമതി പണപ്പെരുപ്പം, കോർപ്പറേറ്റ് പ്രകടനം എന്നിവയിൽ റിപ്പോർട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പണപ്പെരുപ്പത്തിൽ, പ്രത്യേകിച്ച് ഭക്ഷ്യോത്പന്നങ്ങളിലെ, ഗണ്യമായ വിലക്കുറവ് റിപ്പോർട്ട് എടുത്തുകാട്ടുന്നു. പണനയത്തിലെയും വ്യാവസായിക ഉത്പാദനത്തിലെയും ഭാവി പ്രവണതകൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.  


ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ (CPI -വിലക്കയറ്റത്തോത്) നിയന്ത്രണം

ഭക്ഷ്യോത്പന്ന വിലകളിലെ ഗണ്യമായ കുറവ് കാരണം 2025 ഫെബ്രുവരിയിൽ ഇന്ത്യയിലെ ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം (CPI -വിലക്കയറ്റത്തോത്) 7 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.6% ലെത്തി.

ഭക്ഷ്യോത്പന്ന വിലകളിലെ  പണപ്പെരുപ്പം 185 ബേസിസ് പോയിന്റ് (മാസം) കുറഞ്ഞ് 3.84% ആയി. പച്ചക്കറി വിലയിലെ കുത്തനെയുള്ള ഇടിവാണ് പ്രധാന കാരണം.

പച്ചക്കറിയുടെ വിലക്കയറ്റത്തോത് കുത്തനെ കുറഞ്ഞു. 20 മാസത്തിനിടെ ആദ്യമായി നെഗറ്റീവ്  (1.07%) ആയി.

ഈ ഇടിവിന്റെ ഏകദേശം 80% വെളുത്തുള്ളി, ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയുമായി ബന്ധപ്പെട്ടതാണ്.

വെളുത്തുള്ളി വിലയിലെ  ഇടിവ് മഹാ കുംഭമേളയുമായി ബന്ധപ്പെട്ട ഭക്ഷണക്രമത്തിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ടായിരിക്കാമെന്നാണ് വിലയിരുത്തൽ. സസ്യേതര ഭക്ഷണത്തിന്റെ ഉപഭോഗം കുറയാനും മഹാ കുംഭമേള കാരണമായിട്ടുണ്ട്.

പഴങ്ങളുടെ വിലക്കയറ്റത്തോത് 10 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 14.8% ആയി. മഹാ കുംഭമേളയുമായി ബന്ധപ്പെട്ട വ്രതാനുഷ്ഠാന കാലയളവിൽ ആവശ്യകത വർദ്ധിച്ചതിനാലാണെന്നാണ് വിലയിരുത്തൽ.

ഇന്ധനത്തിന്റെയും വെളിച്ചത്തിന്റെയും കാര്യത്തിൽ വിലക്കയറ്റം 18 മാസമായി തുടരുന്നു.

മഹാ കുംഭമേളയുടെ ഫലമായി മാംസാഹാര ഭക്ഷ്യവസ്തുക്കളുടെ (മുട്ട/മാംസം/മത്സ്യം) പണപ്പെരുപ്പം കുറഞ്ഞു.

മൊത്തത്തിലുള്ള പണപ്പെരുപ്പം കുറഞ്ഞെങ്കിലും, 14 മാസത്തിനുശേഷം അടിസ്ഥാന പണപ്പെരുപ്പം 4.0% കടന്ന് 4.08% ആയി. ദീർഘകാലത്തേക്ക് തുടരാൻ സാധ്യതയുള്ള പണപ്പെരുപ്പ ഘടകമാണ് അടിസ്ഥാന പണപ്പെരുപ്പം. പണപ്പെരുപ്പത്തിന്റെ  പ്രവണത മനസ്സിലാക്കിയുള്ള അടിസ്ഥാന പണപ്പെരുപ്പം സംബന്ധിച്ച കണക്ക്, കൂടുതൽ സ്ഥിരതയാർന്നതാണ്..

