വാണിജ്യ വ്യവസായ മന്ത്രാലയം
സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചതായി ഇന്ത്യയും ന്യൂസിലൻഡും പ്രഖ്യാപിച്ചു
Posted On:
16 MAR 2025 3:23PM by PIB Thiruvananthpuram
സമാനമായ ജനാധിപത്യ മൂല്യങ്ങൾ, ജനങ്ങൾ തമ്മിലുള്ള സുശക്തമായ ബന്ധം, പരസ്പര പൂരകമായ സാമ്പത്തിക താത്പര്യങ്ങൾ എന്നിവയിൽ അധിഷ്ഠിതമായ ദീർഘകാല പങ്കാളിത്തമാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ളത്. വ്യാപാരവും നിക്ഷേപവും അടക്കം, ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങളും നിരന്തരം പ്രവർത്തിച്ചു പോരുന്നു.
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി, ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തും വിധം, സമഗ്രവും ഇരുരാജ്യങ്ങൾക്കും ഗുണപ്രദവുമായ ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാറിന് (FTA) വേണ്ടിയുള്ള ചർച്ചകൾ ആരംഭിച്ചതായി ഇരു രാജ്യങ്ങളും സന്തോഷപൂർവ്വം പ്രഖ്യാപിച്ചു. 2025 മാർച്ച് 16 ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ന്യൂസിലൻഡ് വ്യാപാര നിക്ഷേപ മന്ത്രി ടോഡ് മക്ലേയും നടത്തിയ കൂടിക്കാഴ്ചയാണ് സുപ്രധാന ചുവടുവയ്പ്പിന് വഴിയൊരുക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്ന സുപ്രധാന പങ്കാളിത്തത്തിന് കൂടിക്കാഴ്ച്ച അടിത്തറ പാകി.
ഇന്ത്യ-ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ വിതരണ ശൃംഖലാ സഹകരണവും വിപണി പ്രവേശനവും മെച്ചപ്പെടുത്തുന്നതിനും സന്തുലിതമായ ഫലങ്ങൾ കൈവരിക്കുവാനുമാണ് ലക്ഷ്യമിടുന്നത്. ശക്തമായ സാമ്പത്തിക പങ്കാളിത്തത്തിനായുള്ള സംയുക്ത കാഴ്ചപ്പാടും, ഉത്പതിഷ്ണുമനോഭാവവും അഭിവൃദ്ധിയും വളർത്തിയെടുക്കാനുള്ള ഉദ്യമങ്ങളെയും ഈ നാഴികക്കല്ല് പ്രതിഫലിപ്പിക്കുന്നു.
SKY
(Release ID: 2111699)
Visitor Counter : 15