 

ഭാവിയിലെ ചില്ലറവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ പ്രവണതകൾ

2025 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ചില്ലറവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 3.9% ആയി കുറയുമെന്നും 2025 സാമ്പത്തിക വർഷത്തിൽ ശരാശരി 4.7% ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

26 സാമ്പത്തിക വർഷത്തിലെ പണപ്പെരുപ്പം 4.0-4.2% പരിധിയിൽ പ്രവചിക്കപ്പെടുന്നു. അതേസമയം അടിസ്ഥാന പണപ്പെരുപ്പം 4.2-4.4% വരെയാകാം.


2025 ൽ ആർ‌ബി‌ഐ അടിസ്ഥാന പലിശനിരക്ക് 75 ബേസിസ് പോയിന്റ് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഏപ്രിൽ, ഓഗസ്റ്റ് മാസങ്ങളിൽ തുടർച്ചയായ കുറവുകൾ പ്രതീക്ഷിക്കുന്നു.

2025 ഓഗസ്റ്റ് വരെയുള്ള ഇടവേളയെത്തുടർന്ന് 2025 ഒക്ടോബർ മുതൽ നിരക്ക് കുറയ്ക്കുന്നത് തുടർന്നേക്കാം.

സംസ്ഥാനം തിരിച്ചുള്ള പണപ്പെരുപ്പ വിശകലനം

12 സംസ്ഥാനങ്ങൾ ദേശീയതലത്തിലെ ഗ്രാമീണ ശരാശരിയേക്കാൾ ഉയർന്ന ഗ്രാമീണ പണപ്പെരുപ്പം രേഖപ്പെടുത്തി.

10 സംസ്ഥാനങ്ങൾ ദേശീയതലത്തിലെ നഗര ശരാശരിയേക്കാൾ ഉയർന്ന നഗര പണപ്പെരുപ്പം രേഖപ്പെടുത്തി.

ഉയർന്ന ഭക്ഷ്യവസ്തു വിലയും ഭക്ഷ്യവസ്തു വിഹിതവും (ഗ്രാമ പ്രദേശങ്ങളിൽ 54.2%, നഗര പ്രദേശങ്ങളിൽ 36.3%) കാരണം ഗ്രാമീണ പണപ്പെരുപ്പം നഗര പണപ്പെരുപ്പത്തേക്കാൾ കൂടുതലായി തുടരുന്നു.

ഏറ്റവും ഉയർന്ന പണപ്പെരുപ്പം (വിലക്കയറ്റത്തോത്) രേഖപ്പെടുത്തിയത് കേരളത്തിലും (7.3%) ഛത്തീസ്ഗഢിലുമാണ് (4.9%).

State

Rural Inflation (%)

Urban Inflation (%)

Overall Inflation (%)

Kerala

8.0

4.5

7.3

Chhattisgarh

5.6

3.3

4.9

Goa

6.2

1.5

4.8

Bihar

4.3

4.7

4.5

Karnataka

4.6

3.0

4.5

 

തെലങ്കാന (1.3%), ഡൽഹി (1.5%) എന്നിവിടങ്ങളിലാണ് ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്ക് രേഖപ്പെടുത്തിയത്.

State

Rural Inflation (%)

Urban Inflation (%)

Overall Inflation (%)

Telangana

0.5

1.3

1.3

Delhi

2.6

3.5

1.5

Goa

6.2

1.5

1.8

Maharashtra

2.2

2.4

3.1

Himachal Pradesh

3.3

4.0

3.3


ഇറക്കുമതി പണപ്പെരുപ്പത്തിന്റെ വർദ്ധിച്ചുവരുന്ന പങ്ക്

ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുത്തിൽ മൊത്തത്തിൽ കുറവുണ്ടായിട്ടും, ഇറക്കുമതി പണപ്പെരുപ്പത്തിന്റെ പങ്ക് 2024 ജൂണിൽ 1.3% ആയിരുന്നത് 2025 ഫെബ്രുവരിയിൽ 31.1% ആയി ഉയർന്നു.

വിലയേറിയ ലോഹങ്ങൾ, എണ്ണകൾ, കൊഴുപ്പുകൾ, രാസവസ്തുക്കൾ എന്നിവയുടെ വിലയിലെ വർദ്ധനവ് പ്രധാന ഘടകങ്ങളാണ്.

ഇറക്കുമതി പണപ്പെരുപ്പത്തിൽ ഊർജ്ജ വിലകളുടെ സംഭാവന നെഗറ്റീവായി തുടരുന്നു. കൂടാതെ പൂർണ്ണമായ അളവിൽ കുറയുകയും ചെയ്യുന്നു.

വ്യാവസായിക വളർച്ചയും IIP വർദ്ധനയും

ഇന്ത്യയുടെ വ്യാവസായിക ഉത്പാദന സൂചിക (IIP) 2025 ജനുവരിയിൽ 5.0% വർദ്ധിച്ചു. എട്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്, 2024 ഡിസംബറിൽ ഇത് 3.2% ആയിരുന്നു.

വളർച്ചയ്ക്ക് കാരണമായത്:

  • നിർമ്മാണ മേഖല: 5.5% വളർച്ച
  • ഖനന മേഖല: 4.4% വളർച്ച
  • അവശ്യ സാധനങ്ങൾ : 5.5% വളർച്ച
  • ഈടുനിൽക്കുന്ന ഉപഭോക്തൃ വസ്തുക്കൾ (ദീർഘകാല ഉപഭോഗ വസ്തുക്കൾ): 7.2% വളർച്ച
  • ഇടത്തരം വസ്തുക്കൾ: 5.23% വളർച്ച

ഈടുനിൽക്കാത്ത ഉപഭോക്തൃ വസ്തുക്കൾ (ഉടനടി ഉപഭോഗത്തിനുള്ള വസ്തുക്കൾ) 0.2% കുറഞ്ഞു. ഇത് ആ വിഭാഗത്തിലെ ആവശ്യകത ദുർബലമായതിനെ സൂചിപ്പിക്കുന്നു.

മേഖലാടിസ്ഥാനത്തിനുള്ള വളർച്ചാ പ്രവണതകൾ

മൂലധന വസ്തുക്കൾ,  ഉപഭോക്തൃ വസ്തുക്കൾ, FMCG, ആരോഗ്യ സംരക്ഷണം, ഔഷധ നിർമ്മാണം എന്നീ മേഖലകൾ 2025 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ശക്തമായ വാർഷിക വളർച്ച പ്രകടമാക്കി.

ലിസ്റ്റുചെയ്ത സ്ഥാപനങ്ങളുടെ പലിശ കവറേജ്  (കടത്തിന് പലിശ അടയ്ക്കാനുള്ള കമ്പനിയുടെ ശേഷി) അനുപാതം 20 ബേസിസ് പോയിന്റുകൾ മെച്ചപ്പെട്ടു. ഇത് മെച്ചപ്പെട്ട ലാഭവും സാമ്പത്തിക സ്ഥിരതയും പ്രതിഫലിപ്പിക്കുന്നു.

ലിസ്റ്റുചെയ്ത മേഖലയിലെ 4000-ത്തിലധികം കോർപ്പറേറ്റുകൾ 6.2% വരുമാന വളർച്ച റിപ്പോർട്ട് ചെയ്തു. 2024 ലെ 3 -ാം പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ 2025 ലെ 3 -ാം പാദത്തിൽ പലിശ, നികുതി, തേയ്മാനം, തവണകളായുള്ള കടം വീട്ടൽ  (Amortization) (EBITDA) എന്നിവയ്ക്ക് മുമ്പുള്ള വരുമാനവും നികുതിക്ക് ശേഷമുള്ള ലാഭവും (PAT) യഥാക്രമം 11% ഉം 12% ഉം വർദ്ധിച്ചു.

കോർപ്പറേറ്റ് ex-BFSI (3400-ലധികം ലിസ്റ്റുചെയ്ത സ്ഥാപനങ്ങൾ) വരുമാനവും PAT-യും യഥാക്രമം 5% (മുൻ പാദങ്ങളിലെ നെഗറ്റീവ് വളർച്ചയിൽ നിന്ന് കരകയറി) 9% ഉം റിപ്പോർട്ട് ചെയ്തു.

പണനയ പ്രതീക്ഷകളും മൂലധന ആവൃത്തിയും (Monetary Policy Outlook & Corporate Capex Cycle)

ശക്തമായ ബാലൻസ് ഷീറ്റ്, താങ്ങാവുന്ന പലിശ കവറേജ് (കടത്തിന് പലിശ അടയ്ക്കാനുള്ള കമ്പനിയുടെ ശേഷി), പലിശ നിരക്ക് കുറയുന്ന പ്രവണത എന്നിവയുടെ ഇന്ത്യൻ വ്യവസായങ്ങളുടെ അടുത്ത കാപെക്‌സ് സൈക്കിളിനെ (നിക്ഷേപം വർദ്ധിപ്പിക്കാൻ അനുകൂലമായ കാലഘട്ടം) പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മെച്ചപ്പെട്ട  ലാഭവും മൂലധന ലഭ്യതയും ഇന്ത്യൻ കമ്പനികൾക്ക് മൂലധന ചെലവ് വർദ്ധിപ്പിക്കാനനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു.

2025 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ മൊത്തം EBITDA മാർജിൻ 44 ബേസിസ് പോയിന്റുകൾ മെച്ചപ്പെട്ടു. 2025 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ 14.4% ൽ നിന്ന് 14.84% ആയി.

ഉപസംഹാരം

2025 ഫെബ്രുവരിയിലെ ഇന്ത്യയുടെ സാമ്പത്തിക സൂചകങ്ങൾ പണപ്പെരുപ്പത്തിലെ മിതത്വം, മെച്ചപ്പെട്ട വ്യാവസായിക ഉത്പാദനം, ശക്തമായ കോർപ്പറേറ്റ് വരുമാനം എന്നിവ പ്രതിഫലിപ്പിക്കുന്നു. ഹ്രസ്വകാലത്തേക്ക് പണപ്പെരുപ്പ പ്രവണതകൾ അനുകൂലമായി തുടരുമ്പോൾ, ഇറക്കുമതി പണപ്പെരുപ്പം മൂലമുള്ള  അപകടസാധ്യതകളും രൂപയുടെ മൂല്യത്തകർച്ചയും മുന്നോട്ടുള്ള പാതയിൽ വെല്ലുവിളികൾ ഉയർത്തുന്നു. ആർ‌ബി‌ഐയുടെ പ്രതീക്ഷിത നിരക്ക് കുറയ്ക്കൽ വളർച്ചയെ കൂടുതൽ ശക്തിപ്പെടുത്തും. ഇത് മൂലധന വിപുലീകരണത്തിനും  വ്യാവസായിക മുന്നേറ്റത്തിനും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കും. മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യം വരും മാസങ്ങളിൽ ജാഗ്രതാപൂർണ്ണവും, എന്നാൽ  ശുഭാപ്തിവിശ്വാസം പുലർത്തുന്നതുമായ കാഴ്ചപ്പാടിന്റെ ആവശ്യകത സൂചിപ്പിക്കുന്നു.

അനുബന്ധം 1: സംസ്ഥാനാടിസ്ഥാനത്തിലുള്ള പണപ്പെരുപ്പ നിരക്ക്: ഫെബ്രുവരി 2025


References

https://bank.sbi/documents/13958/43951007/Ecowrap_20250312.pdf/97dd5dd2-b54d-1f0b-eb2b-1167ef1f81b1?t=1741844062565

https://www.indiabudget.gov.in/budget2019-20/economicsurvey/doc/vol2chapter/echap04_vol2.pdf

Click here to see PDF

SKY

*******************


(Release ID: 2111755) Visitor Counter : 20